This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്ക്, ഉപേന്ദ്രനാഥ് (1910 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശ്ക്, ഉപേന്ദ്രനാഥ് (1910 - 96)

ഹിന്ദി സാഹിത്യകാരന്‍. 1910-ല്‍ ജലന്ധറില്‍ ജനിച്ച അശ്ക് പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നു ബി.എ., എല്‍എല്‍.ബി. ബിരുദങ്ങള്‍ നേടി. കുറേക്കാലം അധ്യാപകവൃത്തിയിലേര്‍​പ്പെട്ടിരുന്നു. പഞ്ചാബിയിലും ഉര്‍ദുവിലും ചില കൃതികള്‍ രചിച്ചിട്ടുണ്ടെങ്കിലും ഒരു ഹിന്ദി സാഹിത്യകാരനെന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധി.

ചെറുകഥകള്‍, ഏകാങ്കങ്ങള്‍, നാടകങ്ങള്‍, നോവലുകള്‍, കാവ്യങ്ങള്‍, അനുസ്മരണകള്‍ എന്നീ വിവിധ സാഹിത്യശാഖകളില്‍ അശ്ക് വിജയകരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്‍പതിലധികം കൃതികളുടെ കര്‍ത്താവാണിദ്ദേഹം. ജീവിതത്തിന്റെ രമ്യങ്ങളും അരമ്യങ്ങളുമായ എല്ലാ ഭാവങ്ങളും ഇദ്ദേഹം തന്റെ കലാസൃഷ്ടികളില്‍ ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്നു.

അശ്കിന്റെ പ്രസിദ്ധകൃതികളായ ചാര്‍വാഹാ (ഏകാങ്ക സംഗ്രഹം), സാഹബ് കോഈ കാമ് ഹൈ, ഝെലം കേ ചാര്‍പുല്‍ (കഥാസംഗ്രഹങ്ങള്‍), ബഡീബഡീ ആംഖേം, പന്ഥര്‍ അല്‍ പന്ഥര്‍ (നോവലുകള്‍) എന്നിവയ്ക്ക് കേന്ദ്ര ഗവണ്‍മെന്റും ഉത്തര്‍പ്രദേശ് ഗവണ്‍മെന്റും സമ്മാനങ്ങള്‍ നല്കിയിട്ടുണ്ട്. അശ്കിന്റെ നാടകങ്ങളും ഏകാങ്കങ്ങളും അഭിനയയോഗ്യങ്ങളാണ്. പഞ്ചാബിയില്‍ വാവ്റോള്‍, ഉര്‍ദുവില്‍ ദാച്ചി, കോന്‍പാല്‍ എന്നിവ അശ്കിന്റെ പ്രമുഖ ചെറുകഥാസമാഹാരങ്ങളാണ്; പാപി ഉര്‍ദുവിലുള്ള ഏതാനും ലഘുനാടകങ്ങളുടെ സമാഹാരവും. ഹിന്ദിയിലുള്ള അലഗ് അലഗ് രാസ്തേ, കൈദ് ഔര്‍ ഉഡാന്‍, ജയ്പരാജയ്, നാടകങ്ങളും, ആദിമാര്‍ഗ് പര്‍ദാ ഒഠാഓ പര്ദാ ഗിരാഓ, തൂഫാന്‍ സേ പഹലേ എന്നീ ഏകാങ്കങ്ങളും പ്രസിദ്ധമാണ്. ഗിര്‍തീ ദീവാരോം. ബഡീബഡീ ആംഖേം, ഗരം രാഖ് എന്നീ ഖണ്ഡകാവ്യങ്ങളും കാലേ സാഹബ്, കഹാനീ ലേഖി കാ, ഔര്‍ ഝലം കെ സാത്പൂല്‍ എന്നീ കഥാസമാഹാരങ്ങളും ഹിന്ദി സാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്; രേഖായേം ഔ ചീത്ര്, മംടോ മേരാ ദുഷ്മന്‍ എന്നീ കൃതികള്‍ ആത്മകഥാപരമാണ്.

1996-ല്‍ ഇദ്ദേഹം അന്തരിച്ചു.

(തങ്കമ്മ മാലിക്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍