This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസിഡൊഫിലസ് പാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:56, 19 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അസിഡൊഫിലസ് പാല്‍

Acidophilus milk

ഒരു പാല്‍ ഉത്പന്നം. ലാക്ടൊബാസിലസ് അസിഡൊഫിലസ് (Lactobacillus acidophilus) എന്ന ഇനം ബാക്ടീരിയ ഉപയോഗിച്ചു പുളിപ്പിച്ചെടുക്കുന്ന പാല്. പാലിന്റെ പരിരക്ഷണത്തിനുവേണ്ടി (preservation) നടത്തുന്ന ഒരു പ്രക്രിയയാണ് ഇത്. ഭക്ഷ്യസാധനങ്ങള്‍ ചീഞ്ഞളിഞ്ഞു കെട്ടുപോകാതിരിക്കാന്‍ പല പരിരക്ഷണമാര്‍ഗങ്ങളുണ്ട്-ചൂടാക്കുക, തണുത്ത അറകളില്‍ സൂക്ഷിക്കുക, തണുപ്പിച്ചു മരവിപ്പിക്കുക, രാസവസ്തുക്കളുപയോഗിക്കുക, ഉണക്കി ജലാംശം കളയുക എന്നിങ്ങനെ. ഈ അനേകമാര്‍ഗങ്ങളുള്ളതില്‍ പാലിനു പറ്റിയ ഒരു മാര്‍ഗമാണ് പുളിപ്പിക്കല്‍ അഥവാ കിണ്വനം (fermentation). പുളിപ്പിക്കുന്നതിന് അനുയോജ്യമായ ഓര്‍ഗാനിക് അമ്ളങ്ങള്‍ ഉപയോഗിക്കാം-വിശേഷിച്ചും ലാക്ടിക് ആസിഡ്. അമ്ലത്തിനു പകരം മേല്‍ പ്രസ്താവിച്ച തരം ബാക്ടീരിയത്തിന്റെ സംവര്‍ധലായനി (culture solution) ചേര്‍ത്താലും മതി. ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന അമ്ളമാണ് പാലിനെ പുളിപ്പിക്കുന്നത്. പദാര്‍ഥങ്ങളെ ചീഞ്ഞ് അളിയിക്കുന്ന അണുജീവികള്‍ക്കു അമ്ളസാന്നിധ്യത്തില്‍ ജീവിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ പാല് കേടുവരാതെ ഈ പ്രക്രിയമൂലം പരിരക്ഷിക്കപ്പെടുന്നു. പാസ്ചറൈസേഷന്‍ നടത്തിയ പാലില്‍ ശുദ്ധമായ ബാക്ടീരിയ-സംവര്‍ധലായനി ചേര്‍ത്തു 37.8°C-ല്‍ ഇരുപത്തിനാലു മണിക്കൂര്‍ സൂക്ഷിച്ച് അസിഡൊഫിലസ് പാല്‍ ലഭ്യമാക്കുന്നു. ലാക്ടോസ് അല്ലെങ്കില്‍ ഗ്ളൂക്കോസ് ചേര്‍ത്തു കുപ്പികളിലാക്കി ഇത് തണുപ്പിച്ചുവയ്ക്കുന്നു.

യോഹര്‍ട്ട് (Yogurt) ഉണ്ടാക്കുന്നതും ഈ ബാക്ടീരിയ ഉപയോഗിച്ചു പാല്‍ പുളിപ്പിച്ചാണ്. മറ്റൊരിനം പുളിപ്പിച്ച പാലാണ് മോര്. പാല് പുളിപ്പിച്ചു പരിരക്ഷിക്കപ്പെടുന്ന സമ്പ്രദായത്തിനു വളരെ പഴക്കമുണ്ട്. ഒരിടത്തു സ്ഥിരമായി താമസിക്കാതെ സഞ്ചാരശീലരായി ജീവിച്ചിരുന്ന ആട്ടിടയന്‍മാര്‍ക്കും മാട്ടിടയന്‍മാര്‍ക്കും ഏതെങ്കിലും ഒരു ക്ഷീരസംരക്ഷണോപായം പ്രാവര്‍ത്തികമാക്കാതെ നിവൃത്തിയില്ലാതിരുന്നതുകൊണ്ടാണ് ഈ രീതിക്കു പഴക്കം കാണുന്നത്. മാത്രമല്ല, പുളിപ്പിച്ച പാലിന് ആരോഗ്യസംവര്‍ധകത്വവും ഉള്ളതായി പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. ജീവകം സി, ജീവകം ബി. കോംപ്ളെക്സ് എന്നിവ സാധാരണ പാലിലുള്ളതിനെക്കാള്‍ അസിഡൊഫിലസ് പാലില്‍ അധികമുണ്ടായിരിക്കും. കുടല്‍രോഗികളെ ചികിത്സിക്കുമ്പോള്‍ ഇത്തരം പാല് ഭക്ഷിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. നോ: ഭക്ഷ്യപരിരക്ഷണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍