This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലിവര്‍ദി ഖാന്‍ (? - 1756)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലിവര്‍ദി ഖാന്‍ (? - 1756)

ബംഗാളിലെ നവാബ്. അറംഗസീബ് ചക്രവര്‍ത്തിയുടെ പുത്രനായ മുഹമ്മദ് ആസംഷായുടെ കൊട്ടാരത്തില്‍ ജനിച്ചു. അലിവര്‍ദിഖാന്റെ പിതാവ് ഷാഖുലി (മിര്‍സാ മുഹമ്മദ്) ആനലായത്തിന്റെ മേലധികാരിയായിരുന്നു. അറംഗസീബിന്റെ നിര്യാണത്തിനുശേഷം (1707) മുഹമ്മദ് ആസംഷായും മുഹമ്മദ്ഷായും തമ്മില്‍ അധികാരമത്സരം നടന്നപ്പോള്‍ അലിവര്‍ദിഖാന്‍ ആസംഷായുടെ ഭാഗത്തായിരുന്നു. തുടര്‍ന്നു പിന്തുടര്‍ച്ചാവകാശയുദ്ധത്തില്‍ ആസംഷാ വധിക്കപ്പെട്ടപ്പോള്‍ അലിവര്‍ദിഖാനുണ്ടായിരുന്ന സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടു.

ഡല്‍ഹിയില്‍ ദാരിദ്ര്യത്തില്‍ കഴിഞ്ഞുകൂടിയ അലിവര്‍ദിയെ റായിബാല്‍കിഷന്‍ സഹായിച്ചു. ഷൂജാഖാന്‍ (ഷൂജാ-ഉദ്-ദൗള) 1718-19-ല്‍ ഒറീസയിലെത്തി ഭരണഭാരം ഏറ്റെടുത്തപ്പോള്‍ ഷാഖുലിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അലിവര്‍ദിയെ സനുത്രാപൂരിലെ 'താനാദാര്‍' ആയി നിയമിച്ചു. 1727-ല്‍ ഷൂജാഖാന്റെ പുത്രനായ സര്‍ഫറാസ്ഖാന്‍ ബംഗാള്‍ നവാബായ വിവരം ഷൂജാഖാന്‍ അറിഞ്ഞു. തുടര്‍ന്ന് ബംഗാളിലെത്തിയ ഷൂജാഖാന്‍ ബംഗാളിലെ നവാബായി; പുത്രനായ സര്‍ഫറാസ്ഖാന്‍ അദ്ദേഹത്തിന്റെ കീഴില്‍ സേവനമനുഷ്ഠിക്കാന്‍ തയ്യാറാവുകയും ചെയ്തു. ഷൂജാഖാന്‍ അലിവര്‍ദിഖാനെ അസീമാബാദിലെ ഭരണാധികാരിയായി 1733-ല്‍ നിയമിച്ചു. ബിഹാറിലെ ഭരണം കാര്യക്ഷമമായി നടത്താന്‍ അലിവര്‍ദിഖാനു കഴിഞ്ഞു. ഭോജ്പൂര്‍, ബെത്തിയ, ഭുണ്‍റാ എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ അലിവര്‍ദിയുടെ ചൊല്പടിയിലായി. തിക്കാരിയിലെ രാജാസുന്ദരിനെ അലിവര്‍ദി തോല്പിച്ചെങ്കിലും പിന്നീട് അവര്‍ മിത്രങ്ങളായി. ബീര്‍ഭൂമിലെ രാജാവും അലിവര്‍ദിക്കു കീഴടങ്ങി.

ഷൂജാഖാന്‍ നിര്യാതനായതിനെത്തുടര്‍ന്നു സര്‍ഫറാസ് ഖാന്‍ ബംഗാള്‍ നവാബായിത്തീര്‍ന്നു. സര്‍ഫറാസ്ഖാനും അലിവര്‍ദിയും തമ്മിലുള്ള ഭിന്നിപ്പ് 1740-ലെ ഗിരിയ (Giria) യുദ്ധത്തില്‍ കലാശിച്ചു. സര്‍ഫറാസ്ഖാന്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടു. 1740-ല്‍ അലിവര്‍ദിഖാന്‍ ബംഗാള്‍ നവാബായി. മഹാരാഷ്ട്രന്‍മാരെ ചെറുത്തു നാടിനെ രക്ഷിച്ച അലിവര്‍ദിഖാന്‍ 1756 വരെ ബംഗാള്‍ ഭരിച്ചു. 1752-ല്‍ ദൗഹിത്രനായ സിറാജ്-ഉദ്-ദൗളയെ ബംഗാള്‍ നവാബായി അലിവര്‍ദിഖാന്‍ നാമനിര്‍ദേശം ചെയ്തു.

1756 ഏ. 9-ന് അലിവര്‍ദിഖാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍