This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവതാരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവതാരങ്ങള്‍

ലോകരക്ഷയ്ക്കായി ഈശ്വരന്‍ ഏതെങ്കിലും ശരീരം സ്വീകരിച്ച് ഭൂമിയില്‍ ആവിര്‍ഭവിക്കുന്നതായമുള്ള പുരാണ-ഇതിഹാസ സങ്കല്പം. അവതരിക്കുക എന്നാല്‍ ഇറങ്ങിവരിക എന്നാണര്‍ഥം. അശരീരനും കാലദേശാദികള്‍ക്കതീതനുമായ ഈശ്വരന്‍ ശരീരം സ്വീകരിച്ച് കാലദേശാദികള്‍ക്കു വിധേയനാകുമ്പോള്‍ ഉയര്‍ന്ന നിലയില്‍നിന്നും താരതമ്യേന താണനിലയിലേക്ക് ഇറങ്ങിവരികയാണ് ചെയ്യുന്നത്. അതിനാല്‍ ഇപ്രകാരം ആവിര്‍ഭവിക്കുന്ന ഈശ്വരചൈതന്യത്തെ അവതാരം എന്നു പറയുന്നത് ഉചിതം തന്നെ.

ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ വിഭിന്നരൂപങ്ങള്‍ സ്വീകരിക്കുന്നതായി വേദത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും പരമാത്മാവായ ഭഗവാന്‍ ലോകസംരക്ഷണത്തിനായി അവതരിക്കുന്നു എന്ന ആശയം ആദ്യമായി കാണുന്നത് ഭഗവദ്ഗീതയിലാണ്. ലോകത്ത് എപ്പോഴെല്ലാം ധര്‍മം ക്ഷയിക്കുകയും അധര്‍മം വര്‍ധിക്കുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ധര്‍മസംസ്ഥാപനത്തിനും ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനുമായി ഭഗവാന്‍ അവതാരം ചെയ്യുന്നുവെന്ന് ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നു. സൃഷ്ടി, പരിപാലനം, സംഹാരം എന്നീ കൃത്യങ്ങള്‍ക്കായി ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിങ്ങനെ ത്രിമൂര്‍ത്തികളായി സങ്കല്പിക്കപ്പെടുന്ന ഈശ്വരന്റെ വൈഷ്ണവാംശമാണ് സ്വാഭാവികമായും കൂടുതല്‍ അവതാരങ്ങളെടുക്കുന്നത്.

വിഷ്ണുവിന്റെ അവതാരങ്ങള്‍ അസംഖ്യേയങ്ങളാണെന്നു പുരാണങ്ങള്‍ പറയുന്നുണ്ടെങ്കിലും മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, ഭാര്‍ഗവരാമന്‍, ശ്രീരാമന്‍, ബലരാമന്‍, കൃഷ്ണന്‍, കല്കി എന്നീ ദശാവതാരങ്ങളെയാണ് ഏറ്റവും പ്രധാനമായി കരുതിവരുന്നത്; ഇവയെ ലീലാവതാരങ്ങള്‍ എന്നും പറയാറുണ്ട്.

മത്സ്യം. ലോകത്ത് അവാന്തരസൃഷ്ടികര്‍ത്താവായ വൈവസ്വതമനുവിനെ പ്രളയത്തില്‍നിന്നും സംരക്ഷിച്ച്, മനുഷ്യന്‍ മുതല്ക്കുള്ള സകല ജീവരാശിയുടെയും പുനഃസൃഷ്ടി ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു മത്സ്യരൂപത്തില്‍ വിഷ്ണുവിന്റെ ആവിര്‍ഭാവം. മനുവിന്റെ കൈക്കുമ്പിളിലിരുന്ന ആചമനജലത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ചെറിയ മത്സ്യം ക്രമേണ വളര്‍ന്നു വലുതായി; അത് ഒടുവില്‍ സമുദ്രത്തില്‍ തന്നെ നിക്ഷേപിക്കപ്പെട്ടു. ഈ മഹാമത്സ്യത്തിന്റെ ഉപദേശപ്രകാരം മനു ഒരു തോണി അതിന്റെ കൊമ്പില്‍ ബന്ധിച്ച്, സകല ജീവജാലങ്ങളുടെയും ബീജങ്ങള്‍ സംഭരിച്ച്, സപ്തര്‍ഷികളോടൊത്ത് അതില്‍ കയറി പ്രളയത്തില്‍ നിന്നും രക്ഷപ്രാപിച്ചു. പ്രളയസമയത്ത് ഹയഗ്രീവന്‍ എന്ന അസുരന്‍ ബ്രഹ്മാവിന്റെ മുഖത്തുനിന്നും വേദങ്ങള്‍ കട്ടുകൊണ്ടുപോയതായും ഈ മത്സ്യം ജലാന്തര്‍ഭാഗത്ത് ആ അസുരനുമായി പൊരുതി അവയെ വീണ്ടെടുത്തു ബ്രഹ്മാവിനു കൊടുത്തതായും ചില പുരാണങ്ങളില്‍ കാണുന്നു.

കൂര്‍മം. ദേവാസുരന്‍മാര്‍ യോജിച്ച് മന്ദരപര്‍വതത്തെ മത്താക്കിയും വാസുകി എന്ന മഹാസര്‍പ്പത്തെ കയറാക്കിയും ക്ഷീരസമുദ്രത്തെ കടഞ്ഞ് അമൃതെടുക്കാന്‍ ഒരുമ്പെട്ടു. അതിഭാരംകൊണ്ട് മന്ദരം താണുപോകാന്‍ തുടങ്ങിയപ്പോള്‍ വിഷ്ണു ഏറ്റവും കഠിനമായ പുറംതോടുള്ള ജന്തുവായ ആമയുടെ രൂപം സ്വീകരിച്ച് പര്‍വതത്തിനു താങ്ങായിനിന്ന് അമൃതമഥനം സുകരമാക്കി.

വരാഹം. ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ ഭൂമിയെ സമുദ്രത്തില്‍ താഴ്ത്തി. വിഷ്ണു പന്നിയുടെ രൂപം ധരിച്ചു സമുദ്രത്തില്‍ പ്രവേശിച്ച് അസുരനുമായി വളരെക്കാലം യുദ്ധം ചെയ്തു; ഒടുവില്‍ അയാളെ നിഗ്രഹിച്ച് തന്റെ തേറ്റകൊണ്ട് ഭൂമിയെ ഉദ്ധരിച്ച് പൂര്‍വസ്ഥിതിയിലാക്കി.

നരസിംഹം. പ്രഹ്ളാദന്‍ എന്ന ബാലന്‍ പിതാവായ ഹിരണ്യകശിപുവിന്റെ ആജ്ഞയെ ലംഘിച്ച് വിഷ്ണുവിനെ സദാ ഭജിച്ചുകൊണ്ടിരുന്നു. അക്കാരണത്താല്‍ ക്രുദ്ധനായ പിതാവ് സാധുശീലനായ മകനെ അതിക്രൂരമായി മര്‍ദിച്ചു. ആ പീഡനത്തില്‍നിന്നും ഭക്തനെ രക്ഷിക്കാന്‍ ഉണ്ടായതാണ് നരസിംഹാവതാരം. താന്‍ മനുഷ്യനാലോ മൃഗത്താലോ കൊല്ലപ്പെടരുതെന്നു ഹിരണ്യകശിപു വരപ്രസാദം നേടിയിരുന്നതിനാല്‍ മനുഷ്യനും മൃഗവുമല്ലാത്ത (അല്ലെങ്കില്‍ രണ്ടുംകൂടിച്ചേര്‍ന്ന) രൂപമെടുത്ത് വിഷ്ണു അയാളെ വധിച്ചു.

വാമനന്‍. മഹാബലി എന്ന ചക്രവര്‍ത്തി സദ്വൃത്തനും ഔദാര്യനിധിയുമായിരുന്നുവെങ്കിലും ദേവലോകം പോലും തന്റെ കീഴിലാക്കി ദേവന്‍മാരെ ദുഃഖിപ്പിക്കുകയും തന്നെപ്പോലൊരു ദാനശീലനില്ലെന്നു ഗര്‍വംകൊള്ളുകയും ചെയ്തു. ആ ഗര്‍വം ശമിപ്പിക്കുന്നതിന് മഹാവിഷ്ണു ഒരു ബ്രഹ്മചാരിയുടെ വേഷം പൂണ്ടുചെന്ന് അദ്ദേഹത്തില്‍നിന്നും മൂന്നടി സ്ഥലത്തിനു വാഗ്ദാനം നേടി. ഉത്തരക്ഷണത്തില്‍ വാമനനായിരുന്ന ബ്രഹ്മചാരി ത്രിവിക്രമനായി മാറി രണ്ടടികൊണ്ട് ഭൂലോകവും ദേവലോകവും അളന്നു. മൂന്നാമത്തേതിനു സ്ഥലമില്ലായ്കയാല്‍ മഹാബലി സ്വന്തം തലകാണിച്ചുകൊടുക്കുകയും വാമനന്‍ അതില്‍ ചവിട്ടി ബലിയെ പാതാളത്തിലേക്കു താഴ്ത്തുകയും ചെയ്തു.

ഭാര്‍ഗവരാമന്‍. സ്വപിതാവായ ജമദഗ്നിയെ കാര്‍ത്തവീര്യന്‍ എന്ന രാജാവിന്റെ പുത്രന്‍മാര്‍ കൊന്നു എന്ന കാരണത്താല്‍ ഭാരതമൊട്ടുക്ക് ഇരുപത്തൊന്നു പ്രാവശ്യം ചുറ്റിനടന്ന് ക്ഷത്രിയരോടു യുദ്ധം ചെയ്ത് അവരെ നാമാവശേഷമാക്കാന്‍ അവതരിച്ചതാണ് ഭാര്‍ഗവരാമന്‍. പരശു (മഴു; കോടാലി) എപ്പോഴും ആയുധമായി കൊണ്ടുനടന്നതിനാല്‍ അദ്ദേഹത്തിനു പരശുരാമന്‍ എന്ന പേര് സിദ്ധിച്ചു.

ശ്രീരാമന്‍. അധര്‍മചാരികളായ രാവണാദി രാക്ഷസന്‍മാരെ നിഗ്രഹിച്ച് സജ്ജനങ്ങള്‍ക്കു നിര്‍ബാധമായ ധര്‍മാനുഷ്ഠാനത്തിനു സൌകര്യം നല്കാനാണ് രാമാവതാരമുണ്ടായത്.

ബലരാമന്‍. ഹലായുധനായ ബലരാമന്‍ ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായി ജനിച്ച് രുക്മി, ദ്വിവിദന്‍, മുഷ്ടികന്‍ മുതലായ ദുഷ്ടരെ കൊല്ലുകയും കൃഷ്ണനെ പല പ്രകാരത്തില്‍ സഹായിക്കുകയും ചെയ്തു.

കൃഷ്ണന്‍. കൃഷ്ണാവതാരത്തില്‍ ആദ്യന്തം ദുഷ്ടനിഗ്രഹമാണ് മുഖ്യമായി കാണുന്നത്. കംസന്റെ വധത്തിനുശേഷവും കൃഷ്ണന്‍ ഈ കൃത്യം തുടരുകയുണ്ടായി. മറ്റവതാരങ്ങളില്‍ കാണാത്ത പല മേന്‍മകളും ഈ അവതാരത്തില്‍ കാണുന്നതുകൊണ്ട് ഇതിനെ പൂര്‍ണാവതാരമായി പരിഗണിച്ചുവരുന്നു. ഭഗവദ്ഗീതയില്‍ക്കൂടിയുള്ള ധര്‍മോപദേശം ഈ അവതാരംവഴിയാണ് ലോകത്തിനു കിട്ടിയത്.

കല്കി. കുതിരയുടെ മുഖവും വാളേന്തിയ കൈയുമായി കല്കി എന്ന അവതാരം ഇനിമേലുണ്ടാകുമെന്നാണ് പുരാണങ്ങളിലെ പ്രസ്താവം.

ഈ ദശാവതാരകല്പനയെ അതേപടി എടുത്താല്‍ ചില വൈകല്യങ്ങള്‍ ഉള്ളതായി കാണാം. ജ്യേഷ്ഠാനുജന്‍മാരായ ബലരാമനും കൃഷ്ണനും അവതാരങ്ങളാണെന്നത് അസംഗതമായി തോന്നാം. ബലരാമനെക്കാള്‍ കൂടുതലായി ദുഷ്ടനിഗ്രഹം ചെയ്തിട്ടുള്ള പുരാണ കഥാപാത്രങ്ങള്‍ നിരവധിയുണ്ട്. അവര്‍ക്കാര്‍ക്കും അവതാരപുരുഷത്വം കല്പിച്ചുകാണുന്നില്ല. പോരെങ്കില്‍ ബലരാമന്‍ ആദിശേഷന്റെ അവതാരമാണെന്നു ചില സ്ഥലങ്ങളില്‍ പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് ബലരാമന്റെ സ്ഥാനത്ത് ലോകത്ത് കാരുണ്യത്തിന്റെ സന്ദേശവാഹകനായ ബുദ്ധനെ ചില ഗ്രന്ഥങ്ങളില്‍ അവതാരമായി കല്പിച്ചുകാണുന്നു. ജയദേവന്റെ ഗീതഗോവിന്ദത്തിലെ 'പ്രളയപയോധിജലേ' എന്നു തുടങ്ങുന്ന ഗീതത്തില്‍ ബലരാമനെയും ബുദ്ധനെയും അവതാരങ്ങളായി ഗണിച്ചിട്ടുണ്ട്. ഹിന്ദു (ബ്രാഹ്മണ) മതത്തെ എതിര്‍ത്ത ബുദ്ധനെ അവതാരമായി കല്പിച്ചതില്‍ പൊരുത്തക്കേടുണ്ട്. ബുദ്ധമതത്തിനു ചില അംശങ്ങളില്‍ മേന്‍മകണ്ട് ഹിന്ദുക്കള്‍ ബുദ്ധനെക്കൂടി അവതാരമായി സ്വീകരിച്ചതാവണം. മഹാകോപിഷ്ഠനും വൈരനിര്യാതനബുദ്ധിയും ശ്രീരാമനെ എതിര്‍ത്തവനുമായ പരശുരാമനെ അവതാരമായി അംഗീകരിക്കുന്നതിലും പന്തികേടില്ലാതില്ല. കൂടാതെ, ഇപ്പോള്‍ അറിയപ്പെടുന്ന ക്രമത്തിലല്ലാതെയും ചില പുരാണങ്ങളില്‍ ദശാവതാരങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഭാഗവതത്തില്‍ വരാഹം, നരസിംഹം, കൂര്‍മം, മത്സ്യം എന്നിങ്ങനെയാണ് ആദ്യത്തെ നാല് അവതാരങ്ങളുടെ ക്രമം.

ദശാവതാരങ്ങള്‍ ജീവപരിണാമത്തിന്റെ അവസ്ഥകളെ (ദശകളെ) സൂചിപ്പിക്കുന്നവയാണെന്ന് ഒരു അഭിപ്രായമുണ്ട്. ആദ്യം ജലജീവിയായ മത്സ്യം, പിന്നെ ജലത്തിലും കരയിലും ജീവിക്കുന്ന ആമ, പിന്നെ കു റെക്കൂടി പുരോഗമിച്ചതെങ്കിലും ചേറില്‍ത്തന്നെ കിടക്കുന്ന പന്നി, അടുത്തതായി മൃഗത്തില്‍നിന്നും മനുഷ്യനിലേക്കുള്ള പരിവര്‍ത്തനാവസ്ഥയിലെ മധ്യനിലയെ സൂചിപ്പിക്കുന്ന നരസിംഹം, അതിനുശേഷം പൊക്കം കുറഞ്ഞ ആദിമമനുഷ്യന്‍, അനന്തരം കോടാലി ആയുധമാക്കിയ പ്രാകൃതമനുഷ്യന്‍, തുടര്‍ന്ന് സമ്പൂര്‍ണത പ്രാപിച്ച സാധാരണ മനുഷ്യന്‍, കലപ്പകൊണ്ടു പണിചെയ്യുന്ന കൃഷീവലന്‍, സര്‍വൈശ്വര്യപൂര്‍ണനായ പരിഷ്കൃത മനുഷ്യന്‍, പില്ക്കാലത്തുണ്ടാകാന്‍ പോകുന്നതായി വിഭാവനം ചെയ്യപ്പെടുന്ന ധ്വംസകള്‍-ഇവ പരിണാമത്തിന്റെ വിവിധ ദശകളായി ചില ചിന്തകര്‍ കണക്കാക്കുന്നു.

വരാഹാവതാരത്തിന്റെയും മത്സ്യാവതാരത്തിന്റെയും കഥകള്‍ വൈദികസാഹിത്യത്തില്‍പ്പെട്ട ശതപഥബ്രാഹ്മണത്തില്‍ കാണുന്നുണ്ട്. പക്ഷേ, അവിടെ വിഷ്ണുവല്ല, പ്രജാപതിയാണ് ആ രൂപങ്ങളെടുക്കുന്നത്. വിഷ്ണുവിന്റെ മൂന്നു പാദങ്ങളെപ്പറ്റി ഋഗ്വേദത്തില്‍ തന്നെ പരാമര്‍ശമുണ്ട്. ഇതില്‍നിന്നായിരിക്കണം വാമനാവതാര കഥ പില്ക്കാലത്ത് ഉടലെടുത്തത്. മഹാഭാരതകാലത്തോടുകൂടി വിഷ്ണുവിനു വൈദികകാലത്തുണ്ടായിരുന്നതിലേറെ പ്രാധാന്യമുണ്ടായി. അതുകൊണ്ട് അവതാരങ്ങളെല്ലാം പ്രധാനമായും ആ ദേവന്റേതായി കണക്കാക്കപ്പെട്ടു.

ദുഷ്ടനിഗ്രഹം, ശിഷ്ടപരിപാലനം, ധര്‍മസ്ഥാപനം എന്നീ മൂന്നു ലക്ഷ്യങ്ങളും രാമന്‍, കൃഷ്ണന്‍ എന്നീ അവതാരങ്ങളില്‍ കാണുന്നുണ്ടെങ്കിലും മറ്റു പലതിലും ഇവയിലേതെങ്കിലും ഒന്നുമാത്രമേ പ്രധാനമായി കാണുന്നുള്ളു. അങ്ങനെ നോക്കുമ്പോള്‍ മറ്റു പലരും അവതാരമെന്ന പേരിന്നര്‍ഹരായി കാണാവുന്നതാണ്. ഭാഗവതത്തില്‍ തന്നെ ഇരുപത്തിരണ്ടവതാരങ്ങളെപ്പറ്റി പ്രസ്താവനയുണ്ട്. കപിലന്‍, നാരദന്‍, വ്യാസന്‍, ദത്താത്രേയന്‍ എന്നീ മഹര്‍ഷിമാര്‍, ഋഷഭന്‍, പൃഥു എന്നീ രാജാക്കന്‍മാര്‍, ധന്വന്തരി എന്ന ദേവവൈദ്യന്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

വിഷ്ണുവിനു പുറമേ, മറ്റു ദേവന്മാരുടെയും അവതാരങ്ങളുണ്ട്. അവയെ 'പ്രാദുര്‍ഭാവങ്ങള്‍' എന്നുപറയാം. അര്‍ജുനനു വരം നല്കാന്‍ ശിവന്‍ ധരിച്ച കിരാതരൂപം ഉദാഹരണമാണ്; അതുപോലെതന്നെ ശത്രുസംഹാരാര്‍ഥം പരമേശ്വരി സ്വീകരിച്ചതായി പുരാണങ്ങളില്‍ പറയുന്ന വിവിധ രൂപങ്ങള്‍. ശാക്തേയമതപ്രകാരം ദശാവതാരങ്ങള്‍ തന്നെ പ്രകൃതിരൂപിണിയായ ദേവിയുടെ വിലാസങ്ങളാണ്.

മതാചാര്യന്മാരെയും ആധ്യാത്മികമായി ഔന്നത്യം നേടിയവരെയും ഈശ്വരന്റെ അവതാരങ്ങളായി അതതു മതാനുയായികള്‍ കരുതുന്നു. ശങ്കരാചാര്യര്‍, ചൈതന്യന്‍, രാമകൃഷ്ണപരമഹംസന്‍ തുടങ്ങിയവരെ അവതാരപുരുഷന്മാരായി കണക്കാക്കാറുണ്ട്. ധര്‍മസംസ്ഥാപനത്തിനായുള്ള ഇവരുടെ പ്രവൃത്തികളാണ് ഇവര്‍ക്ക് ഈ സ്ഥാനം നേടിക്കൊടുത്തത്.

ചില വൈഷ്ണവര്‍ വിഷ്ണുവിനെക്കൂടാതെ ആ ദേവനുമായി ബന്ധപ്പെട്ട പലരും അവതരിക്കുന്നതായി സങ്കല്പിക്കുന്നു. അങ്ങനെ രാമാനുജാചാര്യര്‍ ആദിശേഷന്റെയും, യമുനാചാര്യര്‍ സേനാനിയായ വിഷ്വക്സേനന്റെയും, രാമാനുജന്റെ ശിഷ്യനായ കുമരേശന്‍ സുദര്‍ശനചക്രത്തിന്റെയും അവതാരങ്ങളായി അവര്‍ വിശ്വസിച്ചുവരുന്നു. വൈഷ്ണവരുടെ പ്രധാനപ്പെട്ട ആചാര്യനായ വേദാന്തദേശികര്‍ തിരുപ്പതിക്ഷേത്രത്തിലെ മുഖ്യമണിയുടെ അവതാരമെന്നാണ് അവരുടെ വിശ്വാസം. നോ: അംശാവതാരം

ചില ആധുനിക പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ മനുഷ്യരൂപത്തില്‍ ഈശ്വരന്‍ അവതരിക്കുന്നതായി കല്പിക്കുന്നതു ഹിന്ദുമതത്തിനു സ്വാഭാവികമാണെങ്കിലും, മറ്റു രൂപങ്ങള്‍കൂടി കല്പിച്ചിരിക്കുന്നത് ഭാരതത്തില്‍ ആര്യേതര ജനങ്ങള്‍ക്കിടയില്‍ നിലവിലിരുന്ന ഈശ്വരരൂപങ്ങളെപ്പറ്റിയുള്ള സങ്കല്പങ്ങള്‍കൂടി ഹിന്ദുക്കള്‍ സ്വമതത്തോടു ചേര്‍ത്തിണക്കിയതു നിമിത്തമായിരിക്കണം. യേശുക്രിസ്തു ദൈവത്തിന്റെ അവതാരമാണെന്ന് ഒരു വിശ്വാസവും നിലവിലുണ്ട്.

(ഡോ. വെങ്കിട സുബ്രഹ്മണ്യയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍