This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍മേഡ, ഫ്രാന്‍സിസ്കൊ ദെ (1450 - 1510)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍മേഡ, ഫ്രാന്‍സിസ്കൊ ദെ (1450 - 1510)

Almeida,Francisco de

പോര്‍ച്ചുഗീസ്-ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി. 1450-ല്‍ ലിസ്ബണില്‍ ജനിച്ചു. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ പിടിച്ചെടുത്ത സ്ഥലങ്ങളുടെ വൈസ്രോയി ആയി 1505-ല്‍ പോര്‍ച്ചുഗല്‍ രാജാവായ മാനുവല്‍ I അല്‍മേഡയെ നിയമിച്ചു. ഈജിപ്തിലെ മംലൂക്ക് സുല്‍ത്താന്‍ ശക്തമായൊരു കപ്പല്‍പ്പടയുമായി ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും നിലയുറപ്പിച്ചു. ഇതിനെ ചെറുക്കാനായിരുന്നു, മൂറുകളുമായുള്ള യുദ്ധം മൂലം പരിചയസമ്പന്നനായ അല്‍മേഡയെ നിയോഗിച്ചത്. വമ്പിച്ച കപ്പല്‍പ്പടയും 1,500 പടയാളികളുമായി അല്‍മേഡ ലിസ്ബണില്‍ നിന്നും യാത്ര തിരിച്ചു. ജൂല.-യില്‍ ക്വൊയിലെ(കില്‍വ)യിലെത്തി. ആഫ്രിക്കന്‍ തീരത്തുള്ള മൊംബാസ തുടങ്ങിയ പല സ്ഥലങ്ങളും ആക്രമിച്ച് കൊള്ളയടിച്ചു. 1505 സെപ്.-ല്‍ ഇന്ത്യയിലെത്തി.

അറബികളുടെ നാവികാധിപത്യവും ഈജിപ്തിലെ മംലൂക്ക് സുല്‍ത്താന് സാമൂതിരിയുടെ മേലുണ്ടായിരുന്ന സ്വാധീനവും നശിപ്പിക്കുന്നതിനായി മലാക്ക, അഞ്ചിദ്വീപ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അദ്ദേഹം കോട്ടകള്‍ കെട്ടി; കൊച്ചിയിലുണ്ടായിരുന്ന കോട്ട പുതുക്കി. അഞ്ചിദ്വീപ് കോട്ട രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ നിലംപതിച്ചു. കണ്ണൂരിലെ കോട്ടയ്ക്ക് സെന്റ് ആഞ്ജലോ എന്നദ്ദേഹം നാമകരണം ചെയ്തു. കൊച്ചി കേന്ദ്രമാക്കി നിലയുറപ്പിച്ചുകൊണ്ട് കേരളത്തിലെ നാടുവാഴികളെ തമ്മില്‍ കലഹിപ്പിച്ച് പോര്‍ച്ചുഗീസ് ആധിപത്യം ഉറപ്പിക്കുക എന്നതായിരുന്നു അല്‍മേഡയുടെ ലക്ഷ്യം. മലാക്കയുമായി ഒരു വാണിജ്യക്കരാറുണ്ടാക്കാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ നേട്ടങ്ങളിലൊന്നാണ്. തുര്‍ക്കികള്‍ നല്കിയ ഒരു നാവികസേന പോര്‍ച്ചുഗീസുകാരെ തോല്പിക്കാന്‍ സാമൂതിരിയുടെ നേതൃത്വത്തില്‍ അണിനിരന്നു. ഈ സൈന്യത്തെ അല്‍മേഡയുടെ പുത്രനായ ലോറന്‍സോ തോല്പിച്ചു (1506 മാ. 10). ലോറന്‍സോയാണ് ആദ്യം ശ്രീലങ്ക സന്ദര്‍ശിച്ച പോര്‍ച്ചുഗീസ് വൈസ്രോയി. ചൗളില്‍വച്ചുണ്ടായ ഒരു നാവികസംഘട്ടനത്തില്‍ ലോറന്‍സോ വധിക്കപ്പെട്ടു (1508).

ഈ അവസരത്തില്‍ ഇന്ത്യയിലെ പോര്‍ച്ചുഗീസ് പ്രദേശങ്ങളെ ഭരിക്കാന്‍ തന്നെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത് എന്ന വാദവുമായി അല്‍ഫോന്‍സോ ആല്‍ബുക്കര്‍ ക്കെത്തി. ഇദ്ദേഹത്തിന്റെ അവകാശവാദത്തെ അല്‍മേഡ തള്ളിക്കളഞ്ഞു എന്നു മാത്രമല്ല, ആല്‍ബുക്കര്‍ക്കിനെ തുറുങ്കിലടയ്ക്കുകയും ചെയ്തു. തന്റെ പുത്രനെ വധിച്ചതിനു പ്രതികാരമായി അല്‍മേഡ ഗോവാതീരം വഴി മുന്നോട്ടു നീങ്ങി ശത്രുക്കളെ അമര്‍ച്ച ചെയ്തു. പിന്നീട് കൊച്ചിയില്‍ തിരിച്ചെത്തിയ അല്‍മേഡയ്ക്ക് ആല്‍ബുക്കര്‍ക്കിന്റെ അധികാരത്തെ നിഷേധിക്കാന്‍ കഴിഞ്ഞില്ല. 1509 ന.-ല്‍ ആല്‍ബുക്കര്‍ക്കിന് അധികാരം കൈമാറി. ഡി. 1-ന് മൂന്നു കപ്പലുകളുമായി അല്‍മേഡ യൂറോപ്പിലേക്കു മടങ്ങി. യാത്രയ്ക്കിടയില്‍ ശുദ്ധജലം ശേഖരിക്കാന്‍ ദക്ഷിണാഫ്രിക്കയിലെ സാല്‍ഡാന്‍ഫ ഉള്‍ക്കടലില്‍ നങ്കൂരമിട്ടു കരയ്ക്കിറങ്ങി. അവിടെവച്ച് 1510 മാ. 1-ന് ഹോട്ടന്‍ടോട്ടുകളുമായുണ്ടായ സംഘട്ടനത്തില്‍ അല്‍മേഡ കൊല്ലപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍