This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ഫ്‍വെന്‍, ഹാന്‍സ് ഒലോഫ് ഗോസ്ത (1908 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ഫ്‍വെന്‍, ഹാന്‍സ് ഒലോഫ് ഗോസ്ത (1908 - 95)

Alfven,Hannes Olof Gosta

ഭൗതികശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ സ്വീഡിഷ് ശാസ്ത്രജ്ഞന്‍. 1908 മേയ് 30-ന് സ്വീഡനില്‍ ജനിച്ചു. പിതാവ് ജോഹന്നസ് അല്‍ ഫ്വെനും മാതാവ് അന്നാ ക്ലാരാ റൊമാനസും വൈദ്യശാസ്ത്രവിദഗ്ധരായിരുന്നു. ഉപ്‍സല സര്‍വകലാശാലയില്‍ വിദ്യാഭ്യാസം നേടിയ അല്‍ഫ്‍വെന്‍ 1934-ല്‍ ഡോക്ടറേറ്റ് ബിരുദം നേടി. അതേവര്‍ഷം തന്നെ ഉപ്സലാ സര്‍വകലാശാലയില്‍ ഊര്‍ജതന്ത്ര അധ്യാപകനായി നിയമനം ലഭിച്ചു. 1937-ല്‍ സ്റ്റോക്ഹോമിലെ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്സില്‍ റിസര്‍ച്ച് ഫിസിസിസ്റ്റായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് 1940-ല്‍ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ തിയറി ഒഫ് ഇലക്ട്രിസിറ്റി പ്രൊഫസറായും 1945-ല്‍ ഇലക്ട്രോണിക്സ് പ്രൊഫസറായും 1963-ല്‍ പ്ലാസ്മാ ഫിസിക്സ് പ്രൊഫസറായും നിയമനം ലഭിച്ച അല്‍ഫ് വെന്‍ 1967 മുതല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഊര്‍ജതന്ത്രത്തിന്റെ വിസിറ്റിങ് പ്രൊഫസറായിരുന്നു.

പ്ലാസ്മാ ഫിസിക്സിന് അല്‍ഫ്‍വെന്‍ നിസ്തുലമായ സംഭാവനകള്‍ നല്കി. (ഭാഗികമായോ പൂര്‍ണമായോ അയണീകരിക്കപ്പെട്ട ആറ്റങ്ങളും ഇലക്ട്രോണുകളും ചേര്‍ന്ന മിശ്രമാണ് പ്ളാസ്മ) മാഗ്നറ്റിക് ഫീല്‍ഡുകളില്‍ പ്ലാസ്മയുടെ സ്വഭാവം സംബന്ധിച്ച പഠനമാണ് അല്‍ഫ്‍വെന്‍ നടത്തിയത്. അല്‍ഫ്‍വെന്റെ കണ്ടെത്തലുകള്‍ ആദ്യകാലത്ത് വേണ്ടത്ര ശ്രദ്ധക്കപ്പെട്ടില്ലെങ്കിലും ഇപ്പോള്‍ കണത്വരിതങ്ങളുടെ (particle accelerators) നിര്‍മിതിയിലും ഭാവിയുടെ ഊര്‍ജ വാഗ്ദാനമായ ടോകാമാക്(Tokamak) പോലുള്ള ഫ്യൂഷന്‍ റിയാക്ടറുകളുടെ നിര്‍മിതിയിലും പ്ലാസ്മാ റോക്കറ്റ് പ്രൊപല്‍ഷന്‍ സാങ്കേതിക വിദ്യയിലും എല്ലാം അത് വളരെയേറെ പ്രയോജനകരമായി മാറിയിട്ടുണ്ട്. ഭൂമിക്ക് ചുറ്റുമുള്ള വാന്‍ അല്ലന്‍ വികിരണ ബെല്‍റ്റ് (Van Allen Radiation Belt), കാന്തിക കൊടുങ്കാറ്റ് (magnetic storm) പോലുള്ള അന്തരീക്ഷ കാന്തിക പ്രതിഭാസങ്ങള്‍, ധൂമകേതുക്കളുടെ വാല്‍ രൂപീകരണം തുടങ്ങിയ മറ്റു പ്രതിഭാസങ്ങള്‍ വിശദീകരിക്കാനും അല്‍ഫ്‍വെന്റെ സൈദ്ധാന്തിക പഠനങ്ങള്‍ അനുപേക്ഷണീയമാണ്. ഉയര്‍ന്ന തോതില്‍ അയണീകൃതമായ മാധ്യമങ്ങളില്‍ (ഉദാ. സൂര്യന്റെ ഉള്‍ഭാഗം) പോലും വിദ്യുത്കാന്തികതരംഗങ്ങള്‍ക്ക് പ്രസരിക്കാന്‍ കഴിയും എന്ന അല്‍ഫ്‍വെന്റെ നിഗമനം ഒട്ടേറെ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയ ഒന്നാണ്. അതിനു തെളിവുകള്‍ ലഭ്യമായതു പില്ക്കാലത്താണ്. ബഹിരാകാശ ഭൗതികശാസ്ത്രത്തിലും പ്രപഞ്ചഘടനാശാസ്ത്രത്തിലും മികച്ച സംഭാവനകള്‍ നല്കിയ ശാസ്ത്രജ്ഞനാണ് അല്‍ഫ്‍വെന്‍. കോസ്മിക് രശ്മികളുടെ ഉദ്ഭവം വിശദീകരിക്കുവാനും ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ സഹായകമായി.

ഭൗതികശാസ്ത്രത്തിലും ഖഗോളഭൗതികത്തിലും അനേകം പ്രബന്ധങ്ങള്‍ അല്‍ഫ്‍വെന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോസ്മിക്കല്‍ ഇലക്ട്രോ ഡൈനമിക്സ്, ഒറിജിന്‍ ഒഫ് ദ് സോളാര്‍ സിസ്റ്റം തുടങ്ങിയ മോണോഗ്രാഫുകളും ശ്രദ്ധേയമാണ്. 1970-ല്‍ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അല്‍ഫ്‍വെന്നിനു ലഭിച്ചു.

1995 ഏ. 2-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍