This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവിസെന്ന (980 - 1037)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവിസെന്ന (980 - 1037)

Avicenna

പേര്‍ഷ്യന്‍ ദാര്‍ശനികനും വൈദ്യശാസ്ത്രജ്ഞനും. അവെന്‍സീന എന്ന ഹീബ്രുനാമത്തിന്റെ ലത്തീന്‍ തദ്ഭവമാണ് അവിസെന്ന; ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര് അബു അലി അല്‍ഹുസൈന്‍ ഇബ്നു അബ്ദുള്ള ഇബ്നുസീന എന്നാണ്; ഇബ്നുസീന എന്നും ഇദ്ദേഹം പരക്കെ അറിയപ്പെടുന്നു.

തുര്‍ക്കിസ്താനില്‍ ബുഖാറയ്ക്കു സമീപമുള്ള അഫ്ഘാന എന്ന ഗ്രാമത്തില്‍ ഒരു നികുതി പിരിവുകാരന്റെ മകനായി എ.ഡി. 980-ല്‍ ഇദ്ദേഹം ജനിച്ചു. വളരെ നേരത്തേ തന്നെ അസാധാരണ ബുദ്ധിശക്തി പ്രകടിപ്പിച്ച അവിസെന്ന പത്താമത്തെ വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയതു കൂടാതെ അറബി ക്ലാസ്സിക്കുകളിലും നല്ല പരിജ്ഞാനം സമ്പാദിച്ചു. തത്ത്വദര്‍ശനം, ഗണിതശാസ്ത്രം, ജ്യോതിശ്ശാസ്ത്രം എന്നിവയില്‍ അടുത്ത ആറു വര്‍ഷങ്ങള്‍ക്കിടയില്‍ അധ്യാപകരെപ്പോലും അതിശയിക്കുന്ന അവഗാഹം നേടി; 16-ാം വയസ്സില്‍ വൈദ്യശാസ്ത്രവും ഊര്‍ജതന്ത്രവും പഠിക്കാനാരംഭിച്ചു; 18-ാം വയസ്സില്‍ ബുഖാറയിലെ സുല്‍ത്താനായ നൂഹ് ഇബ്നുമന്‍സൂറിന്റെ ഗുരുതരമായ രോഗം ചികിത്സിച്ചു ഭേദപ്പെടുത്തിയതിനെത്തുടര്‍ന്ന് കൊട്ടാരത്തിലെ പ്രധാന ഭിഷഗ്വരനായിത്തീര്‍ന്നു. ഇക്കാലത്ത് സുല്‍ത്താന്റെ ഗ്രന്ഥശേഖരം പരമാവധി ഉപയോഗപ്പെടുത്തി; 21-ാം വയസ്സില്‍ ഗണിതശാസ്ത്രമൊഴികെയുള്ള എല്ലാ വിഷയങ്ങളും ഉള്‍​ക്കൊള്ളിച്ചുകൊണ്ട് ഒരു വിജ്ഞാനകോശം പ്രസിദ്ധപ്പെടുത്തി. 999-ല്‍ സസാനിദ് സാമ്രാജ്യം അധഃപതിച്ചപ്പോള്‍ അവിസെന്ന ബുഖാറ വിടുകയും ട്രാന്‍സ് ഓക്സാനിയ, ഇറാന്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തുകയും ചെയ്തു. 1020-ല്‍ ഹമദാനിലെ അമീറായ ഷംസ്ദൌളായുടെ മന്ത്രിയായി. 1024-ല്‍ ഇസ്ഫാഹാനിലെ ഭരണാധികാരിയായിരുന്ന അലാഅദ് ദൌള ഇദ്ദേഹത്തെ ഉയര്‍ന്ന ബഹുമതികള്‍ നല്കി ആദരിച്ചു; ആസ്ഥാനഭിഷഗ്വരനും സാഹിത്യം, ശാസ്ത്രം എന്നിവയില്‍ മുഖ്യോപദേഷ്ടാവും ആയി ഇബ്നുസീന നിയമിതനായി. ഗ്രന്ഥനിര്‍മിതിക്ക് ആവശ്യമായ സാഹചര്യങ്ങള്‍ ലഭിച്ചതോടെ ഇക്കാലത്ത് അവിസെന്ന ജ്യോതിശ്ശാസ്ത്ര ഗവേഷണങ്ങളില്‍ മുഴുകി. ഇസ്ഫാഹാനില്‍ പതിനാലു വര്‍ഷം കഴിച്ചുകൂട്ടിയ അവിസെന്ന 1037-ല്‍ അവിടെവച്ച് നിര്യാതനായി.

കൃതികള്‍. അവിസെന്ന നൂറില്‍പ്പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്; മിക്ക ഗ്രന്ഥങ്ങളും അറബിഭാഷയിലാണ്; ചുരുക്കം ചിലത് പേര്‍ഷ്യന്‍ ഭാഷയിലും. ഇദ്ദേഹത്തിന്റെ തത്ത്വശാസ്ത്രഗ്രന്ഥങ്ങളില്‍ മുഖ്യമായത് വീണ്ടെടുക്കല്‍ (അഷ്ഷിഫ) ആണ്. തെറ്റില്‍ നിന്നും ആത്മാവിനെ വീണ്ടെടുക്കല്‍ എന്നാണിതിന്റെ അര്‍ഥം. പതിനെട്ടു വാല്യങ്ങളുള്ള ഈ ഗ്രന്ഥം തര്‍ക്കശാസ്ത്രം, മനശ്ശാസ്ത്രം, പ്രകൃതിശാസ്ത്രം, ഊര്‍ജതന്ത്രം, അതിഭൗതികശാസ്ത്രം എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്നു. കിത്താബ് അല്‍ ഇഷാറത്ത്‍വല്‍, തന്‍ബിഹാത് (നിദര്‍ശനങ്ങളുടെയും സ്ഥിരീകരണങ്ങളുടെയും പുസ്തകം) ആണ് മറ്റൊരു പ്രധാനദാര്‍ശനിക കൃതി. അല്‍ഖാനൂണ്‍ ഫിത്തിബ്ബ് (ചികിത്സാശാസ്ത്രം) ആണ് അവിസെന്നയെ ലബ്ധപ്രതിഷ്ഠനാക്കിയത്. അഞ്ചു വാല്യങ്ങളിലായി പത്തു ലക്ഷത്തോളം വാക്കുകളടങ്ങുന്ന ഈ ബൃഹദ്ഗ്രന്ഥം വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശമാണ്. റോമന്‍ചക്രവര്‍ത്തിമാരുടെ കാലത്ത് ഉണ്ടായിരുന്ന യവന-അറബി വൈദ്യശാസ്ത്രഗ്രന്ഥങ്ങള്‍ പഠിച്ച് സ്വന്തം അനുഭവങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തു രചിച്ചതാണ് ഖാനൂന്‍. ഇസ്ലാമികലോകത്തും പാശ്ചാത്യലോകത്തും ഇതിന് വേണ്ടത്ര പ്രചാരമുണ്ടായിരുന്നു. ലത്തീന്‍, ഹീബ്രു എന്നീ ഭാഷകളില്‍ ഇതു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12-18 നൂറ്റാണ്ടു കാലത്ത് ഖാനൂന്‍ യൂറോപ്പിലെ വിവിധ വൈദ്യശാസ്ത്രപഠന കേന്ദ്രങ്ങളില്‍ പാഠപുസ്തകമായി അംഗീകരിക്കപ്പെട്ടിരുന്നു. ഭാഷാശാസ്ത്രം, സംഗീതശാസ്ത്രം, രസതന്ത്രം, ജ്യോതിശ്ശാസ്ത്രം എന്നിവയെപ്പറ്റിയും അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മതസംബന്ധമായി ആറ് കൃതികള്‍ ഇദ്ദേഹം രചിച്ചതായി കാണുന്നു. ഇദ്ദേഹത്തിന്റെ മറ്റു ഗ്രന്ഥങ്ങളില്‍ ഒരു നല്ല അംശം നഷ്ടപ്പെട്ടുപോയി എങ്കിലും പലതും ലോകത്തിലെ മികച്ച ഗ്രന്ഥശാലകളിലും പുരാവസ്തുശേഖരങ്ങളിലും കാണാം.

സിദ്ധാന്തങ്ങള്‍. ശാസ്ത്രങ്ങള്‍ അനുഭവങ്ങളിലും യുക്തിചിന്തയിലും അധിഷ്ഠിതമാണെന്ന് അവിസെന്ന ദൃഢമായി വിശ്വസിച്ചു. ശാസ്ത്രങ്ങളെ സൈദ്ധാന്തികമെന്നും പ്രായോഗികമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഊര്‍ജതന്ത്രം, ഗണിതശാസ്ത്രം എന്നിവയെ സൈദ്ധാന്തികശാസ്ത്രങ്ങളിലും പ്രയുക്ത ഊര്‍ജതന്ത്രം, യാന്ത്രികം, കല, നീതിശാസ്ത്രം എന്നിവയെ പ്രായോഗിക ശാസ്ത്രത്തിലുമാണ് അവിസെന്ന ഉള്‍​പ്പെടുത്തിയിരിക്കുന്നത്. ഊര്‍ജതന്ത്രം സംബന്ധിച്ച ദാര്‍ശനികചര്‍ച്ചയില്‍ ശക്തി, കാലം, ചലനം എന്നിവയെ വിശദമായി അപഗ്രഥിക്കുന്നു. ചലനത്തില്‍ കൂടിയാണ് കാലത്തിന് അദ്ദേഹം വിശദീകരണം നല്കുന്നത്. നിശ്ചലതയില്‍ കാലം വിഭാവനംചെയ്യുക സാധ്യമല്ല. സസ്യമനസ്, ജന്തുമനസ്, മനുഷ്യമനസ് എന്നിങ്ങനെ മൂന്നുതരം മനസ്സുകള്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. സസ്യമനസ്സിനു പോഷണം, വളര്‍ച്ച, ഉത്പാദനം എന്നിങ്ങനെ മൂന്നു ഗുണങ്ങള്‍ ഉണ്ട്. ചലനഹേതുകം, ധാരണാപരം എന്നീ രണ്ടു കഴിവുകളാണ് ജന്തുമനസ്സിന് ഉള്ളത്. മനുഷ്യമനസ്സിനു മാത്രമേ ബുദ്ധിയുള്ളു. അവിസെന്നയുടെ മനശ്ശാസ്ത്ര ചര്‍ച്ച അതിഭൌതികശാസ്ത്രത്തിലാണ് ചെന്നു നില്ക്കുന്നത്. പ്ലേറ്റോ, ഗാലന്‍, അല്‍ഫറാബി, സ്റ്റോയിക് ദാര്‍ശനികര്‍ തുടങ്ങിയവരെ കൂടാതെ ഇസ്ലാമിക ദൈവശാസ്ത്രവും ദര്‍ശനവും അവിസെന്നയെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. മുഹമ്മദുനബിയുടെ സത്യമതപ്രബോധനം സ്വീകരിച്ച അവിസെന്ന മരണാനന്തരം എല്ലാവരും ഉയിര്‍ത്തെഴുന്നേല്ക്കുമെന്നും അവരവരുടെ കര്‍മമനുസരിച്ച് ശിക്ഷിക്കപ്പെടുകയോ സമ്മാനിക്കപ്പെടുകയോ ചെയ്യുമെന്നും വിശ്വസിച്ചു. വെളിച്ചത്തിനു വേഗത തിട്ടപ്പെടുത്തുവാന്‍ കഴിയുമെന്ന് ഇദ്ദേഹം അന്നേ പറഞ്ഞുവച്ചിരുന്നു.

ഒരു കവി എന്ന നിലയിലും അവിസെന്ന പ്രസിദ്ധനാണ്. ഉമര്‍ഖെയ്യാമിന്റേതിനോടു കിടപിടിക്കത്തക്കവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. അറബിയിലും പേര്‍ഷ്യന്‍ഭാഷയിലും ഇദ്ദേഹം കവിതകള്‍ രചിച്ചിട്ടുണ്ട്. ഉമര്‍ഖെയ്യാമിന്റെ പേരില്‍ പ്രചരിച്ചിട്ടുള്ള പല കവിതകളുടെയും കര്‍ത്താവ് അവിസെന്നയാണെന്നു ചില പണ്ഡിതന്മാര്‍ കരുതുന്നു. ഇദ്ദേഹത്തിന്റെ കവിതകളുടെ ഒരു കൈയെഴുത്തുപ്രതി ഓക്സ്ഫഡിലെ ബോര്‍ഡ്ലിയന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

(പ്രൊഫ. സയ്യദ് മൊഹിയുദ്ദീന്‍ ഷാ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍