This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലി ഇബ്ന് അബി താലിബ് (600 - 661)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലി ഇബ് ന് അബി താലിബ് (600 - 661)

Ali Ibn Abi Talib

മുഹമ്മദുനബിയുടെ ഒരു പ്രമുഖ അനുയായി. അലി നബിയുടെ ജാമാതാവും നാലാമത്തെ ഖലീഫയുംകൂടിയായിരുന്നു. ആദ്യത്തെ അനുയായി ഖദീജയാണ്. രണ്ടാമത്തെയാള്‍ അലി ആണെന്നും അബൂബക്കര്‍ ആണെന്നും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. പിതാവായ അബു താലിബ് ദരിദ്രനായിരുന്നതിനാല്‍ അലിയെ 11-ാം വയസ്സില്‍ മുഹമ്മദ്നബി തന്റെ ഗൃഹത്തിലേക്ക് കൊണ്ടുവരികയും അചിരേണ പുത്രിയായ ഫാത്തിമയെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തുവെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.

മുഹമ്മദുനബിയുടെ കാലത്തു നടന്ന എല്ലാ യുദ്ധങ്ങളിലും അലി നേതൃത്വം വഹിച്ചിട്ടുണ്ട്. ബദര്‍യുദ്ധത്തില്‍ അലി നിരവധി ഖുറൈഷികളെ വധിക്കുകയുണ്ടായി. ഖൈബറില്‍വച്ചു നടന്ന യുദ്ധത്തില്‍ ഇദ്ദേഹത്തിന്റെ നേതൃത്വംമൂലമാണ് മുസ്ലിങ്ങള്‍ വിജയം വരിച്ചത്. ഹുനൈനില്‍ വച്ചു നടന്ന യുദ്ധത്തില്‍ അദ്ദേഹം നബിയെ സഹായിച്ചു. നബിയുടെ നിര്യാണശേഷം അലി ഒരു യുദ്ധത്തില്‍പ്പോലും പങ്കെടുത്തിട്ടില്ല. അദ്ദേഹം നബിയുടെ കാര്യദര്‍ശിത്വവും അപൂര്‍വം അവസരങ്ങളില്‍ ദൗത്യസംഘത്തിന്റെ നേതൃത്വവും വഹിച്ചിട്ടുണ്ട്. നബിയാല്‍ വധശിക്ഷക്കു വിധിക്കപ്പെട്ടവരെ ഇദ്ദേഹം സ്വന്തം കൈകൊണ്ട് വധിച്ചിട്ടുണ്ടത്രെ. ബാനൂഖുറൈസാകളുടെ കൂട്ടക്കൊലയ്ക്ക് അല്‍സുബൈറോടൊത്ത് ഇദ്ദേഹം മേല്നോട്ടം വഹിച്ചു.

ഖലീഫമാരുമായുള്ള ബന്ധം. നബിയുടെ മരണാനന്തരം പിന്‍ഗാമിയായി അബൂബക്കറെ തിരഞ്ഞെടുക്കുന്ന സമയം തല്‍ഹാ, അല്‍ സുബൈര്‍ തുടങ്ങി പല നേതാക്കന്മാരോടൊപ്പം അലി നബിയുടെ ശവസംസ്കാരത്തിന് ഏര്‍പ്പാടുചെയ്യുകയായിരുന്നു. അബൂബക്കറുടെ തിരഞ്ഞെടുപ്പിനെ അദ്ദേഹം അനുകൂലിച്ചില്ല.

തന്റെ മുന്‍ഗാമികളായിരുന്ന ഖലീഫമാരുടെ ഉപദേശകനായിരുന്നു അലി; എങ്കിലും രാഷ്ട്രീയ കാര്യങ്ങളില്‍ ഉമര്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നില്ലെന്നു പറയപ്പെടുന്നു. ഉമറിന്റെ കാലത്ത് അദ്ദേഹം യാതൊരു വിധത്തിലുള്ള ഔദ്യോഗികപദവിയും സ്വീകരിച്ചില്ല. എന്നാല്‍ പലസ്തീന്‍, സിറിയ എന്നീ സ്ഥലങ്ങളിലേക്കുള്ള ഉമറിന്റെ വിദേശയാത്രയില്‍ അദ്ദേഹം ആ പര്യടനസംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു.

ഉസ്മാന്‍ ഖലീഫയുമായും അലിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഖുര്‍ആനെയും ഇസ്ലാമിക തത്ത്വങ്ങളെയും അനുസരിക്കുന്നില്ല എന്നതായിരുന്നു ഉസ്മാന്റെ പേരില്‍ അലിയുടെ ആരോപണം. തന്മൂലം ഉസ്മാന്റെ ആജ്ഞകള്‍ക്ക് വിപരീതമായി അലി പ്രവര്‍ത്തിച്ചുവന്നു.

ഈജിപ്തില്‍നിന്ന് 'വിപ്ലവകാരികള്‍' മദീനയില്‍വന്ന് ഉസ്മാനുമായി അനുരഞ്ജനസംഭാഷണം നടത്തിയപ്പോള്‍ അലി മധ്യസ്ഥരിലൊരാളായി പ്രവര്‍ത്തിച്ചു. രണ്ടാമത്തെ യാത്രയില്‍ ഇവര്‍ മക്ക കീഴടക്കിയശേഷം അലിയോട് ഭരണനേതൃത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിന് വിസമ്മതിച്ചു.

അലിയുടെ തിരഞ്ഞെടുപ്പ്. ഉസ്മാന്‍ വധിക്കപ്പെട്ടതോടെ ഉമയ്യാദുകള്‍ മദീനയില്‍നിന്നു പലായനം ചെയ്തു. ഉസ്മാന്റെ പിന്‍ഗാമിയായി അലി തിരഞ്ഞെടുക്കപ്പെട്ടു. ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം ഉസ്മാന്റെ പിന്തുണക്കാരായ ഗവര്‍ണര്‍മാരെ നീക്കംചെയ്യുകയും തത്സ്ഥാനത്ത് തന്നില്‍ വിശ്വാസമുള്ളവരെ നിയമിക്കുകയും ചെയ്തു. ഉസ്മാന്റെ ഘാതകര്‍ക്ക് അദ്ദേഹം നല്കിയ സംരക്ഷണവും മക്കാ, സിറിയ, ഈജിപ്ത് എന്നിവിടങ്ങളില്‍ വലിയ എതിര്‍പ്പുകളുണ്ടാക്കി.

ഉസ്മാന്റെ വധസമയത്ത് ആയിഷ മക്കയിലേക്കു തീര്‍ഥയാത്രക്കു പോയിരിക്കുകയായിരുന്നു. തിരിച്ചുവരുന്ന സമയത്താണ് അവിടത്തെ സംഭവവികാസങ്ങളെപ്പറ്റി അവര്‍ അറിഞ്ഞത്. മദീനയിലേക്കു പോകാതെ ആയിഷ മക്കയിലേക്കു തന്നെ മടങ്ങി. പുതിയ ഖലീഫയായ അലിയെ എതിര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടു. തല്‍ഫ, അല്‍സുബൈര്‍ തുടങ്ങിയവര്‍ ആയിഷയ്ക്കു പിന്തുണ നല്കി. ഇവര്‍ പട്ടാളത്തിന്റെ സഹായത്തോടെ ഇറാക്ക് ആക്രമിക്കുന്നതിനായി പുറപ്പെട്ടു. അലി സര്‍വശക്തികളും ഉപയോഗിച്ച് ഇറാക്കിനെ രക്ഷിച്ചു.

'ഒട്ടകങ്ങളുടെ യുദ്ധം' എന്നു പ്രസിദ്ധമായ സംഘട്ടനം നടന്നത് ബസ്രയില്‍വച്ചാണ്. വിപ്ലവകാരികളും അലിയുടെ സൈന്യങ്ങളും തമ്മില്‍ അവിടെവച്ച് വലിയൊരു സംഘട്ടനം ഉണ്ടായി. ഇതില്‍ തല്‍ഹയും അല്‍ സുബൈറും മൃതിയടഞ്ഞു. ആയിഷയെ പട്ടാള അകമ്പടിയോടുകൂടി മദീനയിലേക്കു കൊണ്ടുപോന്നു. ഈ വിജയത്തെത്തുടര്‍ന്ന് സിറിയയിലെ ഗവര്‍ണറുമായി സന്ധിയുണ്ടാക്കുന്നതിന് അലി ആഗ്രഹിച്ചു. ഉസ്മാന്റെ ഘാതകരെ വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതുകൊണ്ട് ഈ ശ്രമം ഫലിച്ചില്ല. ഒടുവില്‍ അലി യുദ്ധത്തിനു തയ്യാറായി. സിഫിന്‍ സമതലത്തില്‍വച്ച് ഇരുകൂട്ടരും തമ്മില്‍ സംഘട്ടനം തുടങ്ങി. പരാജയത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന സിറിയന്‍ പട്ടാളക്കാര്‍ ഖുര്‍ആന്റെ പ്രതികള്‍ കുന്തങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചു. ഖുര്‍ആന്‍ വചനം അനുസരിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു ഇതിനര്‍ഥം. ഇരുകൂട്ടരും തങ്ങളുടെ ആയുധങ്ങള്‍ താഴെവച്ചു സന്ധിക്കു തയ്യാറായി. അലിക്കുവേണ്ടി അബൂമൂസാ അല്‍ അഷ് അരിയും സിറിയന്‍ ഗവര്‍ണര്‍ക്കുവേണ്ടി അമര്‍ ഇബ്നു അല്‍ ആസും മധ്യസ്ഥന്മാരായി നിയോഗിക്കപ്പെട്ടു. ഇതിനു വഴിപ്പെടാതെ അലി വീണ്ടും യുദ്ധത്തിനു പുറപ്പെട്ടു. നിരവധി വിശ്വാസികള്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അലി കൂഫയിലേക്ക് മടങ്ങുകയും സിറിയയ്ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്‍മാറുകയും ചെയ്തു.

അന്ത്യദിനങ്ങള്‍. ഇതിനുശേഷം സ്ഥിതിഗതികള്‍ അലിക്ക് എതിരായിത്തുടങ്ങി. ഇദ്ദേഹത്തോട് കൂറുള്ളവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവന്നു. ഇദ്ദേഹം കൂഫയില്‍തന്നെ കഴിച്ചുകൂട്ടി. ഇറാക്ക്, അറേബ്യ എന്നീ രാജ്യങ്ങളിലേക്കു സിറിയന്‍ ഗവര്‍ണര്‍ ആക്രമണം വ്യാപിപ്പിച്ചപ്പോഴും ഇദ്ദേഹം മൗനം പാലിച്ചു. കൂഫയിലെ പള്ളിയുടെ മുന്നില്‍വച്ച് ഒരു എതിരാളി (അബ്ദുല്‍ റഹ്മാന്‍ മുന്‍ജാം അല്‍ മുറാദി) ഇദ്ദേഹത്തെ വിഷമുള്ള വാളുകൊണ്ട് മുറിവേല്പിച്ചു (661 ജനു. 24). രണ്ടുദിവസംകഴിഞ്ഞ് അലി മരണമടഞ്ഞു. അലിയെ മറവുചെയ്ത സ്ഥലം വളരെക്കാലത്തേക്കു രഹസ്യമായി വച്ചിരുന്നു. ഈ കാലത്തുതന്നെ മുആവിയ വധിക്കപ്പെട്ടു. ഹാറൂനുര്‍-റഷീദാണ് അദ്ദേഹത്തിന്റെ ശവകുടീരം വീണ്ടും കണ്ടുപിടിച്ചത്. അലിയുടെ അനുചരന്മാര്‍ പില്ക്കാലത്ത് ഷിയാവിഭാഗക്കാരായി. കൂഫയ്ക്കടുത്ത് അല്‍നജഫ് നഗരം അവര്‍ നിര്‍മിച്ചതാണ്. ഫാത്തിമയുടെ നിര്യാണശേഷം 8 പ്രാവശ്യംകൂടി അലി വിവാഹം കഴിച്ചു. എല്ലാ പത്നിമാരിലുംകൂടി ഇദ്ദേഹത്തിന് 33 സന്താനങ്ങളുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഫാത്തിമയുടെ പിന്‍മുറക്കാരാണ് ഫാത്തിമിദുകള്‍. പേര്‍ഷ്യക്കാര്‍ അലിയെ ഷേര്‍-ഇ-ഖുദാ (ദൈവത്തിന്റെ സിംഹം) ആയി ആരാധിക്കുകയും അദ്ദേഹത്തിന്റെ ചമരദിനം-ആചരിക്കുകയും ചെയ്യുന്നു. ഷിയാ വിഭാഗക്കാര്‍ ഇദ്ദേഹത്തെ 'അലി ഷാഹി മര്‍ദാന്‍' (മനുഷ്യവര്‍ഗത്തിന്റെ രാജാവായ അലി) എന്നു ബഹുമാനപുരസ്സരം വിളിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍