This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ഗറോത്തി, ഫ്രാന്‍സെസ്കോ (1712 - 64)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ഗറോത്തി, ഫ്രാന്‍സെസ്കോ (1712 - 64)

Algarotti,Francesco

ഇറ്റലിക്കാരനായ ദാര്‍ശനികനും കലാവിമര്‍ശകനും. കലയുടെ താത്ത്വികവശങ്ങളെക്കുറിച്ച് പ്രാമാണികമായി എഴുതിയിട്ടുള്ള അല്‍ഗറോത്തിയുടെ കൃതികള്‍ 18-ാം ശ.-ത്തിലെ യൂറോപ്പിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. 1712 ഡി. 11-ന് വെനീസില്‍ ജനിച്ചു. റോമിലും ബൊളൊഞ്ഞയിലും വിദ്യാഭ്യാസം നടത്തിയശേഷം 20-ാം വയസ്സില്‍ പാരീസിലെത്തി, വോള്‍ട്ടയറുമായി സ്നേഹബന്ധം പുലര്‍ത്തി. ന്യൂട്ടോണിയാനിസ്മോ പെര്‍ ലെദാമെ (Neutonianismo per ledame) എന്ന കൃതി അവിടെവച്ചു രചിച്ചു. കാഴ്ചയെ സംബന്ധിക്കുന്ന പ്രകാശശാസ്ത്രമായിരുന്നു ഇതിലെ പ്രതിപാദ്യം. ഫ്രെഡറിക് ഇദ്ദേഹത്തിന് 1740-ല്‍ പ്രഭുസ്ഥാനം (Count) നല്കി. 1747-ല്‍ കൊട്ടാരത്തിലെ അന്തഃപുരകാര്യദര്‍ശിയായി നിയമിച്ചു. പോളണ്ടിലെ അഗസ്റ്റസ് മൂന്നാമന്‍ 'കൗണ്‍സിലര്‍' (Councillor) സ്ഥാനം നല്കി ഇദ്ദേഹത്തെ ബഹുമാനിച്ചു. ബര്‍ലിനിലും ഡ്രസ്ഡെനിലുമായി ഏഴുവര്‍ഷം താമസിച്ചശേഷം 1754-ല്‍ ഇറ്റലിയിലേക്കു മടങ്ങി; ആദ്യം വെനിസിലും പിന്നീട് പിസായിലും താമസിച്ചു.

അല്‍ഗറോത്തിയുടെ വിജ്ഞാനമണ്ഡലം വിസ്തൃതമായിരുന്നു. ഇദ്ദേഹം കലയിലും സംഗീതത്തിലും അത്യധികമായ ഔത്സുക്യം പ്രദര്‍ശിപ്പിച്ച് രണ്ടിന്റെയും ഉപാസകനായി വര്‍ത്തിച്ചു. ആ കാലഘട്ടത്തിലെ പ്രമുഖരായ എല്ലാ സാഹിത്യകാരന്മാരും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. കലയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ഏറ്റവും പ്രമുഖമായ കൃതി ലളിതകലകളെക്കുറിച്ചുള്ള ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാഗി സൊ പാര്‍ലെ ബെല്ലെ ആര്‍ട്ടി (sagge so parle belle arti) ആണ്. ഇദ്ദേഹത്തിന്റെ ജീവചരിത്രത്തോടുകൂടിയ ഒരു സമ്പൂര്‍ണ കൃതി 1791-94-ല്‍ മിഖലെസി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

1764 മേയ് 3-ന് പിസായില്‍ അല്‍ഗറോത്തി മരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍