This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസംയോജ്യത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസംയോജ്യത

Incompatibility


ജനിതകപരമായ (genetical) വൈരുധ്യങ്ങള്‍മൂലം ഒരേ സ്പീഷീസിലെതന്നെ ജീവികള്‍ തമ്മില്‍ ലൈംഗിക പ്രത്യുത്പാദനം സാധ്യമാകാതെവരുന്ന അവസ്ഥ. ലൈംഗികമായ പ്രത്യുത്പാദനം, ജീന്‍ ഉത്പരിവര്‍ത്തനം (gene mutation), ക്രോമസോമുകളുടെ എണ്ണത്തിലും ഘടനയിലുമുള്ള വ്യതിയാനങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന ജനിതകപരമായ വൈവിധ്യമാണ് പരിണാമത്തിനുള്ള പ്രധാന ഹേതുക്കള്‍. മേല്പറഞ്ഞ കാരണങ്ങളാല്‍ ഒരു സ്പീഷീസിന്റെ സമൂഹത്തില്‍ (population) കാലക്രമത്തില്‍ സംജാതമാകുന്ന ജനിതകപരമായ വിഭിന്നത വര്‍ധിച്ച് ഒരു പരിധി കഴിയുമ്പോള്‍ അവ തമ്മില്‍ ലൈംഗികമായ പ്രത്യുത്പാദനം സാധിക്കാതെ വരുന്നു; ഈ പൊരുത്തക്കേടിനാണ് അസംയോജ്യത എന്നു പറയുന്നത്. ഇപ്രകാരം വന്നുചേരുന്ന അസംയോജ്യതമൂലം അവ കൂടുതല്‍ അകലുകയും ക്രമേണ പുതിയ സ്പീഷീസുകളായിത്തീരുകയും ചെയ്യുന്നു. പൊതുവില്‍ പറഞ്ഞാല്‍, രണ്ടു ജീവികള്‍ തമ്മില്‍ ലൈംഗികമായി പ്രത്യുത്പാദനം സാധിക്കാന്‍ പ്രതിബന്ധമായി വരുന്ന എല്ലാ ഘടകങ്ങളെയും അസംയോജ്യത എന്നു വിളിക്കാവുന്നതാണ്. ദഹനേന്ദ്രിയഘടനയിലുള്ള വൈജാത്യമോ, ക്രോമസോമുകള്‍ തമ്മിലോ ജനിതകപരമായോ ഉള്ള പൊരുത്തക്കുറവോ ഒക്കെ അസംയോജ്യതയ്ക്കു കാരണമാകാവുന്നതാണ്.

ആന്തരികപ്രവര്‍ത്തന മണ്ഡലങ്ങളിലും പലവിധ അസംയോജ്യതകള്‍ കണ്ടുവരുന്നുണ്ട്. മനുഷ്യരക്തം നാലു വിവിധ ഗ്രൂപ്പുകളില്‍പ്പെടുമെന്ന് ലാന്‍ഡ്സ്റ്റൈനര്‍ കണ്ടുപിടിച്ചത് 'ആന്റിജന്‍ആന്റിബോഡി' എന്ന പരസ്പരപൂരകങ്ങളായ പ്രോട്ടീനുകളുടെ പൊരുത്തനിലയെ അടിസ്ഥാനമാക്കിയാണ്. പൊരുത്തമില്ലാത്തയിനം രക്തം ഒരാളില്‍ സഞ്ചരിക്കുമ്പോള്‍ അത് കട്ടപിടിക്കുകയും അയാളുടെ മരണത്തിനുതന്നെ കാരണമാവുകയും ചെയ്യുന്നു. രക്തത്തിലുള്ള ഇത്തരം പ്രോട്ടീനുകളുടെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ തമ്മില്‍ പലതരം അസംയോജ്യതകളുണ്ടാകുന്നതായി അനുഭവമുണ്ട്. ചില ദമ്പതികള്‍ക്ക് 'ചാപിള്ള' തുടരെയുണ്ടാകുന്നത് 'ഞവ- അസംയോജ്യത' മൂലമാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഉഭയലിംഗികളായ പല സസ്യങ്ങളിലും സ്വയമുള്ള ബീജസങ്കലനം നടക്കാതിരിക്കാന്‍ പ്രകൃതി പല അസംയോജ്യതാ മാര്‍ഗങ്ങളും കൈക്കൊള്ളുന്നു. ബീജാണ്ഡങ്ങള്‍ തമ്മില്‍ വ്യത്യസ്ത സമയങ്ങളിലുള്ള പരിപക്വനവും പ്രാണികള്‍വഴി മാത്രം ബീജസങ്കലനം നടക്കാന്‍ തക്കവണ്ണമുള്ള പുഷ്പത്തിന്റെ ഘടനയും മറ്റും ഈ വകുപ്പില്‍പ്പെടുത്താവുന്നതാണ്.

(ഡോ.എസ്. രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍