This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍കാല സമോറ, നൈസെറ്റോ (1877 - 1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍കാല സമോറ, നൈസെറ്റോ (1877 - 1949)

Alcala Zamora,Niceto


രണ്ടാം സ്പാനിഷ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്. 1877 ജൂല. ആറിനു കോര്‍ദോവയിലെ പ്രിഗോയില്‍ ജനിച്ചു. 1905-ല്‍ സ്പെയിനിലെ കോര്‍ട്ടെസിലെ (നിയമസഭ) അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1917-ല്‍ മരാമത്തുമന്ത്രിയും 1922-ല്‍ യുദ്ധകാര്യമന്ത്രിയുമായി. 1930-ല്‍ ഇദ്ദേഹം ഒരു റിപ്പബ്ലിക്കന്‍ വാദിയായിത്തീര്‍ന്നു. തുടര്‍ന്നു ലാജാറയിലുണ്ടായ സൈനിക വിപ്ലവത്തില്‍ പങ്കെടുത്തതിനാല്‍ ജയിലിലടയ്ക്കപ്പെട്ടു. 1931 ഏ-ല്‍ മാഡ്രിഡിലുണ്ടായ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നു വിപ്ലവക്കമ്മിറ്റി നേതാവായി. അല്‍ഫോന്‍സോ XIII-നെ സ്ഥാനത്യാഗം ചെയ്യിക്കുന്നതില്‍ മുന്‍കൈയെടുത്തത് ഇദ്ദേഹമാണ്. 1931 ഏ. 14-ന് അല്‍ഫോന്‍സോയുടെ സ്ഥാനത്യാഗത്തെത്തുടര്‍ന്ന്, സ്പെയിനിലെ താത്കാലിക ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രിയായി. പുതിയ ഭരണഘടനയിലെ 24, 26 എന്നീ പൗരോഹിത്യ വിരുദ്ധ വകുപ്പുകളെച്ചൊല്ലിയുണ്ടായ ഭിന്നതകളെത്തുടര്‍ന്ന് 1931 ഒ. 14-ന് രാജിവച്ചു. എന്നാല്‍ 1931 ഡി. 11-ന് സ്പെയിനിലെ രണ്ടാം റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തില്‍ ഒരു മിതവാദിയായതിനാല്‍ 1936 ഫെ.-ല്‍ ഉണ്ടായ ഇടതു-വലതുകക്ഷികളുടെ ശക്തിയായ എതിര്‍പ്പുമൂലം രാജി വയ്ക്കേണ്ടിവന്നു. തുടര്‍ന്ന് ഫ്രാന്‍സിലേക്കും അവിടെനിന്ന് അര്‍ജന്റീനയിലേക്കും രക്ഷപ്പെട്ടു.

1949 ഫെ. 18-ന് ബ്യൂനസ് അയേഴ്സില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍