This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടപ്രധാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടപ്രധാന്‍

ഛത്രപതി ശിവജിയുടെ (1630-80) എട്ടംഗമന്ത്രിസഭ. ദാദാജികൊണ്ടദേവന്റെ ഭരണകാലത്ത് നാലു മന്ത്രിമാരാണുണ്ടായിരുന്നത്. ശിവാജി ഭരണസൌകര്യത്തിനായി മന്ത്രിസഭ വികസിപ്പിക്കുകയും ഓരോരുത്തര്‍ക്കും പ്രത്യേകം വകുപ്പുകള്‍ നല്കുകയും ചെയ്തു.

അഷ്ടപ്രധാന്‍ ആധുനിക മാതൃകയിലുള്ള ഒരു മന്ത്രിസഭയായിരുന്നില്ല. രാജ്യഭരണത്തിന്റെ പൂര്‍ണമായ ചുമതല ശിവാജിതന്നെ വഹിച്ചിരുന്നു; മന്ത്രിമാര്‍ കേവലം കാര്യദര്‍ശികള്‍ മാത്രമായിരുന്നു. രാജ്യകാര്യങ്ങളില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കാനോ നയങ്ങള്‍ രൂപവത്കരിക്കാനോ അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. ശിവജിയുടെ ഉത്തരവുകളും നിര്‍ദേശങ്ങളും തങ്ങളുടെ വകുപ്പുകളില്‍ നടപ്പാക്കുക മാത്രമായിരുന്നു ഇവരുടെ കര്‍ത്തവ്യം. മന്ത്രിമാരില്‍ ഒരാള്‍തന്നെയെങ്കിലും, പേഷ്വയുടെ പദവി ഇതര മന്ത്രിമാരില്‍നിന്ന് അല്പം ഉയര്‍ന്നതായിരുന്നു. ശിവജിയുമായി അടുത്തിടപഴകാന്‍ പേഷ്വയ്ക്ക് അവസരവും സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നാല്‍ മറ്റുള്ള മന്ത്രിമാര്‍ പേഷ്വയുടെ കീഴിലായിരുന്നു എന്നു പറഞ്ഞുകൂടാ.

മുഗള്‍ഭരണരീതിയോടു സാമ്യമുള്ള ഒരു ഭരണസമ്പ്രദായമാണ് ശിവജി നടപ്പിലാക്കിയത്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഓരോ അംഗവും 'പ്രധാന്‍' എന്നറിയപ്പെട്ടിരുന്നു. ഓരോ മന്ത്രിക്കും പ്രധാനകര്‍ത്തവ്യത്തെ സൂചിപ്പിക്കുന്ന പേരാണ് നല്കപ്പെട്ടിരുന്നത്.

പേഷ്വ (മുഖ്യപ്രധാന്‍). ഛത്രപതിയുടെ കീഴില്‍ ഗവണ്‍മെന്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതലവഹിച്ചിരുന്ന പേഷ്വയുടെ മുദ്രയാണ് ഔദ്യോഗിക രേഖകളില്‍ പതിപ്പിച്ചിരുന്നത്. ആക്രമണത്തിനുള്ള സേനയെ നയിക്കുക, കീഴടക്കിയ പ്രദേശങ്ങളിലെ ഭരണസംവിധാനം ക്രമപ്പെടുത്തുക എന്നിവയും അദ്ദേഹത്തിന്റെ ചുമതലകളായിരുന്നു. ഏതാണ്ട് പ്രധാനമന്ത്രിയുടെ പദവിയാണ് പേഷ്വയ്ക്കുണ്ടായിരുന്നത്.

സേനാപതി. സേനാസംവിധാനത്തിന്റെ ചുമതല സേനാപതിക്കായിരുന്നു.

അമാത്യന്‍. രാജ്യത്തിന്റെ വരവു ചെലവുകണക്കുകള്‍ സൂക്ഷിക്കുക, ധനകാര്യവകുപ്പിന്റെ മേല്‍നോട്ടം വഹിക്കുക എന്നിവയുടെ ചുമതല വഹിച്ചിരുന്ന മന്ത്രി.

സചിവന്‍. രാജാവിന്റെ എഴുത്തുകുത്തുകളുടെ ചുമതലവഹിച്ചിരുന്ന മന്ത്രി.

സുമന്തന്‍. വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സുമന്തന്‍ വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന നയതന്ത്രപ്രതിനിധികളെ സ്വീകരിക്കുകയും വിദേശരാജ്യങ്ങളുമായി എഴുത്തുകുത്തുകള്‍ നടത്തുകയും ചെയ്തിരുന്നു.

മന്ത്രി. രാജാവിനെയും കൊട്ടാരത്തെയും സംബന്ധിക്കുന്ന ദൈനംദിനവിവരങ്ങള്‍ എഴുതി സൂക്ഷിക്കുകയും രഹസ്യവകുപ്പ്, നയതന്ത്രപ്രബന്ധങ്ങള്‍, യുദ്ധവും സമാധാനവും തുടങ്ങിയ കാര്യങ്ങളുടെ ചമുതലകള്‍ വഹിക്കുകയും ചെയ്തിരുന്ന ആളിന് അന്നു നല്കിയിരുന്ന സംജ്ഞയാണ് മന്ത്രി എന്നത്.

പണ്ഡിറ്റ്റാവു. മതകാര്യങ്ങളില്‍ രാജാവിന്റെ ഉപദേഷ്ടാവായിരുന്നു പണ്ഡിറ്റ്റാവു (സദര്‍).

ന്യായാധീശന്‍. സിവില്‍-ക്രിമിനല്‍ വ്യവഹാരങ്ങളില്‍ തീര്‍പ്പു കല്പിക്കുന്ന ചുമതലയാണ് ന്യായാധീശനുണ്ടായിരുന്നത്.

ഈ മന്ത്രിസഭയിലെ അംഗങ്ങളില്‍ പണ്ഡിറ്റ്റാവുവും ന്യായാധീശനും ഒഴിച്ചുള്ളവര്‍ സൈനികസേവനം നടത്താന്‍ ബാധ്യസ്ഥരായിരുന്നു. മന്ത്രിസഭാംഗങ്ങളുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിയമിച്ചിരുന്നത് ശിവജി തന്നെയാണ്. ഓരോ പ്രധാനും തങ്ങളുടെ വകുപ്പുകളുടെ ഭരണത്തിനായി എട്ടു പേര്‍ വീതമടങ്ങിയ ഉദ്യോഗസ്ഥവൃന്ദവും ഉണ്ടായിരുന്നു-ദിവാന്‍, മജുംദാര്‍, ഫഠ്നിസ്, സബ്നിസ്, കാര്‍ഖാനിസ്, ചിട്നിസ്, ജമദാര്‍, പോഠ്നിസ് എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.

(കെ.കെ. കുസുമന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍