This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ബ്രൈറ്റ്, വില്യം ഫോക്സ് വെല്‍ (1891 - 1971)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ബ്രൈറ്റ്, വില്യം ഫോക്സ് വെല്‍ (1891 - 1971)

Albright,William Foxwell

അമേരിക്കന്‍ പുരാവസ്തുഗവേഷകന്‍. ബൈബിള്‍സംബന്ധമായ പുരാവസ്തുഗവേഷണങ്ങളാണ് ഏറിയകൂറും ഇദ്ദേഹം നടത്തിയിട്ടുള്ളത്. 1891 മേയ് 24-ന് മെത്തഡിസ്റ്റ് മിഷനറി ദമ്പതികളുടെ പുത്രനായി ചിലിയിലെ കൊക്വംബോയില്‍ ജനിച്ചു. 1903-ല്‍ യു.എസ്സില്‍ ബാള്‍ട്ടിമൂറിലെ ജോണ്‍ ഹോപ്ക്കിന്‍സ് സര്‍വകലാശാലയില്‍നിന്നും സെമിറ്റിക്ക് ഭാഷകളില്‍ ഡോക്ടര്‍ബിരുദം നേടി. അവിടെ പോള്‍ ഹാപ്റ്റിന്റെ ശിക്ഷണത്തിലാണ് ഇദ്ദേഹം സെമിറ്റിക്ക് ഭാഷകള്‍ അഭ്യസിച്ചത്. 1929-ല്‍ ഹാപ്റ്റിനെ പിന്‍തുടര്‍ന്ന് അവിടെത്തന്നെ സെമിറ്റിക്ക് ഭാഷകള്‍ക്കായുള്ള സ്പെന്‍സ് പ്രൊഫസര്‍ ആയി നിയമിക്കപ്പെട്ടു. 1958-ല്‍ ഉദ്യോഗത്തില്‍നിന്നും വിരമിക്കും വരെ ഇദ്ദേഹം അതേസ്ഥാനത്ത് തുടര്‍ന്നു.

1919-ല്‍ അല്‍ബ്രൈറ്റ് യെറുശലേമിലുള്ള പൗരസ്ത്യഗവേഷണത്തിനായുള്ള അമേരിക്കന്‍ സ്ഥാപനത്തിന്റെ ഫെലോ ആയി നിയമിക്കപ്പെട്ടു. 1920-നും 1930-നും ഇടയ്ക്ക് ഇദ്ദേഹം ആ സ്ഥാപനത്തിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. അല്‍ബ്രൈറ്റ് നടത്തിയ ഖനന പര്യവേക്ഷണങ്ങള്‍കൊണ്ട് ശൗലിന്റെ ഗിബോടെല്‍-ബിത്മിര്‍സിം (കോര്‍ജാത്ത്-സെഫര്‍) തുടങ്ങിയ പ്രാചീന നഗരസംസ്കാരങ്ങളുടെ നഷ്ടാവശിഷ്ടങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞു. മറ്റു പണ്ഡിതന്‍മാരുമായി ചേര്‍ന്നു നടത്തിയ നിരീക്ഷണങ്ങളില്‍ പലസ്തീനിലെ ബെത്ത്, സൂര്‍, ബെഥേല്‍ എന്നീ സ്ഥലങ്ങളിലെയും യോര്‍ദാനിലെ ബലൂഹ, പെത്രാ എന്നിവിടങ്ങളിലെയും ഭൂഖനനഗവേഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. നരവംശശാസ്ത്രപഠനം സംബന്ധിച്ച അമേരിക്കന്‍ ഫൗണ്ടേഷന്‍ അറേബ്യയില്‍ തിംനാ, ഹജര്‍ബില്‍, ഹുമെദ്, വാഡിബെയ്ഹന്‍ എന്നിവിടങ്ങളില്‍ നടത്തിയ ഭൂഖനനങ്ങളുടെ നേതൃത്വം അല്‍ബ്രൈറ്റിനായിരുന്നു. മുഖ്യപുരാവസ്തുഗവേഷകന്‍ എന്ന നിലയില്‍ യോര്‍ദാനിലും സീനായിയിലും ഇദ്ദേഹം പല പര്യവേക്ഷണങ്ങളും നടത്തിയിട്ടുണ്ട്. പുരാവസ്തുവിജ്ഞാനീയം, ഭൂരൂപ പഠനം, ഭാഷാശാസ്ത്രം ഇവ ബൈബിള്‍ ചരിത്രപഠനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളാണെന്ന് ഉറപ്പിച്ചുപറഞ്ഞ ആദ്യത്തെ ഗവേഷകന്‍ ഇദ്ദേഹമാണ്. അതുപോലെതന്നെ മണ്‍പാത്രങ്ങളും പാത്രങ്ങളുടെ തുണ്ടുകളും കാലഗണനയ്ക്ക് വിശ്വസിക്കത്തക്ക ശാസ്ത്രീയോപകരണങ്ങളാണെന്ന് ഇദ്ദേഹം കാണിച്ചു.

അല്‍ബ്രൈറ്റിന്റെ ശാസ്ത്രീയലേഖനങ്ങള്‍ ഉള്‍ പ്പെടെയുള്ള കൃതികള്‍ എല്ലാംതന്നെ ബൈബിള്‍ സംബന്ധിച്ചും മധ്യപൗരസ്ത്യദേശങ്ങളെക്കുറിച്ചും ഉള്ള അറിവു വര്‍ധിപ്പിക്കുന്നതിന് ഉപകരിക്കുന്നവയാണ്. ഇദ്ദേഹത്തിന്റെ കൃതികളില്‍ ദി ആര്‍ക്കിയോളജ് ഒഫ് പലസ്തീന്‍ ആന്‍ഡ് ദ് ബൈബിള്‍ (1931-35), ദി വോക്കലൈസേഷന്‍ ഒഫ് ദി ഈജിപ്ഷ്യന്‍ സിലാബിക് ഓര്‍ത്തോഗ്രാഫി (1934), ദി എക്സ്കവേഷന്‍ ഒഫ് ടെല്‍ ബിയറ്റ് മിര്‍സിം (1932-43), ഫ്രം ദ് സ്റ്റോണ്‍ ഏജ് ടു ക്രിസ്ത്യാനിറ്റി, ആര്‍ക്കിയോളജി ആന്‍ഡ് ദ് റിലിജിയന്‍ ഒഫ് ഇസ്രയേല്‍ (1942-46), ദ് ബൈബിള്‍ ആന്‍ഡ് ദി ഏന്‍ഷ്യന്റ് ന്യു ഈസ്റ്റ് (1961) തുടങ്ങിയവ വളരെ വിലപ്പെട്ടവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍