This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലി സര്‍ദാര്‍ ജഫ്റീ (1913 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലി സര്‍ദാര്‍ ജഫ്റീ (1913 - )

ഉര്‍ദു കവി. നാടകം, ചലച്ചിത്രഗാനരചന എന്നിവയിലും വ്യക്തിത്വം പ്രകടമാക്കി. സ്കൂള്‍ വിദ്യാഭ്യാസം അലിഗഡില്‍ നിര്‍വഹിച്ചു. അക്കാലത്തു വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ ജഫ്റീ സജീവമായി പങ്കെടുത്തു. തുടര്‍ന്ന് ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ എം.എ.യ്ക്കു പഠിക്കുമ്പോള്‍ സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്തു ജയിലിലായി. അതോടെ പഠനം മുടങ്ങി. പിന്നീട് പത്രപ്രവര്‍ത്തകനായും ഒപ്പം പുരോഗമനസാഹിത്യകാരസംഘടന, ഇന്ത്യന്‍ പീപ്പിള്‍സ് തിയെറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) എന്നിവയുടെ സജീവ പ്രവര്‍ത്തകനായും വര്‍ത്തിച്ചു.

അലി സര്‍ദാര്‍ ജഫ്റി

1938-ല്‍ ആദ്യകഥാസമാഹാരമായ മന്‍സില്‍ പ്രസിദ്ധീകരിച്ചു. 1939-ല്‍ പുരോഗമനമാസികയായ നയാദൌര്‍-ന്റെ സഹസമ്പാദകനായി. വിപ്ലവോന്മുഖവും ദേശസ്നേഹപ്രചോദിതവുമായ കവിതകളാണ് ജഫ്റീയെ പ്രസിദ്ധനാക്കിയത്. 1940-ലും 41-ലും ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെടുകയും ജയിലിലാകുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുകയും ട്രേഡ് യൂണിയന്‍ രംഗത്തു ശക്തനാകുകയും ചെയ്തത് ഇക്കാലത്താണ്. കവിതകളില്‍ തൊഴിലാളികളുടെ ജീവിതം ചിത്രീകരിച്ച് അതുവഴി ഇദ്ദേഹം രാഷ്ട്രീയപ്രബോധനം നടത്തി. ഇപ്റ്റയുമായി ബന്ധപ്പെട്ടു നില്ക്കുമ്പോഴാണ് ആദ്യനാടകമായ യഹ് കിസ്കാ ഖൂന്‍ ഹൈ -ന്(ഇത് ആരുടെ രക്തമാണ്) എഴുതി അവതരിപ്പിച്ചത്. പൂഴ്ത്തിവയ്പുകാരെ ധൈര്യപൂര്‍വം നേരിടുന്ന ഒരു ട്രേഡ് യൂണിയന്‍ നേതാവിന്റെ കഥയാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. പിന്നീട് ഇദ്ദേഹം കെ.എ. അബ്ബാസിന്റെ ധര്‍തി കേ ലാല്‍-ന് ഗാനരചന നടത്തിക്കൊണ്ട് സിനിമാരംഗത്തേക്കു തിരിഞ്ഞു. അബ്ബാസിന്റെ അനേകം സിനിമകള്‍ക്കു ഗാനരചന നടത്തിയിട്ടുള്ള ജഫ്റീ മുംബൈയിലെ സ്ത്രീ തൊഴിലാളികളുടെ ജീവിത ചിത്രണമായ ഗ്യാരഹ് ഹസാര്‍ ലഡ്കിയാം (11000 പെണ്‍കുട്ടികള്‍) എന്ന സിനിമ നിര്‍മിക്കുകയും ചെയ്തു. പിന്നീട് ടി.വി. സീരിയലുകളുടെ സംവിധാനരംഗത്തേക്കു തിരിഞ്ഞു.

പുരോഗമനപരമായ വീക്ഷണവും ബിംബസമൃദ്ധിയുമാണ് ജഫ്റീ കവിതകളുടെ പ്രത്യേകതകള്‍. ആദ്യകവിതാസമാഹാരമായ പര്‍വേസ് 1944-ല്‍ പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ പുസ്തകം നയീദുനിയാ കോ സലാം (പുതിയ ലോകത്തിന് അഭിവാദനം) 1948-ലും. അന്യാപദേശശൈലിയില്‍ എഴുതിയ ഒരു നീണ്ട കവിതയാണിത്. ഖൂന്‍ കീ ലക്കീര്‍ (രക്തരേഖ, 1949), അമ്ന കാ സിതാര (സമാധാന നക്ഷത്രം, 1950), ഏഷ്യാ ജാഗ് ഉഠാ (ഏഷ്യ ഉണര്‍ന്നു, 1952), പത്ഥര്‍ കീ ദീവാര്‍ (കന്മതില്‍, 1953), ഏക് ഖ്വാബ് ഔര്‍ (ഒരു സ്വപ്നം കൂടി, 1965), പൈരാഹന്‍-എ-ശരാര്‍ (തീപ്പൊരി വസ്ത്രം), ലഹു പുകാര്‍ത്താ ഹൈ (രക്തം വിളിക്കുന്നു, 1980) എന്നിവയാണ് മറ്റു കാവ്യകൃതികള്‍. മാനവവിമോചനതത്ത്വശാസ്ത്രമാണ് ഇദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്ര.

സൗന്ദര്യശാസ്ത്രപണ്ഡിതന്‍, മാര്‍ക്സിയന്‍ വിമര്‍ശകന്‍ എന്നീ നിലകളിലും ജഫ്റീ പ്രസിദ്ധനാണ്. തര്‍ഖിപസന്ദ് അദബ് (പുരോഗനസാഹിത്യം, 1951), പൈഗംബര്‍-എ-സുഹാന്‍ (കവിതയുടെ പ്രവാചകന്‍, 1970), ഇഖ്ബാല്‍ ഷനസി (ഇഖ്ബാല്‍ പഠനങ്ങള്‍, 1977) എന്നിവയാണ് ഇദ്ദേഹത്തിന്റെ വിമര്‍ശനഗ്രന്ഥങ്ങള്‍. ദിവാന്‍-എ-മീര്‍, കബീര്‍ബാണി, പ്രേംവാണി എന്നിവ മറ്റു ഗദ്യകൃതികളും. സാമൂഹികശാസ്ത്രനിരൂപണത്തിലാണ് ജഫ്റീക്കു ഏറെ താത്പര്യം.

സാഹിത്യം, പത്രപ്രവര്‍ത്തനം എന്നീ മണ്ഡലങ്ങളിലെ സംഭാവനകള്‍ ഇദ്ദേഹത്തെ പല പുരസ്കാരങ്ങള്‍ക്കും അര്‍ഹനാക്കിയിട്ടുണ്ട്. സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ്, പദ്മശ്രീ, ഉത്തര്‍പ്രദേശ് ഉര്‍ദു അക്കാദമിയുടെ 'മീര്‍ തഖീ മീര്‍' അവാര്‍ഡ് എന്നിവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍