This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ഫോന്‍സ, വിശുദ്ധ (1910 - 46)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ഫോന്‍സ, വിശുദ്ധ (1910 - 46)

ഒരു കേരളീയ വിശുദ്ധ (Saint). കോട്ടയം നഗരത്തിനടുത്തു കുടമാളൂര്‍ ഇടവകയില്‍ പ്പെട്ട ആര്‍പ്പൂക്കരയില്‍ മുട്ടത്തു

പാടത്തു ജോസഫിന്റെയും പുതുക്കരിയില്‍ മേരിയുടെയും പുത്രിയായി 1910 ആഗ. 19-ന് ജനിച്ചു. കന്യാസ്ത്രീമഠത്തില്‍ ചേര്‍ന്ന് അല്‍ഫോന്‍സ എന്ന പേരു സ്വീകരിക്കുന്നതുവരെ അന്നക്കുട്ടി എന്നാണ് അറിയപ്പെട്ടിരുന്നത്. മാതാവ് ചെറുപ്പത്തിലേ മരിച്ചതുമൂലം മാതൃസഹോദരിയുടെ സംരക്ഷണയിലാണ് ഇവര്‍ വളര്‍ന്നത്. ഒരു വീട്ടമ്മയാകാനുള്ള പരിശീലനം വളര്‍ത്തമ്മ നല്കിയെങ്കിലും വിവാഹാലോചനകളെല്ലാം ഇവര്‍ നിരസിച്ചു. എന്നിട്ടും രക്ഷാകര്‍ത്താക്കള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു. ശരീരം അല്പം വിരൂപമാക്കിയാല്‍ 'സമ്മതം മൂളലി'ല്‍ നിന്നു രക്ഷനേടാമെന്ന് അന്നക്കുട്ടി തീര്‍ച്ചയാക്കി. ഉമിയും പതിരും ചേര്‍ന്ന് എരിഞ്ഞുകൊണ്ടിരുന്ന തീയില്‍ കാല്‍വച്ചു. പൊള്ളലേറ്റ് അവര്‍ തീക്കുഴിയില്‍ വീഴുകയും അതോടെ ബന്ധുക്കള്‍ വിവാഹാലോചനകള്‍ക്കു വിരാമമിടുകയും ചെയ്തു.

വിശുദ്ധ അല്‍ഫോന്‍സ

അന്നക്കുട്ടി 1927 മേയ് മാസത്തില്‍ ഭരണങ്ങാനം ക്ലാരസഭവക മഠത്തില്‍ ചേര്‍ന്നു. മഠംവക പ്രൈമറി സ്കൂളില്‍ കുറച്ചുകാലം ഇവര്‍ അധ്യാപികയായിരുന്നു. 1929-ല്‍ ഉപരിപഠനാര്‍ഥം ചങ്ങനാശ്ശേരിയിലേക്ക് പോയെങ്കിലും അനാരോഗ്യംമൂലം പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 1930 മേയ് 19-ന് ചങ്ങനാശ്ശേരി ബിഷപ്പ് ജയിംസ് കാളാശ്ശേരിയുടെ കാര്‍മികത്വത്തില്‍ അന്നക്കുട്ടി സഭാവസ്ത്രം സ്വീകരിച്ചു. 1935 ആഗ.-ല്‍ ചങ്ങനാശ്ശേരി ക്ലാരമഠത്തില്‍ സിസ്റ്റര്‍ അല്‍ഫോന്‍സ പരിശീലനം ആരംഭിച്ചു.

ഭരണങ്ങാനത്തെ അല്‍ഫോന്‍സാ ദേവാലയം

ആധ്യാത്മിക ജീവിതത്തില്‍ സമര്‍പ്പണബുദ്ധിയോടെ പ്രവേശിച്ച സിസ്റ്ററിന്റെ ജീവിതം നിത്യരോഗംമൂലം ദുരിതപൂര്‍ണമായിരുന്നു എങ്കിലും അവര്‍ അദ്ഭുതകരവും വീരോചിതവുമായ സഹനശക്തി പ്രകടിപ്പിക്കുകയും രോഗത്തെ ജീവിതശുദ്ധീകരണത്തിനുള്ള ഉപാധിയാക്കുകയും ചെയ്തു. 1946-ല്‍ ഭരണങ്ങാനം മഠത്തില്‍വച്ച് ഇവര്‍ക്കു ശരീരാസ്വാസ്ഥ്യം വര്‍ധിക്കുകയും ഛര്‍ദിയും ദുസ്സഹമായ വേദനയും അനുഭവപ്പെടുകയും ചെയ്തു. ആ വര്‍ഷം ജൂലായ് മാസത്തില്‍ സഹസന്ന്യാസിനികള്‍ക്കു തന്റെ മരണത്തെപ്പറ്റി അല്‍ഫോന്‍സ മുന്നറിയിപ്പു നല്കി. 1946 ജൂല. 28-ന് ഇവര്‍ അന്തരിച്ചു.

സ്മാരക സ്റ്റാമ്പ്

അല്‍ഫോന്‍സാമ്മ എന്ന പേരിലാണ് ഇവര്‍ അധികം അറിയപ്പെടുന്നത്. ഇവരുടെ ശവകുടീരം ഇന്ന് ഒരു തീര്‍ഥാടനകേന്ദ്രമായി തീര്‍ന്നിട്ടുണ്ട്. വി. അല്‍ഫോന്‍സയുടെ അനുഗ്രഹത്തിനായി നിരവധി നേര്‍ച്ചകാഴ്ചകള്‍ അനുദിനം അര്‍പ്പിക്കപ്പെടുന്നു. 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കേരളത്തിലെത്തി അല്‍ഫോന്‍സയെ 'വാഴ്ത്തപ്പെട്ടവള്‍' ആയി പ്രഖ്യാപിച്ചു. 2008-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

(ജോണ്‍ പെല്ലിശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍