This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസലായനസുത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസലായനസുത്തം

ബുദ്ധമതക്കാരുടെ വിശുദ്ധഗ്രന്ഥമായ ത്രിപിടകത്തിലെ ഒരു സുത്തം. ത്രിപിടകത്തെ സുത്തപിടകം, വിനയപിടകം, അഭിധമ്മ പിടകം എന്നു മൂന്നായി തിരിച്ചിട്ടുണ്ട്. സുത്തപിടകത്തെ പല നികായങ്ങളായി തിരിച്ചിട്ടുള്ളതില്‍ ഒന്നാണ് മധ്യമനികായം. മധ്യമനികായത്തിലെ ബ്രാഹ്മണ വര്‍ഗ എന്ന ഖണ്ഡത്തിലുള്ള ഒരു സുത്തമാണ് അസലായനസുത്തം. സൂത്രം എന്ന സംസ്കൃതപദത്തിന്റെ പാലിഭാഷയിലെ രൂപമാണ് സുത്തം. ശ്രീബുദ്ധന്റെ നിര്‍വാണത്തിനുശേഷം രാജഗൃഹയില്‍ ചേര്‍ന്ന ഒന്നാം ബുദ്ധമത സമ്മേളനത്തില്‍ ശ്രീബുദ്ധന്റെ ശിഷ്യന്മാരില്‍ പ്രഥമഗണനീയനായ ആനന്ദഭിക്ഷു ഉരുവിടുന്ന രീതിയിലാണ് സുത്തപിടകത്തിലെ സുത്തങ്ങളെല്ലാം നിബന്ധിച്ചിരിക്കുന്നത്. ചാതുര്‍വര്‍ണ്യത്തിന്റെ നിരര്‍ഥകതയെപ്പറ്റി അനുഗൃഹീത ഗൌതമന്‍, അസലായനന്‍ എന്ന ബ്രാഹ്മണയുവാവിനു നല്‍കുന്ന ഉദ്ബോധനമാണ് അസലായന സുത്തത്തിന്റെ ഉള്ളടക്കം.

ഒരിക്കല്‍ തഥാഗതന്‍ ശ്രാവസ്തിയില്‍ അനാഥ പിണ്ഡികയുടെ ഉദ്യാനമായ ജേതാവനത്തില്‍ വസിക്കുകയായിരുന്നു. ആ അവസരത്തില്‍ ശ്രീബുദ്ധന്‍ നാലുവര്‍ണങ്ങള്‍ക്കും ശുദ്ധികര്‍മം നിര്‍ദേശിക്കുന്നതിനെച്ചൊല്ലി അസലായന ബ്രാഹ്മണനും അയാളുടെ ചില സുഹൃത്തുക്കളും തമ്മില്‍ ഒരു സംഭാഷണം നടന്നു. ബ്രാഹ്മണര്‍ മാത്രം ശുദ്ധവര്‍ണമാണെന്നായിരുന്നു ചിലരുടെ വാദം. സംശയനിവാരണത്തിനായി അവര്‍ അനുഗൃഹീതന്റെ അടുത്തു ചെന്നു. അനുഗൃഹീത ബുദ്ധനാകട്ടെ അവരുടെ വാദമുഖങ്ങള്‍ ഒന്നൊന്നായി ഖണ്ഡിച്ച് ചാതുര്‍വര്‍ണ്യത്തിന്റെ പൊള്ളത്തരം അവര്‍ക്കു ബോധ്യപ്പെടുത്തിക്കൊടുത്തു.

യവനത്തിലും കാംബോജത്തിലും യജമാനനും അടിമയും എന്നു രണ്ടു വിഭാഗങ്ങള്‍ മാത്രമേയുള്ളു. അവിടെ യജമാനന്‍ അടിമയാവുകയും അടിമ യജമാനനാവുകയും സംഭവ്യമാണ്. ഒരിക്കല്‍ കൃഷ്ണവര്‍ണനായ ദേവല മഹര്‍ഷി കുറെ ബ്രാഹ്മണ മഹര്‍ഷിമാര്‍ വസിക്കുന്ന പര്‍ണ കുടീരത്തിലെത്തി. കുപിതരായ മഹര്‍ഷിമാര്‍ ദേവലമഹര്‍ഷി ഭസ്മമായിപ്പോകട്ടെ എന്നു ശപിച്ചു. എന്നാല്‍ ദേവല മഹര്‍ഷിയാകട്ടെ പൂര്‍വാധികം തേജോമയനും സുന്ദരനും ആകുകയാണുണ്ടായത്. അപ്പോള്‍ പിന്നെ ബ്രാഹ്മണര്‍ക്കുമാത്രമായി എങ്ങനെ വര്‍ണമഹിമ അവകാശപ്പെടാന്‍ കഴിയും? ഇങ്ങനെ പോയി അനുഗൃഹീത ബുദ്ധന്റെ വാദഗതി. ഇതേത്തുടര്‍ന്ന് അസലായനന്‍ തഥാഗതന്റെ ശിഷ്യത്വം സ്വീകരിച്ചു എന്നു പറഞ്ഞുകൊണ്ട് അസലായന സുത്തം അവസാനിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍