This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവലോകിതേശ്വരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവലോകിതേശ്വരന്‍

സര്‍വ ജനങ്ങളെയും ആര്‍ദ്രതയോടെ നോക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ ബുദ്ധമതവിശ്വാസികള്‍ ആരാധിച്ചു വരുന്ന ഒരു ബോധിസത്വസങ്കല്പം. ബുദ്ധമതസിദ്ധാന്തപ്രകാരം ലോകത്തെ ഭരിക്കുന്നത് അഞ്ച് അടിസ്ഥാന ഘടകങ്ങളാണ്: രൂപം, വേദന, സംജ്ഞ, സംസ്കാരം, വിജ്ഞാനം. ഇവയെ ഓരോന്നിനെയും പ്രതിനിധാനം ചെയ്യുന്ന ഓരോ ധ്യാനീകുടുംബമുണ്ട്. ഓരോ കുടുംബത്തെയും ഭരിക്കുന്നത് ഓരോ ധ്യാനീബുദ്ധനാണ് - വൈരോചനന്‍, അക്ഷോഭ്യന്‍, രത്നസംഭവന്‍, അമിതാഭന്‍, അമോഘസിദ്ധി. ഓരോ ധ്യാനീബുദ്ധനും രണ്ടു ഭാവങ്ങളുണ്ട് - പുരുഷഭാവവും സ്ത്രീഭാവവും. പുരുഷഭാവത്തെ ബോധിസത്വന്‍മാരും സ്ത്രീഭാവത്തെ ബുദ്ധശക്തികളും പ്രതിനിധാനം ചെയ്യുന്നു. നാലാമത്തെ ധ്യാനീബുദ്ധനായ അമിതാഭന്റെ പുരുഷഭാവമായ ബോധിസത്വസങ്കല്പമാണ് അവലോകിതേശ്വരന്‍.

അവലോകിതേശ്വരന്‍ :നാളന്ദ

ബുദ്ധപരമ്പരയിലെ ശാക്യസിംഹന്റെ തിരോധാനത്തിനും ഭാവിബുദ്ധനായ മൈത്രേയന്റെ ആവിര്‍ഭാവത്തിനുമിടയ്ക്കു ലോകനിയന്താവായി വര്‍ത്തിച്ചത് അവലോകിതേശ്വരനാണെന്നു സങ്കല്പിക്കപ്പെടുന്നു. അവലോകിതേശ്വരന് 108 അവതാരങ്ങളാണുള്ളത്. ഈ അവതാരങ്ങളുടെ രൂപസങ്കല്പങ്ങള്‍ കാഡ്മണ്ടുവിലെ ഭിത്തിചിത്രങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടോ നാലോ ആറോ കൈകളോടുകൂടിയാണ് അവലോകിതേശ്വരന്റെ രൂപം ആദര്‍ശവത്കരിക്കപ്പെട്ടിട്ടുള്ളത്. സാധാരണയായി കാണപ്പെടുന്ന അവലോകിതേശ്വരരൂപത്തിന്റെ ഇടതുകൈയില്‍ താമരപ്പൂവും വലതുകൈയില്‍ ജപമാലയും ഉണ്ടായിരിക്കും; വലതുകൈ അഭയമുദ്രയിലായിരിക്കും. ശിരസ്സില്‍ അമിതാഭയുടെ രൂപം അടയാളപ്പെടുത്തിയ കിരീടവും തോളില്‍ മാന്‍തോലുമാണ് വേഷവിധാനങ്ങളില്‍ പ്രധാനം. അവലോകിതേശ്വരനു മുഖ്യമായി നാലു വിധത്തിലുള്ള രൂപസങ്കല്പങ്ങളുണ്ട്.

1.സദാക്ഷരിലോകേശ്വരന്‍. നാലു കൈകളോടുകൂടിയ അവലോകിതേശ്വരന്‍. ജപമാലയും താമരപ്പൂവും പിടിച്ചുകൊണ്ടും അഞ്ജലീമുദ്ര കാണിച്ചുകൊണ്ടും മണിധരന്റെയും മഹാവിദ്യയുടെയും സാന്നിധ്യത്തില്‍ കാണപ്പെടുന്നു.

2.ലോകനാഥന്‍. താമരയും വരദമുദ്രയുമാണ് പ്രധാന ലക്ഷണങ്ങള്‍. വലതുഭാഗത്തു താരയെയും ഇടത്തുഭാഗത്തു ഹയഗ്രീവനെയും കാണാം.

3.ബ്രഹ്മലോകേശ്വരന്‍. മാല, കമണ്ഡലു, താമര ഇവ വഹിച്ചിരിക്കുന്നു; ഇടതുതോളില്‍ മാന്‍തോല്‍ ധരിച്ചിട്ടുണ്ട്.

4.രക്തലോകേശ്വരന്‍. നാലു കൈകളോടുകൂടിയ രൂപം. കുരുക്ക്, ശൂലം, അമ്പ്, വില്ല് ഇവ യഥാക്രമം ഓരോ കൈയിലും വഹിച്ചിരിക്കുന്നു. താരയും ഭൃകുതിയും ആണ് ഇരുഭാഗങ്ങളില്‍.

എല്ലോറയിലെ ശില്പങ്ങളിലും അജന്തയിലെ ചുവര്‍ചിത്രങ്ങളിലും അവലോകിതേശ്വരന്റെ അനവധി ഭാവങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. നൃത്തത്തിലെ ചുവടുകളെ അനുസ്മരിപ്പിക്കുന്ന നിലയും കൈമുദ്രയുമാണ് ഭാവപ്രകടനത്തെ സഹായിക്കുന്ന പ്രധാന ഘടകങ്ങള്‍. ചിത്രത്തിലെ ചലനാത്മകത ഭാവപ്രകടനത്തിലൂടെ ആയിരിക്കണമെന്നും അതു നൃത്തരൂപത്തിലായിരിക്കണമെന്നും വിഷ്ണുധര്‍മോത്തരത്തില്‍ വ്യവസ്ഥയുണ്ട്. വിഷ്ണുധര്‍മോത്തരം, വാത്സ്യായനന്റെ കാമസൂത്രം എന്നീ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന സിദ്ധാന്തങ്ങളാണ് ഈ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും ആധാരം. രൂപഭേദം, പ്രമാണം, ഭാവം, ലാവണ്യയോജനം, സാദൃശ്യം, വാര്‍ണികഭംഗം എന്നീ പ്രമാണങ്ങള്‍ക്കു വിധേയമായാണ് ഈ ചിത്രശില്പങ്ങളുടെ രചന.

തിബറ്റന്‍ ബുദ്ധിസ്റ്റുകളുടെ വിശ്വാസപ്രകാരം ദലൈലാമ ബോധിസത്വ അവലോകിതേശ്വരന്റെ ജീവിച്ചിരിക്കുന്ന അവതാരമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍