This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ഷീമേഴ്സ് രോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ഷീമേഴ്സ് രോഗം

Alzheimer's Dementia

തലച്ചോറ് ക്രമേണ ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമൂലമുള്ള ഒരു രോഗം. 1906-ല്‍ അലോയ്സ് അല്‍ഷീമര്‍ ആണ് ആദ്യമായി ഈ രോഗം ജര്‍മന്‍ മനോരോഗചികിത്സകരുടെ മുന്‍പാകെ റിപ്പോര്‍ട്ടു ചെയ്തത്.

ലോകത്തെല്ലായിടത്തും അല്‍ഷീമേഴ്സ് രോഗം ഒരുപോലെ കാണപ്പെടുന്നുവെന്നതാണ് ഇന്നത്തെ സ്ഥിതി. ആകെ ഡിമെന്‍ഷ്യ (വിസ്മൃതി) രോഗികളില്‍ പകുതിയും ഈ രോഗം ബാധിച്ചവരാണ്. 60 വയസ്സിനുമുകളില്‍ പ്രായമുള്ളവരെ ബാധിക്കുന്ന ഡിമെന്‍ഷ്യ (മേധാക്ഷയം) രോഗങ്ങളില്‍ 60 ശ.മാ. അല്‍ഷീമേഴ്സ് രോഗം മൂലമാണ്.

ലക്ഷണങ്ങള്‍. ഓര്‍മപ്പിശകുകളായി അനുഭവപ്പെട്ടുതുടങ്ങുന്ന രോഗലക്ഷണങ്ങള്‍ വാര്‍ധക്യസഹജമായുള്ളതാണോ ഡിമെന്‍ഷ്യ മൂലമുള്ളതാണോ എന്നു തിരിച്ചറിയാന്‍ പ്രയാസമാണ്. വാര്‍ധക്യജന്യമായ ഓര്‍മക്കുറവ് ഏതാണ്ട് ഇപ്രകാരമാണ്. ചില കാര്യങ്ങളില്‍ നല്ല ഓര്‍മയുണ്ടായിരിക്കുമെങ്കിലും ചില പ്രധാന കാര്യങ്ങള്‍ വിട്ടുപോകും, സംഭവങ്ങള്‍ വ്യക്തമായി ഓര്‍മിച്ചിരിക്കുമെങ്കിലും ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ മറന്നുപോകും ഇത്യാദി. നേരേമറിച്ച് ഡിമെന്‍ഷ്യരോഗികളില്‍ കാണുന്ന ഓര്‍മപ്പിശക് ഇപ്രകാരമായിരിക്കും: പഴയകാലങ്ങളെക്കുറിച്ച് വ്യക്തമായ ഓര്‍മയുണ്ടായിരിക്കുകയും ഉടന്‍ നടന്നതോ, സമീപകാലത്തു നടന്നതോ ആയ കാര്യങ്ങള്‍ മറന്നുപോകുകയും ചെയ്യും. പലപ്പോഴും രാവിലെ പ്രഭാതഭക്ഷണം കഴിച്ച രോഗി അക്കാര്യം മറന്നുപോകുന്നതുകൊണ്ട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വഴക്കിടുന്നതും സാധാരണമാണ്. ക്രമേണ സ്ഥലകാലബോധം നഷ്ടപ്പെടുന്നു. രോഗിയുടെ ബോധനിലവാരത്തിനു മാറ്റംവരുന്നതോടൊപ്പം ബുദ്ധിശക്തി, വികാരങ്ങള്‍, ചിന്താശക്തി എന്നിവയിലും പ്രകടമായ കുറവു സംഭവിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട അറിവുകളും, നൈപുണ്യവും കരവിരുതും മറന്നുപോകുക, വളരെ സാധാരണമായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍പോലും ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ഭാഷാപരമായ പ്രയോഗങ്ങളില്‍ തെറ്റുസംഭവിക്കുക, സമയബോധവും സ്ഥലബോധവും കുറയുക, കാര്യകാരണ വിശകലനശേഷി കുറയുക, സൂക്ഷ്മമായ ചിന്താശേഷി നഷ്ടമാകുക, സാധനങ്ങള്‍ മാറ്റിവയ്ക്കുകയോ, അനുയോജ്യമല്ലാത്ത സ്ഥലങ്ങളില്‍ വയ്ക്കുകയോ ചെയ്യുക, വൈകാരികാവസ്ഥ അടിക്കടി മാറുക, വ്യക്തിത്വത്തിലും പെരുമാറ്റത്തിലും സാരമായ മാറ്റങ്ങളുണ്ടാകുക, പ്രകടമായ നിസ്സംഗതയും മുന്‍കൈയെടുത്തു ചെയ്യുന്നതിനുള്ള മടിയും ഉത്സാഹക്കുറവും അനുഭവപ്പെടുക തുടങ്ങിയവയാണ് അല്‍ഷീമേഴ്സ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. എങ്കിലും കൃത്യമായ രോഗനിര്‍ണയം സാധിക്കണമെങ്കില്‍ മരണാനന്തരം തലച്ചോറ് പഠനവിധേയമാക്കേണ്ടതാണ്. ക്രമാനുഗതമായി തലച്ചോറിന്റെ കൊഗ്നിറ്റീവ് ധര്‍മങ്ങളായ ഓര്‍മ, ചിന്ത, ശ്രദ്ധിച്ച്കേട്ട് സ്വാംശീകരിക്കാനുള്ള കഴിവ്, കണക്കുകൂട്ടല്‍, ഭാഷ, പഠനശേഷി, കാര്യകാരണവിശകലനം നടത്തി ശരിയായ ദിശയിലുള്ള തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിവയില്‍ ക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് ഇതെന്നു പറയാം. അല്‍ഷീമേഴ്സ് രോഗം സാവധാനമാരംഭിച്ച് സാവധാനം തന്നെയാണ് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നത്. സാധാരണഗതിയില്‍ ഈ രോഗം 65 വയസ് കഴിഞ്ഞവരെയാണ് ബാധിക്കുന്നത് എങ്കിലും അതിനുമുന്‍പും ഉണ്ടാകാറുണ്ട്. ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്കു കൂടുതലായതുകൊണ്ടാകണം അല്‍ഷീമേഴ്സ് രോഗമുള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാള്‍ കൂടുതലാകുന്നത്.

1990-ല്‍ ലോകത്താകമാനം 15 ദശലക്ഷം ആളുകള്‍ക്ക് ഈ രോഗം ഉണ്ടായിരുന്നുവെന്നും ഇത് 2020 ആകുമ്പോഴേക്കും 30 ദശലക്ഷമാകുമെന്നും കണക്കാക്കിയിട്ടുണ്ട്. വരുംവര്‍ഷങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് മാനസികാരോഗ്യ സംരക്ഷണം നടത്തുന്നവര്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാണ് ഈ രോഗത്തിന്റെ വ്യാപനം നടക്കുന്നതെന്നു നിസ്സംശയം പറയാം.

കാരണങ്ങള്‍. ഈ രോഗത്തിന്റെ യഥാര്‍ഥകാരണം ഇന്നും അജ്ഞാതമായാണിരിക്കുന്നത്. ധാരാളം ഘടകങ്ങള്‍ ഇതിലേക്കു വഴിതെളിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില പ്രത്യേക മാംസ്യപദാര്‍ഥങ്ങളുടെ ചയാപചയപ്രവര്‍ത്തനങ്ങളിലും വിനിമയത്തിലും നിയന്ത്രണത്തിലുമുള്ള തകരാറുകള്‍ (ഉദാ: അമൈലോയ്ഡ് പ്രികര്‍സര്‍ (Amyloid precursor), മാംസ്യം, സിങ്ക്, അലുമിനിയം എന്നിവ ഈ രോഗത്തിനു കാരണമാകാം.

അമൈലോയ്ഡ് കാസ്കേഡ് പരികല്പന. അമൈലോയ്ഡ് വിഭാഗത്തിലുള്ള ഒരുതരം പ്രോട്ടീന്‍ നാഡീകോശങ്ങളായ ന്യൂറോണുകളില്‍ അടിഞ്ഞുകൂടുന്നതുകൊണ്ട് കോശനാശം സംഭവിക്കുന്നു. പ്രധാനമായും ലിംബിക് വ്യൂഹവുമായി ബന്ധപ്പെട്ട ഭാഗത്തായതുകൊണ്ട് ഓര്‍മശക്തിയെ ബാധിക്കുന്നു.

മസ്തിഷ്കകോശങ്ങളില്‍ അമൈലോയ്ഡ് രണ്ടുതരത്തില്‍ അടിഞ്ഞുകൂടുന്നതായി കാണപ്പെടുന്നു. ചെറിയ പാളികളായി അമൈലോയ്ഡ് പ്ലാക്ക് (Amyloid Plaque) ആയോ, ഫോസ്ഫറസ്സുമായി ചേര്‍ന്ന് നൂല്‍ക്കഷണങ്ങള്‍ പോലെയുള്ള അമൈലോയ്ഡ് ടാങ്കിളുകള്‍ (Amyloid tangles) ആയോ കാണപ്പെടാം. ശരീരത്തിലെ മറ്റു വിസര്‍ജ്യങ്ങള്‍പോലെ നീക്കംചെയ്യപ്പെടേണ്ട ഈ പദാര്‍ഥങ്ങള്‍ അടിഞ്ഞുകൂടുന്നതാണു പ്രധാന പ്രശ്നം. ഇങ്ങനെയുണ്ടാവുന്നതില്‍ പാരമ്പര്യഘടകങ്ങള്‍ക്കു വളരെ പ്രാധാന്യമുണ്ട്. മാതാപിതാക്കളിലൊരാള്‍ക്ക് അല്‍ഷീമേഴ്സ് രോഗമുണ്ടെങ്കില്‍ മക്കള്‍ക്കു രോഗംവരാനുള്ള സാധ്യത 50 ശ.മാ. ആണ്. പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു സിദ്ധാന്തമാണ് അമൈലോയ്ഡ് കാസ്കേഡ് പരികല്പന. രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവു കൂടുന്നതുകൊണ്ട് രക്തക്കുഴലുകള്‍ അടഞ്ഞ് ഹൃദ്രോഗമുണ്ടാകുന്നതുപോലെ അമൈലോയ്ഡ് വസ്തുക്കള്‍ അടിഞ്ഞുകൂടി മസ്തിഷ്കകോശങ്ങള്‍ നശിക്കുന്നതുകൊണ്ട് ഡിമെന്‍ഷ്യ രോഗമുണ്ടാകുന്നുവെന്നതാണിത്.

കോളിനെര്‍ജിക് പരികല്പന (Cholinergic hypothesis). കോളിന്‍ (Choline), അസറ്റൈല്‍ കോ എന്‍സൈം എ (Acetyl Co-enzyme A) എന്നീ രണ്ടു പ്രികര്‍സര്‍ വസ്തുക്കളില്‍നിന്നും അസെറ്റൈല്‍ കോളിന്‍ (Ach) നിര്‍മിക്കുന്ന പ്രക്രിയ നടക്കുന്നത് നാഡീകോശങ്ങളിലെ മൈറ്റോകോണ്ട്രിയകളിലാണ്. ഇതിനു സഹായിക്കുന്ന എന്‍സൈം ആണ് കോളിന്‍ അസറ്റൈല്‍ ട്രാന്‍സ്ഫറേസ് (Choline Acetyl Transferase-CAT). ഇത്തരത്തില്‍ അസറ്റൈല്‍ കോളിന്‍ നിര്‍മിക്കുന്ന പ്രക്രിയയെയാണ് കോളിനെര്‍ജിക് പ്രവര്‍ത്തനം എന്നു പറയുന്നത്. ഓര്‍മശക്തിയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ കൈമാറുന്ന ഒരു ന്യൂറോട്രാന്‍സ്മിറ്റര്‍ (നാഡീപ്രേഷകം) ആണ് അസറ്റൈല്‍ കോളിന്‍ (ACh). കോളിനെര്‍ജിക് ഡെഫിഷ്യന്‍സി അഥവാ ബന്ധപ്പെട്ട മസ്തിഷ്കകോശങ്ങളില്‍ അസറ്റൈല്‍ കോളിന്‍ കുറയുന്ന അവസ്ഥമൂലം ഓര്‍മത്തകരാറും ഡിമെന്‍ഷ്യയും സംജാതമാകുന്നു. ഉത്പാദിപ്പിക്കപ്പെട്ട അസറ്റൈല്‍ കോളിന്‍ ആവശ്യത്തിനു തികയാത്തതുകൊണ്ടോ പ്രവര്‍ത്തനക്ഷമത കുറവായതുകൊണ്ടോ കോളിന്‍ അസറ്റൈല്‍ ട്രാന്‍സ്ഫറേസ് എന്‍സൈം ആവശ്യത്തിലും കുറവായിരുന്നാലോ ഇങ്ങനെ സംഭവിക്കാം. കൂടാതെ ഇത്തരത്തിലുള്ള കോളിനെര്‍ജിക് നാഡീകോശങ്ങളില്‍ ബീറ്റാ അമൈലോയിഡുകള്‍ അടിഞ്ഞുകൂടി ഡിമെന്‍ഷ്യക്ക് തുടക്കമിടുന്നു.

എക്സൈറ്റോടോക്സിക് പരികല്പന. അമിതമായ ന്യൂറോട്രാന്‍സ്മിഷന്‍ (നാഡീപ്രേഷണം) മൂലം അധികമായി ഉത്തേജനമുണ്ടാകുന്നതുമൂലം നാഡീകോശങ്ങള്‍ നശിക്കുന്നതുകൊണ്ട് അല്‍ഷീമേഴ്സ് രോഗമുണ്ടാകുന്നു എന്ന സിദ്ധാന്തമാണ് ഇത്. അല്‍ഷീമേഴ്സ് രോഗത്തില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ടുതരം നാഡീകോശങ്ങളാണ് കോളിനെര്‍ജിക് ന്യൂറോണുകളും (Cholinergic Neurons) ഗ്ലൂട്ടാമേറ്റ് ന്യൂറോണുകളും (Glutamate Neurons). അമിതമായ നാഡീപ്രേഷണംകൊണ്ട് ഇവയ്ക്കു നാശം സംഭവിക്കുന്നു.

ഗ്ലൂട്ടാമിന്‍ വഹിക്കുന്ന പങ്ക്. നാഡീകോശങ്ങള്‍ക്കു വെളിയില്‍ അവയുമായി ചേര്‍ന്നിരിക്കുന്ന ഗ്ലയ (glia) എന്ന ഭാഗത്തുനിന്നും ലഭിക്കുന്ന ഗ്ലൂട്ടാമിന്‍ ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി ഗ്ലൂട്ടാമേറ്റ് അഥവാ ഗ്ലൂട്ടാമിക് അമ്ലമായി രൂപാന്തരപ്പെടുന്നു. ഇത് ഒരു പ്രധാന ന്യൂറോട്രാന്‍സ്മിറ്റര്‍ ആണ്. ഗ്ലൂട്ടാമേറ്റിന്റെ അളവ് കൂടുന്നതുകൊണ്ട് അമിതമായി നാഡീകോശങ്ങള്‍ (ന്യൂറോണ്‍) ഉത്തേജിപ്പിക്കപ്പെടുകയും നശിക്കുകയും ചെയ്യുന്നതുകൊണ്ടും ഡിമെന്‍ഷ്യ ഉണ്ടാകാം. ന്യൂറോണുകള്‍ക്കുള്ളിലെ കാല്‍സിയം ചാനലുകള്‍, സ്വതന്ത്ര റാഡിക്കലുകള്‍, ഇസ്ട്രോജന്‍ ഹോര്‍മോണ്‍, തൈറോയ്ഡ് ഹോര്‍മോണ്‍, ഇമ്മ്യുണോഗ്ലോബുലിനുകള്‍, അലുമിനിയം, ഫോളിക് ആസിഡ് വൈറ്റമിന്‍, വൈറ്റമിന്‍ ബി12, തലയ്ക്കുണ്ടാകുന്ന ക്ഷതം തുടങ്ങിയവ ഓര്‍മത്തകരാറുകളില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്.

രോഗനിര്‍ണയോപാധികള്‍. ഉത്തരവാദിത്വമുള്ള ബന്ധുവില്‍നിന്നും ശരിയായ വിവരശേഖരണമാണ് പ്രധാനം. വിശദമായ ദേഹപരിശോധന, മനോനില പരിശോധന, നാഡീസംബന്ധമായ പരിശോധന, രക്തം, മൂത്രം എന്നിവയുടെ പരിശോധന, ഇലക്ട്രോ കാര്‍ഡിയോഗ്രാം (ECG), എക്സ്റേ പരിശോധന എന്നിവകൂടാതെ സി.റ്റി. സ്കാന്‍, എം.ആര്‍.ഐ. സ്കാന്‍ എന്നിവയും രോഗനിര്‍ണയത്തിനു സഹായകമാണ്.

ചികിത്സ. അല്‍ഷിമേഴ്സ് രോഗികള്‍ക്കു നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പ്രധാന ഔഷധങ്ങള്‍ താഴെപ്പറയുന്നു:

ആന്റികോളിന്‍ എസ്റ്ററെയ്സ് ഔഷധങ്ങള്‍ (ഡോനെപെസില്‍, ഗാലന്റമിന്‍, റിവാസ്റ്റിഗ്മിന്‍ മുതലായവ), മെമാന്റിന്‍, നൂട്രോപിക്സ് (ജിങ്കോബിലോബ, പൈറാസെറ്റം), വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ്, സെലിജെലിന്‍, ഈസ്ട്രജന്‍.

(ഡോ. ടി. സാഗര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍