This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്ലാല്‍ അല്‍-ഫാസി (1907 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്ലാല്‍ അല്‍-ഫാസി (1907 - 74)

Allal al-Fasal

അറബി സാഹിത്യകാരന്‍. മുഹമ്മദ് അല്ലാല്‍ അല്‍-ഫാസി 1907-ല്‍ മൊറോക്കോയിലെ ഫഅസില്‍ ജനിച്ചു. ഖറാവിയ്യിന്‍ സര്‍വകലാശാലയിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 18- ാമത്തെ വയസ്സില്‍, മൊറോക്കോയില്‍ വ്യാപിച്ച 'സലഫിയ്യ' പ്രസ്ഥാനത്തില്‍ ഭാഗഭാക്കായതിനു ഭരണാധികാരികള്‍ ഇദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. 1931-ല്‍ ജയില്‍ വിമുക്തനായ അല്‍-ഫാസി ജന്മനാട്ടിലേക്കു മടങ്ങി. 1934-ല്‍ അവിടത്തെ ഉന്നതരായ ദേശീയ നേതാക്കന്മാര്‍ ഒരു നിവേദനവുമായി മൊറോക്കന്‍ സുല്‍ത്താനെ സന്ദര്‍ശിച്ചു. ആ നിവേദകസംഘത്തില്‍ അല്‍-ഫാസിയുമുണ്ടായിരുന്നു. അവിടെ വച്ചുണ്ടാക്കിയ പ്രമാണം 'മത്വാലിബ് അല്‍-ഷഅബില്‍ മഗ്രിബിയ്യി' (മൊറോക്കന്‍ ജനതയുടെ ഉദ്ധാരണത്തിനുവേണ്ടിയുള്ള മാര്‍ഗങ്ങള്‍) ദേശീയപ്രസ്ഥാനത്തിന്റെ ഒരു പാഠാവലി തന്നെയായിരുന്നു. ഈ കരാര്‍ അനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഭരണകര്‍ത്താക്കള്‍ കാണിച്ച ഉദാസീനതയും കാലവിളംബവും ഒരു വിഭാഗം ദേശസ്നേഹികളെ ചൊടിപ്പിച്ചു. അവര്‍ രൂപം കൊടുത്ത പ്രസ്ഥാനമാണു 'കുത്‍ലത്തുല്‍ ഇമാറത്തുല്‍ വത്വനിയ്യുല്‍ മഗ്രിബിയ്യി' (മൊറോക്കന്‍ ദേശീയ വിപ്ലവംസംഘം). 1936-ല്‍ ഫഅസീല്‍ വിപ്ലവം പൊട്ടിപ്പുറപ്പെടുകയും അല്ലാല്‍ അല്‍-ഫാസിയുള്‍ പ്പെടെയുള്ള വിപ്ലവപ്രസ്ഥാനത്തിന്റെ ഒട്ടേറെ നായകന്മാര്‍ തടങ്കലിലാവുകയും ചെയ്തു. അവരുടെ മോചനത്തിനു തൊട്ടുപുറകേ ഈ സംഘടന പിരിച്ചു വിടുകയും മറ്റു രണ്ടു സംഘടനകള്‍ രൂപം കൊള്ളുകയും ചെയ്തു. 'അല്‍-ഹര്‍കത്തുല്‍ കവ്മിയ്യത്തു വല്‍-ഹിസ്ബുല്‍ വത്വനിയ്യു ലി തഹ്ക്കീക്കില്‍ മത്വാലിബി' എന്ന ഈ രണ്ടു സംഘടനകളും 1943-ല്‍ ഒന്നായി. 1946 മുതല്‍ അല്‍-ഫാസിയാണ് അതിനെ നയിച്ചത്. 1947-ല്‍ ഇദ്ദേഹം കെയ്റോയിലെത്തുകയും അവിടെ ഫ്രെഞ്ച്-സ്പാനിഷ് ഭരണകര്‍ത്താക്കള്‍ ക്കെതിരായ ഒരു പ്രതിരോധപ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്തു. 1956-ല്‍ മൊറോക്കോ സ്വതന്ത്രമായപ്പോള്‍ ഇദ്ദേഹം അങ്ങോട്ടുമടങ്ങി. റാബാതിലും ഫഅസിലും ഇസ്ലാമിക നിയമവകുപ്പിന്റെ പ്രൊഫസറായും പിന്നീട് ഇസ്ലാമികകാര്യങ്ങള്‍ക്കുള്ള മന്ത്രിയായും സേവനമനുഷ്ഠിച്ചു.

മോറിട്ടാനിയയെ മൊറോക്കോയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി 1957-ല്‍ ഇദ്ദേഹം സ്ഥാപിച്ച പത്രമാണു ലിസഹറാ മൊറോക്കയിന്‍. 1962-ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ഇദ്ദേഹത്തിന്റെ അല്‍-ബയ്യിന്‍ എന്ന മാസിക പൂര്‍ണമായും അറബി-ഇസ്ലാമിക സംസ്കാരത്തിന്റെ സന്ദേശമാണു പ്രചരിപ്പിച്ചത്. അല്‍-ഫാസിയുടെ മക്കാസിദുല്‍ ഷരീഅത്തില്‍ ഇസ്ലാമിയ്യ എന്ന കൃതിയില്‍ നിയമസംബന്ധമായ പ്രസംഗങ്ങള്‍ സമാഹരിച്ചിട്ടുണ്ട്. ചരിത്രം, അനുഷ്ഠാനപദ്ധതി തുടങ്ങിയ വിഷയങ്ങളുടെ അപഗ്രഥനമാണ് ഇദ്ദേഹത്തിന്റെ അല്‍-ഹിമായത്തു ഫീ മറാക്കിഷ് മിനല്‍ വജ്ഹില്‍-താരീഖിയ്യത്തു വല്‍-കാനൂനിയ്യ, ഹിമായത്തുല്‍ ഇസ്ബാനിയ്യത്തു ഫീ മറാക്ഷി മിനല്‍ വജ്ഹിത്താരീഖിയ്യത്തു വല്‍-കാനൂനിയ്യ എന്നീ കൃതികള്‍. ചരിത്രസംബന്ധമായ രചനകളുടെ സമാഹാരമാണ് ഇദ്ദേഹത്തിന്റെ മഗ്രിബുല്‍ അറബി മിനല്‍ ഹര്‍ബില്‍ ആലമിയ്യത്തുല്‍ ഊല ഇലല്‍ യവ്മി എന്ന രചന. മഗ്രിബ് ദേശീയതയെ സംബന്ധിക്കുന്ന വളരെ ആധികാരികമായ വിവരണങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധ ലേഖനമായ 'അല്‍-ഹദ്ക്കത്തുല്‍ ഇസ്തിക്കാലത്തു ഫില്‍ മഗ്രിബില്‍ അറബി'യിലുള്ളത്. ഇംഗ്ലീഷിലും സ്പാനിഷിലും ഇതിനു പരിഭാഷകളുണ്ട്. അറബിരാജ്യങ്ങളുടെ തലസ്ഥാനങ്ങളില്‍ ഇദ്ദേഹം ചെയ്ത പ്രഭാഷണങ്ങളുടെ സമാഹാരമാണ് 1959-ല്‍ കെയ്റോയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഹദീസുല്‍ മഗ്രിബി ഫില്‍ മഷ്രിക്ക്. അല്‍-നക്ക് ദുല്‍ ദാത്തിയ്യി എന്ന കൃതിയില്‍ അറബികളുടെ, പ്രത്യേകിച്ചു മൊറോക്കക്കാരുടെ, പൗരാണികവും ആധുനികവുമായ അവസ്ഥയെ വിശകലനം ചെയ്യുന്നു. സ്വന്തം ഗൗരവവും വ്യക്തിത്വവും കാത്തുസൂക്ഷിച്ചുകൊണ്ടു പാശ്ചാത്യസംസ്കാരത്തിന്റെ ഭാഗമായ ആധുനിക ജീവിതരീതിയിലുള്ള ദുര്‍ഘടാവസ്ഥയെ നേരിടുന്നതിനുള്ള യുക്തിപൂര്‍വമായ ഒരു പരിഹാരമാണ് അല്‍-ഫാസി ഈ കൃതിയില്‍ നിര്‍ദേശിക്കുന്നത്. 1974-ല്‍ അല്‍-ഫാസി അന്തരിച്ചു.

(എന്‍. ഇല്‍യാസ്കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍