This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ബുമിന്യൂറിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ബുമിന്യൂറിയ

Albuminuria

മൂത്രത്തില്‍ ആല്‍ബുമിന്‍ പ്രത്യക്ഷമാകുന്ന അവസ്ഥ. ഇതു പല പ്രമുഖരോഗങ്ങളുടെയും ഒരു പ്രധാന ലക്ഷണമാണ്. സാധാരണഗതിയില്‍ മൂത്രത്തില്‍ ആല്‍ബുമിന്‍ പ്രത്യക്ഷമാകാറില്ല. ചിലരുടെ മൂത്രത്തില്‍ തുച്ഛമായ അളവില്‍ ആല്‍ബുമിന്‍ കണ്ടെന്നുവരാം. അരോഗാവസ്ഥയില്‍ വൃക്കകള്‍ രക്തപ്രോട്ടീനുകളെ മൂത്രത്തിലേക്കു കടക്കാനനുവദിക്കുന്നില്ല.

മൂത്രപഥത്തിലെ രോഗങ്ങള്‍ (urinary tract diseases) അല്‍ബുമിന്യൂറിയ ഉണ്ടാക്കുന്നു. അവയില്‍ പ്രധാനപ്പെട്ടവ വൃക്കശോഥം (nephritis), നെഫ്റോസിസ് (nephrosis), പയ്‍ലൈറ്റിസ് (pyelitis), സിസ്റ്റൈറ്റിസ് (cystitis), യൂറിത്രൈറ്റിസ് (urethritis) എന്നിവയാണ്. ഹൃദ്രോഗങ്ങള്‍, ജ്വരങ്ങള്‍, ഗര്‍ഭകാലത്തിലെ ടോക്സീമിയാകള്‍ (toxaemias of pregnancy), ആഴ്സെനിക് (arsenic), സ്വര്‍ണം, ക്വിനൈന്‍ (quinine), സാലിസിലിക് ആസിഡ് (salicylic acid) തുടങ്ങിയവയും അല്‍ബുമിന്യൂറിയയ്ക്കു നിദാനങ്ങള്‍തന്നെ.

ശരീരക്രിയാത്മക അല്‍ബുമിന്യൂറിയ (Physiological Albuminuria). അധികമായി പ്രോട്ടീന്‍ കഴിക്കുക, തീവ്രമായ ശരീരായാസം ഉണ്ടാവുക, തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നിവമൂലം ചിലരില്‍ അല്‍ബുമിന്യൂറിയ ഉണ്ടാകുന്നു. നവജാതശിശുവിലും ഗര്‍ഭിണികളിലും മറ്റു രോഗങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ത്തന്നെയും അല്‍ബുമിന്യൂറിയ കാണാറുണ്ട്. ഇതിനു പ്രത്യേക ചികിത്സ ആവശ്യമില്ല.

സ്ഥിതിജഅല്‍ബുമിന്യൂറിയ (Postural Albuminuria or Orthostatic or Cyclical Albuminuria). അധികനേരം നില്ക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോള്‍ ആല്‍ബുമിന്‍ മൂത്രത്തില്‍ പ്രത്യക്ഷമാവുകയും കിടക്കുമ്പോള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നതരം അല്‍ബുമിന്യൂറിയയാണിത്. ഇതിന്റെ കാരണം അജ്ഞാതമാണ്. ഇതിനു പ്രത്യേക ചികിത്സ ആവശ്യമില്ല.

ലുക്കീമിയ (leukaemia), മള്‍ട്ടിപ്പിള്‍ മയ്ലോമ (multiple myeloma) എന്നീ രോഗങ്ങളില്‍ ബെന്‍സ് ജോണ്‍സ് പ്രോട്ടീന്‍ (Bence Jones proteins) എന്നൊരുതരം പ്രോട്ടീന്‍ മൂത്രത്തില്‍ പ്രത്യക്ഷമാകുന്നു.

അല്‍ബുമിന്യൂറിയയ്ക്കു ഹേതുവാകുന്ന രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കുക എന്നതാണ് പ്രധാനം. ആ രോഗങ്ങള്‍ മാറുന്നതോടെ അല്‍ബുമിന്യൂറിയയും അപ്രത്യക്ഷമാകുന്നു.

(ഡോ. കമലാഭായി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍