This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഴഗുനമ്പിയാപിള്ള (1872? - 1933?

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഴഗുനമ്പിയാപിള്ള (1872? - 1933?)

ദക്ഷിണേന്ത്യന്‍ മൃദംഗവിദ്വാന്‍. ശ്രീരംഗത്ത് സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ചു (1872?). വളര്‍ന്നതും പഠിച്ചതും കുംഭകോണത്താണ്. അതുകൊണ്ട് ഇദ്ദേഹം അറിയപ്പെടുന്നത് 'കുംഭകോണം അഴഗുനമ്പിയാപിള്ള' എന്ന പേരിലാണ്. മുത്തച്ഛനായ സ്വാമിനാഥപിള്ള പ്രശസ്തനായ ഒരു സംഗീതജ്ഞനായിരുന്നു. അഴഗുനമ്പിയാപിള്ളയ്ക്കു മൈസൂര്‍ രാജാക്കന്മാരില്‍നിന്നും പ്രശസ്തിമുദ്രകള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇളയ സഹോദരനായ നാരായണസ്വാമിപ്പിള്ള പുതുക്കോട്ട രാജാവിന്റെ വിദ്വത്‍സദസ്സില്‍ അംഗമായിരുന്നു.

മൃദംഗവായനയില്‍ തനിക്കുണ്ടായിരുന്ന പാടവം ആ തലമുറയിലെ ഏറ്റവും വലിയ മൃദംഗവിദ്വാന്‍ എന്ന സ്ഥാനം ഇദ്ദേഹത്തിനു നേടിക്കൊടുത്തു. ഒരു പിന്നണിക്കാരന്‍ എന്ന നിലയില്‍ കച്ചേരിയില്‍ പങ്കെടുക്കുമ്പോള്‍ പ്രധാന ഗായകനു തടസ്സങ്ങള്‍ സൃഷ്ടിക്കാതെ സത്യസന്ധമായി മൃദംഗം കൈകാര്യം ചെയ്യുകയും പിന്നണിയില്‍ ഇരുന്നുകൊണ്ടുതന്നെ സംഗീതത്തിന്റെ ആകര്‍ഷകത വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഇദ്ദേഹം നേടിയ പ്രാവീണ്യം സദസ്സുകളുടെ സവിശേഷാദരം നേടിയിട്ടുണ്ട്. അതുകൊണ്ട് അക്കാലത്തുള്ള പ്രമുഖഗായകര്‍ എല്ലാം അഴഗുനമ്പിയാപിള്ളയെത്തന്നെ പിന്നണിയില്‍ മൃദംഗത്തിനു ലഭിക്കുവാന്‍ ആഗ്രഹിച്ചിരുന്നു.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍