This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടാവധാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടാവധാനം

പല വിഷയങ്ങളില്‍ ഒരേസമയം ശ്രദ്ധചെലുത്തുവാനുള്ള കഴിവ് വികസിപ്പിക്കുന്നതിനായി ആവിഷ്കരിക്കപ്പെട്ട രണ്ട് സാഹിത്യവിനോദങ്ങളില്‍ ഒന്ന്. ശതാവധാനമാണ് മറ്റേത്. (അവധാനം എന്നാല്‍ മനസ്സ്‍വയ്ക്കല്‍ അഥവാ ശ്രദ്ധ ചെലുത്തല്‍ എന്നര്‍ഥം). തെലുങ്കുനാട്ടിലെ പണ്ഡിതന്‍മാര്‍ക്കിടയിലാണ് ഈ വിനോദങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നത്. ഇവയുടെ മാധ്യമമായി ഉപയോഗിച്ചിരുന്നതു സംസ്കൃതമായിരുന്നു. അപൂര്‍വമായി തെലുങ്കും.

സദസ്യരില്‍നിന്നു നൂറുപേരെ ശതാവധാനി തിരഞ്ഞെടുക്കുന്നു. ഇന്നവിഷയത്തെപ്പറ്റി ഇന്ന വൃത്തത്തില്‍ ഒരു പദ്യം തനിക്കു വേണമെന്ന് ഓരോരുത്തരും അനുക്രമം ശതാവധാനിയോടു പറയുന്നു. വിഷയങ്ങളോ വൃത്തങ്ങളോ എത്ര വിഭിന്നങ്ങളായാലും വിരോധമില്ല; മറ്റു വ്യവസ്ഥകളുമാവാം. ഉദാഹരണത്തിനു തനിക്കു കിട്ടുന്ന പദ്യത്തില്‍ 'കവര്‍ഗം' അരുത് എന്ന് ഒരാള്‍ക്കു പറയാം. അതിനുശേഷം ശതാവധാനി സദസ്യരിലോരോരുത്തര്‍ക്കും അവരവര്‍ക്കുള്ള പദ്യത്തിന്റെ ആദ്യത്തെ വരി പറഞ്ഞുകൊടുക്കുന്നു; പിന്നീട് രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും വരികളും. ഒടുവില്‍ നൂറുപദ്യങ്ങളും അയാള്‍ ക്രമത്തില്‍ ചൊല്ലുന്നു. കുറിപ്പുകളോ മറ്റ് ഓര്‍മസഹായികളോ കൂടാതെയാണ് അയാള്‍ അതു നിര്‍വഹിക്കുന്നത്. ഇതത്രെ ശതാവധാനം. ശതാവധാനപ്രകടനം ഇക്കാലത്ത് ഇല്ലെന്നുതന്നെ പറയാം.

എട്ടു വ്യത്യസ്തകാര്യങ്ങള്‍ ഒരേസമയത്തു നിര്‍വഹിക്കുന്നതാണ് അഷ്ടാവധാനം. സദസ്യര്‍ പറയുന്ന വിഷയത്തെപ്പറ്റി അവര്‍ പറയുന്ന വൃത്തത്തില്‍ ഓരോ പദ്യമുണ്ടാക്കുകയാണ് പ്രധാന പരിപാടി. ഇതില്‍ രണ്ടിനങ്ങള്‍ ദ്രുതകവിതാ നിര്‍മാണം തന്നെ. നിശ്ചിതവിഷയത്തെപ്പറ്റി ഒരു പദ്യമുണ്ടാകണമെന്നും, അതില്‍ ഓരോ പാദത്തിലും ഇന്നിന്ന അക്ഷരങ്ങള്‍ ഇത്രാമത്തേതായി ഉണ്ടായിരിക്കണമെന്നും, അവധാനിയോടു സദസ്യര്‍ നിര്‍ദേശിക്കുന്നതാണു മറ്റൊരിനം. ഇതില്‍ വൃത്തം അവധാനി തിരഞ്ഞെടുക്കുന്നു. 'അക്ഷരനിഷേധ'മാണ് നാലാമത്തെ ഇനം. സദസ്യര്‍ നിശ്ചയിച്ച ഒരു വിഷയത്തെപ്പറ്റി അവധാനി ഒരു പദ്യമുണ്ടാക്കുന്നു; അതില്‍ ഒരക്ഷരം അയാള്‍ പറയുന്നു; അടുത്ത അക്ഷരം ഇന്നത് ആവരുത് എന്നു സദസ്യര്‍ക്കുപറയാം. അപ്പോള്‍ അവധാനി മറ്റൊരക്ഷരം പറയുന്നു; ഉടന്‍ അടുത്ത അക്ഷരം സദസ്യര്‍ക്കു നിഷേധിക്കാം; ഇങ്ങനെ പദ്യം പൂര്‍ത്തിയാക്കണം; അതിനു സംഗതമായ അര്‍ഥം ഉണ്ടായിരിക്കുകയും വേണം. സമസ്യാപൂരണമാണ് അഞ്ചാമത്തെ ഇനം. സമസ്യ എത്രമാത്രം അസംബന്ധമായാലും, പൂരണംകൊണ്ട് അതിന് അര്‍ഥസാംഗത്യം വരുത്തിത്തീര്‍ക്കണം. അവധാനിയുടെ ഇഷ്ടപ്രകാരം ഒരു പദ്യമുണ്ടാക്കലാണ് ആറാമത്തെ ഇനം. ഇതിന്റെ ഏതാനും അക്ഷരങ്ങള്‍ അപ്പോഴപ്പോഴായി അയാള്‍ സദസ്യര്‍ക്കു ചൊല്ലിക്കൊടുക്കുന്നു. സദസ്യര്‍ അവ എഴുതി സൂക്ഷിക്കുന്നു. ഒടുവില്‍ അക്ഷരങ്ങള്‍ മുഴുവനായാല്‍ അവധാനി പൂര്‍ണപദ്യം ചൊല്ലി കേള്‍പ്പിക്കുന്നു. സദസ്യരിലൊരാള്‍, താന്‍ തിരഞ്ഞെടുത്ത ഒരു പദ്യത്തിന്റെ നാലോ അഞ്ചോ അക്ഷരങ്ങള്‍ വീതം ഒരടുക്കും മുറയുമില്ലാതെ അപ്പോഴപ്പോഴായി അവധാനിക്കു പറഞ്ഞുകൊടുക്കുന്നതാണ് മറ്റൊരിനം. പല പ്രകടനങ്ങള്‍ക്കിടയ്ക്കു പലതവണയായി പദ്യത്തിന്റെ അക്ഷരങ്ങള്‍ മുഴുവന്‍ പറഞ്ഞുകൊടുത്തുകഴിഞ്ഞാല്‍ അവധാനി ആ പദ്യം പൂര്‍ണരൂപത്തില്‍ തിരിച്ചുചൊല്ലിക്കൊടുക്കുന്നു. ഈ പ്രകടനങ്ങളെല്ലാം നടന്നുകൊണ്ടിരിക്കെ സദസ്യരിലൊരാള്‍ ഏതാനും ചെറുകല്ലുകള്‍ പെറുക്കി അവധാനിയുടെ നഗ്നമായപുറത്ത് എറിഞ്ഞുകൊണ്ടിരിക്കും. ഒന്നോ രണ്ടോ മണിക്കൂര്‍ ഇങ്ങനെ കഴിഞ്ഞാല്‍, തന്റെ പുറത്ത് ആകെ എത്ര കല്ലുകള്‍ വീണു എന്ന് അവധാനി പറയണം. ഇതാണ് എട്ടാമത്തെ ഇനം. ഇതിനുശേഷം, താന്‍ നിര്‍മിച്ച പദ്യങ്ങളും തന്നോടു പറയപ്പെട്ട പദ്യവും അവധാനി ക്രമത്തില്‍ സദസ്യരെ ചൊല്ലിക്കേള്‍പ്പിക്കുന്നു.

ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളില്‍ ആന്ധ്രപ്രദേശത്തുനിന്ന് വന്ന ഒരു അഷ്ടാവധാനി തൃപ്പൂണിത്തുറവച്ചു നടത്തിയ പ്രകടനമാണ് മേല്‍വിവരിച്ചത്. പ്രകടനം നടത്തുന്നവരുടെ ഭേദമനുസരിച്ച് ഇനങ്ങളില്‍ അല്പാല്പം വ്യത്യാസമുണ്ടാകാം. ശിക്ഷണംകൊണ്ട് മനുഷ്യമേധയുടെ ധാരണാശക്തി എത്രമാത്രം വര്‍ധിപ്പിക്കാമെന്നതിന്റെ അദ്ഭുതാവഹമായ പ്രകടനമാണ് അഷ്ടാവധാനം.

(എന്‍.വി. കൃഷ്ണവാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍