This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശോകസ്തംഭം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശോകസ്തംഭം

ബുദ്ധമതപ്രചാരണാര്‍ഥം അശോകചക്രവര്‍ത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭം. സ്തംഭങ്ങളിലും ശിലകളിലും ബൗദ്ധധര്‍മശാസനങ്ങള്‍ ഇദ്ദേഹം കൊത്തിവയ്പിച്ചിരുന്നു.

അശോകന്റെ ഭരണകാലത്തെ കലാപ്രസ്ഥാനം നല്കിയിട്ടുള്ള ആറ് പ്രധാന സംഭാവനകളില്‍ ഒന്നാണ് അശോകസ്തംഭം; ശാസനങ്ങള്‍ ആലേഖനം ചെയ്ത ശിലകള്‍, സ്തൂപങ്ങള്‍, ആരാധനാമന്ദിരങ്ങളോട് അനുബന്ധിച്ചുള്ള ഒറ്റക്കല്‍ പണികള്‍, കൊട്ടാരങ്ങള്‍, പാറകൊത്തി പണിതിട്ടുള്ള ചൈത്യങ്ങള്‍ എന്നിവയാണ് മറ്റുള്ളവ. ഘടനാപരമായ ഔന്നത്യത്തില്‍ സ്തൂപങ്ങളും, കലാപരമായ മേന്മകൊണ്ട് സ്തംഭങ്ങളും, വാസ്തുവിദ്യാപരമായ പ്രാധാന്യത്തില്‍ കൊട്ടാരങ്ങളും മികച്ചു നില്ക്കുന്നു.

ഈജിപ്തിലെ ഫറവോന്‍മാര്‍ ദൈവത്തിനുവേണ്ടി അനശ്വരങ്ങളായ ശിലാസ്മാരകങ്ങള്‍ സ്ഥാപിച്ചതില്‍നിന്നു പ്രചോദനം ഉള്‍​ക്കൊണ്ടിട്ടാവണം ബുദ്ധധര്‍മശാസനങ്ങളും ബുദ്ധമതവും എക്കാലവും നിലനില്ക്കണം എന്ന ഉദ്ദേശ്യത്തോടെ അശോക ചക്രവര്‍ത്തി ഇവ നിര്‍മിച്ചതെന്നു ചരിത്രകാരന്മാര്‍ ഊഹിക്കുന്നു. ഇഷ്ടിക ഉപയോഗിച്ചായിരുന്നു ആദ്യകാലത്തു സ്തൂപങ്ങള്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍ അവ അനശ്വരങ്ങളല്ല എന്നു മനസ്സിലാക്കിയ ചക്രവര്‍ത്തി പില്ക്കാലത്ത് ശിലകള്‍ ഉപയോഗിച്ച് ഉത്തുംഗങ്ങളായ ഒറ്റക്കല്‍ സ്തംഭങ്ങള്‍ സ്ഥാപിച്ചു. ബുദ്ധന്റെ ജന്മംകൊണ്ടോ മറ്റു ജീവിതകാലസംഭവങ്ങള്‍കൊണ്ടോ പരിപാവനമാക്കപ്പെട്ട സ്ഥലങ്ങളിലാണ് ഇവ ഏറിയകൂറും സ്ഥാപിച്ചിരുന്നത്. 15 മീറ്ററോളം ഉയരമുള്ള ഇത്തരം സ്തംഭങ്ങളുടെ മുകളില്‍ ബുദ്ധചിഹ്നങ്ങള്‍ സ്ഥാപിച്ചിരിക്കും; ചില സ്തംഭങ്ങളില്‍ ശിലാഫലകങ്ങള്‍ പതിച്ച് അവയില്‍ ശാസനങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നതു കാണാം. ആദ്യകാലത്ത് 30 സ്തംഭങ്ങള്‍ ഉണ്ടായിരുന്നതായി കരുതപ്പെട്ടുവരുന്നു. എന്നാല്‍ ഇന്ന് ഇവയില്‍ 10 എണ്ണം മാത്രമേ അവശേഷിച്ചിട്ടുള്ളു. ഇവയില്‍ത്തന്നെ മിക്കതും കേടുപറ്റിയ നിലയിലാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. മുകളില്‍ സിംഹപ്രതിമകളുള്ള രണ്ടു സ്തംഭങ്ങള്‍ സിതുവില്‍ കാണാം. ബിഹാറിലെ ചമ്പാരന്‍ ജില്ലയിലുള്ള കൊല്ഹുവായിലും ലൗര്യാനന്ദന്‍ഗാറിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഇതിനു വലിയ അറ്റകുറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

ചമ്പാരന്‍, മുസഫര്‍പൂര്‍ എന്നീ ജില്ലകളിലെ റാംപൂര്‍വ്, ലൗര്യാ അരാരജ്, ലൗര്യാനന്ദഗര്‍, കൊല്‍ഹുവാ എന്നിവിടങ്ങളില്‍ ഇടവിട്ടിടവിട്ട് സ്ഥാപിച്ചിട്ടുള്ള സ്തംഭങ്ങള്‍ പാടലീപുത്രം മുതല്‍ നേപ്പാള്‍ അതിര്‍ത്തിവരെയുള്ള അശോകന്റെ രാജമാര്‍ഗത്തെ സൂചിപ്പിക്കുന്നു. സാഞ്ചിയില്‍ സ്ഥാപിച്ചിട്ടുള്ള ഒരു സ്തംഭം പടിഞ്ഞാറോട്ടുള്ള സ്തംഭങ്ങളുടെ നിരയില്‍​പ്പെട്ടതാണെന്ന് കരുതപ്പെടുന്നു.

അസ്തിവാരമുണ്ടെന്ന സൂചനയില്ലാതെ ഭൂമിയില്‍ നിന്നും നേരെ പൊന്തി പനയുടെ ആകൃതിയില്‍ ക്രമേണ കൂര്‍ത്തുവരുന്ന ഒരു ഉരുണ്ട തൂണാണ് അശോകസ്തംഭം. സാധാരണയായി ഇതിന് 9 മീ. മുതല്‍ 12 മീ. വരെ ഉയരം ഉണ്ടായിരിക്കും. യാതൊരു അലങ്കാരപ്പണികളുമില്ലാതെ മിനുസമായിട്ടാണ് സ്തംഭം പണി ചെയ്തിരിക്കുന്നത്. ഈ സ്തംഭത്തിന്റെ അഗ്രഭാഗത്തിനു മണിയുടെ ആകൃതിയും .056 ച.മീ. വിസ്താരവുമുണ്ട്. ഇവിടെയാണ് ബൗദ്ധചിഹ്നം സ്ഥാപിച്ചിട്ടുള്ളത്. സിംഹപ്രതിമകളോ വൃഷഭപ്രതിമകളോ താങ്ങിനില്ക്കുന്ന അശോകചക്രം ഇവിടെ കാണാം. സ്തംഭാഗ്രത്തിനു ചുറ്റും നീണ്ട ഇതളുകള്‍പോലുള്ള ചിത്രപ്പണികളുണ്ട്. സ്തംഭത്തിന് 15 മീറ്ററോളം ഉയരവും 50 മെ. ടണ്‍ തൂക്കവും വരും.

സ്തംഭം ഒറ്റക്കല്ലിലും സ്തംഭശീര്‍ഷം മറ്റൊരു കല്ലിലുമായി പണിതു ചേര്‍ത്തിരിക്കുന്നു. ചെമ്പുകൊണ്ടുള്ള ഒരു അച്ചാണി സ്ഥൂണാഗ്രത്തിലൂടെ പ്രത്യേക സമ്പ്രദായത്തില്‍ തുളച്ചു കടത്തിയാണ് രണ്ടു ഭാഗവും തമ്മില്‍ ചേര്‍ത്തുവച്ചിരിക്കുന്നത്. റാംപൂര്‍വിലുണ്ടായിരുന്ന സ്തംഭത്തില്‍നിന്നും കിട്ടിയിട്ടുള്ള ഒരു അച്ചാണി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 60 സെ.മീ. നീളമുള്ള ഇതിനു ദീര്‍ഘഗോളാകൃതിയാണ്. ഇരുമ്പോ മറ്റു ലോഹങ്ങളോ ഉപയോഗിച്ചാലുണ്ടാകുന്ന നാശത്തെപ്പറ്റി ബോധവാന്‍മാരായിരുന്നു അന്നത്തെ വാസ്തുവിദ്യാവിദഗ്ധര്‍ എന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. നന്ദന്‍ഗാറിലെ അശോകസ്തംഭത്തിന്റെ മുകള്‍ഭാഗം ഒഴികെ മിക്കവാറും എല്ലാംതന്നെ ഒരേ രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്; നന്ദന്‍നഗറിലെ സ്തംഭാഗ്രം അല്പം കുറുകിയ രീതിയിലാണ്. തന്നെയുമല്ല അതിന്റെ ശീര്‍ഷശില്പവും മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമാണ്. പരീക്ഷണാര്‍ഥം ആദ്യം നിര്‍മിച്ചതായിരിക്കണം ഇതെന്ന് അനുമാനിക്കാം. മണിയുടെ ആകൃതിയിലുള്ള സ്തംഭാഗ്രം പ്രതിരൂപാത്മകമാണ്. ഹൈന്ദവക്ഷേത്രങ്ങളിലെ അലങ്കാരപ്പണികളില്‍ ഈ ആകൃതി ധാരാളമായി ഉപയോഗിച്ചുകാണുന്നുണ്ട്. പക്ഷേ, മണിയുടെ പുറമേയുള്ള ചാലിട്ടപണി പേര്‍ഷ്യന്‍ രീതിയുടെയോ ഗ്രീക് രീതിയുടെയോ അനുകരണമായിരിക്കണം. അര്‍ടാക്സെര്‍ക്സസ് II-ാമന്റെ (ബി.സി. 404-358) കൊട്ടാരത്തിലെ പണികളിലും മറ്റും ഇതു ധാരാളം കാണുന്നുണ്ട്. സ്തംഭാഗ്രത്തിന്റെ മുകളില്‍ വൃത്താകൃതിയിലുള്ള പണിയുടെ വീതിയുള്ള ചുറ്റുവശങ്ങളില്‍ പ്രത്യേക രീതിയിലുള്ള അലങ്കാരപ്പണികള്‍കൊണ്ടു നിറച്ചിരിക്കയാണ്. ഹംസം, ലതകള്‍, പന മുതലായവയാണ് കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്. അശോകസ്തംഭത്തിന്റെ കലാപരമായ മേന്മ മുഴുവന്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത് സ്തംഭാഗ്രത്തിന്‍മേലും അതില്‍ സ്ഥാപിച്ചിട്ടുള്ള മൃഗപ്രതിമയിലുമാണ്. സ്തംഭാഗ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള മൃഗപ്രതിമകള്‍ എല്ലാം തന്നെ പുരാണേതിഹാസങ്ങളിലെ ആശയങ്ങളോടു ബന്ധപ്പെട്ടവയാണ്. ഈ മൃഗങ്ങള്‍ പ്രപഞ്ചത്തിന്റെ ചതുര്‍ദിശകളെ പ്രതിരൂപാത്മകമായി പ്രതിനിധാനം ചെയ്യുന്നു. ആന കിഴക്കു ദിക്കിന്റെയും കുതിര തെക്കേ ദിക്കിന്റെയും വൃഷഭം (റാംപൂര്‍വസ്തംഭം) പടിഞ്ഞാറേ ദിക്കിന്റെയും സിംഹം (നന്ദന്‍ഗാറിലെ സ്തംഭം) വടക്കു ദിക്കിന്റെയും പാലകരായി നിലകൊള്ളുന്നു. സാരനാഥിലുള്ള സ്തംഭത്തിന്റെ അബാക്കസ്പണിയില്‍ ഈ നാലു മൃഗങ്ങളെയും കൊത്തിവച്ചിട്ടുണ്ട്. സ്തംഭാഗ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള നാലു സിംഹപ്രതിമകള്‍ ലോഹംകൊണ്ടു തീര്‍ത്ത വലിയ അശോകചക്രത്തെ ചുമലില്‍ ഏറ്റിയ നിലയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ അശോകചക്രം ഇപ്പോള്‍ എടുത്തു മാറ്റപ്പെട്ടതുകൊണ്ട് സിംഹങ്ങളുടെ രൂപഭദ്രതയ്ക്ക് അല്പം ഉടവുപറ്റിയിട്ടുണ്ട്. സാരനാഥിലുള്ള ഈ സ്തംഭമാണ് ഏറ്റവും വലുതും മനോഹരവും. ഇത് ബി.സി. 250-ലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലെ അശോകചക്രം ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറുടെ നിര്‍ദേശപ്രകാരം ഇന്ത്യയുടെ ദേശീയ പതാകാചിഹ്നമായും ഇതിന്റെ സ്തംഭാഗ്രം ഇന്ത്യയുടെ ദേശീയ ചിഹ്നമായും സ്വീകരിച്ചിരിക്കുന്നു.

അശോകസ്തംഭങ്ങളില്‍ കൊത്തിവച്ചിട്ടുള്ള രൂപങ്ങള്‍ യഥാതഥങ്ങളാണ്. സാരനാഥിലെ സ്തംഭത്തിലെ സിംഹങ്ങളും റാംപൂര്‍വസ്തംഭത്തിലെ വൃഷഭവും അതിമനോഹരങ്ങളാണ്. യഥാതഥ സങ്കേതമുപയോഗിക്കുന്ന കലയുടെ ഉത്തമമാതൃകകളായി ഇവ കണക്കാക്കപ്പെടുന്നു. അശോകസ്തംഭങ്ങളുടെ തിളക്കംമൂലം അവ ലോഹനിര്‍മിതങ്ങളായിട്ടാണ് തോന്നുന്നത്. കൊത്തുപണി, അലങ്കാരപ്പണി, രൂപമാതൃകകള്‍ എന്നിവയുടെ സൗന്ദര്യപൂര്‍ണത അശോകസ്തംഭങ്ങളില്‍ കാണാവുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍