This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടമുടിക്കായല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടമുടിക്കായല്‍

കൊല്ലം പട്ടണത്തിനു സമീപം കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍ എന്നീ താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന കായല്‍. മഞ്ഞപ്പാടന്‍, മുക്കാടന്‍, പെരുമണ്‍, കണ്ടച്ചിറ തുടങ്ങി എട്ടു ശാഖകളായി പിരിഞ്ഞു കിടക്കുന്നതില്‍നിന്നാണ് അഷ്ടമുടി എന്ന പേര്‍ സിദ്ധിച്ചത്. വിലങ്ങനെയുള്ള ഏറ്റവും കൂടിയ നീളം 16 കി.മീ. ആണ്; എന്നാല്‍ ശ.ശ. വീതി 3 കി.മീറ്ററേ ഉള്ളൂ. വിസ്തീര്‍ണം 51.8 ച.കി.മീ. നീണ്ടകരഅഴി മുഖാന്തരം കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. അഴിയിലൂടെ നൌകകള്‍ക്കും ചെറുബോട്ടുകള്‍ക്കും കായലിലേക്കു പ്രവേശിക്കാന്‍ കഴിയും.

അഷ്ടമുടിക്കായല്‍

അഷ്ടമുടിക്കായലിന്റെ തീരപ്രദേശങ്ങള്‍ കയര്‍ വ്യവസായകേന്ദ്രങ്ങളാണ്. കരയോടു ചേര്‍ന്ന ആഴം കുറഞ്ഞ ഭാഗങ്ങളൊക്കെത്തന്നെ തൊണ്ടഴുക്കലിന് ഉപയോഗിച്ചുവരുന്നു. ബലവും ഭംഗിയുമുള്ള ചകിരിനാര് ഈ പ്രദേശങ്ങളിലെ തൊണ്ടിന്റെ പ്രത്യേകതയാണ്. മങ്ങാടന്‍കയര്‍ അരഞ്ഞാണത്തിനു പോലും കൊള്ളാമെന്നാണ് വയ്പ്. കായലിന്റെ തടപ്രദേശങ്ങളൊക്കെത്തന്നെ ഫലഭൂയിഷ്ഠങ്ങളായ തെങ്ങിന്‍തോപ്പുകളാണ്. മത്സ്യബന്ധനവും സാമാന്യമായി നടന്നുവരുന്നു. ഈ കായലിന്റെ തീരത്തായി മിനറല്‍സ്, അലുമിനിയം ഇന്‍ഡസ്ട്രീസ് (അലിന്‍ഡ്), കളിമണ്‍ ഫാക്ടറി, സ്റ്റാര്‍ച്ച് ഫാക്ടറി തുടങ്ങിയ വ്യവസായങ്ങള്‍ വളര്‍ന്നിട്ടുണ്ട്. നീണ്ടകരയിലെ ആഴക്കടല്‍ മീന്‍പിടിത്തത്തിനുള്ള ഇന്‍ഡോ-നോര്‍വീജിയന്‍ പ്രോജക്ട് ഇവിടെ എടുത്തുപറയാവുന്ന ഒരു പദ്ധതിയാണ്. നീണ്ടകര ഇന്ന് കേരളത്തിലെ ഒരു സുപ്രധാന മത്സ്യബന്ധന തുറമുഖമായി മാറിയിരിക്കുന്നു.

കായലിന്റെ തീരപ്രദേശങ്ങള്‍ ജനനിബിഡമാണ്. അരവിള, കുരീപ്പുഴ, കടവൂര്‍, കോയിവിള, കാഞ്ഞിരോട്, പെരുമണ്‍, ചവറ തെക്കുംഭാഗം, നീണ്ടകര, മുക്കാട്, അരിനല്ലൂര്‍, അഷ്ടമുടി തുടങ്ങിയവയാണ് കായലിന്റെ തീരപ്രദേശങ്ങള്‍. ശില്പമോഹനങ്ങളായ നിരവധി പള്ളികളും ഹിന്ദുദേവാലയങ്ങളും ഈ കായല്‍ക്കരയില്‍ കാണാം. കേരളത്തിലെ വലിയ നദികളിലൊന്നായ കല്ലടയാറ് അഷ്ടമുടിക്കായലിലാണ് നിപതിക്കുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ തീരം ഉടനീളം കൂട്ടിയിണക്കുന്ന ജലഗതാഗതമാര്‍ഗത്തിലെ ഒരു കണ്ണിയെന്ന നിലയ്ക്ക് അഷ്ടമുടിക്കായല്‍ പ്രാധാന്യമര്‍ഹിക്കുന്നു. നീണ്ടകരപ്രദേശത്ത് കൊല്ലം-ആലപ്പുഴ റോഡ് കായലിന്റെ അഴിമുഖത്തെ കുറുകെ മുറിച്ച് കടന്നുപോകുന്നു. നീണ്ടകരപ്പാലത്തിന്റെ നീളം 408 മീ. ആണ്. അഷ്ടമുടിക്കായലിന്റെ തീരപ്രദേശങ്ങളില്‍ നിരവധി ആയുര്‍വേദ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍