This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റൊ അസറ്റിക് എസ്റ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസറ്റൊ അസറ്റിക് എസ്റ്റര്‍

Aceto acetic ester


ബീറ്റാ കീറ്റോണിക് അമ്ല പരമ്പരയില്‍പ്പെട്ട അസറ്റൊ അസറ്റിക് അമ്ലത്തിന്റെ ഈഥൈല്‍ എസ്റ്റര്‍. സോഡിയവും ഈഥൈല്‍ അസറ്റേറ്റും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച് എ. ഗ്യൂതര്‍ ഈ യൗഗികം ആദ്യമായി നിര്‍മിച്ച് (1863) ബീറ്റാ ഹൈഡ്രോക്സി ക്രോട്ടോണിക് എസ്റ്റര്‍ എന്നു നാമകരണം ചെയ്തു. ഇതിന്റെ ഫോര്‍മുല, CH3.C (OH)= CH. CO2C2H5 എന്നാണ്. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ തന്നെ ഫ്രാങ്ക്ലണ്ട്, ഡുപ്പാ എന്നീ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന്, ഗ്യൂതറുടെ പരീക്ഷണവിവരങ്ങള്‍ അറിയാതെ, മേല്‍പ്പറഞ്ഞ രീതിയില്‍ത്തന്നെ ഈ എസ്റ്റര്‍ തയ്യാറാക്കിയെടുക്കുകയും ഇതിനു ബീറ്റാ കീറ്റൊ ബ്യൂട്ടിറിക് എസ്റ്റര്‍ എന്നു പേരിടുകയും ചെയ്തു; അതനുസരിച്ച് ഇതിന്റെ ഫോര്‍മുല, CH3. COCH2CO2C2H5 എന്നാണ്.

അസറ്റൊ അസറ്റിക് എസ്റ്റര്‍ സോഡിയവുമായി പ്രതിപ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ തരുന്നു. യൗഗികത്തില്‍ ഹൈഡ്രോക്സില്‍ ഗ്രൂപ്പിന്റെ സാന്നിധ്യമാണ് ഇതുകൊണ്ടു തെളിയുന്നത്. ഈ എസ്റ്റര്‍ ഫെറിക് ക്ലോറൈഡ് ലായനിയുമായിച്ചേരുമ്പോള്‍ ചുവന്ന വയലറ്റ്നിറം ദൃശ്യമാക്കുന്നതുകൊണ്ട് യൗഗികത്തില്‍ ഈനോളിക ഗ്രൂപ് (enolic group) ഉണ്ടെന്ന് അനുമാനിക്കാം. ആല്‍ക്കഹോളില്‍ ലയിപ്പിച്ച ബ്രോമിനുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഹാലജന്റെ നിറം നിശ്ശേഷം മാറിപ്പോകുന്നതുകൊണ്ട് യൗഗികത്തില്‍ ഓലിഫീനികയുഗ്മബന്ധം (olefinic double bond) ഉണ്ടായിരിക്കണം. ഗ്യൂതറുടെ ഫോര്‍മുലയ്ക്ക് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കുന്ന തെളിവുകളാണ് ഇതെല്ലാം. എന്നാല്‍ സോഡിയം ബൈസള്‍ഫൈറ്റ്, ഹൈഡ്രോക്സില്‍ അമീന്‍, ഫിനൈല്‍ ഹൈഡ്രസിന്‍ മുതലായ പദാര്‍ഥങ്ങളുമായി പ്രസ്തുത യൌഗികം പ്രതിപ്രവര്‍ത്തിക്കുന്നതുകൊണ്ട് അതില്‍ കീറ്റോണിക ഗുണധര്‍മം പ്രകടമാകുന്നുണ്ട്. ആകയാല്‍ ഫ്രാങ്ക്ലണ്ടും ഡൂപ്പായും നിര്‍ദേശിച്ചതുപോലെ ഇത് ഒരു കീറ്റോണിക-എസ്റ്റര്‍ ആണെന്നു കരുതിയാല്‍ തെറ്റില്ല.

1911-ല്‍ എല്‍.നോര്‍ എന്ന ശാസ്ത്രജ്ഞന്‍ ഈ എസ്റ്ററിന്റെ രണ്ടു രൂപങ്ങളും പ്രത്യേകം തയ്യാറാക്കിയെടുക്കുകയും അവ അസറ്റൊ അസറ്റിക് എസ്റ്ററിന്റെ തന്നെ രണ്ടു ഭിന്നരൂപങ്ങളാണെന്നു തെളിയിക്കുകയും ചെയ്തു. രണ്ടു വ്യത്യസ്തരൂപങ്ങളില്‍ ഒരേ സമയം സ്ഥിതിചെയ്യുന്ന ഇത്തരം യൗഗികങ്ങളെ ചലാവയവ-യൗഗികങ്ങള്‍ (tautomeric compounds) എന്നും ഈ പ്രതിഭാസത്തെ ചലാവയവത അഥവാ ടാട്ടോമെറിസം എന്നും പറയുന്നു. വ്യവസായത്തില്‍ ഉപയോഗിക്കുന്ന സാധാരണ രീതിയിലുള്ള എസ്റ്റര്‍ ഈ രണ്ടു ടാട്ടോമെറിക രൂപങ്ങളുടെയും ഒരു സന്തുലിത മിശ്രിതമാണ്. അതില്‍ 93 ശ.മാ. കീറ്റോണിക് രൂപവും ഏഴു ശ.മാ. ഈനോളിക് രൂപവും ഉണ്ടായിരിക്കും:

മിശ്രിതത്തിലെ അനുപാതം ഊഷ്മാവിനെയും ലായകത്തിന്റെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കും. ഉദാഹരണമായി ഗ്ളേഷ്യല്‍ അസറ്റിക് അമ്ലം ലായകമായി ഉപയോഗിക്കുമ്പോള്‍, ഈനോള്‍ രൂപം 5.7 ശ.മാ. ഉണ്ടായിരിക്കും; പെട്രോളിയം ഈഥര്‍ ഉപയോഗിക്കുമ്പോള്‍ 46.4 ശ.മാ.-ഉം. ഇതില്‍ ഏതെങ്കിലും ഒരു ഘടകത്തെ സന്തുലിത മിശ്രിതത്തില്‍ നിന്നു മാറ്റുന്നതായാല്‍ ഉടന്‍ തന്നെ മറ്റേ രൂപത്തിലുള്ള എസ്റ്റര്‍ പരിവര്‍ത്തനവിധേയമായി സന്തുലനം നിലനിര്‍ത്തും. വളരെ താഴ്ന്ന ഊഷ്മാവില്‍ (-78°C) കീറ്റോ രൂപം വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതു നിറമില്ലാത്ത സൂചിരൂപത്തിലുള്ള പരലുകളാണ്. ശുദ്ധമായ ഈനോള്‍ രൂപത്തിലുള്ള എസ്റ്റര്‍ വളരെ താഴ്ന്ന മര്‍ദത്തില്‍ വാറ്റി വേര്‍പെടുത്താവുന്നതാണ്. ഇതു നിറമില്ലാത്ത എണ്ണയായിട്ടാണ് വേര്‍പെടുന്നത്. ഊഷ്മാവ് ഉയരുന്നതോടുകൂടി ഈ രണ്ടു രൂപങ്ങളും വളരെ വേഗത്തില്‍ കീറ്റോ ഈനോള്‍ സന്തുലിതമിശ്രിതമായി മാറുന്നു.

വ്യാവസായികോത്പാദനം. ആദ്യം പ്രസ്താവിച്ച രീതിയുപയോഗിച്ചു തന്നെയാണ് അസറ്റൊ അസറ്റിക് എസ്റ്റര്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ശുദ്ധവും ഈര്‍പ്പരഹിതവുമായ ഈഥൈല്‍ അസറ്റേറ്റിലേക്ക് വളരെ കുറച്ചളവില്‍ ഈഥൈല്‍ ആല്‍ക്കഹോളും (10:1 അനുപാതത്തില്‍) സോഡിയവും ചേര്‍ക്കുന്നു. ശക്തമായ പ്രതിപ്രവര്‍ത്തനഫലമായി ഹൈഡ്രജന്‍ സ്വതന്ത്രമാക്കപ്പെടുന്നു. ഈ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ മിശ്രിതം ചെറുതായി ചൂടാക്കിയശേഷം തണുപ്പിക്കുമ്പോള്‍ അസറ്റോ അസറ്റിക് എസ്റ്ററിന്റെ സോഡിയം ലവണമടങ്ങുന്ന ഒരു അര്‍ധദ്രാവകം വേര്‍തിരിച്ചെടുക്കാനാവും. ഇതിനെ - സോഡിയം ഈഥോക്സൈഡ് - അസറ്റിക് അമ്ളം ഉപയോഗിച്ച് അമ്ലീകരിച്ചശേഷം സോഡിയം ക്ലോറൈഡിന്റെ പൂരിതലായനിയില്‍ ഒഴിക്കുന്നതോടെ അസറ്റൊ അസറ്റിക് എസ്റ്ററും ഈഥൈല്‍ അസറ്റേറ്റും രണ്ട് പാളികളായി വേര്‍തിരിയുന്നു. അംശീകസ്വേദനം വഴി ഇവയെ വേര്‍തിരിക്കാം. താഴ്ന്ന മര്‍ദത്തില്‍ വാറ്റുമ്പോള്‍ ശുദ്ധമായ എസ്റ്റര്‍ ലഭിക്കും.

അസറ്റൊ അസറ്റിക് എസ്റ്റര്‍ സുഗന്ധിയായ ഒരു ദ്രവമാണ്. അന്തരീക്ഷമര്‍ദത്തില്‍ നേരിയ വിയോജനത്തോടുകൂടി 181°C-ല്‍ ഇതു തിളയ്ക്കുന്നു. വെള്ളത്തില്‍ ലയനശേഷി കുറവാണ്. സോഡിയം അമാല്‍ഗംകൊണ്ട് അപചയിക്കുമ്പോള്‍ ബീറ്റാ ഹൈഡ്രോക്സി ബ്യൂട്ടിറിക് എസ്റ്റര്‍ ഉണ്ടാകും.

വ്യാവസായികമായി വളരെയധികം പ്രയോജനമുള്ള ഒരു യൌഗികമാണ് അസറ്റൊ അസറ്റിക് എസ്റ്റര്‍. പല ഉയര്‍ന്ന കീറ്റോണുകളും ഫാറ്റി അമ്ലങ്ങളും ഉദ്ഗ്രഥനം ചെയ്യുന്നതിനുള്ള അടിസ്ഥാനവസ്തുവായി ഇത് ഉപയോഗിച്ചുവരുന്നു. ഹെക്സാ മീഥൈല്‍ അസറ്റോണ്‍, 1,3 ഡൈ കീറ്റോണ്‍, ഡൈ കാര്‍ബോക്സിലിക് അമ്ലങ്ങള്‍, ദീര്‍ഘ ശൃംഖല-ഫാറ്റി അമ്ലങ്ങള്‍ മുതലായവ ഇതിന് ഉദാഹരണങ്ങളാണ്. കൂടാതെ പിരിഡീനുകള്‍, ക്വിനൊളീനുകള്‍, പ്യൂറിന്‍ ഗ്രൂപ് അടങ്ങിയ യൗഗികങ്ങള്‍ എന്നിവയുടെ സംശ്ലേഷണത്തിലും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. കാര്‍ബണിക സംശ്ലേഷണപ്രക്രിയകളില്‍ പ്രയോജനത്തെ അപേക്ഷിച്ചു നോക്കിയാല്‍ അസറ്റൊ അസറ്റിക് എസ്റ്ററെക്കാള്‍ പ്രാധാന്യമുള്ള യൗഗികങ്ങള്‍ വിരളമാണെന്നു പറയാം. നോ: എസ്റ്റര്‍

(ഡോ. എസ്. മാധവന്‍കുട്ടി നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍