This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലി, സാലിം (1896 - 1987)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലി, സാലിം (1896 - 1987)

Ali,Salim

ഭാരതീയ പക്ഷിശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനും. 1896 ന. 12-ന് മുംബൈയില്‍ ജനിച്ചു. സാലിം മുഇസ്സുദ്ദീന്‍ അബ്ദുള്‍ അലി എന്നാണ് മുഴുവന്‍ പേര്. ഇന്ത്യയുടെ 'ബേര്‍ഡ്‍മേന്‍' (Birdman) എന്ന അപരനാമത്തില്‍ ഇദ്ദേഹം അറിയപ്പെടുന്നു.

പത്താം വയസ്സില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട അലി മാതൃസഹോദരങ്ങളുടെ സംരക്ഷണയിലാണ് കഴിഞ്ഞത്. ഇവരുടെ പ്രകൃതി സ്നേഹവും വേട്ടയാടലിലുള്ള താത്പര്യവും അലിയുടെ ജീവിതത്തെ സ്വാധീനിച്ചു. വേട്ടയ്ക്കിടയില്‍ അലി വെടിവെച്ചു വീഴ്ത്തിയ മഞ്ഞക്കഴുത്തന്‍ കുരുവിയെ തിരിച്ചറിയാനും പേരു കണ്ടെത്താനും ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സെക്രട്ടറിയായ ഡബ്ളിയു. എസ്. മില്ലാര്‍ഡ് (W.S.Millard) സഹായിച്ചു. സൊസൈറ്റിയില്‍ സംസ്കരിച്ചു സൂക്ഷിച്ചിരുന്ന പക്ഷികളുടെ (Stuffed birds) ശേഖരവും മറ്റും അദ്ദേഹം അലിക്കു പരിചയപ്പെടുത്തി. ഈ സംഭവമാണ് അലിക്ക് പക്ഷിസ്നേഹിയും പ്രകൃതി നിരീക്ഷകനും ശാസ്ത്രജ്ഞനുമാകാന്‍ പ്രേരണ നല്‍കിയത്.

സാലിം അലി

മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ ചേര്‍ന്ന അലി ഒന്നാംവര്‍ഷ ബിരുദ പഠനത്തിനുശേഷം പഠനത്തില്‍ വിമുഖതതോന്നിയതോടെ താവോയിലെ (മ്യാന്‍മര്‍) വനപ്രദേശത്തുള്ള ഖനിയുടെയും വനവിഭവങ്ങളുടെയും ചുമതലക്കാരനായി ജോലി നേടി. ഇവിടുത്തെ വനങ്ങള്‍ ഇദ്ദേഹത്തിന്റെ പക്ഷിസ്നേഹവും വേട്ടയാടലിലെ താത്പര്യവും പതിന്മടങ്ങു വര്‍ധിപ്പിച്ചു.

ജന്തുശാസ്ത്രത്തില്‍ ബിരുദം (B.A.Hons) നേടിയ അലി 1917-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 1918-ല്‍ ഇദ്ദേഹം ബന്ധുകൂടിയായ തെഹ്‍മിന(Tehmina)യെ വിവാഹം ചെയ്തു. 1928-ല്‍ ജര്‍മനിയിലെ ബെര്‍ലിന്‍ സര്‍വകലാശാലയിലെ സുവോളജിക്കല്‍ മ്യൂസിയത്തില്‍ പ്രൊഫ. ഇര്‍വിന്റെ മേല്‍നോട്ടത്തില്‍ പരിശീലനത്തിനു ചേര്‍ന്നു. 1930-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി മുംബൈ നഗരത്തിനടുത്തുള്ള തീരദേശ ഗ്രാമത്തിലേക്കു താമസം മാറ്റി അവിടുത്തെ ആറ്റക്കുരുവി(Baya weaver)കളെ നിരീക്ഷിക്കാന്‍ ആരംഭിച്ചു.

ഹൈദരാബാദ്, കൊച്ചി, തിരുവിതാംകൂര്‍, ഗ്വാളിയര്‍, ഇന്‍ഡോര്‍, ഭോപാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അലി ചുറ്റി നടന്ന് പക്ഷി നിരീക്ഷണം നടത്തി. പക്ഷികളുടെ തനതായ ജീവിതരീതി, ജീവിതചക്രം, പരിസ്ഥിതിയില്‍ വളരുന്ന രീതി, പ്രജനനം, ദേശാടന സ്വഭാവം, സ്വഭാവസവിശേഷതകള്‍, പുറപ്പെടുവിക്കുന്ന ശബ്ദം തുടങ്ങിയവയെല്ലാം നിരീക്ഷിച്ച്, വിവരിച്ച് ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചു. അഫ്ഗാനിസ്താന്‍ സന്ദര്‍ശിച്ച് അവിടുത്തെ പക്ഷികളെ നിരീക്ഷണം നടത്തി ശേഖരിച്ച വിവരങ്ങള്‍ ഇദ്ദേഹത്തിന്റെ ആത്മകഥയായ ഫാള്‍ ഒഫ് എ സ്പാരോ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1958-ല്‍ അലിഗഡ് സര്‍വകലാശാല അലിക്ക് ഡി.എസ്.സി ബിരുദം നല്കി. ഇതേവര്‍ഷംതന്നെ ഇദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പദ്മഭൂഷണും ലഭിച്ചു. ബ്രിട്ടീഷ് പക്ഷിശാസ്ത്ര യൂണിയന്‍ മെഡല്‍ (1967), ദി ജോണ്‍. സി. ഫിലിപ്പ്സ് മെഡല്‍ (1967) വന്യജീവി പുരസ്കാരം (1976), പദ്മഭൂഷണ്‍ (1976), ഓര്‍ഡര്‍ ഒഫ് ഗോള്‍ഡന്‍ ആര്‍ക്ക് (1986) തുടങ്ങി നിരവധി അവാര്‍ഡുകളും പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. വിവിധ സര്‍വകലാശാലകള്‍ മൂന്ന് ഡോക്ട്രേറ്റ് ബിരുദങ്ങള്‍ നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1985-ല്‍ രാജ്യസഭയിലേക്ക് ഇദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തിരുന്നു.

നിരവധി ഗവേഷണപ്രബന്ധങ്ങളുടെ കര്‍ത്താവായ ഇദ്ദേഹം പക്ഷികളെക്കുറിച്ച് 25-ല്‍ലധികം ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയാണ് ഇന്നും ഇന്ത്യയിലെ പക്ഷികളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങള്‍. ദ് ബുക്ക് ഒഫ് ഇന്ത്യന്‍ ബേഡ്സ്, (1941); ദ് ബേഡ്സ് ഒഫ് കച്, (1945); ഇന്‍ഡ്യന്‍ ഹില്‍ ബേഡ്സ്, (1949); ദ് ബേഡ്സ് ഒഫ് ട്രാവന്‍കൂര്‍-കൊച്ചിന്‍, (1953); സിക്കിമിലെ പക്ഷികളെക്കുറിച്ച് രണ്ടു പുസ്തകങ്ങള്‍ (എ പിക്ചര്‍ ബുക് ഒഫ് സിക്കിം ബേഡ്സ്, ദ് ബേഡ്സ് ഒഫ് സിക്കിം, 1962) എന്നിവ സലിം അലിയുടെ കൃതികളാണ്. ഇദ്ദേഹം ഡോ. എസ്.ഡി. റിപ്ളിയുമായി കൂട്ടുചേര്‍ന്ന് ഇന്ത്യന്‍ പക്ഷികളെക്കുറിച്ചുള്ള ഒരു ഗ്രന്ഥപരമ്പര(ഹാന്‍ഡ്ബുക് ഒഫ് ദ് ബേഡ്സ് ഒഫ് ഇന്‍ഡ്യ ആന്‍ഡ് പാകിസ്താന്‍)യും ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.

ഭരത്പൂര്‍ പക്ഷിസങ്കേതവും സൈലന്റ് വാലി ദേശീയോദ്യാനവും സംരക്ഷിക്കുന്നതില്‍ അലി വഹിച്ച പങ്ക് നിസ്സീമമാണ്. അലിയുടെ ബഹുമാനാര്‍ഥം 1990-ല്‍ കോയമ്പത്തൂരിലെ ആനൈക്കട്ടി എന്ന സ്ഥലത്ത് കേന്ദ്ര സര്‍ക്കാരിന്റെ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായത്തോടെ 'സെന്റര്‍ ഫോര്‍ ഓര്‍നിത്തോളജി ആന്‍ഡ് നാച്ചുറല്‍ ഹിസ്റ്ററി' സ്ഥാപിച്ചു.

ഇന്ത്യയില്‍ കാണപ്പെടുന്ന ഒരു അപൂര്‍വ വവ്വാല്‍ ഇനത്തിനും ആറ്റക്കുരുവി, വരിക്കാട എന്നീ പക്ഷിയിനങ്ങള്‍ക്കും അലിയുടെ പേരു ചേര്‍ത്തിരിക്കുന്നു.

1987 ജൂല. 27-ന് അലി മുംബൈയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍