This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ഗോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ഗോള്‍

Algol

ആദ്യമായി കണ്ടെത്തിയ ചരനക്ഷത്രം. ഏറ്റവും പ്രഭയേറിയ ഗ്രഹണയുഗ്മനക്ഷത്രം കൂടിയാണ് അല്‍ഗോള്‍. പെര്‍സ്യുസ് (Perseus) താരാമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈ നക്ഷത്രത്തിന് 'ഭൂതനക്ഷത്രം' (Demon star) എന്നര്‍ഥം വരുന്ന 'അല്‍-ഗുല്‍' എന്ന പേരു നല്കിയത് അറബികളാണ്. അതിന്റെ രൂപാന്തരമാണ് അല്‍ഗോള്‍. ബീറ്റാ പെര്‍സി (Beta persei) എന്നാണ് 'ബെയര്‍നാമം'. ഇറ്റാലിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ജെമിനിയാനോ മൊണ്‍റ്റാനാറി (Geminiano Montanari-1633- 87) ആണ് ഈ നക്ഷത്രത്തെ ആദ്യമായി പഠിച്ച യൂറോപ്യന്‍. ഇംഗ്ളീഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ ജോണ്‍ ഗൂഡ്റിക്ക് (1764-86) 1782-ല്‍ ഇതിന്റെ ചരസ്വഭാവത്തിന്റെ രഹസ്യം കണ്ടെത്തി. അല്‍ഗോള്‍ ഒറ്റ നക്ഷത്രമല്ലെന്നും ശോഭകുറഞ്ഞ ഒരു വലിയ നക്ഷത്രവും ശോഭകൂടിയ ഒരു ചെറുനക്ഷത്രവും ചേര്‍ന്ന ഇരട്ടകളാണെന്നും ഗൂഡ്റിച്ച് പറഞ്ഞു. അവ പരസ്പരം ചുറ്റുമ്പോള്‍ ശോഭകുറഞ്ഞ നക്ഷത്രം ശോഭകൂടിയതിന്റെ മുന്നില്‍ വരുമ്പോഴാണ് അല്‍ഗോള്‍ മങ്ങിക്കാണുന്നത്. 2.867 ദിവസംകൊണ്ട് ഈ ചരനക്ഷത്രം ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നു.

Image:Algol.png

യഥാര്‍ഥത്തില്‍ അല്‍ഗോള്‍ ഒരു നക്ഷത്ര ത്രയമാണെന്നും അല്‍ഗോള്‍ അ, ആ എന്നിവയ്ക്കു പുറമേ അല്‍ഗോള്‍ ഇ എന്നൊരു താരം കൂടി പരിക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും 1906-ല്‍ റഷ്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ അരിസ്റ്റാര്‍ക്ക് ബെലോപോള്‍സ്കി കണ്ടെത്തുകയുണ്ടായി. ആ, ഏ സ്പെക്ട്ര വിഭാഗങ്ങളില്‍പ്പെടുന്ന താരകളാണ് അല്‍ഗോള്‍ അ-യും ആയും. വലുപ്പം സൂര്യവ്യാസത്തിന്റെ 2.89, 3.53 ഇരട്ടിവീതവും പിണ്ഡം സൂര്യഭാരത്തിന്റെ 3.6, 2.89 ഇരട്ടിവീതവുമാണ്. അല്‍ഗോള്‍ ഇയുടെ മൂല്യങ്ങള്‍ കൃത്യമായറിയില്ല. ദൃശ്യകാന്തിമാനത്തില്‍ വരുന്ന വ്യതിയാനം 1.3 ആണ്. ഇപ്പോഴും പൂര്‍ണമായി മനസ്സിലാക്കിക്കഴിഞ്ഞിട്ടില്ലാത്ത ഒരു അദ്ഭുത നക്ഷത്രത്രയം ആണ് അല്‍ഗോള്‍. അല്‍ഗോള്‍ യുഗ്മനക്ഷത്ര ജോടി ഭൂമിയില്‍ നിന്നും 93 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ദൃശ്യകാന്തിമാനം 2.12 ഉം കേവലകാന്തിമാനം 0.10-ഉം ആണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍