This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവമുക്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവമുക്തം

ആന്ധ്രദേശത്ത് ഗോദാവരി നദീതീരത്തുണ്ടായിരുന്ന ഒരു ചെറുരാജ്യം. രാജമുന്ദ്രിയില്‍നിന്ന് ഉദ്ദേശം 50 കി.മീ. അകലെയുള്ള രാജകീയതലസ്ഥാനത്തിന്റെ അവശിഷ്ടങ്ങള്‍ നിറഞ്ഞ രാമദുര്‍ഗം അവമുക്തത്തിന്റെ തലസ്ഥാനമായിരുന്നതായി കരുതപ്പെടുന്നു; ടോളമി സൂചിപ്പിക്കുന്ന 'അവാ'യും 'അരവര്‍ണോ'യും അവമുക്തം തന്നെയാണെന്നാണ് കരുതപ്പെടുന്നത്. തിനാനദി അരവര്‍ണോയുടെ പ്രദേശത്തുകൂടി വടക്കോട്ടൊഴുകി മൈസോളിയയെ കൃഷിക്ക് ഉപയുക്തമാക്കുന്നുവെന്ന് മക്ക്രിന്‍ഡല്‍ രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട് അരവര്‍ണോയിയെ അവമുക്തമായി ഗണിക്കാവുന്നതാണെന്നു ചരിത്രകാരനായ ബി.വി. കൃഷ്ണറാവു അഭിപ്രായപ്പെടുന്നു. ഭാഗവതത്തിലും വിഷ്ണുപുരാണത്തിലും അവമുക്തത്തെപ്പറ്റി പരാമര്‍ശമുണ്ട്. കലിംഗരാജാവായ ഖരവേലന്‍ പിത്തുണ്ട കേന്ദ്രമായി ഭരിച്ചിരുന്ന ഒരു അവാരാജാവിനെ ആക്രമിച്ചിട്ടുള്ളതായി കാണുന്നു. പിത്തുണ്ടയെ മൈസോളിയത്തിനു കിഴക്കുള്ള ഒരു പ്രദേശമായി ടോളമി രേഖപ്പെടുത്തിയിട്ടുണ്ട്. ജൈനഗ്രന്ഥമായ ഉത്തരാധ്യയനസൂത്രത്തില്‍ പറയുന്ന പിഹിന്ദ തന്നെയായിരിക്കണം ഹതിഗുംഭലിഖിതത്തിലെ പിത്തുണ്ടയും, ടോളമി സൂചിപ്പിക്കുന്ന പിറ്റുഡ്രയും.

സമുദ്രഗുപ്തന്റെ (ഭ. കാ. 330-80) സാമ്രാജ്യവികസനകാലത്ത് തെക്കേ ഇന്ത്യയിലെ രാജാക്കന്‍മാര്‍ അദ്ദേഹത്തിനെതിരായ ഒരു മുന്നണി രൂപവത്കരിച്ചിരുന്നു. അവമുക്തത്തിലെ നീലരാജാവ് ഇവരില്‍ ഒരാളായിരുന്നു. സമുദ്രഗുപ്തന്റെ അലഹബാദ് ലിഖിതങ്ങളില്‍ അദ്ദേഹം ആക്രമിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ അവമുക്തവും ഉള്‍പ്പെടുന്നുണ്ട്.

(കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍