This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ബെറോനി, ഗ്യൂലിയോ (1664 - 1752)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ബെറോനി, ഗ്യൂലിയോ (1664 - 1752)

Alberoni,Giulio

സ്പാനിഷ്-ഇറ്റാലിയന്‍ കര്‍ദിനാളും രാജ്യതന്ത്രജ്ഞനും. ഒരു തോട്ടക്കാരന്റെ പുത്രനായി പിയാസെന്‍സയ്ക്കടുത്തുള്ള ഫിയൊറന്‍സ്വോല ഗ്രാമത്തില്‍ 1664 മാ. 21-ന് അല്‍ബെറോനി ജനിച്ചു. ജസ്യൂട്ട് പാതിരിമാരുടെ കീഴിലാണ് വിദ്യാഭ്യാസം നടത്തിയത്. പുരോഹിതപ്പട്ടം ലഭിച്ചതിനെത്തുടര്‍ന്ന് പാര്‍മയില്‍ പാതിരിയായിത്തീര്‍ന്നു. ഇറ്റലിയിലെ ഫ്രഞ്ചു സൈന്യത്തിന്റെ കമാന്‍ഡറായിരുന്ന വെന്‍ഡോം പ്രഭുവിന്, സ്പാനിഷ് പിന്തുടര്‍ച്ചാവകാശയുദ്ധകാലത്ത് (1701-14) സഹായം നല്കി. 1711-ല്‍ സ്പെയിനില്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സ്പെയിന്‍ രാജാവായ ഫിലിപ്പ് V-ഉം പാര്‍മയിലെ പ്രഭുവിന്റെ പുത്രിയായ എലിസബെത്ത് ഫാര്‍ണെസും തമ്മില്‍ വിവാഹിതരാകുന്നതിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തു. രാജ്ഞിയുടെ സ്വാധീനം മൂലം സ്പാനിഷ് കൊട്ടാരത്തില്‍ അല്‍ബെറോനിയുടെ പദവി ഉയര്‍ന്നു. അല്‍ബെറോനി 1715-ല്‍ സ്പെയിനിലെ പ്രധാനമന്ത്രിയായിത്തീര്‍ന്നു. യൂട്രെക്റ്റ് സന്ധിയെ മറികടക്കുകയെന്നതായിരുന്നു ഇദ്ദേഹത്തിന്റെ വിദേശനയത്തിന്റെ കാതല്‍.

ആസ്റ്റ്രിയയുടെ അധീനതയിലായിരുന്ന പാര്‍മയിലും പിയാസെന്‍സയിലും എലിസബെത്ത് രാജ്ഞിക്കുള്ള അധികാരം വികസിപ്പിക്കുന്നതില്‍ അല്‍ബറോനി ജാഗരൂകനായിരുന്നു. അതിനുവേണ്ടി സ്പെയിനിലെ ഭരണകൂടം, സൈന്യം എന്നിവയെ ഇദ്ദേഹം പുനരുദ്ധരിച്ചു. ഈ പദ്ധതികള്‍ പൂര്‍ണമാക്കാന്‍ എലിസബെത്തിന്റെ അക്ഷമമൂലം കഴിഞ്ഞില്ല. ജോര്‍ജ് I-നെതിരായി സ്കോട്ടിഷ് ജാക്കോബൈറ്റുകളെ സഹായിക്കാന്‍ 1718-ല്‍ അല്‍ബറോനി ഒരു സൈന്യത്തെ അയച്ചു. എന്നാല്‍ കാഡിസില്‍ നിന്നും യാത്ര തിരിച്ച ഈ സൈന്യം ഇടയ്ക്കു കപ്പല്‍ അപകടത്തില്‍ പ്പെട്ടു. ഇറ്റലിയിലെ സ്പാനിഷാധിപത്യം അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ആസ്റ്റ്രിയ, ഹോളണ്ട് എന്നീ ചതുശ്ശക്തികള്‍ ഒന്നിച്ച് 1718-ല്‍ സ്പെയിന്‍ ആക്രമിച്ചു. സ്പാനിഷ് പരാജയത്തെത്തുടര്‍ന്ന് അല്‍ബറോനി നാടുകടത്തപ്പെട്ടു. ഇറ്റലിയിലെത്തിയ അല്‍ബെറോനിയെ അറസ്റ്റുചെയ്യാന്‍, ഇദ്ദേഹത്തിന്റെ ബദ്ധവിരോധിയായ മാര്‍പ്പാപ്പ ക്ലെമന്റ് XI ഉത്തരവു പുറപ്പെടുവിച്ചു. ക്ലെമന്റിന്റെ നിര്യാണത്തെത്തുടര്‍ന്നു നടന്ന മാര്‍പ്പാപ്പ തെരഞ്ഞെടുപ്പില്‍ അല്‍ബെറോനി പങ്കെടുത്തു. അടുത്ത മാര്‍പ്പാപ്പ തെരഞ്ഞെടുപ്പില്‍ അല്‍ബെറോനിയും മത്സരിച്ച് (10 വോട്ടു നേടി) പരാജയപ്പെട്ടു (ഇനസെന്റ് ​XIII മാര്‍പ്പാപ്പയായി). 1752 ജൂണ്‍ 16-ന് അല്‍ബെറോനി നിര്യാതനായി. നിരവധി കൈയെഴുത്തുപ്രതികള്‍ അല്‍ബെറോനിയുടേതായി കണ്ടുകിട്ടിയിട്ടുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും ഇദ്ദേഹത്തിന്റെതാണോ എന്നത് സംശയാസ്പദമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍