This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്ലോറി, ക്രിസ്റ്റോഫാനോ (1577 - 1621)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്ലോറി, ക്രിസ്റ്റോഫാനോ (1577 - 1621)

Allori,Christofano

ബ്രോണ്‍ഝിഞ്ഞോ എന്ന പേരിലും അറിയപ്പെടുന്ന ഇറ്റാലിയന്‍ ഛായാചിത്രകാരന്‍; അലെസാന്‍ഡ്രോ അല്ലോറി(1538-1607)യുടെ പുത്രനായി ഫ്ലോറന്‍സില്‍ ജനിച്ചു. നവീന ഫ്ലോറന്റയില്‍ 'രീതിനിഷ്ഠരചനാപദ്ധതി'യുടെ (Mannerist School) പ്രമുഖ പ്രയോക്താക്കളില്‍ ഒരുവനായിത്തീര്‍ന്ന ക്രിസ്റ്റോഫാനോ ചിത്രരചനയുടെ ആദ്യപാഠങ്ങള്‍ സ്വപിതാവില്‍നിന്നാണ് അഭ്യസിച്ചത്. അക്കാലത്ത് അവിടെ പ്രചാരത്തിലിരുന്ന ചിത്രരചനാപദ്ധതി മനുഷ്യശരീരത്തിലെ പേശീഘടനാദികള്‍ക്കു പ്രാധാന്യം നല്കിക്കൊണ്ടുള്ളതായിരുന്നു. മനംമടുപ്പിക്കുന്ന രചനാസമ്പ്രദായവും ചൈതന്യരഹിതമായ വര്‍ണസങ്കലനങ്ങളുംകൊണ്ട് മടുത്തിട്ട് ക്രിസ്റ്റോഫാനോ അവിടംവിട്ട് ഗ്രിഗോറിയോ പഗാനി(1558-1606)യുടെ സ്റ്റുഡിയോയിലെത്തി. പഗാനി നവീന ഫ്ലോറന്റയിന്‍ രീതിനിഷ്ഠരചനാസമ്പ്രദായത്തിന്റെ നേതാക്കളില്‍ ഒരാളായിരുന്നു. വെനീഷ്യന്‍ ചിത്രകാരന്മാരുടെ കടുത്ത വര്‍ണപ്രയോഗങ്ങളും മൈക്കല്‍ ആഞ്ജലൊ പ്രചരിപ്പിച്ച മിതവര്‍ണരചനാസമ്പ്രദായവും തമ്മിലുള്ള ഒരു സംയോജനമായിരുന്നു അവിടെ അനുഭവപ്പെട്ടത്. കൊര്‍ഗിയോയെ അനുകരിച്ച് ക്രിസ്റ്റോഫാനോ വരച്ച പല ചിത്രങ്ങളും കൊര്‍ഗിയൊ തന്നെ വരച്ചവയാണെന്നു വെളിവായതോടെയാണ് ക്രിസ്റ്റോഫാനോയുടെ രചനാകൗശലം അസന്ദിഗ്ധമായി തെളിഞ്ഞത്. ഇദ്ദേഹത്തിന്റെ രചനകളില്‍ പ്രാധാന്യമര്‍ഹിക്കുന്നത് പിറ്റികൊട്ടാരത്തില്‍ ഇദ്ദേഹം രചിച്ച ജൂഡിത്തും ഹോളോഫെര്‍നെസും (Judith and Holofernes) എന്ന ചിത്രമാണ്. ഇതില്‍ ജൂഡിത്തിന്റെ മാതൃകയായി നിന്നത് ക്രിസ്റ്റോഫാനോയുടെ പ്രാണേശ്വരിയായിരുന്ന മസ്സാഫിറ എന്ന സുന്ദരിയായിരുന്നു. ഹോളോഫെര്‍നസ്സിന്റെ മുഖച്ഛായയ്ക്ക് സ്വന്തം രൂപംതന്നെയാണ് ക്രിസ്റ്റോഫാനോ മാതൃകയായി സ്വീകരിച്ചതെന്നും കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായ മഗ്ദലനയുടെ മുഖച്ഛായയ്ക്കും മസ്സാഫിറയുടെ മുഖം തന്നെയാണ് മാതൃകയ്ക്കായി ഉപയോഗിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍