This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റിലീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസറ്റിലീന്‍

Acetylene

അപൂരിത ഹൈഡ്രോകാര്‍ബണ്‍ സംയുക്തങ്ങളായ ആല്‍കൈനുകളുടെ (alkynes) സമവര്‍ഗശ്രേണിയിലെ ആദ്യ അംഗം. രണ്ടു കാര്‍ബണ്‍ അണുക്കളും രണ്ടു ഹൈഡ്രജന്‍ അണുക്കളും ചേര്‍ന്നുണ്ടാകുന്ന ഈ അപൂരിത (unsaturated) ഹൈഡ്രോ കാര്‍ബണിന്റെ ഐ.യു.പി.സി. നാമം ഈഥൈന്‍ (Ethyne) എന്നാണ്. ഫോര്‍മുല: C2H2; H - C ≡ C - H സാന്ദ്രത: 1.097 കി.ഗ്രാം/മീ3; തിളനില: 84°C. ശുദ്ധാവസ്ഥയില്‍ നിറമില്ലാത്തതും ഈഥറിന്റെ മണമുള്ളതുമായ ഈ വാതകം വിഷാലുവാണ്. ജലത്തില്‍ പ്രായേണ അലേയം; അസറ്റോണ്‍ (acetone) എന്ന കാര്‍ബണിക ലായകത്തില്‍ അനായാസേന ലേയം. അധികമര്‍ദത്തിനു വിധേയമാക്കിയാലും ദ്രവീകരിച്ചാലും എളുപ്പം പൊട്ടിത്തെറിക്കും. സുഷിരിതപദാര്‍ഥത്തില്‍ അധിശോഷണം ചെയ്യപ്പെട്ട അസറ്റോണില്‍ ഈ വാതകം 10-12 അന്തരീക്ഷമര്‍ദത്തില്‍ അലിയിച്ച് അപായശങ്ക കൂടാതെ കൈകാര്യം ചെയ്യാവുന്നതാണ്. വ്യാവസായിക പ്രാധാന്യമുള്ള ഈ വാതകം ഒരു ദിക്കില്‍നിന്നു മറ്റൊരു ദിക്കിലേക്കു വഹിച്ചുകൊണ്ടുപോകുന്നത് ഈ വിധത്തിലാണ്. അസറ്റിലീന്‍ വേഗം കത്തിപ്പിടിക്കും. ഈ യൗഗികത്തില്‍ കാര്‍ബണിന്റെ അംശം വളരെ അധികമാകയാല്‍ (92.25 ശ.മാ.) ജ്വാലയ്ക്കു നല്ല പ്രകാശം ഉണ്ടായിരിക്കും. വായുവിന്റെ അനുപാതം കൃത്യമാക്കി മിശ്രണം ചെയ്തു കത്തിക്കുന്ന പക്ഷം വെളിച്ചത്തിനു സൂര്യപ്രകാശത്തോട് സാദൃശ്യമുണ്ടാകും. വൈദ്യുതിയുടെ ഉപയോഗം വര്‍ധിച്ചപ്പോള്‍ അസറ്റിലീനിന്റെ ഈ ആവശ്യം ലുപ്തമായിത്തീര്‍ന്നു. ഈ വാതകം ഓക്സിജനുമായി മിശ്രണം ചെയ്തു കത്തിച്ചുണ്ടാക്കുന്ന ഓക്സി-അസറ്റിലീന്‍ ജ്വാലയുടെ താപനില 3000°C ആണ്. ലോഹങ്ങളെ വിളക്കുന്നതിനും മുറിക്കുന്നതിനും ഇതു പ്രയോജനപ്പെടുന്നു.

1836-ല്‍ എഡ്മണ്ട് ഡേവി ആണ് യാദൃച്ഛികമായി അസറ്റിലീന്‍ കണ്ടുപിടിച്ചത്. 1862-ല്‍ പി.ഇ.എം. ബര്‍ഥ്‍ലോട്ടാണ് ഗുണധര്‍മപഠനം നടത്തി ഈ വാതകത്തിന് അസറ്റിലീന്‍ എന്ന് പേര് നല്‍കിയത്. വോളര്‍ എന്ന ശാസ്ത്രജ്ഞന്‍ 1862-ല്‍ കാത്സ്യം കാര്‍ബൈഡും ജലവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം വഴി അസറ്റിലീന്‍ സംശ്ളേഷണം ചെയ്തുവെങ്കിലും 1892-ല്‍ വില്‍സണ്‍, മൂര്‍ഹെഡ് എന്നിവര്‍ കാല്‍സിയം കാര്‍ബൈഡ് നിര്‍മാണത്തിനു വൈദ്യുതച്ചൂള (electric furnace) ഉപയോഗിച്ചതോടുകൂടിയാണ് ഇതു വ്യാവസായികമായി ഉത്പാദിപ്പിക്കുവാന്‍ സാധ്യമായിത്തീര്‍ന്നത്. നീറ്റുചുണ്ണാമ്പും (CaO) കോക്കും (Coke) ചേര്‍ത്തു വൈദ്യുതച്ചൂളയില്‍ വച്ചു തപിപ്പിച്ചു ലഭ്യമാക്കുന്ന കാല്‍സിയം കാര്‍ബൈഡും ജലവും തമ്മില്‍ പ്രവര്‍ത്തിപ്പിച്ചാണ് അസറ്റിലിന്‍ സംശ്ലേഷണം ചെയ്യുന്നത്.

ഇപ്രകാരം ലഭിക്കുന്ന അസറ്റിലീന് ഫോസ്ഫീന്‍, ആര്‍സീന്‍, അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നീ മാലിന്യങ്ങളുടെ സാന്നിധ്യംമൂലം വെളുത്തുള്ളിയുടെ ഗന്ധമുണ്ടാവും. ആല്‍കൈനുകളുടെ പൊതുവായ എല്ലാ സംശ്ളേഷണ പ്രക്രിയകളിലൂടെയും അസറ്റിലീന്‍ ലഭ്യമാക്കാനാവും. 1. എഥിലീന്‍ ഡൈബ്രോമൈഡും എഥനോളിക പൊട്ടാസിയം ഹൈഡ്രോക്സൈഡും തമ്മില്‍ പ്രവര്‍ത്തിപ്പിക്കുക;


2. മലീയിക് (maleic) അല്ലെങ്കില്‍ ഫൂമേറിക് (fumeric) അമ്ലത്തിന്റെ സോഡിയം ലവണലായനി വിദ്യുത് അപഘടന വിധേയമാക്കുക.


ഈ അഭിക്രിയകള്‍ കൂടാതെ ചില സവിശേഷ സംശ്ളേഷണ പ്രക്രിയകളിലൂടെയും അസറ്റിലീന്‍ ലഭ്യമാക്കാറുണ്ട്. 1. മീഥേന്‍ (methane) എന്ന യൌഗികത്തിന്റെ ട്രൈ ഹാലജന്‍ വ്യുത്പന്നം സില്‍വര്‍ ചൂര്‍ണവുമായി പ്രവര്‍ത്തിപ്പിക്കുക;

2. ഹൈഡ്രജന്‍ വാതകാന്തരീക്ഷത്തില്‍ രണ്ടു കാര്‍ബണ്‍ ദണ്ഡുകള്‍ വച്ച് അവയ്ക്കിടയിലൂടെ വൈദ്യുതജ്വാല കടത്തി വിടുക.

2C + H2 →C2H2

അസറ്റിലീനില്‍ രണ്ടു കാര്‍ബണ്‍ അണുക്കള്‍ തമ്മില്‍ ബന്ധപ്പെട്ടിട്ടുള്ളത് ത്രിബന്ധം (triple bond) കൊണ്ടാകയാല്‍ ഇതു രണ്ടോ നാലോ ഏകസംയോജക അണുക്കളുമായി അഥവാ ഗ്രൂപ്പുകളുമായി പ്രവര്‍ത്തിച്ചു യോഗാത്മക ഉത്പന്നങ്ങള്‍ (addition compound) ലഭ്യമാക്കുന്നു. ഉദാഹരണമായി ഹൈഡ്രജന്‍, ഹാലജനുകള്‍, ഹൈഡ്രജന്‍ ഹാലൈഡുകള്‍ എന്നിവയുമായി അഭിപ്രവര്‍ത്തിപ്പിച്ച് ഈഥേന്‍, അസറ്റിലീന്‍ ടെട്രാ ക്ലോറൈഡ്, ഡൈക്ലോറൊ ഈഥേന്‍ എന്നിവ ഉണ്ടാക്കുന്നു. ഹൈപൊക്ലോറസ് അമ്ലവുമായി പ്രവര്‍ത്തിപ്പിച്ച് ഡൈ ക്ലോറൊ അസറ്റാല്‍ഡിഹൈഡ്, ഓസോണുമായി പ്രവര്‍ത്തിപ്പിച്ച് ഓസോണൈഡ് എന്നിവ ഉത്പാദിപ്പിക്കുന്നു. അസറ്റിലീന്‍ വാതകം തപിപ്പിച്ച കുഴലിലൂടെ പ്രവഹിപ്പിക്കുമ്പോള്‍ പോളിമറീകരിച്ച് ബെന്‍സീന്‍ (benzene) ആയിത്തീരുന്നു. അസറ്റിലീന്‍ മറ്റു ചില പരിതഃസ്ഥിതികളില്‍ പോളിമറീകരിച്ച് പ്രയോജനകാരികളായ വേറെ പല യൌഗികങ്ങളും തരുന്നു. മെര്‍ക്കുറിക് സള്‍ഫേറ്റ് അല്പം അലിയിച്ചു ചേര്‍ത്ത സള്‍ഫ്യൂറിക് അമ്ളത്തിലൂടെ അസറ്റിലീന്‍ കടത്തിവിട്ടാല്‍ അസറ്റാല്‍ഡിഹൈഡ് ലഭിക്കുന്നതാണ്. വ്യാവസായികപ്രാധാന്യമുള്ള ഒരു അഭിക്രിയയാണ് ഇത്. അമോണിയാക്കല്‍ കുപ്രസ് ക്ലോറൈഡ്, അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ് എന്നിവയിലൂടെ ഈ വാതകം പ്രവേശിപ്പിച്ചാല്‍ കുപ്രസ് അസറ്റിലൈഡ് (cuprous acetylide), സില്‍വര്‍ അസറ്റിലൈഡ് (silver acetylide) എന്നിവ അവക്ഷിപ്തങ്ങളായി കിട്ടുന്നു. ശുദ്ധമായ അസറ്റിലീന്‍ ഉണ്ടാക്കുന്നതിന് ഈ അസറ്റിലൈഡുകളെ അമ്ളംകൊണ്ട് ഉപചരിച്ചാല്‍ മതി.

ഉപയോഗങ്ങള്‍. ലോഹസാധനങ്ങള്‍ മുറിക്കുന്നതിനും വിളക്കുന്നതിനും ഓക്സിഅസറ്റിലീന്‍ ജ്വാല ഉപയോഗിക്കുന്നു. 42 സെ.മീ. കനമുള്ള നിക്കല്‍ ക്രോം കവചപ്ലേറ്റുകള്‍ അഞ്ചു മിനിട്ടില്‍ 30 സെ.മീ. എന്ന നിരക്കില്‍ മുറിക്കുവാന്‍ ഈ ജ്വാലയ്ക്കു കഴിവുണ്ട്. ഒട്ടനേകം രാസവസ്തുക്കളുടെ സംശ്ലേഷണത്തിന് അസറ്റിലീന്‍ ഉപയോഗിക്കപ്പെടുന്നു. അസറ്റാല്‍ഡിഹൈഡ്, അസറ്റിക് ആസിഡ്, അസറ്റോണ്‍, ബ്യൂട്ടൈല്‍ ആല്‍ക്കഹോള്‍, ഈഥൈല്‍ ആല്‍ക്കഹോള്‍ എന്നിവയുടെയും അജലധാവനത്തിനു (dry cleaning) വേണ്ട ട്രൈ ക്ലോറൊ എഥിലീന്‍, പെര്‍ ക്ലോറൊ എഥിലീന്‍ എന്നിവയുടെയും സംശ്ലേഷണത്തിനു അസറ്റിലീന്‍ ഉപയോഗിക്കുന്നു. പെയിന്റുകള്‍; ആസഞ്ജകങ്ങള്‍ (adhesives), പ്ലാസ്റ്റിക്കുകള്‍ മുതലായവയുടെ നിര്‍മാണത്തിനുവേണ്ട വിനൈല്‍ അസറ്റേറ്റ്, പ്ലാസ്റ്റിക് ഉണ്ടാക്കുന്നതിനുവേണ്ട വിനൈല്‍ ക്ലോറൈഡ്, കൃത്രിമ റബ്ബര്‍; ഓര്‍ലോണ്‍; അക്രിലൊ നൈട്രൈല്‍ തുടങ്ങിയ കൃത്രിമനാരുകള്‍ ലഭ്യമാക്കുന്നതിനുതകുന്ന ബ്യൂട്ടാ ഡൈ ഈന്‍, നൈലോണ്‍ നാരുകളുടെ വ്യവസായത്തില്‍ പ്രയോജനപ്പെടുന്ന ടെട്രാ ഹൈഡ്രോഫുറാന്‍ എന്ന ലായകം, പ്ലാസ്റ്റിക്; റോക്കറ്റ് ഇന്ധനങ്ങള്‍ എന്നിവയ്ക്കുതകുന്ന വിനൈല്‍ ഈഥര്‍, ഡ്രൈ ബാറ്ററിക്കുവേണ്ട അസറ്റിലീന്‍ ബ്ലാക് (acetylene black), യുദ്ധവാതകമായ ലെവിസൈറ്റ് എന്നിങ്ങനെ വേറെയും ധാരാളം വസ്തുക്കള്‍ നിര്‍മിക്കപ്പെടുന്നു. ലോകത്തില്‍ ആകെ ഉത്പാദിപ്പിക്കുന്ന അസറ്റിലീന്റെ 75 ശതമാനത്തോളം ഈ വിധത്തിലുള്ള സംശ്ളേഷണാവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചുവരുന്നത്. നോ: അസറ്റിലൈഡുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍