This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവശിഷ്ടാധികാരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവശിഷ്ടാധികാരങ്ങള്‍

Residuary power

ഒരു രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരവിഭജനത്തിനുശേഷം അവശേഷിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരങ്ങള്‍.

വിവിധ സംസ്ഥാനങ്ങള്‍ ചേര്‍ന്നുള്ള ഫെഡറല്‍ ഭരണഘടനാസമ്പ്രദായത്തില്‍ കേന്ദ്രഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും തമ്മില്‍ സുഗമമായ ഭരണനിര്‍വഹണത്തിനുവേണ്ടി അധികാരം വിഭജിച്ചിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതു സാധാരണ രണ്ടുതരത്തിലുണ്ട്: (1) വിദേശകാര്യം, രാജ്യരക്ഷ, വാര്‍ത്താവിനിമയം, ഗതാഗതം മുതലായ പ്രധാന വിഷയങ്ങള്‍ കേന്ദ്രഗവണ്‍മെന്റിനും രാജ്യഭരണത്തിനാവശ്യമായതും ഭാവിയിലുണ്ടാകുന്നതുമായ അവശിഷ്ടവിഷയങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും നല്കുന്ന രീതി; (2) സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു ചില പ്രത്യേക വിഷയങ്ങള്‍ വിട്ടുകൊടുക്കുകയും ശേഷിക്കുന്നവ കേന്ദ്ര ഗവണ്‍മെന്റിനു നല്കുകയും ചെയ്യുന്ന രീതി.

ഇവയില്‍ ആദ്യരീതിയാണ് യു.എസ്. ഫെഡറല്‍ ഭരണഘടന സ്വീകരിച്ചിട്ടുള്ളത്. യു.എസ്. ഭരണഘടനയനുസരിച്ച് കേന്ദ്രഗവണ്‍മെന്റിന് രാജ്യരക്ഷ, വിദേശകാര്യം, ഗതാഗതം, വാര്‍ത്താവിനിമയം മുതലായ പ്രധാന വിഷയങ്ങള്‍ നീക്കിവച്ചിട്ടുണ്ട്; ശിഷ്ടാധികാരങ്ങളെല്ലാം സംസ്ഥാനഗവണ്‍മെന്റുകളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ആസ്റ്റ്രേലിയന്‍ ഭരണഘടനയും ഇതേ സമ്പ്രദായമാണു സ്വീകരിച്ചിട്ടുള്ളത്. കനേഡിയന്‍ ഭരണഘടനാവ്യവസ്ഥയനുസരിച്ച് ഫെഡറേഷനിലെ സംസ്ഥാനങ്ങള്‍ക്കു ചില പ്രത്യേക വിഷയങ്ങള്‍ വിട്ടുകൊടുക്കുകയും ശിഷ്ടാധികാരങ്ങള്‍ മുഴുവന്‍ കേന്ദ്രഗവണ്‍മെന്റില്‍ നിക്ഷിപ്തമാക്കിയിരിക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ ഭരണഘടനയില്‍ കാനഡയിലെ അധികാരവിഭജനതത്ത്വമാണു സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള വിഷയങ്ങള്‍ ഒഴികെ പ്രത്യേകം എടുത്തുപറഞ്ഞിട്ടില്ലാത്ത എല്ലാ അവശിഷ്ടാധികാരങ്ങളും കേന്ദ്രഗവണ്‍മെന്റിലാണു നിക്ഷിപ്തമാക്കിയിരിക്കുന്നത്. ഭരണഘടനയില്‍ അധികാരവിഭജനത്തെ സംബന്ധിച്ചു പറയുന്ന ഏഴാം അനുബന്ധത്തില്‍ വിവിധവിഷയങ്ങള്‍ പട്ടികകളിലായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒന്നാം പട്ടികയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ അധികാരത്തില്‍പ്പെട്ട വിഷയങ്ങളും രണ്ടാം പട്ടികയില്‍ സംസ്ഥാനഗവണ്‍മെന്റുകളുടെ അധികാരത്തില്‍പ്പെട്ട വിഷയങ്ങളും മൂന്നാമത്തേതില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സംയുക്തമായി നിയമനിര്‍മാണാധികാരമുള്ള വിഷയങ്ങളും അടങ്ങിയിരിക്കുന്നു. ഒന്നാംപട്ടികയില്‍ രാജ്യരക്ഷ, വിദേശനയം, അണുശക്തി, റയില്‍വേ, വാര്‍ത്താവിനിമയം, മുതലായി പൊതുപ്രാധാന്യമുള്ള ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒടുവിലത്തേതായ 97-ാം ഇനം രണ്ടും മൂന്നും പട്ടികകളില്‍പ്പെടാതെ അവശേഷിക്കുന്ന വിഷയങ്ങളാണ്. ഭരണഘടനാനിര്‍മാതാക്കള്‍ക്കു മുന്‍കൂട്ടി കാണുവാന്‍ സാധിച്ചിട്ടില്ലാത്ത ഏതെങ്കിലും വിഷയങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കില്‍ അവ കേന്ദ്രഗവണ്‍മെന്റില്‍ നിക്ഷിപ്തമായിരിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രായോഗികഫലം. ഉദാ. ഭാവിയില്‍ ചന്ദ്രമണ്ഡലത്തിലേക്കുള്ള യാത്ര നടപ്പില്‍ വരുകയാണെങ്കില്‍ പ്രസ്തുത വിഷയം കേന്ദ്രത്തിന്റെ കീഴിലായിരിക്കും.

സംസ്ഥാനഗവണ്‍മെന്റുകള്‍ക്ക് അധികാരമുള്ള വിഷയങ്ങളുടെ പട്ടികയില്‍ നിയമസമാധാനം, പൊലീസ്, കൃഷി, സഹകരണം മുതലായ പ്രാദേശികപ്രാധാന്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. സംയുക്തപ്പട്ടികയില്‍ രാജ്യത്തിനാകമാനം ഐകരൂപ്യത്തോടുകൂടിയ നിയമനിര്‍മാണം, വിദ്യാഭ്യാസം, വിദ്യുച്ഛക്തി, ഭക്ഷ്യധാന്യനിയന്ത്രണം മുതലായ വിഷയങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നിയമനിര്‍മാണാധികാരമുണ്ട്. എന്നാല്‍ സംസ്ഥാനനിയമവും കേന്ദ്രനിയമവും തമ്മില്‍ വൈരുധ്യമുണ്ടാവുകയാണെങ്കില്‍ കേന്ദ്രനിയമത്തിനുപ്രാബല്യമുണ്ടായിരിക്കുന്നതാണ്.

ഇതിനുംപുറമേ ഭരണഘടന 248-ാം വകുപ്പനുസരിച്ച്, സംയുക്തപ്പട്ടികയിലും സംസ്ഥാനപ്പട്ടികയിലും ഉള്‍പ്പെടാതെ ഏതെങ്കിലും വിഷയങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവ കേന്ദ്രഗവണ്‍മെന്റിന്റെ അധികാരപരിധിയില്‍പ്പെടും; ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് എല്ലാ അവശിഷ്ടാധികാരങ്ങളും കേന്ദ്രഗവണ്‍മെന്റിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

(പ്രൊഫ. പി.എസ്. അച്യുതന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍