This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശോകമേത്ത (1911 - 1984)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശോകമേത്ത (1911 - 1984)

അശോകമേത്ത

ഇന്ത്യന്‍ ദേശീയ നേതാവ്. 1911 ഒ. 24-ന് ജനിച്ചു. മുംബൈയിലെ വില്‍സന്‍ കോളജിലും യൂണിവേഴ്സിറ്റി സ്കൂള്‍ ഒഫ് ഇക്കണോമിക്സിലും വിദ്യാഭ്യാസം നടത്തി. സ്വാതന്ത്ര്യസമരത്തില്‍ ഭാഗഭാക്കായതിനെത്തുടര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 1932-ല്‍ അശോകമേത്തയെ അറസ്റ്റു ചെയ്ത് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു വിധിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു ഭാഗമായി കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ മേത്ത മുന്‍കൈയെടുത്തിട്ടുണ്ട് (1934). 1940-ലെ സത്യാഗ്രഹത്തിലും 1942-ലെ ക്വിറ്റിന്ത്യാ സമരത്തിലും പങ്കെടുത്ത ഇദ്ദേഹം വീണ്ടും ദീര്‍ഘകാലം ജയില്‍വാസം നയിച്ചു. 1948 മുതല്‍ 52 വരെ സോഷ്യലിസ്റ്റു പാര്‍ട്ടിയിലും 1953 മുതല്‍ 63 വരെ പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടിയിലും ഇദ്ദേഹം ഒരു പ്രമുഖാംഗമായിരുന്നു. പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും 1959 മുതല്‍ 63 വരെ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1949-ല്‍ സ്ഥാപിതമായ ഹിന്ദ് മസ്ദൂര്‍ സഭയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയും ഇദ്ദേഹമായിരുന്നു. ഭക്ഷ്യധാന്യ അന്വേഷണക്കമ്മിറ്റി (1957), ഇവാല്യുവേഷന്‍ ടീം ഓണ്‍ ലേബര്‍ ആന്‍ഡ് സോഷ്യല്‍ സര്‍വീസ് ക്യാമ്പ്സ് (1963), നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലെഡ് ഇക്കണോമിക് റിസര്‍ച് എന്നിവയുടെ അധ്യക്ഷനും, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അപ്ലെഡ് മാന്‍പവര്‍ റിസര്‍ച്, ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് വേള്‍ഡ് അഫയേഴ്സ്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ആഫ്രിക്ക തുടങ്ങിയവയുടെ ഉപാധ്യക്ഷനുമായിരുന്നിട്ടുണ്ട്. പല സര്‍വകലാശാലകളും നിയമം, സാഹിത്യം എന്നിവയില്‍ ബഹുമതി ബിരുദങ്ങള്‍ നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1954-ല്‍ ലോക്സഭാംഗമായതോടെ പി.എസ്.പി. നിയമസഭാകക്ഷിയുടെ ഉപനേതാവായിത്തീര്‍ന്നു. 1963 സെപ്.-ല്‍ യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 1963 മുതല്‍ 1967 വരെ പ്ലാനിങ് കമ്മിഷന്റെ ഉപാധ്യക്ഷനായി നിയമിതനായ അശോകമേത്ത, യു.എസ്.എസ്.ആര്‍. സന്ദര്‍ശിച്ച പ്ലാനിങ് കമ്മിഷന്‍ പ്രതിനിധികളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്. 1966 ജനു.-ല്‍ ഇന്ത്യയിലെ ആസൂത്രണവകുപ്പുമന്ത്രിയായി. 1968-ല്‍ മന്ത്രിസ്ഥാനം രാജിവച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെത്തുടര്‍ന്ന് ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (സംഘടന) പക്ഷത്തു ചേര്‍ന്നു. സാദിക്ക് അലിയെ പിന്തുടര്‍ന്ന് 1973-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (സംഘടന) അഖിലേന്ത്യാ പ്രസിഡന്റായി. ഒരു പ്രസിദ്ധ വാഗ്മിയും കൂടിയായ അശോകമേത്തയുടെ പ്രശസ്ത ഗ്രന്ഥങ്ങള്‍ ഇന്ത്യന്‍ ഷിപ്പിംഗ്, കമ്യൂണല്‍ ട്രയാംഗിള്‍ ഇന്‍ ഇന്ത്യ, ഗ്രേറ്റ് റിബലിയണ്‍, ഡെമോക്രാറ്റിക് സോഷ്യലിസം തുടങ്ങിയവയാകുന്നു.

1984-ല്‍ അശോകമേത്ത അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍