This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവര്‍ണര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവര്‍ണര്‍

വര്‍ണ(നിറ)മില്ലാത്തവര്‍ എന്നര്‍ഥമുള്ള ഈ പദം പരമ്പരയായുള്ള യാഥാസ്ഥിതിക ഹൈന്ദവ ധര്‍മശാസ്ത്രങ്ങളില്‍ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രരുള്‍പ്പെടുന്ന ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ സൂചിപ്പിക്കാനായി പ്രയോഗിച്ചുവരുന്നു. 'വര്‍ണം' എന്ന ശബ്ദം വിവിധ ജനസമൂദായങ്ങള്‍ക്കുള്ള സാമാന്യ പര്യായമാണെന്ന് 'വര്‍ണാഃസ്യുര്‍ ബ്രാഹ്മണാദയഃ' എന്ന അമരകോശവചനം സാക്ഷീകരിക്കുന്നു. പാശ്ചാത്യദേശങ്ങളില്‍ ആധുനികകാലത്തും 'വര്‍ണവിവേചനം' (Colour bar) തുടങ്ങിയ ശൈലികള്‍ പ്രയോഗത്തിലിരിക്കുന്നതില്‍നിന്നു നിറം ജാതിയുടെ അടിസ്ഥാനമോ മുഖ്യഘടകമോ ആണെന്ന് അവിടങ്ങളിലും അംഗീകൃതമായിട്ടുള്ളതായി വിചാരിക്കാം.

ഇന്ത്യയിലെ വര്‍ണചതുഷ്ടയത്തെയും വര്‍ണാശ്രമധര്‍മങ്ങളെയും കുറിച്ചുള്ള പുരാണേതിഹാസപരാമര്‍ശങ്ങളനുസരിച്ച് ഉത്കൃഷ്ടജാതികളെന്നു വ്യവഹരിക്കപ്പെട്ടുപോന്ന നാലു ജനവിഭാഗങ്ങളും ബ്രഹ്മാവിന്റെ ഓരോ അവയവങ്ങളില്‍ നിന്നാണ് ഉദ്ഭവിച്ചത്.

ബ്രാഹ്മണോസ്യ മുഖമാസീത്,

ബാഹൂ രാജന്യഃ കൃതഃ,

ഊരു തദസ്യ യദ്വൈശ്യഃ

പദ്ഭ്യാം ശൂദ്രോ അജായത

എന്നാണു പുരുഷസൂക്ത(ഋഗ്വേദ)ത്തില്‍ ഇതേപ്പറ്റിയുള്ള പ്രമാണം. ഈ നാലു വര്‍ണങ്ങള്‍ക്കു ബാഹ്യമായുള്ളവരെ വര്‍ണമേ (ജാതി) ഇല്ലാത്തവരെന്നും പഞ്ചമന്‍മാരെന്നും ചണ്ഡാലന്‍മാരെന്നും മറ്റും ഒരു കാലത്തു വിളിച്ചുപോന്നു. സംസ്കൃതഭാഷയിലെ ആദ്യത്തെ പ്രാമാണികനിഘണ്ടുവായ അമരകോശത്തില്‍ ചണ്ഡാലന്‍ (ദൂരത്ത് അകറ്റിമാറ്റപ്പെടുന്നവന്‍), പ്ളവന്‍ (അങ്ങിങ്ങ് അലഞ്ഞുനടക്കുന്നവന്‍), ദിവാകീര്‍ത്തി (പുണ്യദിനങ്ങളില്‍ അന്നവസ്ത്രാദികള്‍ നല്കി കീര്‍ത്തിക്കപ്പെടുന്നവന്‍), മാതംഗന്‍ (മതംഗന്റെ കുലത്തില്‍ പിറന്നവന്‍), ജനംഗമന്‍ (കൂടുതല്‍ ആളുകള്‍ കൂടുന്നിടത്ത് യാചിക്കാന്‍ പോകുന്നവന്‍), നിഷാദന്‍ (മുനിമാരുടെ മുന്നില്‍ ഇരിക്കാന്‍ അര്‍ഹതയില്ലാത്തവന്‍) എന്ന് അര്‍ഥം പറഞ്ഞു കാണുന്നു. ശ്വപചന്‍ (ശ്വാവിനെ പചിച്ചുതിന്നുന്നവന്‍), പുക്കസന്‍ (പുണ്യമില്ലാത്തവന്‍), ശബരന്‍ (ശവത്തെ എടുക്കുന്നവന്‍), മൃഗവധാജീവന്‍ (മൃഗങ്ങളെ കൊന്നുതിന്നു ജീവിക്കുന്നവന്‍) തുടങ്ങി പല ശബ്ദങ്ങളെയും പഞ്ചമജാതികളുടെ പര്യായങ്ങളായും അവാന്തരവിഭാഗങ്ങളായും എണ്ണിപ്പറയുന്നുണ്ട്.

അവര്‍ണപദത്തിന് 'അന്ത്യജ' (അവസാനം ജനിച്ചവന്‍) ശബ്ദവും പര്യായമായി കവികള്‍ ധാരാളം ഉപയോഗിക്കാറുണ്ട്. 'ജാതിപാര്‍ക്കിലൊരന്ത്യജനാകിലും-വേദവാദി മഹീസുരനാകിലും' എന്ന് ജ്ഞാനപ്പാനയില്‍ പൂന്താനം നമ്പൂതിരിയും, 'വിപ്രന്മാര്‍ മുതലന്ത്യജാതിവരെയും സര്‍വം മനുഷ്യവ്രജം' എന്ന് രാജസൂയം ചമ്പുവില്‍ മേല്പുത്തൂര്‍ ഭട്ടതിരിയും (ചുനക്കര ഉണ്ണികൃഷ്ണവാരിയരുടെ തര്‍ജുമ), 'ആഢ്യന്‍ മുതല്ക്കന്ത്യജനോളമാര്‍ക്കും പെറ്റമ്മ ഭൂദേവി, പിതാവ് ദൈവം' എന്നു തരംഗിണിയില്‍ ഉള്ളൂര്‍ പരമേശ്വരയ്യരും, 'നല്ല വൃത്തവാനെങ്കിലന്ത്യജാതനും നന്ന്' എന്നു മഹാഭാരതത്തില്‍ തുഞ്ചത്തെഴുത്തച്ഛനും പ്രയോഗിച്ചിട്ടുള്ളത് ചതുര്‍വര്‍ണബാഹ്യരായ ജനസമുദായങ്ങളെ ഉദ്ദേശിച്ചുകൊണ്ടാണ്.

വിവിധ സവര്‍ണാവര്‍ണജാതിഭേദങ്ങളുടെ ഉദ്ഭവത്തെപ്പറ്റി കേരളവിശേഷനിയമം എന്ന കൃതിയില്‍ പറയുന്ന കാരണം ലോമവും (ഉയര്‍ന്ന ജാതിയിലുള്ള പുരുഷന്‍മാരും താഴ്ന്ന ജാതിയിലുള്ള സ്ത്രീകളും) പ്രതിലോമവും (നേരെ മറിച്ചുള്ളത്) ആയ ദാമ്പത്യബന്ധമാണ്. ഇതിനെപ്പറ്റി പ്രസ്തുത കൃതിയിലുള്ള വിവരണം ഇങ്ങനെ പോകുന്നു. 'പിന്നെ അര്‍ച്ചകന്‍മാര്‍ നമ്പ്യാര്‍ മുതലായവരും ശൂദ്രപുരോഹിതന്‍മാര്‍ ആര്യന്‍ മുതലായവരും ബ്രാഹ്മണരില്‍ത്തന്നെ വൃത്തിദോഷംകൊണ്ട് നികൃഷ്ടന്‍മാരായി ഭവിച്ചു. പിന്നെ നാലിലും അനുലൊ(ലോ)മജന്‍മാരായും പ്രതിലൊ (ലോ)മജന്‍മാരായും സങ്കരജാതികളും വളരെ ഉണ്ടായി (അനുലൊമജന്‍മാര്‍ എന്നാല്‍: സ്ത്രീകളുടെ സമജാതിയിലോ ഉത്കൃഷ്ടജാതിയിലോ ഉള്ള പുരുഷന്‍മാര്‍ ചൗര്യം കൂടാതെ ജനിപ്പിച്ച് ഉണ്ടാകുന്ന പുത്രന്‍മാരാകുന്നു)-(പ്രതിലൊമജന്‍മാര്‍ എന്നാല്‍ സ്ത്രീക്ക് നികൃഷ്ടജാതിയില്‍ പുരുഷന്‍മാര്‍ ജനിപ്പിച്ചവരാകുന്നു)-(ഇവിടെ ചൗര്യം എന്നാല്‍ സ്വജനങ്ങളും ജ്ഞാതികളും അറിയാതെ സ്ത്രീയില്‍ പ്രവേശിക്കുകയാകുന്നു). അനുലൊമജന്‍മാരെ ആന്തരാളികന്‍മാരെന്നും പ്രതിലൊമജന്‍മാരെ വ്രാത്യന്‍മാരെന്നും സംസ്കൃതത്തില്‍ പറയുന്നു. അനുലൊമം ശാസ്ത്രവിഹിതമാകകൊണ്ട് ഭ്രംശദൊഷകരമാകുന്നു. ശാസ്ത്രനിഷിദ്ധമാകകൊണ്ട് ഭ്രംശദൊഷകരമാകുന്നു. അതിനാല്‍.....പ്രതിലൊമജന്‍മാര്‍ക്ക് അത്യന്തനികൃഷ്ടതയും ശാസ്ത്രപ്രകാരം നടപ്പായിരിക്കുന്നു.'

'തീണ്ടല്‍ ഉള്ളവര്‍' എന്നും 'കിഴിഞ്ഞ ജാതിക്കാര്‍' എന്നും 'പണ്ഡിതന്‍മാര്‍' എന്നും വ്യവഹരിക്കപ്പെടുന്ന ഇക്കൂട്ടര്‍ക്ക് ത്രൈവര്‍ണികന്‍മാരില്‍ (ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യര്‍) നിന്ന് ഇത്ര അടി അകലെ മാറി മാത്രമേ നില്ക്കാവൂ എന്നു കേരളവിശേഷനിയമവിവരത്തില്‍ വേര്‍തിരിച്ചു പറയുന്നുണ്ട്. ഇവരില്‍ത്തന്നെയുള്ള നീചോച്ചഭേദംകൊണ്ട് ഈ 'അയിത്തം' 24 അടി മുതല്‍ 64 അടി വരെയാണ്.

'അഷ്ടൗ ഹി വിപ്രാദ്വൗ ന്യൂനൗ

ദ്വാദശൈവാന്തരാളികാഃ

അഷ്ടാദശസ്യ ശൂദ്രാഷ്ട

ശില്പിനഃ പതിതാ ദശ

നീചാഃ പൃഥക് ച ചത്വാര-

ശ്ചതുഷ്ഷഷ്ടിര്‍ഹി ജാതയഃ'

എന്നാണു തീണ്ടലിനു പറഞ്ഞിട്ടുള്ള പ്രമാണം.

ആധുനിക വ്യവഹാരം. പ്രാചീന ധര്‍മശാസ്ത്രങ്ങളിലും ഇതിഹാസ കാവ്യങ്ങളിലും മറ്റു സാഹിത്യസൃഷ്ടികളിലും അവര്‍ണര്‍, അന്ത്യജര്‍, പഞ്ചമര്‍ തുടങ്ങിയ നാമാന്തരങ്ങളില്‍ അറിയപ്പെട്ടുവന്ന ഈ ജനവിഭാഗങ്ങള്‍ കാലാന്തരത്തില്‍ 'അധഃകൃതര്‍', 'പിന്നാക്കസമുദായ(ജാതി)ക്കാര്‍' തുടങ്ങിയ പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങി: 'തീണ്ടല്‍ക്കാര്‍' എന്നും 'നീചജാതികള്‍' എന്നും മറ്റുമുള്ള വ്യവഹാരങ്ങളും തുടര്‍ന്നുവന്നു. ആ സങ്കല്പങ്ങള്‍ക്കും അവയെ ആധാരമാക്കിയുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്കും സമൂലമായ പരിവര്‍ത്തനം കുറിച്ചത് ഈ നൂറ്റാണ്ടിലെ മൂന്നാം ദശകത്തില്‍ മഹാത്മാഗാന്ധിയും ഡോ. അംബേദ്കറും നടത്തിയ സാമൂഹികപ്രവര്‍ത്തനങ്ങളാണ്. സമൂഹശ്രേണിയുടെ താണപടിയില്‍ നില്ക്കുന്ന ഈ ജനകോടികളെ വിഷ്ണു(ഈശ്വര)വിനു പ്രിയമുള്ളവരെന്ന അര്‍ഥത്തില്‍ 'ഹരിജനങ്ങള്‍' എന്നു ഗാന്ധിജി നാമകരണം ചെയ്യുകയും ('ഹരിജനങ്ങള്‍' എന്ന പേരിനു പകരം 'ദലിതര്‍' എന്ന പദമാണ് ഇപ്പോള്‍ ഉപയോഗിക്കാറുള്ളത്.) അയിത്തം തുടങ്ങിയ സാമൂഹിക വിവേചനങ്ങളില്‍നിന്ന് അവരെ ഉദ്ധരിക്കാനുള്ള പരിപാടികള്‍ തന്റെ ജീവിതവ്രതമാക്കിത്തീര്‍ക്കുകയും ചെയ്തു. ഈ മഹാസംരംഭത്തിന്റെ ആദ്യത്തെ ഫലം 'സവര്‍ണ'രുടേതായി മാത്രം ഗണിക്കപ്പെട്ടുവന്ന ദേവാലയങ്ങളില്‍ എല്ലാ ഹിന്ദുജനവിഭാഗങ്ങള്‍ക്കും പ്രവേശനവും ആരാധനാസ്വാതന്ത്ര്യവും അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ രാജാവ് 1936 ന. 12-ന് പുറപ്പെടുവിച്ച വിളംബരമാണ്. ഇന്ത്യയിലെ മറ്റു യാഥാസ്ഥിതികജനപദങ്ങളിലും ഈ സാമൂഹികപരിഷ്കരണ നടപടികള്‍ക്ക് അധികം താമസിയാതെ പ്രചാരവും അംഗീകാരവും നിയമവിധേയത്വവും ലഭിച്ചു. ജ്യോതിബാ ഫൂലെ, ഡോ. അംബേദ്കര്‍, അയോതി ദാസ്, ശ്രീനാരായണഗുരു, അയ്യന്‍കാളി, വൈകുണ്ഠസ്വാമി തുടങ്ങിയ മഹാന്മാരുടെ പ്രവര്‍ത്തനങ്ങളും ഈ ജനവിഭാഗത്തിന്റെ ഭാഗധേയത്തെ വിപ്ലവകരമായി സ്വാധീനിച്ചു.

1950 ജനു. 26-ന് നടപ്പില്‍ വന്ന സ്വതന്ത്രേന്ത്യയിലെ ഭരണഘടനപ്രകാരം അയിത്തം ഇവിടെ നിയമവിരുദ്ധമാക്കി. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായി മുന്നിട്ടുനിന്ന ഇതരജനവിഭാഗങ്ങളോടൊപ്പം ഇക്കൂട്ടരെയും ഉയര്‍ത്തുവാന്‍ ഇവരെ ഭരണഘടനയില്‍ വിവരിക്കുന്ന പ്രത്യേക പട്ടികകളില്‍ ഉള്‍പ്പെടുത്തുകയും, വിദ്യാഭ്യാസം, ഉദ്യോഗനിയമനം തുടങ്ങിയ പല കാര്യങ്ങളിലും ഇവര്‍ക്കു പ്രത്യേക സൌജന്യങ്ങള്‍ പലതും നിര്‍ദിഷ്ടകാലക്ളിപ്തിയോടുകൂടി അനുവദിച്ചുകൊടുക്കുകയും ചെയ്തു. നോ: അയിത്തം; ക്ഷേത്രപ്രവേശന വിളംബരം; ചാതുര്‍വര്‍ണ്യം; ജാതിവ്യവസ്ഥ; പട്ടികജാതി പട്ടികവര്‍ഗങ്ങള്‍; സംവരണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍