This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലി പാഷ (1744 - 1822)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലി പാഷ (1744 - 1822)

ഒട്ടോമന്‍ (ഉസ്മാനിയ) സാമ്രാജ്യത്തിലെ അല്‍ബേനിയയും സമീപപ്രദേശങ്ങളും ഉള്‍പ്പെട്ട രാജ്യവിഭാഗത്തിന്റെ ഗവര്‍ണര്‍. 'ജന്നീന(യാനിയ)യിലെ സിംഹം' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കാലക്രമത്തില്‍ ഇദ്ദേഹം പൂര്‍ണാധികാരമുള്ള ഭരണാധിപനായും തീര്‍ന്നു. അലിയുടെ 14-ാമത്തെ വയസ്സില്‍ പിതാവായ വലി നിര്യാതനായി. അതിനുശേഷം മാതാവായ ഖാംകൊയുടെ സംരക്ഷണയിലാണ് ഇദ്ദേഹം വളര്‍ന്നത്. ദെല്‍വീനിലെ (ദെല്‍വിനോ) 'മുത്തഷരീഫ്' എന്ന ഉദ്യോഗം വഹിച്ചിരുന്ന പാഷയുടെ പുത്രിയെ (ആമിന) 1768-ല്‍ വിവാഹം കഴിച്ചു. തുടര്‍ന്ന് ശ്വശുരനെ വധിച്ച് അവിടത്തെ 'മുത്തഷരീഫ്' എന്ന ജോലി കൈക്കലാക്കി; അടുത്തവര്‍ഷം തിര്‍ഹാലയിലെ മുത്തഷരീഫും ആയി. തുര്‍ക്കികളും ആസ്റ്റ്രിയയും തമ്മില്‍ നടന്ന യുദ്ധത്തില്‍ അലി പങ്കെടുക്കുകയും സെര്‍ബിയയില്‍ ഉണ്ടായ വിപ്ലവങ്ങള്‍ അടിച്ചമര്‍ത്തുകയും ചെയ്തു. 1792-ല്‍ അലി പാഷയുടെ പുത്രനായ വലിഅല്‍ദീനെ അല്‍ബേനിയ ചുര പ്രദേശത്തിന്റെ ഭരണാധിപനായി നിയമിച്ചു. തുര്‍ക്കിസാമ്രാജ്യത്തിന്റെ കീഴിലുള്ള ആ പ്രദേശങ്ങളില്‍ ഉണ്ടായിക്കൊണ്ടിരുന്ന വിപ്ലവങ്ങള്‍ക്കറുതി വരുത്തുക എന്നതായിരുന്നു വലി അല്‍ദീന്റെ മുഖ്യ കടമ. കാംപോഫോര്‍മിയോ സന്ധിപ്രകാരം (1797) ഫ്രഞ്ചുകാരുടെ കൈവശത്തിലായിരുന്ന ചില പ്രദേശങ്ങള്‍ ഇദ്ദേഹം അവരില്‍ നിന്ന് തിരിച്ചുപിടിച്ചു.

അലി പാഷ

1802-ല്‍ അലി പാഷയെ തുര്‍ക്കി ഗവണ്‍മെന്റ് റുമേലിയയിലെ ഗവര്‍ണരായി നിയമിച്ചു. ആ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് എഡ്രിനെയില്‍ ഉണ്ടായ തുര്‍ക്കിവിരുദ്ധവിപ്ലവങ്ങള്‍ സമാധാനപരമായി ഒതുക്കിത്തീര്‍ത്തെങ്കിലും അലി പാഷയുടെ മറ്റു പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിതോന്നിയ തുര്‍ക്കി ഗവണ്‍മെന്റ് ഇദ്ദേഹത്തിന്റെ നിയമനം റദ്ദു ചെയ്തു; പകരം യാനിയ(ജന്നീന)യിലെയും തിര്‍ഹാലയിലെയും ഗവര്‍ണര്‍ പദവി നല്കി. അലി പാഷയുടെ വളര്‍ന്നുവരുന്ന ശക്തി ചെറുക്കുന്നതിനായി ഇബ്രാഹിം പാഷയെ റുമേലിയയില്‍ ഗവര്‍ണറായി നിയമിച്ചു. ഫ്രഞ്ചുകാര്‍ രഹസ്യമായി അലി പാഷയെ ആയുധവും ധനവും കൊടുത്തു സഹായിച്ചിരുന്നു. തീര്‍ഹാലയിലെ ഗ്രീക്കുകാര്‍ തുര്‍ക്കികള്‍ക്കെതിരായി വിപ്ലവം സംഘടിപ്പിച്ചെങ്കിലും അലിയുടെ പുത്രനായ മുഖ്ത്താര്‍ അതടിച്ചമര്‍ത്തി. ഔലോനിയയിലെ ഭരണാധിപന്റെ പുത്രിമാരെ തന്റെ രണ്ടു പുത്രന്‍മാരെക്കൊണ്ടും അനന്തിരവനെക്കൊണ്ടും വിവാഹം കഴിപ്പിച്ചശേഷം, അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. പുത്രനായ മുഖ്ത്താര്‍ ഔലോനിയയിലെ ഗവര്‍ണറായി. തുര്‍ക്കി ഗവണ്‍മെന്റിന് ഈദൃശ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി ഉണ്ടായെങ്കിലും അലി പാഷയ്ക്കെതിരായ നടപടികള്‍ തക്കസമയത്തെടുക്കാന്‍ സാധിച്ചില്ല. അലി പാഷ ചില സമീപപ്രദേശങ്ങളും കീഴടക്കി ഭരണാധികാരം വിപുലമാക്കി. തുര്‍ക്കിയും റഷ്യയും തമ്മില്‍ നടന്ന യുദ്ധത്തില്‍ അലി പാഷ തന്റെ പുത്രന്മാരായ മുഖ്ത്താര്‍ പാഷയുടെയും വലി അല്‍ദീന്‍ പാഷയുടെയും നേതൃത്വത്തില്‍ ഒരു സേനാവിഭാഗത്തെ, തുര്‍ക്കിയെ സഹായിക്കാനയച്ചുകൊടുത്തു. അയോണിയന്‍ ദ്വീപുകള്‍ ഫ്രഞ്ചുകാരില്‍ നിന്നു പിടിച്ചെടുക്കാന്‍ ബ്രിട്ടീഷുകാരെ സഹായിക്കുകയും ചെയ്തു.

തുര്‍ക്കി സുല്‍ത്താനായ മുഹമ്മദ് II, ഒരു കേന്ദ്രീകൃതഭരണസംവിധാനത്തിനു രൂപം കൊടുക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടു. അതിന്റെ ഫലമായി അലി അധികാരഭ്രഷ്ടനായി. ആദ്യം ഇസ്മായില്‍ പാഷ തത്സ്ഥാനത്തു നിയമിതനായെങ്കിലും, ഖുര്‍ഷിദ് അഹമ്മദ് പാഷയാണ് സൈന്യസമേതം അല്‍ബേനിയയിലേക്കു പുറപ്പെട്ടത്. ഒരു നാവികസേനയും ഇദ്ദേഹത്തിന്റെ സഹായത്തിനുണ്ടായിരുന്നു. അലി പാഷ അധീശശക്തിയായ തുര്‍ക്കിക്കെതിരായി യുദ്ധം ചെയ്തു തന്റെ സ്വതന്ത്രപദവി നിലനിര്‍ത്താന്‍ തീരുമാനിച്ചു. അലി പാഷ വസിച്ചിരുന്ന കോട്ട തുര്‍ക്കിസേന വളഞ്ഞു. ഇതിനകം ഇദ്ദേഹത്തിന്റെ മൂന്നു പുത്രന്മാരും ഒരു പൗത്രനും തുര്‍ക്കിസേനയ്ക്കു കീഴടങ്ങി. തന്റെ ജീവന്‍ രക്ഷിക്കണമെന്നുള്ള വ്യവസ്ഥയില്‍ അലി പാഷയും കീഴടങ്ങി. എന്നാല്‍ തന്നെ വധിക്കാന്‍തന്നെയാണു തുര്‍ക്കി ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കിയ അലി പാഷ തുടര്‍ന്നു യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ഖുര്‍ഷിദ് പാഷയുടെ സേന അലി പാഷയെ വധിച്ചു.

അലി പാഷയുടെ ഭരണകാലത്ത് ജന്നീന സാംസ്കാരിക കേന്ദ്രമായിരുന്നു. ബൈറണ്‍ പ്രഭു തുടങ്ങിയ അനവധി കവികളും പണ്ഡിതന്മാരും അലി പാഷയുടെ കൊട്ടാരം സന്ദര്‍ശിക്കുകയും അതിനെ സംബന്ധിച്ച് പല സാഹിത്യസൃഷ്ടികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B4%BF_%E0%B4%AA%E0%B4%BE%E0%B4%B7_(1744_-_1822)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍