This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വിനീദേവന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശ്വിനീദേവന്മാര്‍

ഹൈന്ദവവേദപുരാണേതിഹാസങ്ങളില്‍ പരാമൃഷ്ടമായ രണ്ടു ദേവന്മാര്‍. ഒരാള്‍ക്കു ദസ്രനെന്നും മറ്റേ ആള്‍ക്കു നാസത്യനെന്നും പേര്‍; അശ്വികളെന്നും നാസത്യന്മാരെന്നും അശ്വനീകുമാരന്മാരെന്നും ഇവരെ പറയാറുണ്ട്. വിശ്വകര്‍മാവിന്റെ മകളായ സംജ്ഞയില്‍ ഇരട്ടപെറ്റുണ്ടായ സൂര്യപുത്രന്മാരാണിവര്‍. സംജ്ഞ വിവാഹാനന്തരം സൂര്യതേജസ് സഹിക്കവയ്യാതെ തന്റെ സ്ഥാനത്തു തന്റെ രൂപത്തില്‍ ഛായയെ നിര്‍ത്തി തപസ്സുചെയ്യാന്‍ പോയി. രഹസ്യം മനസ്സിലാക്കിയ സൂര്യന്‍ സംജ്ഞയെ അന്വേഷിച്ചു പുറപ്പെട്ടു; മേരുപാര്‍ശ്വത്തില്‍വച്ച് അവളെ കണ്ടെത്തി. സംജ്ഞ പേടിച്ച് ഒരു പെണ്‍കുതിരയുടെ രൂപം ധരിച്ച് ഓട്ടം തുടങ്ങി. സൂര്യന്‍ ഒരു ആണ്‍കുതിരയുടെ രൂപത്തില്‍ അവളെ അനുധാവനം ചെയ്തു. പെണ്‍കുതിര ക്ഷീണിച്ച് തിരിഞ്ഞുനിന്നു. രണ്ടു കുതിരകളുടെയും ശ്വാസവായുക്കള്‍ തമ്മില്‍ ഇടയുകയും തദ്ഫലമായി അശ്വരൂപിണിയായ സംജ്ഞ ഗര്‍ഭംധരിച്ച് അശ്വിനികളെ പ്രസവിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ ഉത്പത്തി സംബന്ധിച്ചുള്ള കഥ.

ഋഗ്വേദത്തില്‍ ഇന്ദ്രനും അഗ്നിയും സോമനും കഴിഞ്ഞാല്‍ ഏറ്റവും പ്രമുഖമായ സ്ഥാനം നേടിയിട്ടുള്ളവരാണ് അശ്വിനീദേവന്മാര്‍. പ്രകാശത്തിന്റെ ദേവന്മാരായി ഇവര്‍ അന്‍പതില്‍പ്പരം സൂക്തങ്ങളില്‍ പരാമൃഷ്ടരാകുന്നുണ്ട്. ഇവര്‍ നിത്യയൗവനന്മാരും സൌന്ദര്യമൂര്‍ത്തികളുമാണ്. ഉഷസ്സിന് ആകാശത്തില്‍ വഴിതെളിച്ചുകൊടുക്കുന്നത് ഇവരാണ്. മൂന്നു ചക്രങ്ങളുള്ള സുവര്‍ണരഥത്തിലാണ് ഇവരുടെ സഞ്ചാരം. പ്രജാപതിയോട് ആയുര്‍വേദം പഠിച്ച് ദേവവൈദ്യന്‍മാരായിത്തീര്‍ന്ന ഇവരുടെ അദ്ഭുത സിദ്ധികളെപ്പറ്റി ഇതിഹാസങ്ങളില്‍ പല ഉപാഖ്യാനങ്ങളുമുണ്ട്. അന്ധനായ ച്യവന മഹര്‍ഷിക്ക് ഇവര്‍ കാഴ്ചയുണ്ടാക്കിക്കൊടുത്തു; യവനാശ്വന്റെ ഉദരത്തില്‍നിന്നും മാന്ധാതാവിനെ കീറിയെടുത്ത് ശസ്ത്രക്രിയാപാടവം വെളിപ്പെടുത്തി. സ്വപ്രഭാവം സംഹാരപരമായി പ്രയോഗിച്ചിട്ടുള്ളതിനും ഉദാഹരണങ്ങളുണ്ട്. അശ്വിനി (തുലാ) മാസത്തില്‍ ബ്രാഹ്മണര്‍ക്കു നെയ്യ് ദാനം ചെയ്താല്‍ സൌന്ദര്യം വര്‍ധിക്കുമെന്നും പന്ത്രണ്ടുമാസം നെയ്യ് അഗ്നിയില്‍ ആഹുതി ചെയ്താല്‍ അശ്വിനികളുടെ ലോകം പ്രാപിക്കുമെന്നും മഹാഭാരതത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. പാണ്ഡുപത്നിയായ മാദ്രി ഇവരെ ധ്യാനിച്ചുവരുത്തി സമ്പാദിച്ച പുത്രന്‍മാരാണ് നകുലസഹദേവന്മാര്‍. അശ്വിനികള്‍ കേരളത്തില്‍ ആലത്തൂര്‍നമ്പിയുടെ ഇല്ലത്തില്‍ വൈദ്യം പഠിക്കാനെന്ന വ്യാജേന താമസിച്ചതായി ഐതിഹ്യമുണ്ട്.

അശ്വിനികള്‍ കേവലം പൗരാണിക ദേവന്മാരല്ലെന്നും ചികിത്സാനൈപുണ്യം കൂടിയുള്ള ഒരു കുതിരപ്പടയാളി വര്‍ഗമാണെന്നും ഒരഭിപ്രായമുണ്ട്. അവരെ ഭരിച്ചിരുന്ന യമളന്മാരായ രണ്ടു രാജാക്കന്മാര്‍ പില്ക്കാലം വര്‍ഗനാമത്തില്‍ സ്മരിക്കപ്പെടുകയും, ഇരുട്ടും രോഗവും അകറ്റുന്ന ദേവന്മാരായി സങ്കല്പിക്കപ്പെടുകയും ചെയ്തുവെന്നാണ് ഈ അഭിപ്രായത്തിന്റെ ചുരുക്കം.

മിഥുനംരാശിരൂപങ്ങളായ ഇരട്ടകള്‍ അശ്വിനീദേവന്മാരാണെന്ന സങ്കല്പം ജ്യോതിഷത്തിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍