This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവക്ഷേപണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവക്ഷേപണം

Precipitation

ഒരു ദ്രവലായനിയില്‍ നിന്നു ഖരമോ ദ്രവമോ ആയ ഒരു പദാര്‍ഥം വേര്‍തിരിയുന്ന പ്രക്രിയ; ഏകവിധം (uniform) ആയ ഒരു ദ്രവ(fluid)ത്തില്‍ നിന്നു ഖരമോ ദ്രാവകമോ ആയ ഒരു പുതിയ പ്രാവസ്ഥ (Phase) ഉണ്ടാകുന്ന പ്രക്രിയ എന്നും അവക്ഷേപണത്തെ നിര്‍വചിക്കാറുണ്ട്. ഒരു ഖരലായനി മിശ്രണക്ഷമമല്ലാതെ രണ്ടു ക്രിസ്റ്റലനരൂപങ്ങളായിത്തീരുന്നതിനും അവക്ഷേപണം എന്ന പദം ഉപയോഗിച്ചുകാണുന്നു. കൊളോയ്ഡിന്റെ കൊയാഗുലീകരണ(coagulation)വും അവക്ഷേപണമാണ്. അവക്ഷേപണം ചെയ്യപ്പെടുന്ന പദാര്‍ഥത്തിന് അവക്ഷിപ്തം (precipitate) എന്നു പറയുന്നു.

ഒരു പദാര്‍ഥത്തെ ലായനിയില്‍നിന്ന് അവക്ഷേപിപ്പിക്കുവാന്‍ പല മാര്‍ഗങ്ങളുണ്ട്. അനുയോജ്യമായ ഒരു അഭികര്‍മകം ചേര്‍ക്കല്‍ ആണ് ഇവയില്‍ പ്രധാനം. ഉദാഹരണമായി, സില്‍വര്‍ നൈട്രേറ്റ് ലായനിയിലുള്ള സില്‍വര്‍ മുഴുവനും ഹൈഡ്രോക്ലോറിക് ആസിഡോ മറ്റേതെങ്കിലും ക്ളോറൈഡ് ലായനിയോ വേണ്ടത്ര ചേര്‍ത്താല്‍ സില്‍വര്‍ ക്ളോറൈഡ് (Ag Cl) ആയി അവക്ഷേപിക്കുന്നു. Ag No3-ഉം HCl-ഉം തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന AgCl ജലത്തില്‍ അലേയമാകയാല്‍ അവക്ഷിപ്തമായി വേര്‍തിരിയുന്നു. ചില ലോഹലവണലായനികളിലൂടെ ഹൈഡ്രജന്‍ സള്‍ഫൈഡ് (H2S) വാതകം കടത്തിവിടുമ്പോള്‍ അതാതു ലോഹങ്ങളുടെ സള്‍ഫൈഡുകള്‍ (sulphides) അവക്ഷേപിക്കപ്പെടും. ലായനിയില്‍ ഒന്നിലധികം ലോഹങ്ങളുണ്ടെങ്കില്‍ (ഉദാ. ചെമ്പ്; കാഡ്മിയം) ലേയത്വം താരതമ്യേന കുറഞ്ഞ സള്‍ഫൈഡ് ആണ് ആദ്യം അവക്ഷിപ്തമായി ലഭിക്കുന്നത്. ലായനിയുടെ സംഘടനം, pH ചേര്‍ക്കുന്ന അഭികര്‍മകത്തിന്റെ അളവ് എന്നീ സംഗതികള്‍ നിയന്ത്രിച്ച് ഒരു മിശ്രിതത്തിലെ ഘടകങ്ങളെ വെവ്വേറെ അവക്ഷേപിപ്പിക്കാം.

ഒരു പദാര്‍ഥത്തെ അതിന്റെ ലായനിയില്‍നിന്ന് അവക്ഷേപിപ്പിക്കുന്നതിനു വേറെയും മാര്‍ഗങ്ങളുണ്ട്. താപനില കുറയ്ക്കല്‍, ലായകബഹിഷ്കരണം, ലേയത്വം കുറയ്ക്കുന്ന അന്യപദാര്‍ഥങ്ങള്‍ വിലയിപ്പിക്കല്‍ മുതലായവ. ഉദ്ദിഷ്ടപദാര്‍ഥം അവക്ഷേപിപ്പിക്കുവാന്‍ അതിന്റെ ലേയത്വം കുറഞ്ഞതും മൂലലായകവുമായി കലരുന്നതുമായ രണ്ടാമതൊരു ലായകം ചേര്‍ത്താലും മതി. ഉദാഹരണമായി അസറ്റനിലൈഡ് എന്നത് ആല്‍ക്കഹോളില്‍ അധികമായും ജലത്തില്‍ കുറഞ്ഞതോതിലും അലിയുന്ന ഒരു രാസവസ്തുവാണ്. ആകയാല്‍ അസറ്റനിലൈഡിന്റെ ആല്‍ക്കഹോള്‍ ലായനിയില്‍ ജലം അല്പാല്പമായിച്ചേര്‍ത്തു കുലുക്കിയാല്‍ പ്രസ്തുത പദാര്‍ഥം അവക്ഷേപിതമാകും.

ഏറോസോളുകളില്‍(aerosols) നിന്നു കണങ്ങള്‍ വേര്‍പെടുത്തിയെടുക്കുന്ന പ്രക്രിയയും അവക്ഷേപമായി കരുതപ്പെടുന്നു. വ്യവസായശാലകളിലെ പുകക്കുഴലുകളില്‍ക്കൂടി ബഹിര്‍ഗമിക്കുന്ന പുകച്ചുരുളുകളില്‍ അതിസൂക്ഷ്മങ്ങളായ പദാര്‍ഥകണങ്ങള്‍ ഉണ്ടായിരിക്കും. ഈ കണങ്ങള്‍ പ്രായേണ വൈദ്യുതചാര്‍ജ് വഹിക്കുന്നവയാണ്. ആകയാല്‍ ചാര്‍ജിതമായ ലോഹപ്രതല(metal surface)ത്തില്‍ ഇവയെ നിക്ഷിപ്തമാക്കി നീക്കം ചെയ്താല്‍ അവ അന്തരീക്ഷത്തില്‍ കലരുന്നില്ല. മാത്രമല്ല, നഷ്ടപ്പെട്ടേക്കാവുന്ന ചില വിലപിടിച്ച പദാര്‍ഥങ്ങള്‍ ഇപ്രകാരം വീണ്ടെടുക്കപ്പെടുകയും ചെയ്യും. ഈ തത്ത്വമാണ് സ്ഥിരവൈദ്യുത-അവക്ഷേപകയന്ത്രങ്ങളില്‍ (electrostatic precipitator) ഉപയോഗിക്കുന്നത്.

പ്രായോഗികപ്രാധാന്യം. അവക്ഷിപ്തം മൂലപ്രാവസ്ഥയില്‍നിന്നു ഭിന്നമായതിനാല്‍ ഈ പ്രക്രിയയ്ക്കു പദാര്‍ഥങ്ങളുടെ വേര്‍തിരിക്കല്‍ (separation), ശുദ്ധീകരണം, ഗുണാത്മകവും പരിമാണാത്മകവുമായ വിശ്ലേഷണവിധികള്‍(qualitative and quantitative analytical methods) മുതലായവയില്‍ സമുന്നതമായ പ്രായോഗികപ്രാധാന്യമുണ്ട്. പ്രകൃതിവിഭവങ്ങളുടെ (ഉദാ. അയിരുകള്‍) നിഷ്കര്‍ഷണാദിവിധികളിലൂടെ ലഭ്യമാകുന്ന ലായനികളില്‍നിന്ന് ഉദ്ദിഷ്ടപദാര്‍ഥം പൃഥക്കരിച്ചെടുക്കുവാന്‍ അവക്ഷേപണപ്രക്രിയ പ്രയോജനപ്പെടുത്താം. പദാര്‍ഥങ്ങളില്‍നിന്ന് അപദ്രവ്യങ്ങളകറ്റുന്നതിന് അവക്ഷേപണം ഉപയോഗിക്കാം. ജലശുദ്ധീകരണം, കഠിനജലത്തിന്റെ മൃദുകരണം (softening) എന്നിവ ദൃഷ്ടാന്തങ്ങളാണ്. നിര്‍ദിഷ്ട അഭികര്‍മകങ്ങള്‍ ചേര്‍ക്കുമ്പോള്‍ ഒരു ലായനിയില്‍ നിന്നു കിട്ടുന്ന അവക്ഷിപ്തത്തിന്റെ സ്വഭാവം പരിശോധിച്ച് ആ ലായനിയിലുള്ള പദാര്‍ഥങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കും. ഗുണാത്മക വിശ്ലേഷണത്തില്‍ ഈ തത്ത്വമാണ് പ്രയോജനപ്പെടുത്താറുള്ളത്. ഭാരാത്മക വിശ്ലേഷണവിധികളില്‍ (gravimetric analysis) ഒരു പദാര്‍ഥത്തിന്റെ ഭാരം നിര്‍ണയിക്കപ്പെടുന്നത് അതിനെ അലേയമായ ഒരു പദാര്‍ഥമായി അവക്ഷേപണം ചെയ്യിച്ച് അവക്ഷിപ്തം അരിച്ചെടുത്തു ശുദ്ധമാക്കിയ ശേഷമാണ്. വ്യവസായശാലകളില്‍നിന്നു ബഹിര്‍ഗമിക്കുന്ന ഉച്ഛിഷ്ടദ്രവത്തില്‍ നിന്നു നഷ്ടപ്പെട്ടുപോകാനിടയുള്ള പല പദാര്‍ഥങ്ങളും ആദായകരമായ രീതിയില്‍ വീണ്ടെടുക്കുവാന്‍ അവക്ഷേപണം പ്രയോജനപ്പെടുന്നു. ഉദാഹരണമായി പഞ്ചസാരനിര്‍മാണശാലകളില്‍ പഞ്ചസാര ക്രിസ്റ്റലീകരിച്ച് അവശേഷിക്കുന്ന ഉച്ഛിഷ്ടലായനിയില്‍ അടങ്ങിയ പഞ്ചസാര സ്റ്റ്രോണ്‍ഷ്യം (strontium) ഹൈഡ്രോക്സൈഡ് കൊണ്ടും മറ്റും സൂക്രോസേറ്റുകളായി അവക്ഷേപിപ്പിച്ചു ലഭ്യമാക്കുന്നു. ഈ അവക്ഷിപ്തങ്ങളില്‍നിന്നു ശുദ്ധമായ പഞ്ചസാര ഉണ്ടാക്കാം. അവക്ഷേപണരീതിയും അവക്ഷേപണപരിതഃസ്ഥിതികളും ശ്രദ്ധിച്ചു നിയന്ത്രിക്കുന്നതായാല്‍ അവക്ഷിപ്തത്തിന്റെ സംരചന, കണവലുപ്പം (size of the particle), സരന്ധ്രത (porosity) മുതലായവ നിയന്ത്രിക്കാവുന്നതാണ്. തന്‍മൂലം പലതരം ഉത്പ്രേരകങ്ങള്‍ നിര്‍മിക്കുന്നതിന് അനുയോജ്യ പരിതഃസ്ഥിതികളില്‍ നടത്തുന്ന അവക്ഷേപണം സഹായകരമായിരിക്കും.

പ്രകൃതിയില്‍ പല പ്രക്രിയകളിലും അവക്ഷേപണം അന്തര്‍ഭവിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ നടക്കുന്ന അവക്ഷേപണത്തിന്റെ ഫലമായിട്ടാണ് മഴ, മഞ്ഞ്, ആലിപ്പഴം മുതലായവ ഉണ്ടാവുന്നത്. ഭൂഗര്‍ഭത്തില്‍ പലതരം നിക്ഷേപങ്ങളും നദീമുഖങ്ങളില്‍ ഡെല്‍റ്റകളും ഉണ്ടാകുന്നത് അവക്ഷേപണത്തിലൂടെയാണ്. നോ: ജലം; കൊളോയ്ഡുകള്‍; കെമിക്കല്‍ അനാലിസിസ്

(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍