This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവിരാമചലനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവിരാമചലനം

Perpetual Motion

പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ആ പ്രവര്‍ത്തനം കൊണ്ടുതന്നെ ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തനം നിലയ്ക്കാതെ തുടര്‍ന്നുപോകുന്ന ഭൗതികാവസ്ഥ. യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതു വിദ്യുച്ഛക്തികൊണ്ടോ പെട്രോള്‍, കല്‍ക്കരി മുതലായ ഏതെങ്കിലും ഇന്ധനം ഉപയോഗപ്പെടുത്തിയോ ആണ്. യന്ത്രസംവിധാനത്തിലേക്ക് പുറമേനിന്നും ഊര്‍ജം പ്രദാനം ചെയ്യണമെന്നതാണ് ഇതിലടങ്ങിയിട്ടുള്ള തത്ത്വം. ഇങ്ങനെ നല്കപ്പെടുന്ന ഊര്‍ജത്തിന്റെ ഒരു ഭാഗമാണ് സഫലമായ യാന്ത്രികപ്രവര്‍ത്തനം സൃഷ്ടിക്കുന്നത്. ഊര്‍ജം ലഭിക്കുന്നതു നിലച്ചുപോയാല്‍ യന്ത്രം നിശ്ചലമാവുകയും ചെയ്യും. എന്നാല്‍ യന്ത്രം പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന യാന്ത്രികോര്‍ജം തന്നെ വീണ്ടും യന്ത്രത്തിലേക്കു ചെലുത്തുവാന്‍ സാധിക്കുമെങ്കില്‍ ബാഹ്യമായ ഊര്‍ജം കൂടാതെതന്നെ യന്ത്രം സ്വയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. നില്ക്കാതെ പ്രവര്‍ത്തിക്കുന്ന അത്തരമൊരു സംവിധാനത്തിന് അവിരാമചലനം ഉണ്ടെന്നു പറയുന്നു.

അവിരാമ ചലനം:സാങ്കല്പികമായ ആവിഷ്കരണങ്ങള്‍

അവിരാമചലനം സാധ്യമാണെന്ന സങ്കല്പം മുന്‍പും പുലര്‍ത്തിപ്പോന്നിരുന്നു; എന്നാല്‍ അത് അപ്രായോഗികമാണ്. ഭൗതികനിയമങ്ങള്‍​ക്കെതിരാണ്. ഊര്‍ജം ചലനംകൊണ്ടു തന്നെ സൃഷ്ടിച്ചോ കൂടുതല്‍ താപമുള്ള അവസ്ഥയില്‍നിന്നു കുറഞ്ഞ അവസ്ഥയിലേക്കു മാറി അധികതാപം ഊര്‍ജമായി രൂപാന്തരപ്പെടുത്തിയോ, അവിരാമചലനം സൃഷ്ടിക്കാം എന്നാണ് സങ്കല്പം. ഇത് താപഗതിക (Thermo dynamics) നിയമങ്ങള്‍ക്കു നിരക്കാത്തതാണ്. ഊര്‍ജത്തെ സൃഷ്ടിക്കാനും സംഹരിക്കാനും കഴിയില്ല; ഒരൂ രൂപത്തില്‍നിന്നും മറ്റൊന്നിലേക്കു മാറ്റാനേ കഴിയൂ. ഈ തത്ത്വം ആവിഷ്കരിക്കപ്പെടുന്നതിനു മുന്‍പെയാണ് ലിയൊണാഡോ ഡാവിഞ്ചി അവിരാമചലനയന്ത്രങ്ങള്‍ ഭാവനയില്‍ സംവിധാനം ചെയ്തിട്ടുള്ളത്.

ബലങ്ങളു(forces)ടെ തുലിതസ്ഥിതിയെപ്പറ്റി അറിവില്ലാതിരുന്ന കാലത്ത് - 16-ാം ശ.-ത്തിനു മുന്‍പ് - അവിരാമചലനം ഉണ്ടാകാവുന്ന ഒരു യന്ത്രത്തിന്റെ മാതൃക നിര്‍ദേശിക്കപ്പെടുകയുണ്ടായി. AC, CB എന്ന രണ്ടു പലകകള്‍ ത്രികോണാകൃതി വരത്തക്കവിധം യോജിപ്പിച്ചിരിക്കുന്നു.

A-C-B വഴി രണ്ടറ്റങ്ങള്‍ യോജിച്ചതും ഗോളങ്ങള്‍ കൊരുത്തതുമായ ഒരു ചങ്ങല അതിനു ചുറ്റും ഇടുന്നു. പലകകള്‍ ചങ്ങലയിന്മേല്‍ ഘര്‍ഷണം ഉണ്ടാകാത്തവിധത്തില്‍ അത്രയ്ക്കു മിനുസമുള്ളവയായിരിക്കണം. AC എന്ന നീളംകൂടിയ വശത്തിന്‍മേല്‍ ചങ്ങലയുടെ നീളവും കൂടിയിരിക്കും. ഇവിടെ ചങ്ങലയുടെ കീഴ്പോട്ടുള്ള ഭാരം BC-യിലേതിനെക്കാള്‍ കൂടുതലായതുകൊണ്ട് ചങ്ങല കീഴ്പോട്ട് ഉരുണ്ടുപോരുന്നു. അതനുസരിച്ച് BC-യില്‍ അതു മേല്പോട്ട് നീങ്ങുകയും ചെയ്യും. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരുന്നാല്‍ അവിരാമചലനമായി. പരീക്ഷണം ഒരിക്കലും വിജയിക്കില്ല. ചരിവുതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബലങ്ങളുടെ തുലിതാവസ്ഥ അവിരാമചലനം തടയുന്നു.

ബലങ്ങളുടെ സംവിധാനത്തെ ആസ്പദമാക്കിയുള്ള ഒരു യന്ത്രമാണ് മേല്‍വിവരിച്ചത്. ഒരു വ്യവസ്ഥിതി (System) യിലെ ആകെ ഊര്‍ജം സ്ഥിരമായിരിക്കുമെങ്കിലും അതിനുള്ളില്‍ത്തന്നെ ഊര്‍ജ പരിവര്‍ത്തനസമ്പ്രദായങ്ങള്‍ സ്വീകരിച്ചാല്‍ അവിരാമചലനം സാധ്യമാവില്ലേ എന്നു ചോദിക്കാം. താപഗതികത്തിലെ രണ്ടാം നിയമം അനുസരിച്ച് അതും പ്രായോഗികമല്ല.

യാന്ത്രികോര്‍ജത്തെ തത്തുല്യമായ താപമാക്കി മാറ്റാമെങ്കിലും താപത്തെ യാന്ത്രികോര്‍ജമാക്കി മാറ്റാനുള്ള ഏതു ശ്രമത്തിലും-എണ്ണ, കല്‍ക്കരി എന്നിവ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ ഉദാഹരണം-താപത്തിന്റെ ഒരംശം നഷ്ടപ്പെട്ടുപോകും എന്നാണ് നിയമം. താപം എല്ലായ്പോഴും താപനില ഏറിയ വസ്തുക്കളില്‍ നിന്നും താപനില കുറഞ്ഞവയിലേക്കു മാത്രമേ പ്രവഹിക്കുകയുള്ളു. പ്രകൃതിയിലെ ഒരു പ്രത്യേകതയാണിത്. ഇതു താപനഷ്ടത്തിനു കാരണമാകുന്നു. ഏതു യന്ത്രവും അവിരാമമായി ചലിക്കണമെങ്കില്‍ അതിലെ ഊര്‍ജനഷ്ടം നികത്തിക്കൊണ്ടിരിക്കണം.

താപം മാത്രമല്ല ഏതു വിധത്തിലുള്ള ഊര്‍ജമായാലും യാന്ത്രികപ്രവര്‍ത്തനത്തിനു വിനിയോഗിക്കുമ്പോള്‍ ഊര്‍ജത്തിന്റെ ഒരംശം വീണ്ടെടുക്കാന്‍ കഴിയാത്തവിധം അവശേഷിക്കും; പൂര്‍ണമായി മറ്റ് ഊര്‍ജരൂപങ്ങളാക്കിമാറ്റാന്‍ ആവില്ല. ഒരു യന്ത്രത്തിന് അതിനെത്തന്നെ അനുസ്യൂതമായി പ്രവര്‍ത്തിപ്പിക്കാനുള്ള ഊര്‍ജം സ്വയം ഉത്പാദിപ്പിക്കാന്‍ സാധ്യമല്ല. യാന്ത്രികമായ ഏതു പ്രക്രിയയിലും ഇങ്ങനെ ഊര്‍ജത്തിന്റെ ഒരംശം താപമായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഒട്ടാകെയുള്ള യാന്ത്രികശേഷി പ്രപഞ്ചത്തിനുതന്നെ കുറഞ്ഞുവരികയാണ്. അവിരാമചലനത്തെ സംബന്ധിച്ചുള്ള നിഗമനം പ്രപഞ്ചത്തിനും ബാധകമാക്കാം.

(ഡോ. സി.പി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍