This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍സേസ്-ലൊറൈന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍സേസ്-ലൊറൈന്‍

Alsace-Lorraine


യൂറോപ്പില്‍ ജര്‍മനിയും ഫ്രാന്‍സും വളരെക്കാലം മാറിമാറി കൈവശം വച്ചുകൊണ്ടിരുന്നതും 1945-നുശേഷം ഫ്രാന്‍സിന്റെ ഒരു ഭാഗമായിത്തീര്‍ന്നതുമായ പ്രദേശം. ഇത് ജര്‍മന്‍ഭാഷയില്‍ എല്‍സാസ് ലൊതറിന്‍ജന്‍ എന്നറിയപ്പെടുന്നു. വിസ്തീര്‍ണം: 14,522 ച.കി.മീ. റോമന്‍കത്തോലിക്കാവിഭാഗത്തില്‍പ്പെട്ട ഇന്നാട്ടിലെ ജനങ്ങള്‍ ജര്‍മനും ഫ്രഞ്ചും സംസാരിക്കുന്നു.

1870-ല്‍ ഉണ്ടായ ഫ്രാങ്കോ-ജര്‍മന്‍ യുദ്ധത്തിനുശേഷം ഒപ്പുവയ്ക്കപ്പെട്ട ഫ്രാങ്ക്ഫര്‍ട്ട് സന്ധി(1871 മേയ്)യിലെ വ്യവസ്ഥപ്രകാരം ഫ്രാന്‍സിന്റെ കൈവശമായിരുന്ന അല്‍സേസ്-ലൊറൈന്‍ പ്രദേശം ജര്‍മനിക്കു ലഭിച്ചു. ജര്‍മന്‍കാര്‍ ഇതിനെ ഒരു അര്‍ധകൊളോണിയല്‍ പ്രദേശമായാണ് ഭരിച്ചത്. ഭരണാധിപത്യത്തിലുണ്ടായ മാറ്റം അവിടത്തെ ജനങ്ങളില്‍ അതൃപ്തി ഉളവാക്കി. തന്‍മൂലം ജനങ്ങളില്‍ നല്ല ഒരു വിഭാഗം ഫ്രാന്‍സിന്റെ മറ്റു ഭാഗങ്ങളിലേക്കു കുടിയേറിപ്പാര്‍ത്തു. ജനങ്ങളില്‍ ഭൂരിപക്ഷംപേരും ജര്‍മന്‍ഭാഷ സംസാരിക്കുന്നവരായതുകൊണ്ട് അവരെ ജര്‍മന്‍ പൌരന്മാരാക്കി കാലക്രമേണ ആ പ്രദേശത്തെ ജര്‍മനിയില്‍ ലയിപ്പിക്കാമെന്നുള്ള ചാന്‍സലര്‍ ഓട്ടോ ഫോണ്‍ ബിസ്മാര്‍ക്കിന്റെ (1815-98) ഉദ്ദേശ്യം ഫലിച്ചില്ല. തുടര്‍ന്ന് ഈ പ്രദേശത്തിന്റെ ഭരണം ഉന്നതാധികാരങ്ങളോടുകൂടിയ ഒരു ഉദ്യോഗസ്ഥന്റെ കീഴിലാക്കി. ജനങ്ങള്‍ സ്വയംഭരണം അഭിലഷിച്ചെങ്കിലും അത് അനുവദിച്ചുകൊടുക്കാന്‍ ജര്‍മന്‍ ഭരണകൂടം തയ്യാറായിരുന്നില്ല. 1911-ല്‍ മാത്രമാണ് അല്‍സേസ്-ലൊറൈന്‍ പ്രദേശത്തിന് ജര്‍മന്‍സാമ്രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കുണ്ടായിരുന്നതുപോലെയുള്ള അവകാശങ്ങള്‍ നല്കിയത്. എന്നാല്‍ ഇവിടത്തെ ജനങ്ങള്‍ സ്വയംഭരണത്തിനുവേണ്ട പരിശ്രമങ്ങള്‍ തുടര്‍ന്നു നടത്തിക്കൊണ്ടിരുന്നു. 1914 മുതല്‍ ഈ പ്രദേശം യഥാര്‍ഥത്തില്‍ ജര്‍മന്‍ സൈനികഭരണത്തിന്‍കീഴിലായിരുന്നു. വളരെ അധികം സൈനികത്താവളങ്ങള്‍ അവിടെ സ്ഥാപിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാഷങ്ങളെ അധികാരികള്‍ ഭീഷണിപ്പെടുത്തിവന്നു. പട്ടാളവും ജനങ്ങളും തമ്മിലുള്ള സംഘട്ടനങ്ങളും സര്‍വസാധാരണമായിത്തീര്‍ന്നു. ഒന്നാംലോകയുദ്ധകാലത്ത് ഇവിടത്തെ ജനങ്ങള്‍ ജര്‍മന്‍കാര്‍ക്ക് എതിരായിത്തിരിഞ്ഞു. ജര്‍മന്‍ ഗവണ്‍മെന്റ് സ്വയംഭരണാവകാശങ്ങള്‍ നല്കാമെന്ന് അന്നു സമ്മതിച്ചതാണ്; എന്നാല്‍ അല്‍സേസ്-ലൊറൈനിലെ രാഷ്ട്രീയനേതാക്കന്‍മാര്‍ ഒരു ഗവണ്‍മെന്റ് രൂപവത്കരിക്കാന്‍ മുന്നോട്ടുവന്നില്ല.

1918 ന. 22-ന് ഫ്രഞ്ചുസേന അല്‍സേസ്-ലൊറൈന്‍ പ്രദേശത്തെത്തിയപ്പോള്‍ ഇവിടത്തെ ജനത അവരെ സ്വാഗതം ചെയ്തു. 1919-ലെ വേഴ്സായ് സന്ധിപ്രകാരം ഈ പ്രദേശം ഫ്രാന്‍സിനു വീണ്ടും ലഭിച്ചു. ആ പ്രദേശത്തിന്റെ ഭരണത്തിനായി ഒരു കമ്മിഷണര്‍ ജനറല്‍ നിയമിതനായി. ഫ്രാന്‍സില്‍ പ്രാബല്യത്തിലിരുന്ന നിയമങ്ങള്‍ക്ക് അല്‍സേസ്-ലൊറൈനിലും നിയമസാധുതയുള്ളതായി പ്രഖ്യാപിക്കപ്പെട്ടു. (1924). എന്നാല്‍ ഇവിടത്തെ ഒരു നേതാവായ യൂജിന്‍ റിക്ക്ലിന്‍ ഫ്രാന്‍സിന്റെ പരമാധികാരത്തിന്‍കീഴില്‍ ഒരു സ്വയംഭരണ പ്രദേശമായിക്കാണുവാനാണ് ആഗ്രഹിച്ചത്; ഇദ്ദേഹം ഈ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഫ്രാന്‍സ് ഈ അവകാശവാദത്തെ മര്‍ദനംകൊണ്ട് അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു; പത്രങ്ങള്‍ നിരോധിക്കപ്പെടുകയും നേതാക്കന്മാര്‍ അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ കര്‍ശനമായ നിലപാടില്‍ അയവുവരുത്താന്‍ ഫ്രാന്‍സ് നിര്‍ബന്ധിതമായി.

രണ്ടാം ലോകയുദ്ധത്തില്‍ ഫ്രാന്‍സ് പരാജയപ്പെട്ടപ്പോള്‍ ജര്‍മന്‍കാര്‍ വീണ്ടും ഈ പ്രദേശം കീഴടക്കി (1940); അവര്‍ അല്‍സേസ്-ലൊറൈനെ പലതായി വിഭജിച്ച് മറ്റു ജര്‍മന്‍ പ്രദേശങ്ങളോടുകൂട്ടിച്ചേര്‍ത്തു. എങ്കിലും ആ പ്രദേശത്തിന്റെ ഐക്യം നശിപ്പിക്കാനോ, അവിടത്തെ ജനങ്ങളെ ജര്‍മന്‍ അനുഭാവികളാക്കി മാറ്റാനോ ജര്‍മന്‍കാര്‍ക്കു കഴിഞ്ഞില്ല.

1945-ല്‍ ജര്‍മനിയുടെ പരാജയത്തെത്തുടര്‍ന്ന് ഈ പ്രദേശം വീണ്ടും ഫ്രാന്‍സിന്റേതായിത്തീര്‍ന്നു; അവിടത്തെ സ്വയംഭരണവാദവും അവസാനിച്ചു. ഈ പ്രദേശത്തു ജര്‍മന്‍ഭാഷ പഠിപ്പിക്കുന്നുണ്ടെങ്കിലും വിദ്യാലയങ്ങളിലെ അധ്യയനമാധ്യമം ഫ്രഞ്ചാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍