This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവന്ത്-ഗാര്‍ദെ (അവാങ്-ഗാര്‍ദ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവന്ത്-ഗാര്‍ദെ (അവാങ്-ഗാര്‍ദ്)

Avant-Grade


19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഫ്രാന്‍സില്‍ രൂപംകൊണ്ട ഒരു കലാവീക്ഷണം. കലയിലെ യാഥാസ്ഥിതികതയെ ചോദ്യം ചെയ്യുന്ന പ്രവണതയാണ് ഇതിന്റെ അന്തസ്സത്ത.

സംഗീതം, സാഹിത്യം, ദൃശ്യകല എന്നിവയിലെല്ലാം പരിവര്‍ത്തനോന്‍മുഖമായ പരീക്ഷണങ്ങള്‍ നടത്തുവാനും വളര്‍ച്ചനിലച്ച യാഥാസ്ഥിതികതയുടെ മുരടിപ്പിക്കുന്ന പ്രവണതകളില്‍നിന്ന് കലകളെ വിമുക്തമാക്കി പുരോഗതിയിലേക്കുള്ള പുതിയ വഴിത്താരകള്‍ തെളിക്കുവാനും ഏതാണ്ടൊരു സാഹസികതയോടെ മുന്നിട്ടിറങ്ങുന്ന കലാകാരന്‍മാരുടെ സമൂഹത്തിനു 'മുന്നോടികള്‍' എന്ന അര്‍ഥമുള്ള ഫ്രഞ്ചു സംജ്ഞയാണ് 'അവാങ് ഗാര്‍ദ്' (Avant Garde). 'എക്കോള്‍ ദെ പാരി' ( Ecole de Paris പാരിസിലെ അക്കാദമി) എന്ന ചിത്രകലാവിദ്യാലയം സ്വീകരിച്ചുപോന്ന കര്‍ക്കശമായ ചിത്രകലാസങ്കേതങ്ങളെ ധിക്കരിച്ച് സ്വതന്ത്രശൈലിക്ക് ആഹ്വാനം കൊടുത്തു മുന്നോട്ടുവന്ന യുവകലാകാരന്‍മാരെ മൊത്തത്തില്‍ 'അവാങ് ഗാര്‍ദ്' എന്നു വിളിച്ചുവന്നു. യൂറോപ്പിലാരംഭിച്ച ഈ പരിവര്‍ത്തനോന്‍മുഖത ലോകത്തിന്റെ എല്ലാ ഭാഗത്തും കലയുടെ എല്ലാ തലങ്ങളിലും പില്ക്കാലത്തു വ്യാപിച്ചു. ആംഗ്ളോ-അമേരിക്കന്‍ സാഹിത്യവേദിയില്‍ ജെയിംസ് ജോയിസ്, വെര്‍ജീനിയാ വുള്‍ഫ്, സാമുവല്‍ ബെക്കറ്റ്, ഗെര്‍ട്രൂഡ് സ്റ്റീന്‍, ജൂണാ ബാര്‍ണസ്, നഥാനിയല്‍ വെസ്റ്റ് തുടങ്ങിയവര്‍ ഈ പ്രസ്ഥാനത്തില്‍പ്പെട്ടവരാണ്. ഇവരുടെ പ്രവര്‍ത്തനരംഗം സാഹിത്യത്തിലെ നോവല്‍ശാഖ ആയിരുന്നു. 1920-നും 30-നും ഇടയ്ക്ക് ഇവര്‍ നോവല്‍ രചനയില്‍ ഉണ്ടാക്കിയ പരിവര്‍ത്തനം 1930 ആയപ്പോഴേക്കും അവരെയും മറികടന്ന് പുതിയ പുതിയ മാര്‍ഗങ്ങളിലേക്കു വികസിക്കുകയും ഇവരില്‍ പലരും പിന്‍തള്ളപ്പെടുകയും ചെയ്തു. 20-ാം ശ.-ത്തിന്റെ ആദ്യകാലത്തുണ്ടായിരുന്ന ഈ 'പരീക്ഷണക്കാ'രെ പില്ക്കാലത്ത് സാംസ്കാരിക സ്മാരകങ്ങളുടെ നിലയിലേക്ക് ഉയര്‍ത്തി ക്ളാസ്സുമുറികളിലെ പഠനവിഷയമാക്കിത്തീര്‍ത്തിരിക്കുന്നു എന്ന് ചില ആധുനിക വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചിത്രരചനാരംഗത്ത് പുതുമയുടെ കൊള്ളിമീനായിരുന്ന പിക്കാസോയുടെ ഗതിയും ഇതുതന്നെയായിരുന്നു. ആധുനികതയെ അത്യാധുനികത കീഴടക്കുന്നു; കാലം ചെല്ലുമ്പോള്‍ കൂടുതല്‍ ആധുനികമായതിന് ഇന്നത്തെ അത്യാധുനികതയും വഴിമാറിക്കൊടുക്കേണ്ടിവരും. എല്ലാത്തരം കലകളുടെയും ചരിത്രം ഇതാണ് സൂചിപ്പിക്കുന്നത്. നൃത്തം, സംഗീതം, ചിത്രരചന, കൊത്തുപണി, വാസ്തുവിദ്യ തുടങ്ങി എല്ലാ കലകള്‍ക്കും കാലാകാലങ്ങളില്‍ പുരോഗമനോന്‍മുഖത കൈവരുത്തുവാന്‍ മുന്നിട്ടു പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരുടെ സമൂഹം 'അവാങ്-ഗാര്‍ദ്' ചരിത്രത്തിന്റെ ഒരു അവശ്യപ്രതിഭാസമാണ്. പാരമ്പര്യത്തില്‍ നിന്നുള്ള മോചനം, പുതിയ മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണം, അവയുടെ പ്രചാരം, നൂതനമായ ആലേഖനശൈലി, വ്യക്തിത്വമാര്‍ന്ന രചന തുടങ്ങിയവയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ സവിശേഷതകള്‍.

(സി.എല്‍. പൊറിഞ്ചുകുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍