This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവകാശികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവകാശികള്‍

മലയാളനോവല്‍. 1980-ല്‍ പ്രസിദ്ധീകരിച്ചു. 'വിലാസിനി' എന്ന തൂലികാനാമമുള്ള എം.കെ. മേനോനാണ് ബൃഹത്തായ ഈ നോവല്‍ രചിച്ചത്. മലയാള നോവല്‍ രംഗത്തെ ഒരു അപൂര്‍വസൃഷ്ടിയാണ് ഈ ഗ്രന്ഥം. നാലുഭാഗങ്ങളിലായി ഏതാണ്ട് 4000 പുറങ്ങളുള്ളതാണീ നോവല്‍. മലയാളത്തിലെന്നല്ല മററു ഭാരതീയഭാഷകളിലും ഇത്ര ദൈര്‍ഘ്യമുള്ള നോവല്‍ രചിക്കപ്പെട്ടിട്ടില്ല. ഈ നോവലില്‍ 40-ഓളം കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നാലഞ്ചുമാസക്കാലംകൊണ്ടാണ് നോവലില്‍ വിവരിക്കുന്ന സംഭവങ്ങള്‍ നടക്കുന്നത്. എങ്കിലും അനേകദശകങ്ങളുടെ കഥ അനാവരണം ചെയ്യപ്പെടുന്നു. പിന്നിട്ട വര്‍ഷങ്ങളിലൂടെ മാനസികസഞ്ചാരം നടത്തുന്ന കഥാപാത്രങ്ങളിലൂടെയാണിതു സാധിക്കുന്നത്. അധൃഷ്യപ്രതാപനായ വേലുണ്ണിക്കുറുപ്പിന്റെ വമ്പിച്ച സമ്പത്തു ഭാഗിക്കുന്നതു സംബന്ധിച്ച അവകാശത്തര്‍ക്കമാണ് മുഖ്യകഥാതന്തു. അര്‍ഥകാംക്ഷയും അവകാശസ്ഥാപനവ്യഗ്രതയും അതിലേക്കായി കൈക്കൊള്ളുന്ന നയോപായകൌശലങ്ങളും മനുഷ്യബന്ധങ്ങളില്‍ സൃഷ്ടിക്കുന്ന ഉരസലുകളും ഉലച്ചിലുകളുമാണ് ഇതില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. രാജിയുടെയും കൃഷ്ണനുണ്ണിയുടെയും ആത്മബന്ധം ഒരുപകഥയായി ഇതില്‍ വികസിപ്പിക്കുന്നു.

എം.കെ.മേനോന്‍

സന്ധിപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഏതാനും മനുഷ്യരുടെ ആന്തരികവ്യക്തിത്വത്തെ നോവലിസ്റ്റ് ഉള്‍ക്കാഴ്ചയോടെ മറ നീക്കികാണിക്കുന്നു. സംഭവത്തിലല്ല, അവ വിവിധ കഥാപാത്രങ്ങളുടെ അന്തരംഗത്തില്‍ സൃഷ്ടിക്കുന്ന പ്രതികരണങ്ങളിലാണ് നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുള്ളത്. ധൃതരാഷ്ട്രര്‍, ഗാന്ധാരി, ശകുനി, കുന്തീദേവി, അര്‍ജുനന്‍, ശ്രീകൃഷ്ണന്‍ മുതലായ മഹാഭാരതകഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന സമുജ്ജ്വലവ്യക്തിത്വം തികഞ്ഞ കഥാപാത്രങ്ങള്‍ ഈ കൃതിയിലുണ്ട്.

1981-ല്‍ ഈകൃതിക്ക് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. അതേ വര്‍ഷം തന്നെ ഓടക്കുഴല്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. 1983-ല്‍ അവകാശികള്‍ക്കു വയലാര്‍ അവാര്‍ഡും ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍