This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്ലോക്സന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്ലോക്സന്‍

Alloxan

യൂറിക് അമ്ലത്തില്‍നിന്ന് ഓക്സീകരണം വഴി ലഭ്യമാകുന്ന ഉത്പന്നം; ഇതിന്റെ തന്‍മാത്രാ ഫോര്‍മുല,C4H2N2O4 എന്നാണ്. യൂറിയൈഡ് വിഭാഗത്തില്‍​പ്പെടുന്ന ഒരു യൗഗികമായ അല്ലോക്സന്‍ നാലു ജലതന്‍മാത്രകളോടുകൂടിയാണ് ജലലായനിയില്‍ നിന്നു ക്രിസ്റ്റലീകരിക്കുന്നത്.

അല്ലോക്സന്‍ പ്രബലമായ അമ്ലസ്വഭാവത്തോടുകൂടിയതാണ്. ഇതു ബേസുകളുമായി പ്രവര്‍ത്തിച്ച് ലവണങ്ങള്‍ ലഭ്യമാക്കുന്നു. ഇതിന് കീറ്റോണിന്റെ സ്വഭാവവുമുണ്ട്. സോഡിയം ബൈസല്‍ഫൈറ്റുമായി ഇത് പ്രവര്‍ത്തിച്ച് യോഗാത്മക (additive) യൗഗികം തരുന്നു; ഹൈഡ്രോക്സില്‍-അമീനുമായി പ്രവര്‍ത്തിച്ച് ഓക്സൈം (oxime) ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. റിഡക്ഷന്‍ വഴി പരിതഃസ്ഥിതിക്കനുസരിച്ചു പല യൗഗികങ്ങളും ഉണ്ടാക്കാം. ഉദാഹരണമായി സിങ്കും ഹൈഡ്രോക്ലോറിക് അമ്ലവും ഉപയോഗിച്ചാല്‍ ടാര്‍ട്രോണില്‍ യൂറിയയും, ഹൈഡ്രജന്‍ സള്‍ഫൈഡ് ഉപയോഗിച്ചാല്‍ അല്ലോക്സാന്റിന്‍ എന്ന സങ്കീര്‍ണ യൗഗികവും കിട്ടുന്നതാണ്. അനേകം അമീനുകളുമായി അല്ലോക്സന്‍ പ്രവര്‍ത്തിച്ചു പല യോഗാത്മകയൗഗികങ്ങളും തരുന്നു. പ്രസ്തുത യൗഗികത്തിന്റെ ജലീയലായനി തൊലിമേല്‍ വച്ചാല്‍ കുറച്ചു നേരത്തിനുള്ളില്‍ നീലലോഹിതവര്‍ണം (purple) ഉണ്ടാകുന്നതു കാണാം. ഫെറസ് ലവണങ്ങള്‍ ഇതിന്റെ ജലീയലായനിക്ക് ഇന്‍ഡിഗോ-നീലനിറം കൊടുക്കുന്നു. ആല്‍ക്കലി ചേര്‍ത്ത് അല്ലോക്സന്‍ തപിപ്പിച്ചാല്‍ യൂറിയ ലഭിക്കുന്നതാണ്.

ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ഐലറ്റ് ഒഫ് ലാങര്‍ ഹാന്‍സി ബീറ്റാ സെല്ലുകളെ പ്രത്യേകമായി നശിപ്പിക്കുന്നതിനു കഴിവുള്ള ഒരു യൗഗികമാണ് അല്ലോക്സന്‍. ആകയാല്‍ പരീക്ഷണാര്‍ഥം പ്രമേഹരോഗം ഉളവാക്കുന്നതിനായി അല്ലോക്സന്‍ സേവിപ്പിക്കുകയോ ഞരമ്പില്‍ കുത്തിവയ്ക്കുകയോ ചെയ്യാറുണ്ട്. ഫിനൊബാര്‍ബിറ്റോണ്‍ തുടങ്ങിയ അല്ലോക്സന്റെ അടുത്ത ബന്ധുക്കളായ ബാര്‍ബിറ്റുറേറ്റുകള്‍ ഉറക്കുമരുന്നുകളായും മയക്കുമരുന്നുകളായും ഉപയോഗിക്കപ്പെടുന്നു. നോ: യൂറിക് അമ്ളം; പ്രമേഹം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍