This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവല്‍ (അവില്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവല്‍ (അവില്‍)

നെല്ലുകൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യപദാര്‍ഥം. സ്ഥാനികളെ കാണാന്‍ പോകുമ്പോള്‍ കാഴ്ചദ്രവ്യമായി അവലു കൊണ്ടുപോകുന്ന പതിവ് മുന്‍പു ഉണ്ടായിരുന്നു. ശ്രീകൃഷ്ണനെ കാണാന്‍ ദ്വാരകയിലേക്കു പോയ കുചേലന്‍ കാഴ്ചദ്രവ്യമായി കൊണ്ടുപോയിരുന്നത് അവലായിരുന്നു എന്നാണ് പുരാവൃത്തം. കേരളത്തില്‍ ഓണം തുടങ്ങിയ ചില വിശേഷദിവസങ്ങളില്‍ കാഴ്ചദ്രവ്യമായി അവല്‍ കൊടുക്കുന്ന പതിവ് നിലവിലുണ്ടായിരുന്നു. അവല്‍ നിര്‍മാണം കേരളത്തിലെ ഒരു കുടില്‍വ്യവസായമായും നിലനിന്നിരുന്നു. കുടുംബിസമുദായക്കാരുടെ കുലത്തൊഴിലായിരുന്നു അവല്‍നിര്‍മാണം. നെല്ല് പുഴുങ്ങി വറുത്ത് ഒരു പ്രത്യേകതരം ഉരലില്‍ ഇടിച്ചു പരത്തി അതിന്റെ ഉമിയും പൊടിയും നീക്കി അവല്‍ എടുക്കുന്നു. കാലുകൊണ്ട് ചവിട്ടിപ്പൊക്കാന്‍ പറ്റിയ, ഉത്തോലക സംവിധാനമുള്ള ഭാരമേറിയ ഉലക്കയാണ് അവല്‍ ഇടിയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഒരു കുഴിയില്‍ ഇട്ടിരിക്കുന്ന വറുത്ത നെല്ലിലാണ് ഉലക്ക പോയി പതിക്കുന്നത്. ഇങ്ങനെ ഉണ്ടാക്കുന്ന അവലിനു 'കുടുംബി അവല്‍' എന്നു പറയുന്നു. ഈ അവലിനു സ്വാദും മയവും കൂടുതലുണ്ട്. കുടുംബിയവല്‍ ഉണ്ടാക്കുന്നതിനു രണ്ട് ആളുകള്‍ വേണം. നെല്ല് വറുക്കുകയും ഇടിക്കുന്ന കുഴിയില്‍ ഇളക്കുകയും ചെയ്യുന്നതിന് ഒരാളും ഇടിക്കാനുള്ള തടി ഉലക്ക ചവിട്ടിപ്പൊക്കുന്നതിനു മറ്റൊരാളും. ഉരലില്‍ സാധാരണ ഉലക്കകൊണ്ടിടിച്ചും അവല്‍ ഉണ്ടാക്കാം. ഇങ്ങനെയുണ്ടാക്കുന്ന അവലിനു രുചിയും മാര്‍ദവവും കുറവായിരിക്കും. അവലുണ്ടാക്കാന്‍ ചെന്നെല്ലും ആര്യനെല്ലും വിശേഷപ്പെട്ടതാണ്. കുറച്ചു നെല്ലുകൊണ്ട് വളരെ കൂടുതല്‍ അവല്‍ ഉണ്ടാക്കാം. അവല്‍ പച്ചയ്ക്കും, ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ത്തു നനച്ചും ഭക്ഷിക്കാറുണ്ട്. ചിരകിയ തേങ്ങയോടൊപ്പം അവല്‍ ഉപയോഗിച്ച് ഉപ്പുമാവും പ്രഥമനും തയ്യാറാക്കാം.

അവല്‍ പ്രഥമന്‍. ശര്‍ക്കരപ്പാവില്‍ അവല്‍ ചേര്‍ത്ത് അടുപ്പത്തുവച്ച് നല്ലതുപോലെ ഇളക്കി വരട്ടിയശേഷം പശുവിന്‍നെയ്യ്, മുന്തിരിങ്ങ എന്നിവ ചേര്‍ക്കുന്നു. വെള്ളം വറ്റുന്നതു വരെ വരട്ടി നാഴിക്കു മൂന്ന് എന്ന കണക്കില്‍ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് തലപ്പാല്‍ എടുക്കുക. പിന്നീട് വെള്ളം ചേര്‍ത്തു പിഴിഞ്ഞ് രണ്ടാം പാലും അതിന്റെ ശേഷം പീര ഇടിച്ചു വെള്ളം ചേര്‍ത്തു പിഴിഞ്ഞ് മൂന്നാം പാലും എടുക്കണം. ആദ്യം, വരട്ടിയ പായസത്തില്‍ മൂന്നാം പാലും പിന്നീട് രണ്ടാം പാലും ചേര്‍ത്തു നന്നായി തിളപ്പിച്ചതിനുശേഷം കൊഴുത്ത പാകത്തില്‍ വാങ്ങി വച്ച് തലപ്പാല്‍ ചേര്‍ത്ത് ഇളക്കുന്നു. സ്വാദിന് ഏലക്കാ, ചുക്ക്, ജീരകം എന്നിവ പൊടിച്ചു ചേര്‍ക്കാം.

(മിസിസ് കെ.എം. മാത്യു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍