This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അളക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അളക

പുരാണപ്രസിദ്ധമായ ഒരു ഗന്ധര്‍വനഗരം; ഉത്തരദിക്പാലകനായ വൈശ്രവണന്റെ രാജധാനിയാണിത്. ഇതിന്റെ സര്‍വാതിശായിയായ കമനീയതയാണ് അളക എന്ന പേരിന്നാസ്പദം: 'അലതി, ഭൂഷയതി, ഇതി അളകാ' (അലങ്കരിക്കുന്നതിനാല്‍ അളക) എന്നു ശബ്ദവ്യുത്പത്തി. വസുധാര, വസുസ്ഥലി, പ്രഭ എന്നിങ്ങനെ ഈ നഗരത്തിനു നാമാന്തരങ്ങള്‍ ഉണ്ട്. ഹിമാലയ ശൃംഗങ്ങളില്‍ ഒന്നായ കൈലാസത്തിന്റെ പാര്‍ശ്വത്തിലാണ് ഇതിന്റെ സ്ഥാനം. മന്ദാകിനി (ദേവഗംഗ) ഇതിന്റെ അരികില്‍ക്കൂടി ഒഴുകുന്നു. ചൈത്രരഥം അഥവാ വൈഭ്രാജം എന്ന പേര്‍ വഹിക്കുന്ന ഇതിന്റെ ബാഹ്യോദ്യാനത്തില്‍ പരമശിവന്‍ വാണരുളുന്നു. 'ബാഹ്യോദ്യാന സ്ഥിത ഹരശിരശ്ചന്ദ്രികാധൗതരമ്യ'മെന്ന് കാളിദാസന്‍ മേഘസന്ദേശത്തില്‍ വര്‍ണിച്ചിട്ടുള്ള ഈ കുബേരപത്തനത്തിലെ പൗരന്‍മാര്‍ യക്ഷന്‍മാരാണ്. അവരുടെ അധീശ്വരനാണ് ത്ര്യംബകസഖനായ വൈശ്രവണന്‍. അളകയില്‍നിന്നും വൈശ്രവണശാപത്താല്‍ നിഷ്കാസിതനായ ഒരു യക്ഷനാണ് മേഘസന്ദേശത്തിലെ കഥാനായകന്‍. സകല സൗഭാഗ്യങ്ങളുടെയും മാതൃകാസ്ഥാനമായി വിശ്വകര്‍മാവ് സ്വതപോബലംകൊണ്ട് വൈശ്രവണനുവേണ്ടി നിര്‍മിച്ചതാണ് ഈ നഗരമെന്ന് ഉത്തരരാമായണം പറയുന്നു.

മേഘസന്ദേശം ഉത്തരഭാഗത്തിലെ ആദ്യത്തെ പതിനാലു പദ്യങ്ങളില്‍ അളക വര്‍ണിക്കപ്പെട്ടിട്ടുണ്ട്. സിതമണിമയങ്ങളായ ഏഴുനില മാളികകള്‍, ഒടുങ്ങാത്ത നിധിസംഭാരങ്ങള്‍, ഉത്കിരണങ്ങളായ രത്നപ്രദീപങ്ങള്‍, ചന്ദ്രികാസുന്ദരങ്ങളായ രാവുകള്‍, 'രതിഫല' മദ്യം സേവിച്ചു കേളീവിനോദങ്ങളില്‍ മുഴുകിക്കഴിയുന്ന നിത്യയൗവനരായ യക്ഷമിഥുനങ്ങള്‍, എന്നും പൂക്കള്‍നിറഞ്ഞ മന്ദാരവൃക്ഷങ്ങള്‍, ഭാസ്വല്‍ കലാപങ്ങളായ ഗൃഹമയൂരങ്ങള്‍, ഇടതടവില്ലാത്ത സംഗീതവാദ്യഘോഷങ്ങള്‍ - ഇതൊക്കെയാണ് കാളിദാസന്‍ ചിത്രീകരിക്കുന്ന അളകയുടെ സവിശേഷതകള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B3%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍