This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവധൂതന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവധൂതന്‍

അതിവര്‍ണാശ്രമി(വര്‍ണാശ്രമധര്‍മങ്ങളെ കടന്നുനില്ക്കുന്നവന്‍)യായ യോഗി. ശരീരസംസ്കാരാദികളില്‍പ്പോലും ശ്രദ്ധയില്ലാതെ സന്ന്യാസവൃത്തിയില്‍ ജീവിക്കുന്ന ഇവര്‍ ഒരിടത്തും സ്ഥിരമായി ഇരിക്കുകയോ ഒന്നിനോടും ബന്ധം ഭാവിക്കുകയോ ചെയ്യുന്നില്ല. അവധൂതോപനിഷത്തില്‍ ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു:

'യോ വിലംഘ്യാശ്രമാന്‍ വര്‍ണാന്‍

ആത്മന്യേവ സ്ഥിതഃ പുമാന്‍

അതിവര്‍ണാശ്രമീ യോഗീ

അവധൂതഃ സ ഉച്യതേ'.

(എല്ലാ ആശ്രമങ്ങളെയും വര്‍ണങ്ങളെയും അതിക്രമിച്ച്-വര്‍ണാശ്രമധര്‍മങ്ങളുപേക്ഷിച്ച്-ആത്മധ്യാനനിരതനായിരിക്കുന്ന യോഗിയാണ് അവധൂതന്‍). അ-വ-ധൂ-ത എന്നീ നാല് അക്ഷരങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം അര്‍ഥം കല്പിച്ചുകൊണ്ടുള്ള ഒരു പ്രതിപാദനവും കാണുന്നുണ്ട്. 'അ' എന്നതിനു അക്ഷരത്വവും, 'വ' എന്നതിനു വരേണ്യത്വവും, 'ധൂ' എന്നതിന് ധൂതസംസാരബന്ധത്വവും, 'ത' എന്നതിനു തത്ത്വമസ്യര്‍ഥസിദ്ധത്വവുമാണ് വിവക്ഷ. അക്ഷരത്വം എന്നതിന് അക്ഷരനായി-നിരന്തരാനന്ദമഗ്നനായി-ഇരിക്കുന്ന അവസ്ഥ എന്നും, വരേണ്യത്വം എന്നതിനു പൂജ്യനായി-വാസനകളില്‍നിന്നെല്ലാം മുക്തനായി-ശ്രേഷ്ഠനായി വര്‍ത്തിക്കുന്ന അവസ്ഥ എന്നും, ധൂതസംസാരബന്ധനത്വം എന്നതിനു സംസാരബന്ധം പൂര്‍ണമായും വിച്ഛേദിച്ചുകളഞ്ഞ് ശുദ്ധമനസ്കനായവന്റെ ഭാവം എന്നും തത്ത്വമസ്യര്‍ഥസിദ്ധത്വം എന്നതിനു 'തത്ത്വമസി' എന്ന മഹാവാക്യത്തിന്റെ അര്‍ഥഗ്രഹണംകൊണ്ട് സിദ്ധനായിത്തീര്‍ന്നവന്റെ ഭാവം എന്നും ആണ് അര്‍ഥങ്ങള്‍.

അവധൂതന്‍ സൂര്യനെപ്പോലെയും അഗ്നിയെപ്പോലെയും നിര്‍ലേപനായിക്കഴിയുന്നു. എല്ലാ രസങ്ങളെയും സൂര്യനും എല്ലാ വസ്തുക്കളെയും അഗ്നിയും ഭക്ഷിക്കുന്നു; എങ്കിലും സൂര്യനോ അഗ്നിയോ അവയുമായി ഒരിക്കലും ആത്മബന്ധം പുലര്‍ത്തുന്നില്ല. അതുപോലെ അവധൂതനും ജീവസന്ധാരണാര്‍ഥം ആഹാരാദികള്‍ ഭുജിക്കുകയും പ്രപഞ്ചത്തെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു എങ്കിലും അയാള്‍ക്ക് ഒന്നിനോടും മമതയില്ല. പുണ്യപാപങ്ങള്‍ അയാളെ സ്പര്‍ശിക്കുന്നില്ല. അയാള്‍ എപ്പോഴും ശുദ്ധനാണ്. ഈ ലക്ഷണം പ്രായേണ എല്ലാ സന്ന്യാസിമാര്‍ക്കും ബാധകമാണെങ്കിലും അവധൂതനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അര്‍ഥവത്താണ്. അവധൂതന്‍ എങ്ങനെ ലോകത്തില്‍ ജീവിക്കണമെന്നും പ്രപഞ്ചവും അവനും തമ്മിലുള്ള ബന്ധം എന്തായിരിക്കണമെന്നും ഭാഗവതത്തില്‍ ഏകാദശസ്കന്ധത്തിലെ ഉദ്ധവോപദേശത്തിലുള്ള അവധൂതഗീതയില്‍ പ്രസ്തുതമായിട്ടുണ്ട്. ദത്താത്രേയന്‍ എന്ന മഹര്‍ഷി അവധൂതന്റെ ഉത്കൃഷ്ടമായ ഒരു മാതൃകയാണ്.

മഹാനിര്‍വാണതന്ത്രം എന്ന ഗ്രന്ഥത്തില്‍ അവധൂതന്‍മാരെ ബ്രഹ്മാവധൂതന്‍, ശൈവാവധൂതന്‍, വീരാവധൂതന്‍, കുലാവധൂതന്‍ എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. ബ്രഹ്മാവധൂതന്‍ ഏതു വര്‍ണത്തില്‍പ്പെട്ടവനുമാകാം, ഏതാശ്രമത്തിലിരിക്കുന്നവനുമാകാം. പക്ഷേ, ബ്രഹ്മോപാസകനായിരിക്കണം. വിധിപ്രകാരം സന്ന്യാസം സ്വീകരിച്ചവനാണ് ശൈവാവധൂതന്‍. തലമുടി നീട്ടി, ജടധരിച്ച്, കഴുത്തില്‍ അസ്ഥിമാലയോ രുദ്രാക്ഷമാലയോ അണിഞ്ഞ് കൗപീനംകൊണ്ടു നഗ്നതമറച്ച്, ശരീരത്തില്‍ രക്തചന്ദനം പൂശി, കൈയില്‍ വടി, പരശു, ഡമരു, മാന്‍തോല്‍ എന്നിവ ഏന്തി നടക്കുന്നവനാണ് വീരാവധൂതന്‍. കുലാചാരമനുസരിച്ച് അഭിക്ഷിക്തനായിട്ടും ഗൃഹസ്ഥാശ്രമത്തില്‍ത്തന്നെ ഇരിക്കുന്നവനാണ് കുലാവധൂതന്‍. വൈഷ്ണവസമ്പ്രദായം അംഗീകരിക്കുന്ന രാമാനന്ദശിഷ്യന്‍മാരില്‍ അവധൂതര്‍ എന്നറിയപ്പെടുന്ന ഒരു സന്ന്യാസി വിഭാഗമുണ്ട്. ഇവരുടെ ശിരസ്സില്‍ നീണ്ട രോമങ്ങളും കഴുത്തില്‍ പളുങ്കുമാലയും കൈയില്‍ പഴന്തുണിയും തലയോടും ഉണ്ടായിരിക്കും. ബംഗാളില്‍ അവധൂതന്മാരുടെ വിവിധ സംഘങ്ങള്‍ ഉണ്ട്. ഇവയില്‍ എല്ലാ ജാതിക്കാരും ഒരുമിച്ചിരിക്കും. ഇവര്‍ ഭിക്ഷാര്‍ഥം ഗൃഹങ്ങളില്‍ ചെല്ലുമ്പോള്‍ 'വീരാവധൂത'നാമസ്മരണത്തോടുകൂടി ഒറ്റക്കമ്പിവീണയോ വേറെ വാദ്യോപകരണങ്ങളോ മുഴക്കി പാട്ടുപാടും. 'നാഥ'മാര്‍ഗത്തില്‍ അവധൂതന്റെ സ്ഥാനം വളരെ ഉയര്‍ന്നതാണ്. ഗോരക്ഷസിദ്ധാന്തസംഗ്രഹം അനുസരിച്ച് അവര്‍ സര്‍വവിധത്തിലുള്ള നൈസര്‍ഗിക വികാരങ്ങള്‍ക്കും അതീതരാണ്. എപ്പോഴും അവര്‍ മോക്ഷത്തിനുവേണ്ടി ആത്മസ്വരൂപാനുസന്ധാനത്തില്‍ നിരതരായിരിക്കും. സഗുണനിര്‍ഗുണാതീതമാണ് അവരുടെ അനുഭൂതികള്‍. ദത്താത്രേയസമ്പ്രദായത്തിന് അവധൂതമതം എന്നു തന്നെയാണ് പേര്. പശ്ചിമോത്തരപ്രദേശങ്ങളില്‍ പുരുഷവേഷത്തില്‍ ഭസ്മരുദ്രാക്ഷാദികളണിഞ്ഞു നടക്കുന്ന സ്ത്രീകളുണ്ട്; അവരെ അവധൂതികള്‍ എന്നു വിളിക്കുന്നു. നോ: അവധൂതഗീത, സന്ന്യാസികള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍