This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ബിറൂനി (973 - 1050)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ബിറൂനി (973 - 1050)

ചരിത്രകാരനും ശാസ്ത്രപണ്ഡിതനും. അബുല്‍ റെയ്ഹാന്‍ മുഹമ്മദ് ഇബ്നു അഹമ്മദ് അല്‍ബിറൂനി എന്നാണു പൂര്‍ണമായ പേര്. അല്‍ബിറൂനി ഖീവയിലെ (കസാഖ്സ്താന്‍) ഒരു ഇറാനിയന്‍ കുടുംബത്തില്‍ 973 സെപ്. 4-ന് ജനിച്ചു. അസാധാരണ ബുദ്ധിശക്തിയുണ്ടായിരുന്ന അല്‍ബിറൂനി കുട്ടിക്കാലം മുതല്‍ ഗ്രന്ഥപാരായണത്തില്‍ ശ്രദ്ധിച്ചിരുന്നു. ഖീവയിലെ ഉന്നത വിദ്യാകേന്ദ്രങ്ങളില്‍ നിന്നു പല വിഷയങ്ങളിലും ഇദ്ദേഹം നൈപുണ്യം നേടി. ജീവിതത്തിലെ ആദ്യത്തെ 25 വര്‍ഷക്കാലം സ്വദേശത്തു തന്നെ കഴിച്ചുകൂട്ടി. അക്കാലത്ത് അബുനസര്‍, മന്‍സൂര്‍ തുടങ്ങിയ ഗണിത ശാസ്ത്രജ്ഞന്മാരില്‍ നിന്നു ശിക്ഷണം നേടി. ഇബ്നു സീനയുമായി സൗഹൃദത്തിലായതും ഈ കാലത്തായിരുന്നു. സമാനിദ് സുല്‍ത്താനായ മന്‍സൂര്‍ (ഭ.കാ. 997-999) അല്‍ബിറൂനിയെ പ്രോത്സാഹിപ്പിച്ചു. അവിടെനിന്നും കാസ്പിയന്‍ കടലിനു കിഴക്കുള്ള ജുര്‍ജാനില്‍ എത്തി, അബുല്‍ഹസന്‍ കാബൂസിന്റെ പ്രീതി നേടി. അവിടെവച്ചാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ കൃതി വിരചിതമായത്; കൃതിയുടെ സമര്‍പ്പണവും കാബൂസിനായിരുന്നു. പേര്‍ഷ്യന്‍ ഭാഷയില്‍ അവഗാഹം നേടിയ അല്‍ബിറൂനി ശാസ്ത്രവിഷയങ്ങള്‍ ആദ്യഘട്ടത്തില്‍ അറബിഭാഷയിലാണ് രചിച്ചത്.

അല്‍ബിറൂനിയുടെ പാണ്ഡിത്യത്തെക്കുറിച്ച് അറിയാനിടയായ രാജാക്കന്മാര്‍ ഇദ്ദേഹത്തെ തങ്ങളുടെ രാജസദസ്സുകളിലേക്കു ക്ഷണിച്ചിരുന്നു. ഖീവ കീഴടക്കിയ മഹ്മൂദ് ഗസ്നി പിടിച്ചെടുത്ത തടവുകാരുടെ കൂട്ടത്തില്‍ അല്‍ബിറൂനിയും ഉള്‍ പ്പെട്ടു. ഇതിനകം തന്നെ ഒരു മികച്ച ജ്യോതിശ്ശാസ്ത്രജ്ഞനായി അല്‍ബിറൂനി പ്രശസ്തി നേടിക്കഴിഞ്ഞിരുന്നു. ആസാറുല്‍ ബാഖിയ ഫീഖുറുനില്‍ ഖാലിയ (കഴിഞ്ഞുപോയ കാലഘട്ടങ്ങളുടെ അവശിഷ്ടങ്ങള്‍) എന്ന ഗ്രന്ഥം തന്നെ ഇദ്ദേഹത്തിന്റെ പ്രശസ്തിക്കു തെളിവാണ്. ഈ ഗ്രന്ഥം ജുര്‍ജാനിലെ രാജാവായിരുന്ന ഷംസുല്‍മാലിക്കിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. പൗരാണിക സമുദായങ്ങള്‍ കണക്കാക്കിപ്പോന്നിരുന്ന വര്‍ഷങ്ങളും ഉത്സവങ്ങളും അവയ്ക്കോരോ കാലഘട്ടത്തിലും വന്ന മാറ്റങ്ങളും ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മഹ്മൂദ് ഗസ്നിയുടെ സൈന്യത്തോടൊപ്പമാണ് അല്‍ബിറൂനി ഇന്ത്യയില്‍ വന്നത്. 1017-30 കാലഘട്ടത്തില്‍ ഗസ്നിയിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും താമസിച്ചിരുന്ന അല്‍ബിറൂനി ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തുവാനും ദാര്‍ശനികവും ശാസ്ത്രീയവുമായ നേട്ടങ്ങളെ മനസ്സിലാക്കുവാനും ഇവിടത്തെ ഭാഷ പഠിച്ചേതീരൂ എന്നു മനസ്സിലാക്കി. അതിനാല്‍ ആദ്യം സംസ്കൃതവും പിന്നീട് ആ ഭാഷയിലെ അനര്‍ഘങ്ങളായ ഗ്രന്ഥങ്ങളും ഇദ്ദേഹം പഠിച്ചു. ഓരോ വിഷയത്തിലുമുള്ള പണ്ഡിതന്മാരുമായി പരിചയപ്പെട്ട് അവരുമായി ആശയവിനിമയം ചെയ്തു. സംസ്കൃതത്തിലെ പല ഗ്രന്ഥങ്ങളും അറബിയിലേക്കും, അറബിയിലെ ചില ഗ്രന്ഥങ്ങള്‍ സംസ്കൃതത്തിലേക്കും ഇദ്ദേഹം വിവര്‍ത്തനം ചെയ്തു. കപിലന്റെ സാംഖ്യവും, പതഞ്ജലിസൂത്രവും അക്കൂട്ടത്തില്‍ പ്പെടും. ഗ്രീക്, സുറിയാനി, ഹീബ്രു എന്നീ ഭാഷകളിലും അല്‍ബിറൂനി അറിവു നേടിയിരുന്നു. പ്രസ്തുത ഭാഷകളിലെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ അറബിയിലേക്കും സംസ്കൃതത്തിലേക്കും പരിഭാഷപ്പെടുത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു.

ഭാരതീയപഠനങ്ങള്‍. ഭാരതീയ ആചാരസംസ്കാരാദികളെക്കുറിച്ച് അവഗാഢമായി പഠിക്കുവാനും ഗവേഷണം നടത്തുവാനും നിഷ്പക്ഷമായ താരതമ്യ പഠനം നടത്തുവാനും ഉത്സുകനായിരുന്നു അല്‍ബിറൂനി. ഇന്ത്യയുടെ പ്രാചീനകാലഗണനാസമ്പ്രദായത്തിന്റെ സാങ്കേതിക സമ്പൂര്‍ണതയെ അല്‍ബിറൂനി വളരെ ശ്ലാഘിച്ചിട്ടുണ്ട്. വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ഭാരതീയ ജനതയിലുള്ള സ്വാധീനത്തെയും ആര്യന്മാരുടെ നാഗരികതയെയുംകുറിച്ച് ഇദ്ദേഹം വിശദമായി എഴുതിയിട്ടുണ്ട്. ഗ്രീസിലെയും ഈജിപ്തിലെയും ശാസ്ത്രീയ പുരോഗതി ഇന്ത്യയിലേതുമായി താരതമ്യപ്പെടുത്തിയിട്ട് ഇദ്ദേഹം പറയുന്നത്, വിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം അവര്‍ ഇന്ത്യാക്കാരുടെ അടുത്തൊന്നും എത്തുന്നില്ലെന്നാണ്. പൗരാണിക കാലത്തുതന്നെ ജ്യോതിഃശാസ്ത്രത്തില്‍ ഇന്ത്യ നേടിയിരുന്ന പുരോഗതിയെ ഇദ്ദേഹം പ്രകീര്‍ത്തിക്കുന്നുണ്ട്. സൂര്യചന്ദ്രന്മാരുടെ ചരരാശികളെയും ജ്യോതിസ്സുകളുടെ ഘടനയെയും പ്രപഞ്ചസംവിധാനത്തെയും പറ്റി ഇന്ത്യാക്കാരെപ്പോലെ വസ്തുനിഷ്ഠമായും സൂക്ഷ്മമായും മറ്റുള്ളവര്‍ പഠിച്ചിരുന്നില്ല എന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ രസവാദവിജ്ഞാനത്തെയും അതിന്റെ ഉപജ്ഞാതാവായ നാഗാര്‍ജുനനെയും പറ്റി പലയിടത്തും ഇദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. മധ്യകാല ഇന്ത്യയെക്കുറിച്ചു പഠിക്കാനും ആധികാരികമായി മനസ്സിലാക്കാനും അല്‍ബിറൂനിയുടെ ഗ്രന്ഥങ്ങള്‍ ഉതകുന്നു.

ശാസ്ത്രപാണ്ഡിത്യം. ഗണിതശാസ്ത്രത്തിന് അല്‍ബിറൂനിയില്‍നിന്നു വിലപ്പെട്ട പല സംഭാവനകളും ലഭിച്ചിട്ടുണ്ട്. ക്ഷേത്രഗണിതത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുകയും പുതിയ വഴികള്‍ കണ്ടു പിടിക്കുകയും ചെയ്തു. പ്രകൃതിശാസ്ത്രവും പദാര്‍ഥവിജ്ഞാനീയവും അല്‍ബിറൂനിക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു. ലോഹങ്ങളുടെയും കല്ലുകളുടെയും സാന്ദ്രത കണ്ടുപിടിക്കാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ മഹത്തായ നേട്ടങ്ങളിലൊന്നാണ്. സ്വര്‍ണം, രസം, ചെമ്പ്, പിച്ചള, ഇരുമ്പ്, തൂത്തനാകം, കാരീയം, മുത്ത് മുതലായവയ്ക്ക് ആയിരം കൊല്ലങ്ങള്‍ക്കു മുന്‍പ് ഇദ്ദേഹം നിര്‍ണയിച്ച സാന്ദ്രതയ്ക്കു നവീനസാമഗ്രികളുടെ സഹായത്തോടുകൂടി ഇന്നത്തെ ശാസ്ത്രലോകം നിര്‍ണയിച്ചതുമായി ഗണ്യമായ വ്യത്യാസമില്ല. സാന്ദ്രത കണ്ടുപിടിക്കാന്‍ താന്‍ നിര്‍മിച്ച സാമഗ്രികളെയും അവയുടെ പ്രവര്‍ത്തനരീതികളെയും ഇദ്ദേഹം വിശദമായി വിവരിച്ചിട്ടുണ്ട്. പദാര്‍ഥവിജ്ഞാനീയവും പരമാണുശാസ്ത്രവും കൂടുതല്‍ ഗവേഷണമര്‍ഹിക്കുന്നതാണെന്നും അതുകൊണ്ടുണ്ടായേക്കാവുന്ന നേട്ടങ്ങള്‍ അദ്ഭുതാവഹമായിരിക്കുന്നുമെന്നും ഇദ്ദേഹം അന്നേ പ്രവചിച്ചിരുന്നു.

ഭൂമിശാസ്ത്രരചനയിലും അല്‍ബിറൂനി തന്റെ കഴിവുകള്‍ പ്രകടമാക്കിയിട്ടുണ്ട്. ധ്രുവാംശരേഖകള്‍, അക്ഷാംശരേഖകള്‍ എന്നിവ നിര്‍ണയിക്കുന്നതിനെയും രാജ്യങ്ങള്‍ തമ്മിലുള്ള ദൂരം കണക്കാക്കുന്നതിനെയും സംബന്ധിച്ച് ഇദ്ദേഹം പല കൃതികളും രചിച്ചിട്ടുണ്ട്. ഗോളാകൃതിയിലുള്ള ഭൂമിയുടെയും സൗരയൂഥത്തിന്റെയും രൂപങ്ങള്‍ പരന്ന ഉപരിതലത്തില്‍ വരയ്ക്കുന്നതിന് ഇദ്ദേഹം കാണിച്ചുതന്ന മാര്‍ഗമാണു പില്ക്കാലത്തെ ഭൂമിശാസ്ത്രജ്ഞന്മാരും പിന്തുടര്‍ന്നത്.

അമേരിക്ക വന്‍കര അക്കാലത്ത് തികച്ചും അജ്ഞാതമായിരുന്നു.അത് ലാന്തിക്ക് സമുദ്രത്തിനപ്പുറത്തു ജനവാസമുണ്ടെന്ന് അല്‍ബിറൂനി പ്രവചിച്ചിരുന്നു. അഞ്ചു നൂറ്റാണ്ടുകള്‍ക്കുശേഷം ആ പ്രവചനം ശരിയാണെന്ന് കൊളംബസ് തെളിയിച്ചു.

ഭൂമിക്ക് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഇദ്ദേഹം അതിസൂക്ഷ്മമായി പഠനം നടത്തിയിട്ടുണ്ട്. അതിന്റെ ഫലമായി ഇദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'കടല്‍ കരയായും കര കടലായും കാലാന്തരത്തില്‍ മാറിക്കൊണ്ടിരിക്കും. അത് മനുഷ്യന്‍ ഭൂമിയില്‍ വരുന്നതിനു മുന്‍പാണെങ്കില്‍ അറിയപ്പെടാതെയും അതിനുശേഷമാണെങ്കില്‍ ഗൗനിക്കപ്പെടാതെയും പോവുകയാണ്. അറേബ്യന്‍ മരുഭൂമി ഒരുകാലത്ത് കടലായിരുന്നു. കിണറുകളും മറ്റും കുഴിക്കുമ്പോള്‍ മണ്ണിന്റെയും മണലിന്റെയും ചരല്‍ക്കല്ലുകളുടെയും അടുക്കുകള്‍ കണ്ടെത്തുന്നു. ചില അവസരങ്ങളില്‍ കല്ലുകളും മറ്റും പൊട്ടിക്കുമ്പോള്‍ ചിപ്പികളോ അവയുടെ രൂപത്തിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളോ കാണാന്‍ സാധിക്കും.'

സിന്ധുനദീതടസംസ്കാരത്തെക്കുറിച്ച് ഇദ്ദേഹം സൂചന നല്കുന്നുണ്ട്. മോഹഞ്ജൊദരോയിലും ഹാരപ്പയിലും ഖനനം ചെയ്ത പുരാവസ്തു ഗവേഷകര്‍ അല്‍ബിറൂനിയുടെ വിവരണങ്ങള്‍ യാഥാര്‍ഥ്യമായിരുന്നുവെന്ന് തെളിയിച്ചു. ഖനനം നടത്തുകയാണെങ്കില്‍ പുരാതനകാലത്ത് ജീവിച്ചിരുന്ന ജീവികളുടെയും മറ്റും അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം വിശ്വസിച്ചു.

സൗരയൂഥത്തെക്കുറിച്ചു പഠനം നടത്തി ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ച് ആധികാരികഗ്രന്ഥങ്ങള്‍ അല്‍ബിറൂനി രചിച്ചിട്ടുണ്ട്. സൗരയൂഥത്തിലെ ഗ്രഹങ്ങളെ സംബന്ധിച്ച ശരിയായ കണക്കുകള്‍ അല്‍ബിറൂനി തയ്യാറാക്കി. നക്ഷത്രനിരീക്ഷണത്തിനായി അക്കാലത്തുപയോഗിച്ചിരുന്ന സാമഗ്രികള്‍ അപര്യാപ്തമെന്നു കണ്ട് അവയില്‍ മാറ്റം വരുത്തി പരിഷ്കരിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് അകലെയുള്ള വസ്തുക്കളുടെ ദൂരവും ഉയരവും കൂടി നിര്‍ണയിക്കത്തക്കവിധത്തില്‍ അവ തയ്യാറാക്കി. സൂര്യചന്ദ്രന്മാരുടെ ചലനങ്ങള്‍ സൂക്ഷ്മമായി രേഖപ്പെടുത്തുന്ന മറ്റൊരു ഉപകരണവും ഇദ്ദേഹം കണ്ടുപിടിച്ചു.

കൃതികള്‍. സൗരയുഥത്തെക്കുറിച്ച് അല്‍ബിറൂനി നടത്തിയ ഗവേഷണഫലങ്ങളെ വിശദീകരിച്ചുകൊണ്ട് എഴുതിയിട്ടുള്ള രണ്ട് ഉത്കൃഷ്ട ഗ്രന്ഥങ്ങളാണ് അല്‍-ഖാനൂനുല്‍ അല്‍-മസ് ഊദിഫില്‍ ഹയാ വ അല്‍നുജും, അല്‍-തഹ് ഹിംലി അവായില്‍ സിനാ അത്ത് അല്‍-തന്‍സീം എന്നിവ. ആദ്യത്തെ ഗ്രന്ഥം ഗസ്നിയിലെ രാജാവായ മഹ്മൂദിന്റെ പുത്രനായ മസ്ഊദിനാണു സമര്‍പ്പിച്ചിട്ടുള്ളത്. മസ്ഊദ് ഒരു ആനച്ചുമട് വെള്ളി ഇതിനു പാരിതോഷികമായി നല്കി. അല്‍ബിറൂനി അതു മുഴുവനും രാജഭണ്ഡാരത്തിലേക്കു തന്നെ സംഭാവന ചെയ്തു.

ഒരു ഒട്ടകത്തിനു ചുമക്കാവുന്നതില്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ അല്‍ബിറൂനി എഴുതിയിട്ടുണ്ടായിരുന്നുവെന്നാണ് ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇദ്ദേഹം എഴുതിയിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളുടെയും പട്ടിക തയ്യാറാക്കുവാന്‍ ഈ അടുത്തകാലത്ത് ഒരു ശ്രമം നടത്തുകയുണ്ടായി. അതിന്റെ ഫലമായി 180 കൃതികളുടെയും, അവയിലെ ഉള്ളടക്കങ്ങളുടെയും, ഇന്ന് അവ ലഭിക്കുന്ന സ്ഥലങ്ങളുടെയും വിവരണം ഫ്രാന്‍സില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഇദ്ദേഹം രചിച്ച താരിഖ് അല്‍ ഹിന്ദ് ഇന്ത്യാചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ഒരു ആധികാരിക ഗ്രന്ഥമാണ്. നരവംശശാസ്ത്രം, ഭൂവിജ്ഞാനീയം, ഭൂമിശാസ്ത്രം, ഖഗോളശാസ്ത്രം, പ്രകൃതിശാസ്ത്രം, ഊര്‍ജതന്ത്രം, ഭാഷാശാസ്ത്രം, അന്തരീക്ഷശാസ്ത്രം ആദിയായ വിഷയങ്ങളിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം എ.ഡി. 1050-ല്‍ ഗസ്നിയില്‍വച്ചു നിര്യാതനായി. ചലിക്കുന്ന ഒരു സര്‍വവിജ്ഞാനകോശമായി കരുതപ്പെടുന്ന അല്‍ബിറൂനിയുടെ ജന്മസഹസ്രാബ്ദി 1973-ല്‍ ലോകമെങ്ങും ആഘോഷിച്ചു. യുണെസ്കോയും ഓറിയന്റലിസ്റ്റ് കോണ്‍ഗ്രസും സംയുക്തമായിട്ടാണ് ഈ ആഘോഷം നടത്തിയത്. ഇദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച് വ്യാപകമായ പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. മോസ്കോ, ലെനിന്‍ഗ്രാഡ്, മധ്യേഷ്യന്‍ റിപ്പബ്ളിക്കുകള്‍, കസാഖ്സ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധന്മാരാണ് ഈ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. റഷ്യന്‍-ഉസ്ബെക്ക് ഭാഷകളില്‍ അല്‍ബിറൂനിയുടെ സമാഹൃതകൃതികള്‍ താഷ്കെന്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കയാണ്.

1971-ലും '72-ലും അല്‍ബിറൂനിയുടെ ശാസ്ത്രവിഷയപഠനങ്ങളെ അടിസ്ഥാനപ്പെടുത്തി താഷ്കെന്റില്‍ രണ്ടു ശാസ്ത്രസമ്മേളനങ്ങള്‍ നടത്തി. ഇദ്ദേഹത്തെ അധികരിച്ചുള്ള ഒരു ശാസ്ത്ര ചിത്രവും നിര്‍മിച്ചിട്ടുണ്ട്. നോ: താരിഖ് ഉല്‍ ഹിന്ദ്

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍