This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലാവുദ്ദീന്‍ ഹുസൈന്‍ (ഭ.കാ. 1493 - 1519)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലാവുദ്ദീന്‍ ഹുസൈന്‍ (ഭ.കാ. 1493 - 1519)

ബംഗാളിലെ സുല്‍ത്താന്‍. ഇല്ലിയാസ് ഷാഹിവംശജനായ അലാവുദ്ദീന്‍ സെയ്യിദ് ഹുസൈന്‍ 1493-ല്‍ ഷംസുദ്ദീന്‍ മുസഫറിനെ ത്തുടര്‍ന്നു ബംഗാള്‍ സുല്‍ത്താനായി. ബംഗാള്‍ ചരിത്രത്തിലെ സംഭവബഹുലമായ ഒരു ഘട്ടമായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. സ്ഥാനാരോഹണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം ഇദ്ദേഹം 'ഖലീഫത്തുല്ല' എന്ന സ്ഥാനം സ്വീകരിച്ചതായി മാള്‍ഡയില്‍നിന്നും കണ്ടുകിട്ടിയ ഒരു ലിഖിതം സൂചിപ്പിക്കുന്നു. മധ്യകാലഘട്ടത്തിലെ ബംഗാള്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ സുല്‍ത്താന്‍ അലാവുദ്ദീന്‍, ബംഗാളിഭാഷയുടെ വളര്‍ച്ചയ്ക്കുവേണ്ടി യത്നിച്ചിരുന്നു. നിരവധി ഹിന്ദുക്കളെ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിയമിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.

ശക്തനായ ഒരു ഭരണാധികാരിയും കരുത്തുറ്റ ഒരു സൈനികനേതാവും കൂടിയായിരുന്നു ഇദ്ദേഹം. തന്റെ ആജ്ഞയ്ക്കെതിരായി തലസ്ഥാനനഗരി കൊള്ളയടിച്ച 12,000 ത്തോളം വരുന്ന പട്ടാളക്കാരെ യാതൊരു ദാക്ഷിണ്യവും കൂടാതെ ഇദ്ദേഹം വധിച്ചു. നിരന്തരം ക്രമസമാധാനം തടസ്സപ്പെടുത്തിയിരുന്ന കലഹപ്രിയരായ പൈക്കുകളെ (Paiks) പിരിച്ചുവിട്ടു; അബിസീനിയന്‍ അടിമകളെ ശിരച്ഛേദം ചെയ്തു. ഹിന്ദു-മുസ്ലിം പ്രഭുക്കന്മാര്‍ക്കു മുന്‍കാലങ്ങളില്‍ നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ തിരിച്ചുനല്കി. ഇത്തരം നടപടികള്‍ ഇദ്ദേഹത്തെ ബംഗാളിജനതയ്ക്കു പ്രിയംകരനാക്കി.

ബംഗാളിന്റെ ഏകീകരണം നടന്നത് അലാവുദ്ദീന്റെ ഭരണകാലത്താണ്. പഴയ അതിര്‍ത്തികള്‍വരെ രാജ്യം വിസ്തൃതമാക്കുകയും പുതിയ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സുല്‍ത്താന്‍ തന്റെ തലസ്ഥാനം എക്ഡലയിലേക്കു മാറ്റി. അവിടെ തന്റെ സ്ഥാനം സുരക്ഷിതമാക്കിയശേഷം ഊര്‍ജസ്വലമായൊരു വിദേശനയം ആവിഷ്കരിച്ചു. ഷര്‍ഖിരാജ്യത്തിന്റെ പതനത്തോടെ, ലോദി വംശം അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ സാമ്രാജ്യവിസ്തൃതി ബംഗാള്‍വരെ വ്യാപിപ്പിച്ചു. സിക്കന്ദര്‍ലോദി സുല്‍ത്താനുമായുണ്ടായ യുദ്ധത്തില്‍ പരാജിതനായ ജാന്‍പൂര്‍ സുല്‍ത്താന്‍, അലാവുദ്ദീനെ അഭയം പ്രാപിച്ചതു ലോദി സുല്‍ത്താനെ ചൊടിപ്പിച്ചു. അതിനാല്‍ വമ്പിച്ച സൈന്യവുമായി 1495-ല്‍ സിക്കന്ദര്‍ലോദി ദര്‍വേഷ്പൂരില്‍നിന്നും ബംഗാള്‍ അതിര്‍ത്തിയിലെ തുഗ്ലക്ക്പൂരിലേക്കു തിരിച്ചു. ലോദിസുല്‍ത്താന്റെ ഈ ആക്രമണത്തെ ചെറുക്കാന്‍ അലാവുദ്ദീന്‍ തന്റെ പുത്രനായ ദാനിയാലിനെ നിയോഗിച്ചു. രണ്ടു സൈന്യങ്ങളും പാറ്റ്നയില്‍നിന്ന് 50 കി.മീ. കിഴക്കായി ബാര്‍ഹില്‍ മുഖത്തോടുമുഖം നിലയുറപ്പിച്ചു. തുറന്ന സംഘട്ടനങ്ങളൊന്നും ഉണ്ടായില്ല. സിക്കന്ദര്‍ലോദിയുടെ നിര്‍ദേശാനുസരണം മഹമൂദ്ലോദി, മുബാറക്ക് നൊഹാനി എന്നീ സൈന്യമേധാവികള്‍ ദാനിയാലിനെ സന്ദര്‍ശിച്ച് ഒരു അനാക്രമണസന്ധിയില്‍ ഒപ്പുവച്ച് യുദ്ധം അവസാനിപ്പിച്ചു; അതനുസരിച്ചു ലോദിസുല്‍ത്താന്റെ ശത്രുക്കള്‍ക്ക് ബംഗാളില്‍ അഭയം കൊടുക്കുകയില്ലെന്നു ദാനിയാല്‍ ഉറപ്പുകൊടുത്തു.

സിക്കന്ദര്‍ ലോദിയുടെ തിരോധാനത്തോടെ ഉത്തരബിഹാര്‍ മുഴുവന്‍ അലാവുദ്ദീന്‍ ഹുസൈന്‍ കീഴടക്കിയതായി കരുതപ്പെടുന്നു. മോണ്‍ഘീര്‍, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നും കണ്ടുകിട്ടിയ ചില ലിഖിതങ്ങളനുസരിച്ച് ദക്ഷിണബിഹാറിന്റെ ഭൂരിഭാഗവും ബംഗാള്‍ രാജ്യത്തില്‍പ്പെട്ടിരുന്നു.

ബംഗാളിലെ ആഭ്യന്തരയുദ്ധത്തിനു (1338) ശേഷം കംതാപൂരിലെ ഖെന്‍രാജാവായ നീലാംബര്‍, കരതോയയുടെ കിഴക്കേ അതിര്‍ത്തിവരെ രാജ്യം വ്യാപിപ്പിച്ചു. 1498-ല്‍ അലാവുദ്ദീന്‍ ഈ നഷ്ടപ്പെട്ട പ്രദേശം തിരിച്ചുപിടിക്കാന്‍ ഇസ്മായില്‍ ഘാസിയെ അയച്ചു. ഇസ്മായില്‍, ഖെന്‍തലസ്ഥാനത്തു നടത്തിയ ഉപരോധം വര്‍ഷങ്ങളോളം (ചില രേഖയനുസരിച്ച് 12 വര്‍ഷം) നീണ്ടുനിന്നു. അവസാനം കംതാപൂര്‍ സുല്‍ത്താനു കീഴടങ്ങി. അവിടത്തെ നാടുവാഴിയായ നീലാംബരനെ തടവുകാരനായി പിടിച്ചെങ്കിലും വഴിക്കുവച്ച് അയാള്‍ രക്ഷപ്പെട്ടു. ഹാജൊവരെയുള്ള ഖെന്‍രാജാവിന്റെ പ്രദേശങ്ങള്‍ ബംഗാളിനോടു കൂട്ടിച്ചേര്‍ക്കാന്‍ സുല്‍ത്താനു കഴിഞ്ഞു. കൂടാതെ കാമരൂപത്തില്‍ ഒരു അഫ്ഗാന്‍ കോളനി പടുത്തുയര്‍ത്തുകയും ദാനിയാല്‍ രാജകുമാരനെ തന്റെ പ്രതിപുരുഷനായി അവിടെ നിയമിക്കുകയും ചെയ്തു. ഒറീസയുടെ അതിര്‍ത്തിയിലെ മന്ദാരം കോട്ടയും ഘാസി ഇസ്മായില്‍ പിടിച്ചെടുത്തു ബംഗാളിനോടു ചേര്‍ത്തു.

തിപ്പെരാ ഭരണാധികാരിയും അലാവുദ്ദീനും തമ്മില്‍ നീണ്ട സംഘട്ടനം നടന്നു. 1513-നടുത്തു നടത്തിയ ആദ്യസമരത്തില്‍ തിപ്പെരാസൈന്യം ചെറുത്തുനിന്നു; ഗോര്‍മാലിക്ക് നയിച്ച രണ്ടാമത്തെ ആക്രമണവും വിജയിച്ചില്ല; മൂന്നാം സമരത്തിലെ നേതാവ് ഹാതിംഖാനായിരുന്നു; അതും പരാജയപ്പെട്ടു. അവസാനത്തെ രണ്ടു സംഘട്ടനങ്ങളിലുമായി സ്വന്തം സേനയിലെ നല്ലൊരു ഭാഗം ബംഗാളിനു നഷ്ടമായി. നാലാമത്തെയും അവസാനത്തേതുമായ ആക്രമണത്തില്‍ ഹുസൈന്‍ഷാ നയിച്ച ബംഗാളിസൈന്യം വിജയം നേടി; തിപ്പെരായുടെ ചില ഭാഗങ്ങള്‍ ബംഗാളിനോടു ചേര്‍ത്തു. ഈ സമരസമയത്ത് ആരക്കന്‍ ഭരണാധികാരി ചിറ്റഗോംഗ് കീഴടക്കി. നസ്രത്ത് രാജകുമാരന്റെ നേതൃത്വത്തില്‍ ഒരു സേന ആരക്കന്‍ ആക്രമിച്ച് ചിറ്റഗോംഗ് തിരിച്ചുപിടിച്ചു. അങ്ങനെ നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനും കാമരൂപം, സരാന്‍, തിപ്പെരായുടെ ചില ഭാഗങ്ങള്‍ എന്നിവ പുതിയതായി രാജ്യത്തോടു ചേര്‍ക്കാനും അലാവുദ്ദീനു കഴിഞ്ഞു. ബംഗാളിന്റെ ചരിത്രത്തില്‍ ഏറ്റവും വിസ്തൃതമായ സാമ്രാജ്യം സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു.

ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ സുല്‍ത്താനെ ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു. ശ്രീകൃഷ്ണന്റെ അവതാരമായും 'നൃപതിതിലക'നായും 'ജഗദ്ഭൂഷണ' മായും ഹിന്ദുക്കള്‍ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വസീര്‍ (മന്ത്രി) ഗോപിനാഥ്ബസുവായിരുന്നു; സ്വകാര്യഭിഷഗ്വരന്‍ മുകുന്ദദാസും. അംഗരക്ഷകസൈന്യത്തലവരില്‍ ഒരാള്‍ കേശവഛത്രിയായിരുന്നു. രൂപസനാതന്‍ സഹോദരന്മാര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗങ്ങള്‍ വഹിച്ചു. വിദ്യാസമ്പന്നനായിരുന്ന സുല്‍ത്താന്‍ ബംഗാളിഭാഷയെയും സാഹിത്യത്തെയും പോഷിപ്പിച്ചു. മലാഥര്‍ ബാസു, ബിപ്രദാസ്, ബിജയഗുപ്ത, ജസോരാജ്ഖാന്‍ തുടങ്ങിയ പ്രശസ്ത ബംഗാളി സാഹിത്യകാരന്മാര്‍ ഇദ്ദേഹത്തിന്റെ കാലത്തു ജിവിച്ചിരുന്നവരാണ്.

1519-ല്‍ അലാവുദ്ദീന്‍ ഹുസൈന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍