This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍-കിസാഇ (? - 805)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

al- Kisai

അറബി വ്യാകരണപണ്ഡിതനും ഖുര്‍ആന്‍ പാരായണകലാ വിദഗ്‌ധനും. പേര്‍ഷ്യന്‍ വംശപരമ്പരയില്‍പ്പെട്ട ഇദ്ദേഹം കൂഫയിലാണ്‌ ജനിച്ചത്‌. അബുല്‍ ഹസന്‍ അലി ബിന്‍ ഹംസത്‌ ബിന്‍ അബ്‌ദുല്ലാ ബിന്‍ ബഹ്‌മന്‍ ബിന്‍ ഫൈറൂസ്‌ എന്നാണ്‌ യഥാര്‍ഥനാമം. അബൂ അബ്‌ദില്ലാ എന്നാണ്‌ വിളിപ്പേര്‌. പ്രമുഖരായ ഏഴ്‌ ഖാരിഉ(ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തി)കളില്‍ ഒരാളായിരുന്നു കിസാഇ. "കിസാഅ്‌' എന്നാല്‍ വസ്‌ത്രം എന്നാണര്‍ഥം. നീളമുള്ള വസ്‌ത്രം ധരിക്കുകയും പുതയ്‌ക്കുകയും ചെയ്‌തിരുന്നതിനാലാണത്ര ഇദ്ദേഹത്തിന്‌ കിസാഇ എന്നപേര്‍ ലഭിച്ചത്‌. അറബി വ്യാകരണത്തിലെ സരണികളില്‍ ഒന്നായ "കൂഫാ' സരണിയുടെ വക്‌താവായിരുന്നു കിസാഇ.

ഇബ്‌നു അബീലൈലാ, ഹംസതുസ്സയ്യാത്‌, ഈസബ്‌നു ഉമറല്‍ മുഖ്രിഅ്‌, ജഅ്‌ഫറുസ്സ്വാദിഖ്‌ തുടങ്ങിയ പ്രഗല്‌ഭരായ ഖുര്‍ആന്‍ പണ്ഡിതരില്‍നിന്നു ഖുര്‍ആന്‍ പാരായണകലയും ഹദീസും പഠിച്ചു. നന്നേ പ്രായമായതിനുശേഷമാണ്‌ വ്യാകരണം അഭ്യസിച്ചത്‌. കൂഫഃയിലെ വ്യാകരണ പണ്ഡിതരായ അബൂജഅ്‌ഫറര്‍റുആസിയും മുആദുബ്‌നു മുസ്‌ലിമില്‍ ഹര്‍റാഉമായിരുന്നു ഗുരുക്കന്മാര്‍. പിന്നീട്‌ ബസ്വറയിലെത്തി സുപ്രസിദ്ധ ഭാഷാപണ്ഡിതനായ ഖലീലുബ്‌നു അഹ്‌മദിന്റെ ശിഷ്യനായി. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച്‌ നജ്‌ദ്‌, ഹിജാസ്‌, തിഹാമഃ എന്നീ നാടുകളിലെ മരുഭൂവാസികളില്‍ നിന്നു ശുദ്ധമായ അറബി പഠിച്ച്‌ മടങ്ങിയെത്തിയ കിസാഇ ബാഗ്‌ദാദില്‍ താമസമുറപ്പിച്ചു. ഖലീഫ ഹാറൂനുര്‍റശീദ്‌ പുത്രന്മാരായ അമീനിന്റെയും മഅ്‌മൂനിന്റെയും ഗുരുവായി ഇദ്ദേഹത്തെ നിശ്ചയിച്ചു. ഖുര്‍ആന്‍ പാരായണത്തില്‍ ഗുരു ഹംസതുസ്സയ്യാതിന്റെ രീതി അവലംബിച്ചിരുന്നുവെങ്കിലും പിന്നീട്‌ സ്വന്തമായരീതി വികസിപ്പിച്ചെടുത്തു.

അബ്ബാസി ഖലീഫമാരായ മഹ്‌ദിയും ഹാറൂനുര്‍റശീദും കിസാഇയെ നിരവധി പദവികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്‌. രിസാല: ഫീ ലഹ്‌നിന്‍ ആമ്മ, മആനില്‍ ഖുര്‍ആന്‍ , മുഖ്‌തസ്വറുന്നഹ്‌വ്‌, അല്‍ഖിറാആത്‌, കിതാബുല്‍ അദദ്‌, അന്നവാദിറുല്‍ കബീര്‍, അന്നവാദിറുല്‍ ഔസ്വത്വ്‌, അന്നവാദിറുല്‍ അസ്‌്വഗര്‍, മഖ്‌തുഉല്‍ ഖുര്‍ആനി വ മൗസ്വൂലുഹു, അല്‍ ഹിജാഅ്‌, അല്‍ മസ്വാദിര്‍, അല്‍ഹാആതുല്‍ മുകന്നാ ബിഹാ ഫില്‍ഖുര്‍ആന്‍, കിതാബുല്‍ ഫുറൂഫ്‌ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രചനകള്‍. 805-ല്‍ റയ്യിലെ ആറന്‍ബൂയ്യ ഗ്രാമത്തില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍