This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വാരൂഢമത്സരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശ്വാരൂഢമത്സരങ്ങള്‍

ചമയങ്ങള്‍ അണിയിക്കപ്പെട്ടതോ അല്ലാത്തതോ ആയ കുതിരകളുടെ പുറത്തിരുന്നുകൊണ്ട് അവയെ ഓടിക്കുക, ചാടിക്കുക, അടിവയ്പിച്ചു നടത്തുക തുടങ്ങിയ അഭ്യാസങ്ങളും അവയുമായി ബന്ധപ്പെട്ട മറ്റു കായികവിനോദങ്ങളും ഉള്‍പ്പെടുന്ന മത്സരങ്ങള്‍.

പശ്ചാത്തലം. കുതിരകളെ പരിശീലിപ്പിക്കുക, മെരുക്കുക, അവയുടെമേല്‍ സവാരിചെയ്യുക, അവയെക്കൊണ്ട് പലതരം പ്രവൃത്തികള്‍ എടുപ്പിക്കുക തുടങ്ങിയവ ക്ഷമാശക്തിയും കര്‍മകുശലതയും ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. കുതിരസവാരിക്കാരെ മറ്റുള്ളവര്‍ ചരിത്രത്തിന്റെ ആരംഭകാലം മുതല്‍ അദ്ഭുത ബഹുമാനങ്ങളോടുകൂടിയാണ് വീക്ഷിച്ചുപോന്നിട്ടുള്ളത്. കുതിരയില്‍നിന്നു പരമാവധി സഹകരണം കിട്ടത്തക്കവണ്ണം സഹിഷ്ണുതയോടുകൂടി അതിനെ നയിക്കാനും നിയന്ത്രിക്കാനും കഴിയുന്നവനു മാത്രമേ നല്ല അശ്വാരൂഢനെന്ന നില കൈവരുത്താന്‍ കഴിയുകയുള്ളു. കുതിരകളെ നടത്താനും കുതിച്ചു ചാടിക്കാനും ഓടിക്കാനും മറ്റ് അഭ്യാസങ്ങള്‍ ചെയ്യിക്കാനും അതിന്റെ സ്വഭാവപ്രവണതകളെ ശരിക്കും വിലയിരുത്തി മനസ്സിലാക്കേണ്ടതുണ്ട്. സവാരിക്കുപയോഗിക്കുന്ന ഇരിപ്പിടം, ഇരിക്കുന്ന രീതി, കൈകാര്യം ചെയ്യുന്ന ഉപകരണങ്ങള്‍, കുതിരയുടെ ഗതിഭേദമനുസരിച്ച് ഇരിപ്പ് ക്രമീകരിക്കാനുള്ള നൈപുണ്യം എന്നിവയെല്ലാം കുതിരസവാരിയില്‍ ശ്രദ്ധിക്കേണ്ട അനിവാര്യഘടകങ്ങളാണ്.

പൗരാണികകാലം മുതല്‍ യാത്രയ്ക്കും നായാട്ടിനും യുദ്ധത്തിനും, ചിലപ്പോഴൊക്കെ വിനോദത്തിനും, കുതിരയെ പ്രയോജനപ്പെടുത്തിയിട്ടുള്ള മനുഷ്യന്‍ അനേക നൂറ്റാണ്ടുകള്‍കൊണ്ടു നേടിയ പ്രയോഗകുശലതകൊണ്ടാണ് ഇന്നത്തെ രീതിയില്‍ ഇതിനെ മെരുക്കിയെടുത്തിട്ടുള്ളത്. ചരിത്രാരംഭകാലത്തെ വിദഗ്ധരായ അശ്വാരൂഢര്‍ ഈജിപ്ത്, അസീറിയ, പേര്‍ഷ്യ, ഗ്രീസ്, മംഗോളിയ, ചൈന എന്നീ ദേശക്കാരായിരുന്നു. ജീനികളും ചവിട്ടാനുള്ള പാദുകപ്പടി(stirrup)കളും എ.ഡി. നാലാം നൂറ്റാണ്ടോടുകൂടിയാണ് ഉപയോഗത്തില്‍ വന്നുതുടങ്ങിയത്. അറബികളും മംഗോളിയരും കുതിരച്ചമയങ്ങളില്‍ പില്ക്കാലത്തു പല പരിഷ്കാരങ്ങളും വരുത്തി. എ.ഡി. 16-ാം ശ.-ത്തില്‍ അശ്വപാലനപരിശീലനം നല്കാനുള്ള ഒരു അക്കാദമി സി.ബി. പിഗ്നാടെല്ലി എന്നൊരാള്‍ നേപ്പിള്‍സില്‍ (ഇറ്റലി) സ്ഥാപിച്ചതായി കാണുന്നു. അശ്വാരോഹണകലയെക്കുറിച്ച് ആദ്യമായി ഒരു പുസ്തകം പാശ്ചാത്യരാജ്യങ്ങളില്‍ രചിച്ചത് എഫ്.ആര്‍. ഗ്യൂറിനീയര്‍ എന്ന ഫ്രഞ്ച് എഴുത്തുകാരനായിരുന്നു (1733).

1912-ലെ ഒളിമ്പിക് മത്സരങ്ങളില്‍ ഇദംപ്രഥമമായി അശ്വാരോഹണവിദ്യ ഒരിനമാക്കി; ഒറ്റയ്ക്കും സംഘം ചേര്‍ന്നും നടത്തപ്പെടുന്ന ഈ മത്സരത്തില്‍ മുഖ്യമായും മൂന്ന് ഇനങ്ങളാണുള്ളത്.

ആധുനിക കാലത്തെ 'പെന്റാത്ലോണ്‍' (pentathlom) മത്സരത്തില്‍, മുന്‍കൂട്ടി പഴക്കിയിട്ടില്ലാത്ത കുതിരപ്പുറത്തുകയറി ബഹുദൂരം സവാരിചെയ്യേണ്ട ഒരിനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അശ്വാരൂഢമത്സരങ്ങളില്‍ ഓട്ടം, ചാട്ടം, ട്രോട്ടിംഗ് (trotting) എന്ന അടിവച്ചുള്ള നടത്തം എന്നീ ഇനങ്ങളും ഇവയുമായി ബന്ധപ്പെട്ടുള്ള മറ്റു കായികവിനോദങ്ങളുമാണ് പ്രധാനമായി ഉള്‍പ്പെട്ടിരിക്കുക.

ഓട്ടമത്സരങ്ങള്‍. ചരിത്രാതീതകാലംമുതല്‍ കുതിരകളുടെ ഓട്ടമത്സരങ്ങള്‍ ആരംഭിച്ചിരിക്കുമെന്നു കരുതപ്പെടുന്നു. ബി.സി. സഹസ്രാബ്ദത്തില്‍ ഏഷ്യാമൈനറിലും സമീപ പ്രദേശങ്ങളിലും നടന്ന കുതിരപ്പന്തയങ്ങള്‍ വിവരിക്കുന്ന ചില പ്രാചീന ലിഖിതപരാമര്‍ശങ്ങള്‍ ഗവേഷകന്‍മാര്‍ കണ്ടെടുത്തിട്ടുണ്ട്. ബി.സി. 11-ഉം 7-ഉം ശ.-ങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന ഹോമറിന്റെ ഇലിയഡ് എന്ന ഇതിഹാസകൃതിയില്‍ വളരെക്കാലായി നടന്നുവന്ന ഒരു തേരോട്ടപ്പന്തയം വിശദമായി വര്‍ണിച്ചിട്ടുണ്ട്. ഇതിലെ വിജയികള്‍ക്കു മറ്റു പലതിന്റെയും കൂട്ടത്തില്‍ സകലകലാനിപുണകളായ യുവതികളെയും ഒന്നാം സമ്മാനമായി നല്കിയിരുന്നു.

പ്രാചീന സരട്ടോഗയിലെ ഒരു കുതിരയോട്ട മത്സരം

ബി.സി. 624-നോടടുപ്പിച്ച് നടന്ന 33-ാമത്തെ ഒളിമ്പിക് മത്സരത്തില്‍ കുതിരപ്പന്തയവുമുണ്ടായിരുന്നതായി ചില രേഖകളില്‍ കാണുന്നു. ഇതാണ് ഈ കാര്യത്തെക്കുറിച്ചുള്ള ആദ്യത്തെ വിശ്വാസയോഗ്യമായ അറിവ്. ഇതിന് ഒരായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതലെങ്കിലും ഗ്രീസില്‍ കുതിരപ്പന്തയം നടപ്പിലുണ്ടായിരുന്നതായി കരുതാന്‍ വഴിയുണ്ടെങ്കിലും ഇതു ഗണ്യമായി വികസിച്ചത് റോമന്‍ ജനപദങ്ങളിലാണ്. ആദ്യം മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും കാലക്രമേണ റോമന്‍ ആക്രമണത്തിനിരയായ യുറേഷ്യന്‍-ആഫ്രിക്കന്‍ ഭൂഭാഗങ്ങളിലും ഇതു പ്രചരിക്കാന്‍ ഒട്ടും കാലതാമസം വേണ്ടിവന്നില്ല.

കുതിരപ്പന്തയം സാര്‍വലൗകികപ്രചാരം നേടിയിട്ടില്ലെങ്കിലും ബ്രിട്ടണ്‍, യു.എസ്. ആസ്റ്റ്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഇതിന് വലിയ പ്രാധാന്യം നല്കിപ്പോരുന്നു. 'രാജാക്കന്‍മാരുടെ വിനോദം' (Sports of Kings) എന്ന പേരില്‍ പ്രാചീനകാലം മുതല്‍ ബ്രിട്ടന്‍ ഇതിനെ ആദരിച്ചുപോന്നു. 1174-നോടടുപ്പിച്ച് ലണ്ടന്‍ നഗരത്തിലേക്കുള്ള പ്രവേശനഗോപുരങ്ങള്‍ക്കു സമീപം നടന്ന കുതിരപ്പന്തയെത്തെക്കുറിച്ചുള്ളതാണ് അവിടെനിന്നും ഇതിനെപ്പറ്റി കിട്ടിയിട്ടുള്ള ഏറ്റവും പഴക്കംചെന്ന രേഖ. ഏതാണ്ട് മൂന്നുമൈല്‍ നീളം വരുന്ന പാതയിലൂടെ റിച്ചാര്‍ഡ് ഒന്നാമന്റെ കാലത്ത് നടത്തപ്പെട്ട ഒരു പന്തയത്തില്‍ (1189-90) വിജയിക്ക് നല്കപ്പെട്ട സമ്മാനം 40 പവനടങ്ങിയ ഒരു പണക്കിഴിയായിരുന്നുവെന്ന് രേഖയുണ്ട്. എന്നാല്‍ കുതിരപ്പന്തയത്തിനുള്ള പ്രത്യേക മൈതാന(turf)ങ്ങളുണ്ടാക്കുന്ന രീതി ഇംഗ്ളണ്ടില്‍ നടപ്പില്‍ വന്നത് ജെയിംസ് ഒന്നാമന്റെ ഭരണകാലത്താണ് (1603-25).

ടെന്റ് പെഗ്ഗിങ്(കേരള പൊലീസ്

ആധുനിക കാലത്ത് ഈ വിനോദം മിക്ക രാജ്യങ്ങളിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു; പ്രത്യേകിച്ച് ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ കുതിരപ്പന്തയത്തിനു സവിശേഷ പദവിയുണ്ട്: ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ്, മലയ, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങി ഇന്ത്യയിലും ഇത് പരിഷ്കൃത ജനങ്ങളുടെയും പന്തയ കുതുകികളുടെയും പ്രിയപ്പെട്ട വിനോദമായിത്തീര്‍ന്നിരിക്കുന്നു. മുംബൈ (മഹാലക്ഷ്മി), ചെന്നൈ (ഗിണ്ടി), ബാംഗ്ളൂര്‍, ഹൈദരാബാദ്, ഊട്ടി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ പന്തയപഥങ്ങള്‍ (race course) പ്രസിദ്ധങ്ങളാണ്.

മുന്‍ സോവിയറ്റ് യൂണിയനില്‍പ്പെടുന്ന രാജ്യങ്ങളില്‍ കുതിരകളുള്‍പ്പെടെ എല്ലാം സ്റ്റേറ്റ് നിയന്ത്രണത്തിലാണ്. 54 പന്തയങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച 'വില്‍സെം' എന്ന കുതിരയെപ്പോറ്റുന്ന ഹംഗറി ഇക്കൂട്ടത്തില്‍ പ്രത്യേക ബഹുമതിക്ക് അര്‍ഹമായിട്ടുണ്ട്. ഈ രാജ്യങ്ങളിലെല്ലാം കുതിരകളെ വാങ്ങുകയും വളര്‍ത്തുകയും പന്തയത്തിനു വിടുകയും ചെയ്യുന്നത് രസകരമായ ഒരു വിനോദമെന്നപോലെ ലാഭകരമായ ഒരു വ്യവസായമായും വികസിച്ചിട്ടുണ്ട്. പലതരത്തിലുള്ള നാടന്‍ കുതിരകളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ വിദേശത്തുനിന്നിറക്കുമതി ചെയ്യപ്പെട്ടവ വേണമെന്നതിനാല്‍ ഇവയുടെ വിപണികളും ഇന്നു വ്യാപിച്ചുകൊണ്ടിരിക്കുന്നു. മുന്‍കൂട്ടി കാണാനോ കണക്കാക്കാനോ സാധ്യമല്ലാത്ത തരത്തിലാണ് പന്തയക്കുതിരകളുടെ കമ്പോളവില കാലാകാലങ്ങളില്‍ ഏറുന്നതും താഴുന്നതും.

ഓട്ടം ഇനത്തില്‍പ്പെട്ട മത്സരങ്ങള്‍ പലതുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു നിശ്ചിതപാത(course of track)യില്‍ കൂടി കുതിരകളെ ഓടിക്കുന്നതാണ്. ജീനികളിട്ടു മുറുക്കിയോ സകല ചമയങ്ങളും അണിയിച്ചോ ഇത്തരം മത്സരങ്ങള്‍ നടത്താം.ജീനികള്‍ മാത്രം ഉപയോഗിച്ചു നടത്തുന്ന മത്സര ഓട്ടം മൂന്നു വിധത്തിലുണ്ട്; തറോബ്രെഡ് റേസിങ് (thoroughbred racing), സ്റ്റീപ്പിള്‍ ചേസിങ് (steeple chasing), ഹര്‍ഡ്ലിങ് (hurdling) എന്നിവ. കുതിരച്ചമയങ്ങള്‍ അണിയിച്ചുകൊണ്ടുള്ള മത്സരത്തിനു ട്രോട്ടിങ്; പേസിങ് (pacing) എന്നിങ്ങനെയാണ് പറയുക. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രചാരം നേടിയത് റേസിങ് (racing) ആണ്. കുതിരപ്പന്തയം എന്ന പേരില്‍ അറിയപ്പെടുന്ന ഈ മത്സരത്തിന് അതിന്റേതായ ഒരു ചരിത്രം തന്നെയുണ്ട്. നോ: കുതിരപ്പന്തയം

വ്യവസ്ഥകള്‍. കുതിരപ്പന്തയങ്ങളുടെ പ്രാധാന്യവും പ്രചാരവും വര്‍ധിച്ചതോടുകൂടി അവയെ നിയന്ത്രിച്ചു ക്രമീകരിക്കാന്‍ ഓരോ രാജ്യത്തും നിയമാവലികളും വ്യവസ്ഥകളും ഏര്‍പ്പെടുത്തപ്പെട്ടു. ബ്രിട്ടനില്‍ 1751-ല്‍ സംഘടിപ്പിക്കപ്പെട്ട ജോക്കി ക്ലബ്ബും (Jocky club) അതിന്റെ ശാഖയായ നാഷണല്‍ ഹണ്ട് കമ്മിറ്റി (National hund committee)യും കുതിരപ്പന്തയത്തെ നിഷ്കൃഷ്ടമായി നിയന്ത്രിക്കാന്‍ രൂപംകൊടുത്ത ചട്ടങ്ങള്‍തന്നെയാണ് ഇന്നും പാലിക്കപ്പെട്ടുവരുന്നത്. പിന്നീട് പോണി ടര്‍ഫ് ക്ലബ് (Pony turf club) എന്ന ഒരു സ്ഥാപനവും കുതിരപ്പന്തയത്തിന്റെ ഭരണകാര്യങ്ങള്‍ക്കായി രൂപംകൊണ്ടിട്ടുണ്ട്. കുതിരയുടെ ഭാരം, പ്രായം, ജോക്കിയുടെ യോഗ്യത തുടങ്ങി പലതും ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ക്കു വിധേയമാണ്. കുതിരകളുടെ കുടുംബചരിത്രം രേഖപ്പെടുത്തി സുക്ഷിക്കുന്ന രേഖയ്ക്ക് സ്റ്റഡ് ബുക്ക് (Stud book) എന്നാണ് പേര്. കുതിരപ്പന്തയം നടക്കുന്ന കേന്ദ്രങ്ങളിലെല്ലാം ഇത്തരം രജിസ്റ്റര്‍ കാണാം. ബ്രിട്ടനിലെ ഏറ്റവും പഴക്കംചെന്ന ജനറല്‍ സ്റ്റഡ് ബുക്ക് തയ്യാറാക്കുന്നതും പ്രസാധനം ചെയ്യുന്നതും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതും അവിടത്തെ 'ജോക്കി ക്ളബ്' ആണ്. ഇതിനുപുറമേ അവരുടെ വകയായി റേസിങ് കലണ്ടര്‍ (Racing calendar) എന്ന ഒരു ആനുകാലിക പ്രസിദ്ധീകരണം കൂടിയുണ്ട്. ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ മാത്രം അടിസ്ഥാനമാക്കി കുതിരകളുടെ കാര്യക്ഷമത നിര്‍ണയിച്ചുകൂടാ എന്ന് ഉടമസ്ഥര്‍ തന്നെ പറയുന്നുണ്ട്.

അറിയപ്പെടുന്ന പാരമ്പര്യ വൈദഗ്ധ്യത്തോടുകൂടിയ 'തറോബ്രെഡ്'(thoroughbred) കുതിരകളെ ഉപയോഗിച്ചു നടത്തപ്പെടുന്ന മത്സര ഓട്ടപ്പന്തയങ്ങളെക്കുറിച്ചാണ് ഇതുവരെ പ്രസ്താവിച്ചത്. ഇതിനു പുറമേ മറ്റു പലവിധത്തിലുള്ള കുതിരപ്പന്തയങ്ങളും ഇന്നു നിലവിലുണ്ട്.

സ്റ്റീപ്പിള്‍ ചേസിങ് (Steeple chasing). ഏറ്റവും ദുഷ്കരമെന്നു തോന്നുന്ന പ്രതിബന്ധങ്ങളെ തട്ടി നീക്കിക്കൊണ്ട് കുതിരപ്പുറത്തുകയറിയുള്ള ഓട്ടമത്സരമാണിത്. വളരെ കരുത്തുള്ള വലുപ്പമേറിയ അശ്വങ്ങളെയാണ് ഇതിന് ഉപയോഗിക്കുന്നത്. അശ്വസേനാനികളും മൃഗയാവിദഗ്ധരും കായികാഭ്യാസികളും വിപത്സമ്പൂര്‍ണമെങ്കിലും രസകരമാംവിധം ചിത്തോദ്വേഗം നല്കുന്ന ഈ വിനോദത്തില്‍ വളരെക്കാലം മുന്‍പുമുതല്‍ വ്യാപരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീപ്പിള്‍ ചേസിങ് പരിപാടി 'ഗ്രാന്‍ഡ് നാഷണല്‍ റേസ്' എന്ന പേരില്‍ ലിവര്‍പൂളില്‍ 1839 മുതല്‍ ആണ്ടുതോറും നടന്നുവരുന്ന മത്സരമാണ്. 4 മൈല്‍ 856 വാര നീളമുള്ള ഒരു മാര്‍ഗത്തില്‍ക്കൂടെ പല തടസ്സങ്ങളെയും തരണംചെയ്ത് കുതിരയെ ഓടിച്ചു വന്ന് ഒന്നാം സ്ഥാനത്തു വിജയം വരിക്കുന്ന ആളിനുള്ള സമ്മാനം 20,000 പവനില്‍ കുറയാത്ത ഒരു തുകയാണ്. വഴിയിലുള്ള 16 തടസ്സങ്ങളില്‍ 5 അടി. 2 ഇഞ്ച്. പൊക്കവും 3 അടി. 9 ഇഞ്ച്. വീതിയുമുള്ള വേലിക്കെട്ടുകളും, ആഴവും വീതിയുമേറിയ വെള്ളം നിറഞ്ഞ കുഴികളും ഉള്‍പ്പെടുന്നു. പല കുതിരകളും അവയുടെ സവാരിക്കാരും ഈ സാഹസികമത്സരത്തില്‍ അപമൃത്യുവിന് ഇരയായിട്ടുണ്ട്. 'ഹാന്‍ഡിക്യാപ് റേസിങ്' (handicap racing), 'ഹര്‍ഡ് ല്‍ റേസിങ്' (hurdle racing) തുടങ്ങിയവ സ്റ്റീപ്പിള്‍ ചേസിങ്ങിന്റെ രൂപാന്തരങ്ങളാണ്. ഇത് ലോക ഒളിമ്പിക് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹാര്‍നസ് റേസിങ് (Harness racing). പടച്ചമയങ്ങളണിയിച്ചുകൊണ്ട് ഒരു നിശ്ചിത വേഗത്തില്‍ കുതിരയെ അടിവച്ചടിവച്ചു നടത്തുന്ന ഒരു മത്സരമാണിത്. അമേരിക്കയിലാണ് ഇതിന്റെ ഉദ്ഭവമെങ്കിലും മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലും ഇതിനു നല്ല പ്രചാരം കിട്ടിയിട്ടുണ്ട്. ട്രോട്ടിങ്, പേസിങ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വിനോദമത്സരത്തെ നിയന്ത്രിക്കാന്‍ വിവിധരാജ്യങ്ങളില്‍ വിവിധ സംഘടനകളുണ്ട്.

അഗ്നിവളയത്തില്‍ക്കൂടിയുള്ള ചാട്ടം(കേരള പൊലീസ്)

ചാട്ടം. 'ഷോ ജമ്പിങ്' (show jumbing) എന്ന പേരിലാണ് ഇതു പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളത്. ഇതു പലതരത്തിലുണ്ട്: വെളിമ്പുറത്തുവച്ചോ കെട്ടി അടച്ച വേദികളില്‍ വച്ചോ നടത്താവുന്ന ഇനങ്ങളുണ്ട്. ഇതു നടത്തുന്ന സ്ഥലത്തിന്റെ വ്യാപ്തിയെ സംബന്ധിച്ചു പ്രത്യേകം നിഷ്കര്‍ഷകളൊന്നുമില്ലെങ്കിലും കെട്ടിയടച്ച വേദികള്‍ക്കു സാധാരണ 100 വാര നീളവും 80 വാര വീതിയുമുള്ള ഒരു സ്ഥലമായിരിക്കും ഏറ്റവും ഉചിതമെന്നു കരുതിവരുന്നു. ഈ വേദിക്കു ചുറ്റും പല ഉയരത്തിലും നീളത്തിലും ഉള്ള മാര്‍ഗതടസ്സങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കും. ഉയരമുള്ള ഭിത്തി, അടച്ചിട്ടിരിക്കുന്ന കോട്ടവാതില്‍, മുള്ളുവേലികള്‍, കയ്യാലകള്‍, തോടുകള്‍, കിടങ്ങുകള്‍ ഇവയെല്ലാം ഇതില്‍ ഉള്‍പ്പെടും. വെളിമ്പുറങ്ങളില്‍വച്ചു നടത്തുമ്പോഴാണ് കോട്ടമതിലുകള്‍, കിടങ്ങുകള്‍, തോടുകള്‍ തുടങ്ങിയ മാര്‍ഗതടസ്സങ്ങള്‍ ഉപയോഗിക്കുക.

വില്യം ബാര്‍ക്കറുടെ ഒരു മികച്ച പ്രകടനം

ഉയരത്തിലും നീളത്തിലും ചാടുവാന്‍ കുതിരകള്‍ക്കുള്ള കഴിവ് പരിശോധിക്കുന്നതിനാണ് ഈ മത്സരം നടത്തുക. കുതിരയ്ക്കും കുതിരപ്പുറത്തിരിക്കുന്ന ആളിനും ഒരുപോലെ ആയാസകരമായ ഇത്തരം അഭ്യാസങ്ങളില്‍ മത്സരം നടത്തുമ്പോള്‍ ഏറ്റവും കുറച്ചു പാളിച്ചകള്‍മാത്രം വരുത്തിയിട്ടുള്ള കുതിരയ്ക്കും സവാരിക്കാരനും സമ്മാനം നല്കിവന്നു. ചില ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉയരം ചാടിക്കടക്കുന്ന കുതിരയ്ക്കാണ് സമ്മാനം ലഭിക്കുക.

ഒളിമ്പിക് മത്സരങ്ങളില്‍ കുതിരകളുടെ 'ഷോ ജമ്പിങ്' ആദ്യമായി ഉള്‍പ്പെടുത്തിയത് 1912-ലായിരുന്നു.

ടെഹ്റാനിലെ ഒരു പോളോ മത്സരത്തിന്റെ ദൃശ്യം

പോളോ. ഓട്ടം, ചാട്ടം അടിവച്ചടിവച്ചുള്ള നടത്തം ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു കായികവിനോദമാണ് പോളോ. നിര്‍ദിഷ്ട നിയമങ്ങള്‍ക്കു വിധേയമായി നാലു കളിക്കാര്‍ വീതം രണ്ടു ഭാഗമായി തിരിഞ്ഞു പങ്കെടുക്കുന്ന ഈ കളിയില്‍ പങ്കെടക്കുന്നവര്‍ കുതിരപ്പുറത്തിരുന്നുകൊണ്ട് കുതിരയെ നിയന്ത്രിക്കുന്നതോടൊപ്പം കൊട്ടുപിടിയുടെ ആകൃതിയിലുള്ള തലപ്പോടുകൂടിയ ഒരു നീണ്ട വടികൊണ്ട് നിലത്തുകിടക്കുന്ന പന്ത് എതിര്‍വശത്തുള്ള ഗോളിലേക്ക് ലക്ഷ്യം പിടിച്ച് അടിച്ചുതെറിപ്പിക്കുന്നു. 19-ാം ശ.-ത്തിന്റെ മധ്യകാലത്ത് ഇന്ത്യയിലുണ്ടായിരുന്ന സൈനികോദ്യോഗസ്ഥന്മാര്‍ക്കിടയില്‍ വളരെ പ്രചാരം നേടിയിരുന്ന ഒരു കായികവിനോദമാണിത്. ഇതിനാവശ്യമായ നിയമാവലി 1875-ല്‍ ഹര്‍ലിങ്ഹാം പോളോ കമ്മിറ്റി (Hurlingham polo committee) (പില്ക്കാലത്ത് ഹര്‍ലിങ്ഹാം പോളോ അസോസിയേഷനായി മാറി) എഴുതി ഉണ്ടാക്കിയതനുസരിച്ച് കളിസ്ഥലത്തിന് 300 വാര നീളവും 200 വാര വീതിയും ഉണ്ടായിരിക്കണം. (വശങ്ങളില്‍ മതിലുകളുണ്ടെങ്കില്‍ 160 വാര വീതിയായാലും മതി). ഓരോ ടീമിലുമുള്ള കളിക്കാരെ 1, 2, 3 ബായ്ക്ക് എന്നാണ് വിളിക്കുന്നത്. ബായ്ക്ക് പ്രധാനമായി എതിരെ വരുന്ന പന്തിനെ തടഞ്ഞുനിറുത്തുന്നതിനുത്തരവാദപ്പെട്ട ആളാണ്. 1-ഉം 2-ഉം എതിര്‍പക്ഷത്തെ ഗോളിനെ ലക്ഷ്യമാക്കി പന്ത് അടിച്ചു മുന്നേറേണ്ടവരാണ്. മൂന്നാമന്‍ എതിര്‍പക്ഷത്തുനിന്നുമുള്ള മുന്നേറ്റത്തെ ചെറുക്കുന്നതിനോടൊപ്പം തിരിച്ചടിക്കുന്നതിനും ബാധ്യസ്ഥനാണ്. ഇന്ന് പോളോ സൈനികോദ്യോഗസ്ഥന്മാരുടെ മാത്രമല്ല കുബേരപദവിയിലുള്ള എല്ലാവരുടെയും വിനോദമായി ലോകമെങ്ങും അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്.

കുതിരകളുടെ പുറത്ത് ഒരു മനുഷ്യപ്പിരമിഡ്(കേരള പോലീസ്)

നരിനായാട്ട്. മത്സരസ്വഭാവം അത്രയില്ലെങ്കിലും അശ്വാരൂഢമത്സരത്തില്‍പ്പെട്ട ഒരിനമായിത്തീര്‍ന്നിട്ടുണ്ട് നരിനായാട്ട് (Fox hunting). ഇതു പ്രധാനമായും ഇംഗ്ളണ്ടിലെ ഒരു വിനോദമായിട്ടാണ് തുടങ്ങിയതെങ്കിലും പശ്ചിമാര്‍ധഗോളത്തിലേക്കും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. ന. 1 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലഘട്ടങ്ങളിലാണ് ഇതു നടത്തുക. ഈ വിനോദത്തില്‍ ഏര്‍പ്പെടുന്നവര്‍ പ്രത്യേക വേഷം ധരിച്ചാണ് കുതിരപ്പുറത്തിരിക്കുന്നത്. പ്രത്യേക ശിക്ഷണം ലഭിച്ച നായാട്ടു നായ്ക്കളെയാണ് ഇതിനുപയോഗിക്കുക; കൂലിക്കാരും സന്നദ്ധ സേവകന്‍മാരും അടക്കം കാടിളക്കി നരിയെ (കുറുക്കനെ) അതിന്റെ മാളത്തില്‍നിന്നു പുറത്താക്കിയാണ് നായാട്ടു നടത്തുക. നരിയുടെ സ്ഥാനം ഗന്ധംകൊണ്ടു മനസ്സിലാക്കി നായാട്ടു നായ്ക്കളാണ് കുതിരകള്‍ക്കു മാര്‍ഗം തെളിക്കുന്നത്. വേലികളും കയ്യാലകളും ചാടിക്കടന്ന് കുതിരകള്‍ നായ്ക്കളെ പിന്‍തുടര്‍ന്ന് നരികളുടെ മാളങ്ങളുടെ അടുത്തു ചെല്ലുന്നു. നായ്ക്കളുടെ കുരയും കാടിളക്കുന്നവരുടെ അട്ടഹാസവും നരികളെ അവയുടെ മാളത്തില്‍നിന്നും പുറത്തിറക്കും. നരിനായാട്ടിനു നിര്‍ദിഷ്ട നിയമങ്ങളും വിധികളുമുണ്ട്. അവ അനുസരിക്കുവാന്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ ബാധ്യസ്ഥരുമാണ്. ഒരു പ്രത്യേക പ്രദേശത്തെ കര്‍ഷകരും ഭൂവുടമകളും മറ്റു സ്ഥലവാസികളും ചേര്‍ന്ന് ഒരു അശ്വാരൂഢ നായാടിയുടെ നേതൃത്വത്തിലാണ് ഈ നായാട്ടു നടത്തുക. നായാട്ടു നായ്ക്കളെ നയിക്കുന്നതിന് ഒരു നായകനും ഉണ്ടായിരിക്കും. നോ: അശ്വപ്രദര്‍ശനം; കുതിരപ്പന്തയം; പോളോ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍