This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്ലീന്‍, എഡ്വേര്‍ഡ് (1566 - 1626)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്ലീന്‍, എഡ്വേര്‍ഡ് (1566 - 1626)

Alleyn,Edward

ആംഗലേയ നടന്‍. 1566 സെപ്. 1-ന് ലണ്ടനില്‍ ജനിച്ചു. 1586-ഓടുകൂടി വോര്‍സെസ്റ്റര്‍ പ്രഭുവിന്റെ നാടകസംഘത്തില്‍ അല്ലീന്‍ പങ്കാളിയായി. അതേത്തുടര്‍ന്ന് ഇദ്ദേഹം ആ കാലത്തെ ഏറ്റവും പ്രമുഖ നടനായി കണക്കാക്കപ്പെട്ടു. ക്രിസ്റ്റഫര്‍ മാര്‍ലോവിന്റെ നാടകങ്ങളില്‍ അല്ലീന്റെ അഭിനയത്തെ ബെന്‍ ജോണ്‍സണ്‍ കലവറകൂടാതെ പ്രകീര്‍ത്തിച്ചു. പല പ്രശസ്തവ്യക്തികളും അല്ലീന്റെ അഭിനയത്തെക്കുറിച്ച് 'അനുകരിക്കാനാകാത്ത അഭിനയം', 'ഏറ്റവും മികച്ച നടന്‍' എന്നിങ്ങനെ പ്രസ്താവിച്ചു. 1592 ഒ. 22-ന് ഒരു തിയെറ്റര്‍ മാനേജരായ ഫിലിപ്പ് ഹെന്‍ സ്ലോവിന്റെ പുത്രി ജോവാന്‍ വുഡ്വാര്‍ഡിനെ അല്ലീന്‍ വിവാഹം കഴിച്ചു. അതോടെ ഹെന്‍ സ്ലോവിന്റെ നാടകസംഘത്തില്‍ അല്ലീന്‍ ഒരു പങ്കുകാരനായി; ഒടുവില്‍ ലണ്ടനിലെ പല നാടകശാലകളുടെയും വിനോദശാലകളുടെയും ഉടമയും. ബാങ്ക് സൈഡിലുള്ള റോഡ് തിയെറ്റര്‍, സെന്റ് ലൂക്കിലുള്ള പാരിസ് ഗാര്‍ഡന്‍, ഫോര്‍ച്യൂണ്‍ തിയെറ്റര്‍ ഇവ ഇതില്‍ ചിലതുമാത്രമാണ്. ഫോര്‍ച്യൂണ്‍ തിയെറ്റര്‍ ലോഡ് അഡ്മിറലിന്റെ കമ്പനിയാണ് ഉപയോഗിച്ചിരുന്നത്. അല്ലീന്‍ അതിന്റെ തലവനായിരുന്നു. കരടികളും കാളകളും നായ്ക്കളും ഉള്‍​പ്പെടുന്ന രാജകീയ മൃഗയാവിനോദവകുപ്പിന്റെ ചുമതല ഹെന്‍സ്ളോ​വിനൊപ്പം അല്ലീനും വഹിച്ചു. തന്റെ ദിനക്കുറിപ്പുകളില്‍ എങ്ങനെയാണ് താന്‍ ലണ്ടന്‍ ടവറില്‍ ജെയിംസ് ഒന്നാമന്റെ മുന്നില്‍ ഒരു സിംഹത്തെ വധിച്ചതെന്നു സവിസ്തരം അല്ലീന്‍ പ്രതിപാദിച്ചിട്ടുണ്ട്.

സര്‍ ഫ്രാന്‍സിസ് കാള്‍ട്ടനില്‍നിന്നും ഡള്‍വിച് ഇടവകയുടെ പ്രധാന പങ്ക് 1605-ല്‍ അല്ലീന്‍ വിലയ്ക്കു വാങ്ങിയതോടെയാണ് ഡള്‍വിച്ചുമായി ഇദ്ദേഹം ബന്ധപ്പെട്ടത്. ഈ ഇടവകയില്‍ ക്രിസ്റ്റല്‍ പാലസ് നില്ക്കുന്നു. സുറേമല മുതല്‍ ലണ്ടന് 5 കി.മീ. അകലെ വരെയുള്ള സമാന്തരഗിരിശൃംഗങ്ങള്‍ ഉള്‍​ക്കൊള്ളുന്ന എസ്റ്റേറ്റ് 1614 വരെ അല്ലീന് കൈവശാനുഭവത്തിനു ലഭിച്ചില്ല. എങ്കിലും സ്വജീവിതകാലത്തുതന്നെ 'ദൈവത്തിന്റെ ദാനം' (God's Gift) എന്ന കോളജ് പണിയിച്ച്, ജനങ്ങള്‍ക്കു ദാനം ചെയ്യുക എന്ന കൃത്യത്തില്‍ ഇദ്ദേഹം വ്യാപൃതനായി. വളരെ വൈകിയാണ് എസ്റ്റേറ്റ് സംബന്ധമായ പ്രമാണങ്ങള്‍ക്കു സാധുത ഉണ്ടായതെങ്കിലും അതിനകം പണിയിച്ച കോളജ് 1619 ജൂണ്‍ 21-ന് ജെയിംസ് ഒന്നാമന്‍ നല്കിയ രാജകീയ ദാനപത്രത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനോപകാരാര്‍ഥം സമര്‍പ്പിക്കപ്പെട്ടു. 1623-ല്‍ അല്ലീന്റെ ഭാര്യ മരിച്ചു. അതിനുശേഷം ജോണ്‍സോണിയുടെ പുത്രിയായ കോണ്‍സ്റ്റാന്‍ഡിനെ വിവാഹം ചെയ്തു. 1626 ന.-ല്‍ അല്ലീന്‍ നിര്യാതനായി. ഡള്‍വിച്ചില്‍ ഇദ്ദേഹം സ്ഥാപിച്ച കോളജിലെ ചാപ്പലില്‍ ഇദ്ദേഹത്തെ സംസ്കരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍